Subscribe Us

കാലാവസ്ഥാ ഭൂപടത്തിലേക്ക് കൊച്ചിയും

മണ്‍സൂണുമായി ബന്ധപ്പെട്ട കാലാവസ്ഥാ പഠനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് കൊച്ചി. അതിനാല്‍ കുസാറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച റഡാര്‍കേന്ദ്രം കാലാവസ്ഥാ ഗവേഷണരംഗത്ത് ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍
ഇന്ത്യയില്‍ കാലാവസ്ഥാ ഗവേഷണരംഗത്ത് സുപ്രധാനമായ ചുവടുവയ്പിന് തയ്യാറെടുക്കുകയാണ് കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) 'അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച്'. ലോകത്തിലെ തന്നെ ആദ്യത്തെ 205 മെഗാഹെര്‍ട്‌സ് എസ്ടി റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. 
 യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്, ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാലാവസ്ഥാ പഠനവും കാലാവസ്ഥാ പ്രവചനവും സങ്കീര്‍ണമാണ്. ഇത്തരം മേഖലകളില്‍ കാറ്റിന്റെ ഗതിയും വേഗവും മാത്രമല്ല അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങളും കാലാവസ്ഥയെ തുടര്‍ച്ചയായി സ്വാധീനിക്കുന്നു. അതിനാല്‍ ഭൂപ്രതലത്തില്‍നിന്ന് 20 കിലോമീറ്റര്‍ വരെ ഉയരമുള്ള മേഖലയിലെ കാറ്റിന്റേയും താപനിലയിലേയും വ്യതിയാനങ്ങള്‍ കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ കാലാവസ്ഥാ ചിത്രം ശരിയായി ലഭിക്കൂ. 
നാസ നടത്തിയ സാധ്യതാപഠനങ്ങളില്‍ 50, 225, 400 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലുള്ള റഡാറുകളാണ് കാലാവസ്ഥാപഠനങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൃത്യമായ ഒരു പ്രവര്‍ത്തന മാതൃക അതിനവര്‍ സൃഷ്ടിച്ചിരുന്നില്ല. 
കൊച്ചിയുടെ ഭൗമശാസ്ത്രപരമായ പ്രത്യേകതയും മണ്‍സൂണ്‍ പഠനത്തിനുള്ള സാധ്യതകളും മുന്‍നിര്‍ത്തി 200 മെഗാഹെര്‍ട്‌സ് പരിധിയിലുള്ള റഡാര്‍ വികസിപ്പിച്ചെടുക്കാന്‍ കുസാറ്റ് പ്രൊഫസര്‍ ഡോ. കെ. മോഹന്‍കുമാര്‍ തീരുമാനിക്കുകയായിരുന്നു. 2006 ഒക്ടോബര്‍ 10 ന് ആരംഭിച്ച ശ്രമം വെല്ലുവിളികള്‍ അതിജീവിച്ച് വിജയത്തിലെത്തുകയാണിപ്പോള്‍. 
റഡാറുകളെ കുറിച്ച് പഠിച്ചിട്ടുണ്ടെങ്കിലും, സ്വന്തമായി ഒരു റഡാര്‍ വികസിപ്പിച്ചെടുക്കുക എന്ന വെല്ലുവിളിയായിരുന്നു ഡോ. മോഹന്‍കുമാറിന് മുന്നിലുണ്ടായിരുന്നത്. നാസയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. മോഹന്‍കുമാര്‍ തയ്യാറാക്കിയ പ്രൊജകട് കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പ് അംഗീകരിച്ചതോടെ റഡാര്‍കേന്ദ്രം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. 
2011 ലാണ് കേന്ദ്ര അനുമതി ലഭിക്കുന്നത്. രാജ്യത്തെ പ്രമുഖ ഐഐടികളും ഐഐഎസുകളും സമര്‍പ്പിച്ച പ്രൊജക്ടുകളെ പിന്തള്ളിയാണ് ഡോ.മോഹന്‍കുമാറിന്റെ പ്രൊജക്ടിന് അംഗീകാരം ലഭിക്കുന്നത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് രാജ്യത്തെ ഏതെങ്കിലുമൊരു സര്‍വകലാശാലക്ക് അനുവദിച്ച ഏറ്റവും വലിയ ഗ്രാന്‍ഡാണ് ഡോ.മോഹന്‍കുമാറിലൂടെ കുസാറ്റ് നേടിയെടുത്തത്. 20 കോടി രൂപയുടെ ഗ്രാന്‍ഡ്.
എസ്ടി റഡാര്‍ എന്നാല്‍ 
