Subscribe Us

ഇ ലോകത്ത് റിലീസിങ്‌


നിയമാനുസൃതമായി സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ ഇ ലോകത്ത് സിനിമയും സ്വന്തമാകുന്ന കാലം വിദൂരമല്ല. സിനിമാ വ്യവസായത്തില്‍ പുത്തന്‍ വാണിജ്യ സാധ്യതകള്‍ തുറക്കുകയാണ് ഓണ്‍ലൈന്‍ റിലീസിങ്. ആദ്യഘട്ടത്തില്‍ വിദേശ രാജ്യങ്ങളിലായിരിക്കും മലയാള സിനിമ തീയറ്ററുകളില്‍ എത്തുന്ന ദിവസം തന്നെ ഓണ്‍ലൈന്‍ റിലീസിങ് നടത്തുക.

ഓണ്‍ലൈന്‍ റിലീസിങ്ങിലൂടെ നിര്‍മ്മാതാക്കള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മലയാള സിനിമയിലെ സംവിധായകരും ഓണ്‍ലൈന്‍ റിലീസിങ്ങിനെ സ്വാഗതം ചെയ്തിട്ടുണ്ട്്. സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങ് നടത്തുന്നതോടെ ഈ രംഗത്ത് വന്‍കുതിപ്പ് ഉണ്ടാകും. ആദ്യസംരംഭമെന്ന നിലയില്‍ റീല്‍മോങ്ക് ഡോട്ട് കോം 15 ഓളം സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങ് നടത്തിയിരുന്നു. ഓണ്‍ലൈന്‍ റിലീസിങ് നടത്തുന്നതിനുള്ള ലൈസന്‍സ് നേടിയാല്‍ മാത്രമാണ് സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ സാധിക്കുക. തീയറ്ററുകളെ ബാധിക്കാത്ത രീതിയില്‍ ആയിരിക്കും ഓണ്‍ലൈന്‍ റിലീസിങ് ഒരുങ്ങുക. സ്‌ക്രീനില്‍ പരിമിതികള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ റിലീസിങ്ങ് പ്രതീക്ഷയേകുകയാണ്.

വ്യാജനെ തടയാം

സിനിമാ വ്യവസായം നേരിടുന്ന പ്രധാന പ്രശ്‌നമാണ് വ്യാജ പതിപ്പ് ഇറങ്ങുന്നത്. നിരവധി പേരുടെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് സിനിമ പിറവിയെടുക്കുന്നത്. സിനിമയുടെ കോപ്പിയടി ഇല്ലതാക്കാന്‍ ഓണ്‍ലൈന്‍ റിലീസിങ് സഹായിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. സിനിമ കാണാന്‍ ടിക്കറ്റ് കിട്ടാതെയും തള്ളിക്കയറ്റമുണ്ടാകുമ്പോഴാണ് വ്യാജ സിനിമകള്‍ പിറവിയെടുക്കുന്നത്. ന്യായമായ നിരക്കില്‍ സിനിമകള്‍ കിട്ടിത്തുടങ്ങുമ്പോള്‍ വ്യാജന്‍മാര്‍ ഇല്ലാതാകും. സിനിമകള്‍ക്കായി ഓണ്‍ലൈന്‍ സൈറ്റ് തുറന്നാല്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഈ സിനിമകള്‍ കോപ്പി ചെയ്ത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സാധിക്കില്ല. എത്ര തവണ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം. എന്തെങ്കിലും രീതിയില്‍ സിനിമ കോപ്പി ചെയ്യാന്‍ ശ്രമിച്ചാല്‍ അത് കണ്ടെത്താനുള്ള സംവിധാനത്തോടെയായിരിക്കും ഓണ്‍ലൈന്‍ റിലീസിങ് ഒരുങ്ങുക. 

ലക്ഷ്യമിടുന്നത് വിദേശ മലയാളികളെ 


ഓണ്‍ലൈന്‍ റിലീസിങ് പ്രധാനമായും വിദേശ മലയാളികളെയാണ് ലക്ഷ്യമിടുക. മലയാള സിനിമകള്‍ അവിടെയത്താനുള്ള കാലതാമസം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ റിലീസിങ്ങിലൂടെ സാധിക്കും. ഒറ്റ ക്ലിക്കില്‍ അവരുടെ വിരല്‍ത്തുമ്പില്‍ മലയാള സിനിമകള്‍ കാണാം. സിനിമാ നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കളിലൂടെ അവര്‍ക്കിഷ്ടമുള്ള രാജ്യത്തെത്തിക്കാന്‍ സാധിക്കും. സിനിമയുടെ ഓണ്‍ലൈന്‍ റിലീസിങ്ങിനെ സംവിധായകന്‍ ലാല്‍ ജോസ് സ്വാഗതം ചെയ്തു. 

യൂറോപ്യന്‍ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ പല മലയാളികളും കേരളത്തില്‍ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിരുന്നു. അവിടെ റിലീസില്ലാത്തതും ഇന്റര്‍നെറ്റില്‍ നിയമാനുസൃതമായി സിനിമ കാണാന്‍ അവസരമില്ലാത്തതും കൊണ്ടാണ് പൈറസിക്ക് പിന്നാലെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ലാല്‍ ജോസ്സിന്റെ നീന എന്ന സിനിമ അമേരിക്ക, സൗദിഅറേബ്യ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ റീല്‍മോങ്ക് ഡോട്ട് കോമിലൂടെ റിലീസ് ചെയ്യുന്നത്

Post a Comment

0 Comments

CLOSE ADS


CLOSE ADS