Subscribe Us

‘ദൈവമില്ല, ഭാവി കംപ്യൂട്ടറുകൾ തീരുമാനിക്കും’

എങ്ങനെയാണീ പ്രപഞ്ചമുണ്ടായത് എന്നതിന്റെ ഉത്തരം നൽകാൻ ഇന്ന് ഒട്ടേറെ തെളിവുകൾ നിരത്തി ശാസ്ത്രത്തിന് എളുപ്പം സാധിക്കും. അതിനിടയിലേക്ക് വെറുതെ ദൈവത്തെ തിരുകിക്കയറ്റേണ്ട ആവശ്യമില്ല. ശാസ്ത്രത്തിന്റെ കയ്യിൽ ഏല്ലാറ്റിനും ഉത്തരമുണ്ട്. ഈ പ്രപഞ്ചത്തിൽ ദൈവമില്ല...’ പറയുന്നത് മറ്റാരുമല്ല, അൻപത് വർഷത്തിലേറെയായി ഒരു വീൽചെയറിലിരുന്നു കൊണ്ട് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ പോലും തിരുത്തിക്കുറിച്ച കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ–സ്റ്റീഫൻ ഹോക്കിങ്. ഒരു സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ദൈവം, മനുഷ്യന്റെ ഭാവി, അന്യഗ്രഹജീവികൾ തുടങ്ങിയ വിഷയങ്ങളിൽ എഴുപത്തിമൂന്നുകാരനായ ഹോക്കിങ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ദൈവമെന്ന വാക്ക് ഞാൻ ഉപയോഗിക്കാറുണ്ട്. അത് ഐൻസ്റ്റീനൊക്കെ പ്രയോഗിച്ചിരുന്നതു പോലെത്തന്നെയാണ്. അതായത് പ്രകൃതിയുടെ ശാസ്ത്രനിയമങ്ങളെ വിശദീകരിക്കാൻ...അല്ലാതെ എല്ലാം നിയന്ത്രിക്കുന്ന ദൈവമൊന്നുമില്ല. ശാസ്ത്രമാണ് സത്യം...’ ഹോക്കിങ് പറയുന്നു. മനുഷ്യന്റെ ഭാവി ഒട്ടും ശോഭനമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) വരവോടെ മനുഷ്യൻ അവന്റെ തന്നെ കുഴി തോണ്ടും. കൃത്രിമബുദ്ധി ഉപയോഗിച്ച് കംപ്യൂട്ടറുകൾ ചിന്തിക്കാൻ തുടങ്ങുന്നതോടെ അടുത്ത 100 വർഷത്തിനകം അവ മനുഷ്യവംശത്തെ കീഴടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംബന്ധിച്ച ഗവേഷണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മനുഷ്യൻ ഒരുകാര്യം ശ്രദ്ധിച്ചാൽ നല്ലത്–കംപ്യൂട്ടറുകളുടെയും മനുഷ്യന്റെയും ചിന്തയുടെ പോക്ക് ലോകത്തിനു നല്ലതു വരുത്താനുള്ള കാര്യങ്ങളിലേക്കായിരിക്കണം എന്നത്.’
(ശാരീരിക ശേഷി നശിച്ചതിനാൽ ഇന്റൽ വികസിപ്പിച്ചെടുത്ത പ്രത്യേക സംവിധാനത്തിലൂടെയാണ് ഹോക്കിങ് സംസാരിക്കുന്നത്. കൃത്രിമബുദ്ധിയുടെ അടിസ്‌ഥാനരൂപമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.) അന്യഗ്രഹജീവികളെപ്പറ്റി ഹോക്കിങ് പറഞ്ഞതിങ്ങനെ:
‘മാത്തമാറ്റിക്കൽ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ പോലും അന്യഗ്രഹജീവികളുണ്ട് എന്നതിന്റെ വളരെ ‘ലോജിക്കൽ’ ആയ ഉത്തരം ലഭിക്കും. അതൊരു സത്യമാണ്. ഭൂമിയിലേക്കെത്തുകയാണെങ്കിൽ അവ നമ്മെ കീഴ്പ്പെടുത്തുമെന്നതും ഉറപ്പ്. ഇവിടെ കോളനി സ്ഥാപിക്കുകയും ചെയ്യും. നമുക്ക് ഇതുവരെ തിരിച്ചറിയാനാകാത്ത ഒറ്റകാര്യമേയുള്ളൂ. കാഴ്ചയിൽ അവ എങ്ങനെയായിരിക്കുമെന്നത്. കൃത്രിമ ബുദ്ധിയുള്ള കംപ്യൂട്ടറുകളും അന്യഗ്രഹജീവികളും കൂടി മനുഷ്യകുലത്തിന് അന്ത്യം കുറിച്ചേക്കാം. ഭൂമിയെ ഒരു വൻദുരന്തം കാത്തിരിക്കുന്നുവെന്നത് സത്യമാണ്. ഭാവിയിൽ അതെന്നായിരിക്കുമെന്നല്ല ചിന്തിക്കേണ്ടത്, അതിനെ മറികടക്കാൻ ഇന്ന് എന്തെല്ലാം ചെയ്യാമെന്നതാണ്. പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ മനുഷ്യവംശം നിലനിർത്താനുള്ള വഴികൾ തേടണം.അതിന് ബഹിരാകാശയാത്ര സംബന്ധിച്ച് പൊതുജനങ്ങളിൽ വരെ ബോധവൽകരണവും നടത്തണം.’ തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ചതിലും ഏറെ ഇതിനോടകം നേടിക്കഴിഞ്ഞതായും ഹോക്കിങ് അഭിമുഖത്തിൽ പറഞ്ഞു.
ഇതാദ്യമായല്ല സ്റ്റീഫൻ ഹോക്കിങ് ദൈവവിശ്വാസം സംബന്ധിച്ച തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്. നാലു മാസം മുൻപ് നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ– ‘ശാസ്ത്രം വികസിക്കാത്ത കാലത്ത് പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്ന് ജനം വിശ്വസിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ പ്രപഞ്ചോൽപത്തി സംബന്ധിച്ച് ഇന്ന് ശാസ്ത്രം വിശ്വാസയോഗ്യമായ ഒട്ടേറെ തെളിവുകൾ നൽകുന്നുണ്ട്. ഈ ലോകത്ത് ദൈവമില്ലെന്നതാണു സത്യം, ഉണ്ടെങ്കിൽത്തന്നെ മനുഷ്യന് അറിയാവുന്നതിൽ കൂടുതലൊന്നും അദ്ദേഹത്തിന് അറിയാനും പോകുന്നില്ല...’
മോട്ടോർ ന്യൂറോൺ ഡിസീസ് രോഗം ബാധിച്ച് വൈദ്യശാസ്ത്രത്തിനു പോലും അദ്ഭുതമായാണ് അൻപത് വർഷത്തിലേറെയായി ഹോക്കിങ്ങിന്റെ ജീവിതം. 1962ൽ രോഗം ബാധിച്ച് വെറും രണ്ട് വർഷത്തെ കൂടി ആയുസ്സാണ് ഡോക്ടർമാർ ഹോക്കിങ്ങിനു വിധിച്ചത്. അതിനെയെല്ലാം മറികടന്ന അദ്ദേഹം തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെ നിർണായക കണ്ടെത്തലുകൾ നടത്തി ശ്രദ്ധേയനായി. പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും പ്രപഞ്ചരഹസ്യത്തെക്കുറിച്ചും പുത്തൻ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയ അപൂർവ പ്രതിഭയായും മാറി.

Post a Comment

0 Comments

CLOSE ADS


CLOSE ADS