Subscribe Us

മരണവും സംഭവിക്കാം


ജീവൻ കവരാൻ എത്തിയ പല രോഗങ്ങളെയും നാം ചെറുത്തു തോൽപ്പിച്ചത് പ്രതിരോധ കുത്തിവയ്പിലൂടെയാണ്. പണ്ടുകാലത്ത് സർവസാധാരണമായിരുന്ന പല രോഗങ്ങളെയും വാക്സിനേഷൻ വഴി തുടച്ചുനീക്കാനായി. പക്ഷേ, നിർമാർജനം ചെയ്ത പല രോഗങ്ങളും തിരികെ എത്തിത്തുടങ്ങിയിരിക്കുന്നു. മലപ്പുറം സ്വദേശി ഡിഫ്തീരിയ ബാധിച്ചു മരിച്ചത് നാം ഞെട്ടലോടെയാണ് കേട്ടത്. ഡിഫ്തീരിയ ഉൾപ്പെടെയുള്ള പല മാരക രോഗങ്ങളും തിരിച്ചു വരാതിരിക്കാൻ ഒറ്റ മാർഗമേയുള്ളൂ– കൃത്യമായുള്ള പ്രതിരോധ കുത്തിവ‌യ്പ്.
ഡിഫ്തീരിയ (തൊണ്ടമുള്ള്)
ക്വറെയ്ൻ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ആണ് ഡിഫ്തീരിയക്ക് കാരണം. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ഈ രോഗം സർവസാധാരണമായിരുന്നു. പിന്നീട്, പ്രതിരോധ വാക്സിന്റെ പ്രചാരത്തോടെ ഒരു പരിധി വരെ ഡിഫ്തീരിയ ഉൾപ്പെടെയുള്ള പല രോഗങ്ങളെയും പടിക്കുപുറത്തു നിർത്താനായി. അതിനു ശേഷം അപൂർവമായി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പക്ഷേ, ഇപ്പോൾ മലപ്പുറം ജില്ലയിൽ ഈ രോഗം പടർന്നു കൊണ്ടിരിക്കുന്നു. പ്രതിരോധ കുത്തിവയ്പിന്റെ അഭാവം തന്നെയാണ് ഇതിനു കാരണമായി ഡോക്ടർമാർ പറയുന്നത്. രോഗകാരിയായ ബാക്ടീരിയ ഒരാളിൽനിന്ന് പ്രതിരോധ ശേഷി കുറഞ്ഞ മറ്റൊരാളിലേക്ക് എളുപ്പം പ്രവേശിക്കും എന്നതിനാൽ ഇതൊരു പകർച്ചവ്യാധിയാണ്. ഏതു പ്രായക്കാരിലും വരാമെങ്കിലും ഏറ്റവും എളുപ്പം ബാധിക്കുന്നത് കുട്ടികളെയാണ്. വായുവിലൂടെയാണ് ബാക്ടീരിയ പകരുന്നത്.
ലക്ഷണങ്ങൾ
ഡിഫ്തീരിയ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു ദിവസത്തിനകം പനി, തൊണ്ടവേദന എന്നിവ ഉണ്ടാകും. കഴുത്തിൽ വീക്കം, തൊണ്ടയിൽ വെള്ളപ്പാടുകൾ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ചിലപ്പോൾ മൂക്കിൽ പാടകൾ കാണാം. ഇതിനെ നേസൽ ഡിഫ്തീരിയ എന്നു പറയും. ഡിഫ്തീരിയ പിടിപെട്ടാൽ ശ്വാസനാളം അടയുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. രോഗം ഏറ്റവും ഭീകരമാകുന്നത് ഹൃദയത്തെ ബാധിക്കുന്നതോടെയാണ്. ഈ അവസ്ഥയെ മയോകാർഡറ്റിസ് എന്നു പറയും. ഹൃദയത്തെ ബാധിക്കുന്നതോടെ ഹൃദയപേശികൾ തളരുകയും ഹൃദയമിടിപ്പിന്റെ താളക്രമം തെറ്റുകയും ചെയ്യും. ഇതിനു പുറമെ ഞരമ്പുകൾക്കും തളർച്ച സംഭവിക്കും.
എങ്ങനെ തിരിച്ചറിയാം
ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളാണെങ്കിൽ ഒട്ടും വൈകാതെ ഡോക്ടറെ കാണണം. ഡിഫ്തീരിയ ആദ്യഘട്ടത്തിൽ കണ്ടുപിടിക്കുക എന്നതു പ്രയാസമുള്ള കാര്യമാണ്. പക്ഷേ, തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ അത് ചികിൽസയെ സഹായിക്കും. തൊണ്ടയിൽനിന്ന് എടുക്കുന്ന സ്രവം പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുക. മൈക്രോസ്കോപ്പ് പരിശോധന, കൾച്ചർ എന്നിവയാണ് നടത്തുന്നത്. ഇതിന്റെ ഫലം ലഭ്യമാകാൻ കാലതാമസം വരാം എന്നതും ചികിൽസ വൈകിപ്പിക്കും.
ചികിൽസ
പെൻസുലിൻ കുത്തിവയ്പാണ് ചികിൽസയിൽ പ്രധാനം. ഡിഫ്തീരിയ ആന്റി ടോക്സിൻ കുത്തിവയ്പും നൽകാം. അണുവിമുക്ത മേഖലയിൽ പ്രത്യേക ശ്രദ്ധയോടെ രോഗിയെ പരിചരിക്കണം. രോഗം ഹൃദയത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള ചികിൽസയും വേണ്ടി വരും. മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വരും. പക്ഷേ, അഭിമുഖീകരിക്കാൻ പോകുന്ന പ്രധാന പ്രശ്നം ഡിഫ്തീരിയ ആന്റി ടോക്സിൻ (സിറം) ഇന്ത്യയിൽ ഇനി ലഭ്യമാകില്ല എന്നതാണ്. ഇപ്പോൾ ഡൽഹിയിൽ ഒരു ഏജൻസി പുറത്തുനിന്ന് വരുത്തിച്ചാണ് ഇവ നൽകുന്നത്. ഇതിനു സമയമേറെ പിടിക്കും എന്നതിനു പുറമെ ഏറ്റവും കുറഞ്ഞ ഡോസിനു 10,000 രൂപയ്ക്കു മേൽ ചെലവു വരികയും ചെയ്യും. ഡിഫ്തീരിയ മരുന്നു നിർമാണ യൂണിറ്റുകൾ വർഷങ്ങൾക്കു മുൻപ് അടച്ചു പൂട്ടിയതിനാൽ ഇനി ഇതിന്റെ ഉൽപാദനം ഉണ്ടാവുകയുമില്ല.
പ്രതിരോധം
രോഗം വരാതെ ശ്രദ്ധിക്കുക എന്നതു തന്നെയാണ് പ്രധാനം. അതിന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന പ്രകാരം കുഞ്ഞുങ്ങൾക്ക് കൃത്യസമസത്ത് പ്രതിരോധ വാക്സിൻ നൽകുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ഡിപിടി വാക്സിൻ ആണ് പ്രതിരോധ കുത്തിവയ്പായി നൽകിയിരുന്നത്. അത് ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ എന്നിവയെ പ്രതിരോധിക്കുന്നതായിരുന്നു. ഇപ്പോൾ പെന്റാവാലന്റ് വാക്സിനാണ് പ്രചാരത്തിലുള്ളത്. മേൽപ്പറഞ്ഞ മൂന്നു രോഗങ്ങളെ കൂടാതെ മെനഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയെ കൂടി ചെറുക്കും എന്നതാണ് ഈ വാക്സിന്റെ ഗുണം.
