വെറും 13 വയസുള്ളപ്പോള്‍ സ്വന്തമായി വിമാനം നിര്‍മ്മിച്ച് മിഷിഗണ്‍ തടാകത്തിന് മുകളിലൂടെ പറത്തിയാണ് സബ്രിന പാറ്റേസ്‌കി ശ്രദ്ധേയയാകുന്നത്. ആധുനിക ഐന്‍സ്റ്റൈന്‍ എന്ന് വിളിപ്പേരുള്ള ഈ പെണ്‍കുട്ടി ഐന്‍സ്റ്റൈനും ഹോക്കിംങിനും ശേഷം ബഹിരാകാശ ശാസ്ത്രത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. നാസ, ആമസോണ്‍ ഡോട്ട് കോം തുടങ്ങി ആരും കൊതിക്കുന്ന കമ്പനികളില്‍ നിന്നുള്ള ജോലി ഓഫറുകളെ ചവറ്റുകുട്ടയിലേക്കിട്ട് ബഹിരാകാശ ഗവേഷണത്തില്‍ മുഴുകിയിരിക്കുകയാണ് സബ്രിന
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സബ്രിന പിതാവിന്റെ ഗാരേജില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് സ്വന്തമായി വിമാനം നിര്‍മ്മിച്ചത്. 363 ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് മിഷിഗണ്‍ തടാകത്തിന് മുകളിലൂടെ പറന്നത്. അന്ന് പിതാവിനൊപ്പം സന്തോഷം കൊണ്ട് തുള്ളിക്കളിച്ച കൗമാരക്കാരി കുറച്ചു വര്‍ഷങ്ങളായി ഫോബ്‌സിന്റെ മുപ്പത് വയസിന് താഴെയുള്ള ശ്രദ്ധേയരായ 30 പേരുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം പിടിക്കുന്നു.
സബ്രിനയുടെ ബഹിരാകാശശാസ്ത്രത്തോടുള്ള താത്പര്യം പെട്ടെന്നുണ്ടായതല്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ച അധ്യാപകരോട് ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനാണ് ആഗ്രഹമെന്നായിരുന്നു സബ്രിന മറുപടി നല്‍കിയത്. പതിമൂന്നാം വയസില്‍ ചെറുവിമാനം നിര്‍മ്മിച്ചതാണ് സബ്രിനക്ക് ഭൗതികശാസ്ത്രത്തില്‍ പ്രായോഗിക അടിത്തറ നല്‍കിയത്. പത്ത് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ കവര്‍ ചിത്രമാകും സബ്രിനയെന്ന് പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ശാസ്ത്രമാസികയായ സയന്റിഫിക് അമേരിക്കന്‍.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യില്‍ നിന്ന് സാധ്യമായ 5.00 ത്തില്‍ 5.00 പോയിന്റും നേടിയാണ് സബ്രിന ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്. എംഐടിയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വ്വവിജയമായിരുന്നു ഇത്. എംഐടിയിലെ പഠനത്തിന് ശേഷം ആമസോണ്‍ ഡോട്ട് കോമിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ സബ്രിനക്ക് എപ്പോള്‍ വേണമെങ്കിലും തന്റെ സ്ഥാപനത്തില്‍ ചേരാമെന്ന് അറിയിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും പാസ്റ്റേസ്‌കിക്ക് ജോലി വാഗ്ദാനം നല്‍കി.
സ്വന്തം നിയോഗം തിരിച്ചറിഞ്ഞ് ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ തമോഗര്‍ത്തം ഗുരുത്വാകര്‍ഷം സ്പേസ്ടൈം തുടങ്ങിയ ഗഹനമായ വിഷയങ്ങളില്‍ ഗവേഷണം നടത്താനാണ് സബ്രിന പാസ്റ്റേസ്‌കി തീരുമാനിച്ചത്. ഐന്‍സ്റ്റൈനും സ്റ്റീവന്‍ ഹോക്കിംഗിനും ഏറെ താത്പര്യത്തോടെ പഠനം നടത്തിയ അതേ വിഷയങ്ങളാണ് സബ്രിനയും തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രത്തിലെ ഈ മഹാരഥന്മാരുടെ വഴിയെയാണ് ഈ 22കാരിയായ പ്രതിഭയും സഞ്ചരിക്കുന്നതെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
0 Comments