എസ്ടി റഡാര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'സ്ട്രാറ്റോസ്ഫിയര്‍ ട്രോപോസ്ഫിയര്‍ റഡാര്‍' ( Stratosphere Troposphere Radar ) ഭൂപ്രതലത്തിന് 20 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള കാറ്റിന്റേയും മറ്റ് അന്തരീക്ഷമാറ്റങ്ങളുടെയും നേരിയ ചലനം പോലും വിശകലനം ചെയ്യാന്‍ ശേഷിയുള്ളതാണ്. 205 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലാണ് റഡാര്‍ പ്രവര്‍ത്തിക്കുന്നത്. 
റേഡിയോ, ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഫ്രീക്വന്‍സി പരിധിയില്‍പെടുന്ന 200 മെഗാഹെര്‍ട്‌സില്‍ ലോകത്ത് ആദ്യമായാണ് ഒരു റഡാര്‍ സംവിധാനം സ്ഥാപിക്കുന്നത്. അന്തരീക്ഷത്തിലെ ലംബപ്രവേഗത്തെ ( vertical veloctiy ) അടിസ്ഥാനമാക്കിയാണ് ഈ റഡാര്‍ റീഡിംഗ് തയ്യാറാക്കുന്നത്. മറ്റ് റഡാറുകളേക്കാള്‍ ചെലവ് കുറവാണ്. മാത്രമല്ല, സ്ഥാപിക്കാന്‍ സ്ഥലം കുറച്ചുമതി. ഇതാണ് എസ്ടി റഡാറിന്റെ മറ്റൊരു പ്രത്യേകത. 
ആദ്യം ചെറുമാതൃക
റഡാറിന്റെ ബൃഹത് രൂപം നിര്‍മ്മിക്കുന്നതിന് മുന്‍പ് 49 ആന്റിനകളുള്ള ചെറുമാതൃക നിര്‍മ്മിക്കുകയായിരുന്നു കുസാറ്റ് സംഘം ആദ്യം ചെയ്തത്. 7X7 യൂണിറ്റായിരുന്നു ഇങ്ങനെ സ്ഥാപിച്ചത്. 
ഇതിനാവശ്യമായ ആന്റിനകളും മറ്റും നിര്‍മ്മിച്ച് നല്‍കിയത് ചെന്നൈയിലെ ഡാറ്റാ പാറ്റേണ്‍സ് എന്ന കമ്പനിയാണ്. ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി സാറ്റലൈറ്റിന്റെ ഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് ഡാറ്റാ പാറ്റേണ്‍സ്. 7X7 യൂണിറ്റ് വിജയമായതോടെ റഡാറിന്റെ ബൃഹത് രൂപം നിര്‍മ്മിക്കാനുള്ള ആത്മവിശ്വാസം സംഘത്തിന് കൈവന്നു. 
കൂട്ടായ്മയുടെ വിജയം
ഡോ. മോഹന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘത്തിനായിരുന്നു നിര്‍മ്മാണ ചുമതല. സഹനിരീക്ഷകരായ പ്രൊഫ. പി. മോഹനന്‍, പ്രൊഫ. കെ. വാസുദേവന്‍, പ്രൊഫ. കെ.ആര്‍.സന്തോഷ് എന്നിവര്‍ക്കൊപ്പം മറ്റ് ഗവേഷകരും എഞ്ചിനീയര്‍മാരും അടങ്ങുന്ന ആറംഗസംഘവും നിര്‍മ്മാണത്തില്‍ ഒത്തുചേര്‍ന്നു. റഡാറിന്റേത് മുതല്‍ അത് സ്ഥാപിക്കേണ്ട കെട്ടിടത്തിന്റെ രൂപരേഖ വരെ തയ്യാറാക്കേണ്ട വലിയ ഉത്തരവാദിത്തമായിരുന്നു സംഘത്തിനുണ്ടായിരുന്നത്. 
കുസാറ്റിലെ റഡാര്‍ സംവിധാനമൊരുക്കുന്ന സംഘാംഗങ്ങളായ രാകേഷ് വരദരാജന്‍, ടിറ്റു സംസണ്‍, ഡോ.കെ.മോഹന്‍കുമാര്‍, ഡോ.കെ.ആര്‍.സന്തോഷ്, കെ.യു.ശിവകുമാര്‍ എന്നിവര്‍. ഫോട്ടോ: വി എസ് ഷൈന്‍
 മൂന്നുനില കെട്ടിടത്തിന് മുകളിലാണ് 619 ആന്റിനകളുള്ള റഡാര്‍ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. മറ്റ് ഫ്രീക്വന്‍സികള്‍ നിയന്ത്രിക്കുന്നതിന് ആന്റിനകള്‍ക്ക് ചുറ്റും സംരംക്ഷിതവലയം നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ഇടിമിന്നല്‍ പ്രതിരോധിക്കാന്‍ ശക്തമായ എര്‍ത്തിംഗ് സംവിധാനവും കെട്ടിടത്തിനുണ്ട്. ആന്റിനകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന സംവിധാനമാണ് മൂന്നാംനിലയില്‍ ഒരുക്കിയിരിക്കുന്നത്. 
കുസാറ്റിന്റെ തൃക്കാക്കര കാമ്പസിലെ റഡാര്‍കേന്ദ്രത്തില്‍ എസ്ടി റഡാര്‍, കാലാവസ്ഥാ നിരീക്ഷണ ഗോപുരം, ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍, വിദൂര സംവേദന ജിപിഎസ് സോണ്‍ഡേ എന്നിവയാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്.
