Subscribe Us

പ്രായം 17, ബിരുദങ്ങള്‍ രണ്ട്...ജോലി നാസയിലും!

നാസയുടെ 'ആംസ്‌ട്രോങ് ഫ് ളൈറ്റ് റിസര്‍ച്ച് സെന്ററി'ല്‍ വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും വേണ്ടിയുള്ള 'ജാഗ്രതാ സങ്കേതം' വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണിപ്പോള്‍ കാവാലിന്‍


വോട്ടു ചെയ്യാന്‍ പ്രായമായിട്ടില്ല, എങ്കിലും രണ്ടു ബിരുദങ്ങള്‍. കാറോടിക്കാന്‍ ലൈസന്‍സ് കിട്ടുംമുമ്പേ വിമാനം പറത്താനും പഠിച്ചു!..... ചെറിയ പ്രായമാണെങ്കിലും, വലിയ നേട്ടങ്ങളുടെ കഥയാണ് 17കാരനായ മോഷ് കായ് കാവാലിന് പറയാനുള്ളത്.
കാലിഫോര്‍ണിയയില്‍ സാന്‍ ഗബ്രിയേല്‍ സ്വദേശിയായ കാവാലിന്‍ പതിനൊന്നാം വയസിലാണ് കമ്മ്യൂണിറ്റി കോളേജില്‍നിന്ന് ആദ്യ ബിരുദം നേടുന്നത്. നാലുവര്‍ഷം കഴിഞ്ഞ് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഗണിതത്തിലും ബിരുദം കരസ്ഥമാക്കി. 
സൈബര്‍സുരക്ഷയില്‍ ( cybersecurity ) ബിരുദാനന്തരബിരുദം നേടാന്‍ ബോസ്റ്റണ്‍ പരിസരത്തെ ബ്രാന്‍ഡെയ്‌സ് സര്‍വകലാശാലയില്‍നിന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിരിക്കാന്‍ തുടങ്ങിയ സമയത്താണ് നാസയില്‍ ജോലി വാഗ്ദാനം ലഭിക്കുന്നത്. 
നാസയുടെ കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സിലുള്ള 'ആംസ്‌ട്രോങ് ഫ് ളൈറ്റ് റിസര്‍ച്ച് സെന്ററി'ല്‍, വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കുമായുള്ള 'ജാഗ്രതാ സങ്കേതം' ( surveillance technology ) വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണിപ്പോള്‍ കാവാലിന്‍. നേരത്തെ പ്രായമായില്ല എന്നു പറഞ്ഞ് കാവാലിന്റെ അപേക്ഷ നിരസിച്ച നാസയാണ് ഇപ്പോള്‍ വിളിച്ചുവരുത്തി ജോലി നല്‍കിയിട്ടുള്ളത്. 
പഠനവിഷയത്തില്‍ മാത്രമല്ല, ഹോബികളുടെ കാര്യത്തിലും വലിയ നേട്ടങ്ങളാണ് ഈ കൊച്ചുമിടുക്കന് സ്വന്തമായിട്ടുള്ളത്. വിമാനം ഓടിക്കുന്നതിന്റെ എല്ലാ സാങ്കേതികവശങ്ങളും പഠിച്ചുകഴിഞ്ഞു കാവാലിന്‍. രണ്ടാമത്തെ പുസ്തകം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രകാശനം ചെയ്തത്. ലോസ് ഏഞ്ചലസിലെ വീട്ടില്‍ ചെന്നാല്‍, വിവിധ ആയോധനമത്സരങ്ങളില്‍ നിന്നായി നേടിയെടുത്ത നൂറുകണക്കിന് മെഡലുകള്‍ കാണാം. 
തയ്‌വാന്‍ സ്വദേശിയാണ് കാവാലിന്റെ മാതാവ്, പിതാവ് ബ്രസീലുകാരനും. നാലുമാസം പ്രായമുള്ളപ്പോള്‍, ആകാശത്തെ വിമാനം ചൂണ്ടിക്കാട്ടിയാണ് കാവാലിന്‍ തന്റെ ആദ്യവാക്കുകള്‍ ഉച്ചരിക്കുന്നത്. ഏഴാം വയസില്‍ ത്രികോണമിതി ഹൃദിസ്ഥമാക്കി. അതെ തുടര്‍ന്ന് മാതാവ് അവനെ കമ്യൂണിറ്റി കോളജില്‍ ചേര്‍ക്കുകയായിരുന്നു. 
രക്ഷിതാക്കളുടെ പ്രചോദനവും പിന്തുണയുമാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണമെന്ന് കാവാലിന്‍ പറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാന്‍ അവര്‍ തനിക്ക് അവസരം നല്‍കി. ഒപ്പം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും- അവന്‍ അറിയിച്ചു. 
സൈബര്‍സുരക്ഷയില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിസിനസില്‍ ബിരുദാനന്തര ബിരുദം എടുക്കാനാണ് കാവലിന്റെ പദ്ധതി. അതിന് ശേഷം സ്വന്തമായി ഒരു സൈബര്‍സുരക്ഷാ കമ്പനി തുടങ്ങണം. 
ഇത്രയൊക്കെ നേട്ടങ്ങള്‍ കരസ്ഥമാക്കിയെങ്കിലും, 18 വയസാകാന്‍ കാത്തിരിക്കുകയാണ് കാവാലിന്‍. മറ്റൊന്നിനുമല്ല, ഒരു ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍!

Post a Comment

0 Comments

CLOSE ADS


CLOSE ADS