Subscribe Us

കബലിയിൽ രജനിയുടെ വില്ലത്തി

രജനീകാന്തിന്റെ പുതിയ ചിത്രം കബലി ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. ചിത്രത്തിലെ ആദ്യ പോസ്റ്റര്‍ തന്നെ തരംഗമായി മാറിയിരുന്നു. കബലി സിനിമയിലെ കഥാപാത്രങ്ങളുടെ കാര്യത്തിലും സംവിധായകന്‍ രഞ്ജിത് സൂക്ഷമതയോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്ന താരമാരെന്നോ? വില്ലന്‍ എന്നുപറയാന്‍ പറ്റില്ല, വില്ലത്തി. രഞ്ജിത്തിന്റെ തന്നെ മദ്രാസ് സിനിമയിലൂടെ തിളങ്ങിയ റിത്വികയാണ് കബലിയില്‍ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. പടയപ്പയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച വേഷത്തിന് തുല്യമാണ് റിത്വികയുടെ കബലിയിലെ വേഷമെന്ന് കേള്‍ക്കുന്നു.
കിഷോര്‍ ആണ് ചിത്രത്തിലെ പ്രധാനവില്ലന്‍. നേരത്തെ പ്രകാശ് രാജിനെ ഈ വേഷത്തില്‍ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി.
അധോലോകനായകനായാണ് ചിത്രത്തില്‍ രജനി എത്തുന്നത്. ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. രജനിയുടെ മകളുടെ വേഷത്തില്‍ ധന്‍സിക എത്തും.
ചിത്രം മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രം രജനിയുടെ 159ാം സിനിമ കൂടിയാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS