Subscribe Us

ചെന്നൈയിൽ ഇനി മാക്സിമം സിനിമ


സിനിമയുടെ എല്ലാ സങ്കൽപങ്ങളെയും നിർവചനങ്ങളെയും മാറ്റിയെഴുതാൻ ഐമാക്സ് എത്തി. ചെന്നൈയിലെ ആദ്യത്തെ ഐമാക്സ് തിയറ്ററാണ് വേളാച്ചേരി ഫീനിക്സ് മാളിലെ ലക്സ് മൾട്ടിപ്ലക്സിൽ തുടങ്ങിയത്. ഏറെ വൈകാതെ ഫോറം വിജയമാളിലെ പ്ലാസ്സോ മൾട്ടിപ്ലക്സിലും ഐമാക്സ് തിയറ്റർ സജ്ജമാകും. സമാനതകളില്ലാത്ത കാഴ്ചയുടെ വിസ്മയമാണ് ഐമാക്സ് പകർന്നുതരിക. നിലവിലുള്ള ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതലാകുമെങ്കിലും ഐമാക്സ് സൃഷ്ടിക്കുന്ന മായിക ദ‍ൃശ്യ, ശബ്ദ പ്രപഞ്ചത്തിന് അത് അധികമാകില്ലെന്ന് ആരാധകർ പറയുന്നു.

ഈ വാക്കുകളുടെ ചുരുക്കെഴുത്താണ് ഐമാക്സ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വലിയ ചിത്രങ്ങൾ അഥവാ ദൃശ്യങ്ങൾ തന്നെയാണ് ഐമാക്സ്. കനേഡിയൻ കമ്പനിയായ ഐമാക്സ് കോർപറേഷനാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. സാധാരണ ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളേക്കാൾ കൂടുതൽ വലുപ്പത്തിലും റെസല്യൂഷനിലും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, പ്രദർശിപ്പിക്കുകയുമാണ് ഐമാക്സിൽ. ഐമാക്സ് ഫോർമാറ്റിൽ പ്രത്യേക ക്യാമറയും സാങ്കേതിക സംവിധാനവും ഉപയോഗിച്ചുവേണം ചലച്ചിത്രം ചിത്രീകരിക്കാൻ. ഒപ്പം, തിയറ്ററുകളിലും വേണം ഐമാക്സ് സംവിധാനങ്ങൾ. 2015 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ലോകത്തെ 66 രാജ്യങ്ങളിലായി 1008 ഐമാക്സ് തിയറ്ററുകളേയുള്ളൂ. കാര്യം അത്ര നിസ്സാരമല്ലെന്നു വ്യക്തമായല്ലോ.
എന്റർടെയ്ൻമെന്റ് മാക്സിമം
എല്ലിൽ തുളച്ചുകയറുന്നൊരു എന്റർടെയ്ൻമെന്റ് അനുഭവമാണ് ഐമാക്സ്. റിയലിസത്തിനുമപ്പുറം എന്തെങ്കിലുമുണ്ടോ അതാണ് ഈ ദൃശ്യാനുഭവം. സ്ക്രീനിലല്ല, നമുക്കുചുറ്റുമാണ് ആ ദൃശ്യങ്ങൾ നടക്കുന്നതെന്ന തോന്നലിലൂടെയാണ് ഐമാക്സ് എന്ന സിനിമാ ലോകം വികസിക്കുന്നത്. ഐമാക്സിന് ഇപ്പോൾ ഒരു പകരക്കാരനില്ലെന്നാണ് ഐമാക്സ് കോർപറേഷൻ പറയുന്നത്. കാരണം, അമേരിക്കയിൽ പേറ്റന്റുള്ള സാങ്കേതിക വിദ്യയാണ് ഐമാക്സ്. ലോകത്ത് മറ്റൊരാൾക്കും ഈ സാങ്കേതിക സംവിധാനം വികസിപ്പിക്കാനാവില്ല.
സിനിമയെന്നാൽ ഹോളിവുഡാണല്ലോ. ഐമാക്സും അങ്ങനെ തന്നെ. ഹോളിവുഡുകാർ മാത്രമാണു പൂർണമായും ഐമാക്സ് സംവിധാനത്തിൽ ഇന്നേവരെ സിനിമയെടുത്തിട്ടുള്ളത്. ദ് ഡാർക് നൈറ്റ് റൈസസ്, ഗ്രാവിറ്റി തുടങ്ങിയ ഹോളിവുഡ് സിനിമകളൊക്കെ ഐമാക്സ് സംവിധാനത്തിൽ ലോകം മുഴുവൻ ഏറെ കണ്ടതാണ്. ലക്സ് മൾട്ടിപ്ലക്സിൽ ജയിംസ് ബോണ്ട് ചിത്രമായ ‘സ്പെക്ടർ’ ആണ് ഐമാക്സ് തിയറ്ററിൽ പ്രദർശനത്തിനെത്തുന്നത്.
തിയറ്റർ മാക്സിമം
എന്താണ് ഐമാക്സ് തിയറ്ററുകളുടെ പ്രത്യേകത? അതൊരു ഒന്നൊന്നര ചോദ്യമാണ്. ഉത്തരവും അതേപോലെ തന്നെ. ഐമാക്സ് സ്ക്രീനിനു തന്നെ വരും ഒരു ഒന്നൊന്നര വലു‌പ്പം. മൾട്ടിപ്ലക്സിന്റെ വലുപ്പമനുസരിച്ചാണ് ഐമാക്സ് സ്ക്രീനുകൾ തയാറാക്കുന്നത്. 47 x 24 അടി മുതൽ 74 x 46 അടി വരെയാകും സ്ക്രീനുകളുടെ വലുപ്പം. അതായത്, തറയിൽ നിന്നു മുകളറ്റം വരെയും, ഒരു ചുമരിൽ നിന്നു മറ്റേ ചുമരു വരെയും നീളം. സ്ക്രീനിനു ചെറിയൊരു വളവ്. തിയറ്ററിലെ ഏതു മൂലയ്ക്കിരിക്കുന്നയാൾക്കും ഒരേപോലെ വലുപ്പവും അടുപ്പവുമുള്ള ദൃശ്യം നൽകുന്നതിനാണ് ഈ വക്രത.
ശബ്ദ സംവിധാനമാണെങ്കിൽ ഏറ്റവും അത്യാധുനികം എന്നു പറഞ്ഞാൽ പോര. ലേസർ അധിഷ്ഠിത ഡിജിറ്റൽ ശബ്ദമാണ്. അതായത് നിശ്ശബ്ദത മുതൽ കർണകഠോരമായ ശബ്ദം വരെ സുവ്യക്തതയോടെ ശ്രവണസുന്ദരമായ അനുഭവമാകും. ഈ ശബ്ദത്തെ പൂർണമായി ഉൾക്കൊള്ളുന്ന തരത്തിലാണ് ഐമാക്സ് തിയറ്ററിലെ ചുമരുകളും സീറ്റുകളും സജ്ജമാക്കിയിട്ടുള്ളത്.
പണവും മാക്സിമം
സംഭവം ഐമാക്സാകുമ്പോൾ എല്ലാത്തിലും മാക്സിമമാണ്. പണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. സാധാരണ തിയറ്ററുകളിൽ 120 രൂപയാണു പരമാവധി ടിക്കറ്റ് നിരക്കെങ്കിൽ ഐമാക്സിൽ അതിന്റെ മൂന്നിരട്ടി കൊടുക്കേണ്ടി വരും. ചെന്നൈയിൽ ഐമാക്സ് തിയറ്റർ പ്രവർത്തനം ആരംഭിക്കുന്നതു വൈകാൻതന്നെ കാരണം കൂടുതൽ നിരക്ക് ഈടാക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകാതിരുന്നതുമൂലമാണത്രേ.ലക്സ് മൾട്ടിപ്ലക്സിലെ ഐമാക്സ് തിയറ്ററിൽ 428 സീറ്റുകളാണുള്ളത്. 360 രൂപയാണ് നിരക്ക്. ത്രീഡി ഗ്ലാസുകൾക്ക് 30 രൂപ വേറെ നൽകേണ്ടി വരും. ഓൺലൈനായാണു ടിക്കറ്റ് ബുക്കു ചെയ്യുന്നതെങ്കിൽ സർവീസ് ചാർജായി 30 രൂപ വേറെയും നൽകണം. ഫലത്തിൽ ഐമാക്സിൽ കയറി ഒരു ത്രീഡി പടം കാണാൻ 420 രൂപയാകുമെന്നു ചുരുക്കം. പണം പോയാലെന്താ ഐമാക്സ് അനുഭവമെന്ന മാജിക് ആസ്വദിച്ചില്ലേ...
ആദ്യ ഐമാക്സ് ചിത്രം: ടൈഗർ ചൈൽഡ് (1970)
ആദ്യ ഐമാക്സ് തിയറ്റർ: ടൊറന്റോയിലെ ഒന്റാരിയോ പ്ലേസിലെ സിനിസ്ഫിയർ തിയറ്റർ (1971)
ആദ്യ ഐമാക്സ് ഡോം: സാൻ ഡിയോസ് ബാൽബാവോ പാർക്ക് (1973)
ആദ്യ ഐമാക്സ് ത്രീഡി തിയറ്റർ: വാൻകോവർ (1986)

Post a Comment

0 Comments

CLOSE ADS


CLOSE ADS