ആദ്യഘട്ടമെന്ന നിലയില്‍ പോയ വാരത്തെ കാലാവസ്ഥാ വിശകലനവും വരാന്‍ പോകുന്ന ആഴ്ചയിലെ കാലാവസ്ഥാ അവലോകനവും അടങ്ങുന്ന ബുള്ളറ്റിനുകള്‍ സര്‍വകലാശാല പുറത്തിറക്കി തുടങ്ങി. പ്രതിവാര കാലാവസ്ഥാ അവലോകന ബുള്ളറ്റിന്റെ ആദ്യപതിപ്പാണ് പുറത്തിറക്കിയത്. നവംബര്‍ 2-7 ആഴ്ചയില്‍ പ്രതീക്ഷിക്കുന്ന കാലാവസ്ഥയുടെ സംക്ഷിപ്തരൂപമാണ് കുസാറ്റ് വെബ്‌സൈറ്റില്‍ ( www.cusat.ac.in ) പ്രസിദ്ധീകരിച്ചത്.
ഇതോടൊപ്പം കഴിഞ്ഞയാഴ്ചയിലെ കാലാവസ്ഥ, താപനിലകള്‍, കാറ്റിന്റെ സ്വഭാവം, ഉപഗ്രഹചിത്രങ്ങളുടെ അവലോകനം എന്നിവ മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. റഡാര്‍, ഉപഗ്രഹ ചിത്രങ്ങള്‍, ദേശീയ കാലാവസ്ഥ പ്രവചന സ്ഥാപനങ്ങള്‍ എിവയുടെ സഹായത്തോടെയാണ് ബുള്ളറ്റിന്‍ പുറത്തിറക്കിയത്. 
ആറ് മാസത്തിനുള്ളില്‍ റഡാര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. അതോടെ രണ്ട് ദിവസം മുമ്പത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ റഡാറിലൂടെ സാധ്യമാകും. ഓരോ ആഴ്ചയും റഡാര്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലങ്ങള്‍ പുറത്തു വിടുകയും ചെയ്യും. കൊച്ചി സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന ഈ വിവരങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും. 
വിമാനത്താവളങ്ങള്‍, നാവികസേന എന്നിവയെക്കൂടാതെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഉപയോഗപ്രദമാകുന്ന വിവരങ്ങളാണ് റഡാര്‍ നല്‍കുക. ഇതിന് പുറമേ, ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷകരുടെ ഗവേഷണങ്ങള്‍ക്ക് സഹായക വിവരങ്ങള്‍ നല്‍കാനും ഈ കേന്ദ്രത്തിന് സാധിക്കും. 
 ഡയറക്ടര്‍ ഡോ. മോഹന്‍കുമാറിനൊപ്പം ഡോ.കെ.ആര്‍.സന്തോഷ്, പ്രൊഫ.പി. മോഹനന്‍, പ്രൊഫ.കെ. വാസുദേവന്‍, എന്‍.ജി. മനോജ്, ടിറ്റു കെ.സാംസ, ഡോ.അജില്‍ കോട്ടയില്‍, രാകേഷ്, റിജോയ് റിബെല്ലോ, സുനിത നായര്‍ തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലായി റഡാര്‍ പ്രോജക്ടിന് നേതൃത്വം നല്‍കുത്.
ശാസ്ത്രരംഗത്തിന് മുതല്‍ക്കൂട്ട്
മണ്‍സൂണിന്റെ പ്രവേശന കവാടമാണ് കേരളം. അതിനാല്‍ കാലാവസ്ഥാപരമായി കൊച്ചിക്ക് വലിയ പ്രാധാന്യമുണ്ട്. മണ്‍സൂണുമായി ബന്ധപ്പെട്ട കാലാവസ്ഥാ പഠനങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് തന്നെയാണ് റഡാര്‍ സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവഴി ശേഖരിക്കാന്‍ കഴിയും. 
നിശ്ചിത ഇടവേളകളില്‍ ആകാശത്തേക്ക് അയക്കുന്ന ഹൈഡ്രജന്‍, ഹീലിയം ബലൂണുകളില്‍ ഘടിപ്പിച്ച റേഡിയോ സോണ്‍ഡേ ഉപകരണമാണ് പരമ്പരാഗതമായി കാലാവസ്ഥാ വിശകലനത്തിന് ഉപയോഗിക്കുന്നത്. 
എന്നാല്‍ ദിവസത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമാണ് കുസാറ്റ് റഡാര്‍. ഇതുവഴി ഓരോ സെക്കന്‍ഡിലേയും കാലാവസ്ഥാമാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ഇത് കാലാവസ്ഥാ ഗവേഷണരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 
കാലാവസ്ഥാ ഗവേഷണത്തിന്റെ ലോകഭൂപടത്തില്‍ കൊച്ചിയുടെ പേരെഴുതിച്ചേര്‍ക്കുന്ന ചരിത്രദൗത്യത്തിലാണ് കുസാറ്റിലെ ശാസ്ത്രസംഘമെന്ന് സാരം.

Post a Comment

0 Comments

CLOSE ADS


CLOSE ADS