പ്രതിരോധ കുത്തിവയ്പ് കൃത്യമായും സമയബന്ധിതമായും എടുക്കണം. കുഞ്ഞിനു ആറാഴ്ച പ്രായം മുതൽ ഈ വാക്സിൻ കൊടുത്തു തുടങ്ങും. ആറ്, 10, 14 ആഴ്ചകളിലും ഒന്നര വയസ്സിലും നാലര വയസ്സിലുമാണ് വാക്സിൻ (ബൂസ്റ്റർ ഡോസ് ഉൾപ്പെടെ) കൊടുക്കേണ്ടത്. ഏതെങ്കിലും സമയത്ത് വിട്ടുപോയിട്ടുണ്ടെങ്കിൽ അൽപം വൈകിയായാലും അതു കൊടുക്കുന്നതാണ് ഉത്തമം. വാക്സിൻ എടുത്താ‍ൽ ഒന്നോ രണ്ടോ ദിവസം പനി ഉണ്ടാകും. വാക്സിനേഷൻ ശരിയാം വിധം പ്രവർത്തിക്കുന്നു എന്നതിന്റെ ലക്ഷണമാണ് ആ പനി. ഇപ്പോൾ പ്രായമായവർക്കും വാക്സിൻ എടുക്കാം. ഏഴു വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് T dap വാക്സിൻ, TD വാക്സിൻ തുടങ്ങിയവയാണ് നൽകുക.
നിയമം വരണം
പ്രതിരോധ കുത്തിവയ്പ് സർക്കാർ നിയമം വഴി നിർബന്ധമാക്കണമെന്നും അതുവഴി മാത്രമേ രോഗത്തെ പൂർണമായും ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്നും ഡോക്ർമാരുടെ സംഘടന ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. മറ്റു പല വിദേശ രാജ്യങ്ങളിലെയും പോലെ സ്കൂൾ പ്രവേശനം ലഭിക്കണമെങ്കിൽ കുഞ്ഞിനു പ്രതിരോധ കുത്തിവയ്പ് നൽകിയതിന്റെ സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കണമെന്നാണ് സംഘടനയുടെ നിർദേശം.
പല വാക്സിൻ, തടയാം ഒട്ടേറെ രോഗങ്ങൾ
ക്ഷയം, ഡിഫ്തീരിയ, ടെറ്റനസ് (കുതിരസന്നി), വില്ലൻചുമ, അഞ്ചാംപനി, പിള്ളവാതം, ഇൻഫ്ലുവൻസ–ബി, ഹെപ്പറ്റൈറ്റിസ്–ബി എന്നീ എട്ടു മാരകരോഗങ്ങൾ തടയാൻ കുത്തിവയ്പ് നിർബന്ധമാണ്.
സമയക്രമം ഇങ്ങനെ:
ജനിച്ചയുടൻ: ബിസിജി, പോളിയോ തുള്ളിമരുന്ന് സീറോ ഡോസ്, ഹെപ്പറ്റൈറ്റിസ്–ബി ബർത്ത് ഡോസ്.
കുഞ്ഞിന് ആറ് ആഴ്ചയാകുമ്പോൾ: പെന്റാവാലന്റ് ഒന്നാം ഡോസ്, പോളിയോ തുള്ളിമരുന്ന് ഒന്നാം ഡോസ്.
10 ആഴ്ച: പെന്റാവാലന്റ് രണ്ടാം ഡോസ്, പോളിയോ രണ്ടാം ഡോസ്.
14 ആഴ്ച: പെന്റാവാലന്റ് മൂന്ന്, പോളിയോ മൂന്ന്.
ഒൻപതു മാസം: അഞ്ചാം പനി, വൈറ്റമിൻ എ ഒന്നാം ഡോസ്.
18 മാസം: ഡിപിടി ഒന്നാം ബൂസ്റ്റർ ഡോസ്, പോളിയോ തുള്ളിമരുന്ന്, വൈറ്റമിൻ എ രണ്ടാം ഡോസ്, അഞ്ചാം പനി ബൂസ്റ്റർ ഡോസ്. തുടർന്നുള്ള ഓരോ ആറുമാസവും അഞ്ചുവയസ്സു വരെ ഓരോ ഡോസ് വൈറ്റമിൻ എ നൽകുക.
*അഞ്ചുവയസ്സ് *: ഡിപിടി രണ്ടാം ബൂസ്റ്റർ ഡോസ്, പോളിയോ തുള്ളിമരുന്ന്, വൈറ്റമിൻ എ ഒൻപതാം ഡോസ്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ഇ.കെ. സുരേഷ് കുമാർ, സീനിയർ കൺസൽറ്റന്റ്, പീഡിയാട്രിക്സ്, മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്

Post a Comment

0 Comments

CLOSE ADS


CLOSE ADS