Subscribe Us

കേരളത്തില്‍ വിളയുന്നത് വിഷം തീണ്ടാത്ത പച്ചക്കറി

കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പരിശോധിച്ച 165 സാമ്പിളുകളില്‍ 163 എണ്ണവും (98.7%) 'ഭക്ഷിക്കാന്‍ സുരക്ഷിതം'

കൊച്ചി: നമ്മുടെ നാട്ടില്‍ വിഷമടിക്കാതെ തന്നെ പച്ചക്കറികള്‍ നന്നായി വിളയുമെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു. കാര്‍ഷിക സര്‍വകലാശാല, കേരളത്തിലെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പരിശോധിച്ച 165 സാമ്പിളുകളില്‍ 163 എണ്ണവും (98.7%) 'ഭക്ഷിക്കാന്‍ സുരക്ഷിതം' എന്ന മാനദണ്ഡം നിലനിര്‍ത്തിയതായി ഫലങ്ങളില്‍ വ്യക്തമാകുന്നു.

2015 ജനവരി 1 മുതല്‍ മാര്‍ച്ച് 31 വരെ ഇവിടത്തെ കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച 165 പച്ചക്കറി സാമ്പിളുകളുടെ പരിശോധനാ വിവരങ്ങളടങ്ങിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങി. എല്ലാ ജില്ലകളിലേയും വിവരങ്ങള്‍ വെവ്വേറെ കൊടുത്തിട്ടുണ്ട്.

ജൈവ ജില്ലയായി പ്രഖ്യാപിച്ച കാസര്‍കോട്ടെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച ഒരു സാമ്പിളില്‍ വിഷാംശം കണ്ടെത്തിയെങ്കിലും അതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ്.
ഇടുക്കി, കോട്ടയം ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലൊന്നിലും വിഷാംശം കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ശേഖരിച്ച 73 പച്ചക്കറി സാമ്പിളുകളില്‍ 10 എണ്ണത്തില്‍ മാത്രമാണ് കീടനാശിനി അവശിഷ്ട വിഷാംശം കണ്ടത്. അതില്‍, 'സേഫ് ടു ഈറ്റ്' മാനദണ്ഡം ലംഘിച്ചത് രണ്ട് സാമ്പിള്‍ മാത്രം. പാവല്‍, ചുവപ്പ് ചീര, വെണ്ടയ്ക്ക, പയര്‍, വെള്ളരി എന്നിവയുടെ സാമ്പിളുകളിലാണ് കീടനാശിനി അവശിഷ്ടം കണ്ടെത്തിയത്. ക്‌ളോര്‍പൈറിഫോസ്, ഫെന്‍വാലറേറ്റ്, ലാംബ്ഡാ സൈഹാലോത്രിന്‍, ക്യുനാല്‍ഫോസ് എന്നീ കീടനാശിനികളാണ് ഈ പച്ചക്കറി സാമ്പിളുകളില്‍ ഉണ്ടായിരുന്നത്. പരിധി ലംഘിച്ച സാമ്പിളിന്റെ വിവരങ്ങള്‍ വിപണി അധികൃതരിലൂടെ കര്‍ഷകരെ അറിയിച്ച്, കീടനാശിനി പ്രയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി സര്‍വകലാശാല ഉപദേശം നല്‍കും.

കര്‍ഷകരുടെ പച്ചക്കറി സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് സാക്ഷ്യപത്രം നല്‍കുന്നത് ഈ പദ്ധതിയുടെ ഭാഗമായി തുടരുന്നു. കൃഷി ഓഫീസറുടെ ശുപാര്‍ശക്കത്തുമായി പരിശോധിക്കേണ്ട പച്ചക്കറികളുടെ ഒരു കിലോ സാമ്പിള്‍ വീതം പ്ലാസ്റ്റിക് അല്ലാത്ത ബാഗില്‍ ലേബലിട്ട് വെള്ളായണി കാര്‍ഷിക കോളേജിലെ 'കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറി'യില്‍ എത്തിക്കുകയാണെങ്കില്‍ സൗജന്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. തോമസ് ബിജു മാത്യു അറിയിച്ചു.
 പച്ചക്കറി പരിശോധന: ഭക്ഷ്യസുരക്ഷാ ലാബുകളില്‍  
15 പുതിയ തസ്തികകള്‍
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വിഷലിപ്തമായ പച്ചക്കറികളും പഴങ്ങളും എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന് കീഴിലുള്ള അനലിറ്റിക്കല്‍ ലാബുകളില്‍ 15 സാങ്കേതിക വിദഗ്ദ്ധരുടെ തസ്തികകള്‍ സൃഷ്ടിച്ച് ഉടന്‍ നിയമനം നടത്താന്‍ തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട ലാബുകളില്‍ സാങ്കേതിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി റിസര്‍ച്ച് ഓഫീസര്‍, ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 എന്നീ തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ആധുനിക സംവിധാനമായ ജി.സി.എം.എസ്.എം.എസ്. ലാബുകളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഈയം ഉള്‍പ്പെടെയുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഐ.സി.പി.എം.എസ്. തിരുവനന്തപുരം, കോഴിക്കോട് ലാബുകളില്‍ സ്ഥാപിക്കാനും നടപടികളായി.

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പുറമേ മത്സ്യം, മാംസം, ഭക്ഷ്യഎണ്ണകള്‍, കറിപൗഡറുകള്‍ മുതലായവയും, സമയബന്ധിതമായി പരിശോധിക്കാനുള്ള സംവിധാനമാണ് ലാബുകളില്‍ ഒരുക്കുന്നത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളുടെ സാന്നിധ്യവും താമസിയാതെ കേരളത്തിലെ ഭക്ഷ്യസുരക്ഷാലാബുകളില്‍ പരിശോധിച്ചറിയാനാകും.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ അനലിറ്റിക്കല്‍ ലാബുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്, ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റും കേന്ദ്രശാസ്ത്ര കൗണ്‍സിലിന് കീഴിലുള്ള മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

സാങ്കേതികവിദ്യയുടെ കൈമാറ്റത്തോടൊപ്പം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ സംസ്ഥാനത്തെ ലാബോറട്ടറികളിലെ ഫുഡ് അനലിസ്റ്റുമാര്‍ക്ക് വിദഗ്ദ്ധ പരിശീലനവും നല്‍കും. കേരളത്തിലെ അനലിറ്റിക്കല്‍ ലാബുകള്‍ എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 

Post a Comment

0 Comments

CLOSE ADS


CLOSE ADS