Subscribe Us

വിഷമുക്തജീവിതമോ അര്‍ബുദ ചികിത്സാകേന്ദ്രങ്ങളോ?

നാം എന്തു തിന്നുന്നു എന്നത് നമ്മുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നുണ്ടെന്ന ബോധത്തിലേക്ക് ശരാശരി മലയാളി ഉണര്‍ന്നിട്ട് ഏറെ നാളായിട്ടില്ല. ഭാവിയുടെ അപായസൂചനകള്‍ അര്‍ബുദത്തിന്റെ രൂപത്തില്‍ തിരിച്ചറിഞ്ഞതുകൊണ്ടുള്ള മാറ്റം കേരളസമൂഹത്തില്‍ ഇന്ന് പ്രകടമാണ്. വിഷപച്ചക്കറികളും പഴങ്ങളും നിരോധിക്കാനുള്ള കേരള സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനത്തിനുപിറകില്‍ ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു മലയാളിയുടെ ഈ മാറിവന്ന പൊതുബോധം. എന്നാല്‍, 'സര്‍ക്കാര്‍ പറഞ്ഞത് വെറുതെ, വിഷപച്ചക്കറി വരവ് തുടരും' എന്ന വ്യാഴാഴ്ചത്തെ മാതൃഭൂമി പ്രധാനവാര്‍ത്ത നമ്മുടെ കൊടുംവിഷത്തീറ്റയ്ക്ക് ഇതാ അറുതിവരുത്താന്‍ പോകുന്നു എന്ന് കൊതിച്ച മുഴുവന്‍ സമൂഹത്തിനുമുള്ള തിരിച്ചടിയാണ്. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുത്ത സര്‍ക്കാര്‍ തീരുമാനം തത്കാലത്തേക്കെങ്കിലും മലയാളി സമൂഹത്തെ വിഷത്തീറ്റയുടെ ഇരുണ്ടലോകത്തുതന്നെ തളച്ചിടുന്നതായിപ്പോയി. പടരുന്ന അര്‍ബുദഭീഷണിക്ക് വളമിടുന്ന നടപടിയായിപ്പോയി. 

കൊച്ചിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വേണ്ട എന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവന ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. 450 കോടിരൂപ മുടക്കി കാന്‍സര്‍ ആസ്പത്രി പണിയുകയാണോ അതോ വിഷംനിറഞ്ഞ പഴങ്ങളും പച്ചക്കറികളും അരിയുമൊക്കെ വിഷമുക്തമാക്കുകയാണോ ആദ്യം ചെയ്യേണ്ടത് എന്ന പ്രശ്‌നമാണ് അദ്ദേഹം ഉന്നയിച്ചത്. ഈ ചര്‍ച്ചകള്‍, നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: ഇപ്പോഴത്തെ നിലയില്‍ മലയാളിസമൂഹം വിഷത്തീറ്റ തുടരുകയാണെങ്കില്‍ കൊച്ചിയില്‍ മാത്രമല്ല കേരളത്തിലെ ഓരോ ജില്ലയിലും കൊച്ചി മാതൃകയില്‍ 450 കോടിയുടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പണിതുയര്‍ത്തിയാലും കേരളം നേരിടുന്ന അര്‍ബുദഭീഷണിക്ക് അറുതിവരുത്താനാകില്ല. കേരളത്തെ വിഷവിമുക്തമാക്കുക മാത്രമാണ് ഇതില്‍നിന്നും രക്ഷപ്പെടാനുള്ള പോംവഴി.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് പഴവും പച്ചക്കറിയും കൊണ്ടുവരുന്നവര്‍ ജൂലായ് 15ന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ലൈസന്‍സില്ലാത്ത വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തിവിടില്ലെന്നും രജിസ്‌ട്രേഷന്‍, പച്ചക്കറി കയറ്റുന്ന സ്ഥലം, കൃഷി ചെയ്യുന്ന സ്ഥലം, വാങ്ങുന്ന മൊത്തവ്യാപാരിയുടെ പേര്, ഇറക്കുന്ന സ്ഥലം എന്നീ രേഖകള്‍ വാഹനത്തിലുണ്ടായിരിക്കണമെന്നുമൊക്കയായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. ചെക്ക് പോസ്റ്റുകളില്‍ പരിശോധനാസംഘങ്ങള്‍ എടുക്കുന്ന പച്ചക്കറിയുടെ സാമ്പിളുകള്‍ ലാബ് റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ ആ സ്ഥലത്തുനിന്നുള്ള പച്ചക്കറികള്‍ക്ക് നിരോധനവും നേരിടേണ്ടിവരുമായിരുന്നു. എന്നാല്‍, ജൂലായ് 15നുതന്നെ ഈ നിര്‍ദേശം പാളി. നമ്മുടെ ഭാഗത്ത് വിഷം ഇറക്കുമതി തടയാനുള്ള യാതൊരുവിധ സംവിധാനങ്ങളുമില്ലാത്തത് തന്നെയായിരുന്നു ഈ നീക്കം പരാജയപ്പെടാന്‍ കാരണം. ഇപ്പോഴാകട്ടെ പഴംപച്ചക്കറി വണ്ടികള്‍ തടയേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. 

സംസ്ഥാനസര്‍ക്കാറിന്റെ നിരോധന തീരുമാനത്തിനെതിരെ കീടനാശിനി ഉത്പാദകരുടെ സംഘടനയായ ക്രോപ്‌കെയര്‍ ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. കൂടാതെ തമിഴ്‌നാട്ടിലും എതിര്‍പ്പുകളുയര്‍ന്നു. ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത് കേരളത്തിനെതിരെ ശക്തമായ ഭീഷണി മുഴക്കിയതോടെ കേരളം ഈവിഷയത്തില്‍ പൂര്‍ണമായും പിന്നാക്കംപോകുന്ന കാഴ്ചയാണ് കാണാന്‍കഴിഞ്ഞത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 80 തസ്തികകളാണ് കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ കുറവുകാരണമാണ് ചെക്ക്‌പോസ്റ്റുകളില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്താന്‍ കഴിയാത്തതെന്നാണ് ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം. ആയിരക്കണക്കിന് മെഡിക്കല്‍ ലാബുകള്‍ പണിയെടുക്കുന്ന കേരളത്തില്‍ മനുഷ്യന്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ വിഷം കണ്ടെത്താന്‍ അടിസ്ഥാനപരമായ യാതൊരു സംവിധാനവുമില്ലെന്നത് ആധുനികകേരളത്തെ നാണം കെടുത്തേണ്ടതുണ്ട്. വിഷഭക്ഷണം കഴിച്ചതിന് ശിക്ഷയായി യൗവ്വനം മുതല്‍ക്കുതന്നെ മാറാരോഗങ്ങളുമായി ആസ്പത്രികളിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടിവരുന്ന ഗതികെട്ട അവസ്ഥയിലെത്തിയിരിക്കുകയാണ് മലയാളികളിപ്പോള്‍. ഭാവിവേണമെങ്കില്‍, കേരളം ഇവിടെ മാറിച്ചിന്തിച്ചേ പറ്റൂ. ഇനിയും വൈകിയാല്‍ വിഷംതിന്ന് ചത്തൊടുങ്ങിയ ആദ്യത്തെ ജനസമൂഹമായി ഭാവിയില്‍ നാം രേഖപ്പെടുത്തപ്പെട്ടേക്കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS