Subscribe Us

കുഞ്ഞുങ്ങള്‍ ചരിത്രചിത്രങ്ങള്‍ രചിക്കുമ്പോള്‍

 കുഞ്ഞുങ്ങള്‍ ലോകത്തിന്റെ ചരിത്രഗതി മാറ്റിമറിക്കുന്നത് ഇതാദ്യമായല്ല. പലപ്പോഴും ലോകം കടന്നുപോകുന്ന, നേരിടുന്ന ഭീകരതകളെ കുറിച്ച് അതേ ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നത് അവരായിരിക്കും. ഷര്‍ബത് ഗുലയും, കിം ഫുകും, പട്ടിണിയുടെ നേര്‍ക്കാഴ്ചയായി മാറിയ സുഡാനിലെ പെണ്‍കുഞ്ഞും, അദി ഹുദിയയും അവരില്‍ ചിലരാണ്. ഏറ്റവും ഒടുവില്‍ ലോകഹൃദയത്തെ പിടിച്ചുലച്ചത് ഐലാനാണ്. ചുവന്ന ടീ-ഷര്‍ട്ടും നീല ജീന്‍സും കറുത്തഷൂവും ധരിച്ച് മണലില്‍ മുഖമമര്‍ത്തി തിരയുടെ തൊട്ടുവിളികള്‍ കേള്‍ക്കാതെ ജീവനറ്റ് കിടന്ന ഐലാനെ കണ്ട് ലോകം മുഴുവന്‍ വിതുമ്പി.
 ലോകത്തെ തന്റെ പച്ചക്കണ്ണിലൂടെ തുറിച്ചു നോക്കിയ ഷര്‍ബത് ഗുലയും പൊള്ളിയ ദേഹവുമായി ക്യാമറയിലേക്ക് കരഞ്ഞോടിയെത്തിയ കിം ഫുകും, ചിത്രമെടുക്കാന്‍ ഉയര്‍ത്തിയ ക്യാമറ കണ്ട് തോക്കാണെന്ന് കരുതി കൈ ഉയര്‍ത്തി ദൈന്യതയോടെ നമ്മെ നോക്കിയ അദി ഹുദിയയും കഴുകന്‍ നോട്ടമിട്ട സുഡാനിലെ പെണ്‍കുഞ്ഞും ഒടുവില്‍ ഐലാനും നമ്മോട് പറയാതെ പറഞ്ഞത് ഈ ലോകത്തിന്റെ അരക്ഷിതാവസ്ഥകളെ കുറിച്ചാണ്. ഇടമില്ലാതാകുന്നവരുടെ, ഒന്നുമില്ലായ്മയുടെ ആവലാതികളെ കുറിച്ചാണ്.

ഷാര്‍പ്പ് ഫോക്കസ്, ഡെപ്ത് ഓഫ് ഫീല്‍ഡ്, വൈഡ് ആംഗിള്‍, സാച്ചുറേറ്റഡ് കളര്‍ ഇവയെല്ലാം ചേരുംപടി ചേര്‍ന്നാല്‍ ഫോട്ടോഗ്രാഫ് ഒരു മികച്ച ന്യൂസ് ചിത്രമായി. മുകളില്‍ പറഞ്ഞ ചിത്രങ്ങളെല്ലാം അത്തരത്തിലുള്ളവയായിരുന്നു. അതെടുത്ത ഫോട്ടോഗ്രാഫര്‍മാരുടേയും ലോകത്തിന്റെ തന്നെയും ചലനങ്ങള്‍ ആ ചിത്രങ്ങളിലൂടെ തിരുത്തപ്പെട്ടു. ചിത്രങ്ങള്‍ ചരിത്രങ്ങളായി. അക്കൂട്ടത്തിലേക്ക് ഐലാനും കമിഴ്ന്നുകിടന്നു.
ഡോഗന്‍ ന്യൂസ് ഏജന്‍സിയിലെ ഫോട്ടോജേര്‍ണലിസ്റ്റ് നിലൂഫര്‍ ഡെമിര്‍, ഐലാനെ തുര്‍ക്കിയിലെ കടല്‍ തീരത്ത് കണ്ടെത്തുമ്പോള്‍ അവനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള യാതൊന്നും ആ കടല്‍ തീരത്ത് അവശേഷിച്ചിരുന്നില്ല. 'ഈ ചിത്രമെടുക്കുക എന്നതില്‍ കവിഞ്ഞ് എനിക്ക് ചെയ്യാനായി മറ്റൊന്നും സമയം അവിടെ ബാക്കിവച്ചിരുന്നില്ല. അതാണ് ഞാന്‍ ചെയ്തതും.' 

ആ നിശ്ചല ശരീരത്തില്‍ നിന്ന് ഉയരുന്ന വിലാപത്തെ ലോകത്തിന്റെ കാതുകളില്‍ എത്തിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായി നിലൂഫര്‍ ഏറ്റെടുത്തു. മാസങ്ങളായി അഭയാര്‍ത്ഥികള്‍ അവളുടെ ക്യാമറയില്‍ എത്തിത്തുടങ്ങിയിട്ട്. ജീവനറ്റ അനേകം അഭയാര്‍ത്ഥികള്‍ ആ ക്ലിക്കുകളില്‍ ഇതിനുമുമ്പും പതിഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ഐലാനോളം കരുത്തുണ്ടായിരുന്നില്ല. മുതിര്‍ന്നവര്‍ക്ക് പറയാനാകാത്ത പലതും ആ മൂന്നുവയസ്സുകാരന്‍ നിശബ്ദമായി ലോകത്തെ അറിയിച്ചു. ഐലാന്‍ തന്റെ മനസ്സിനുണ്ടാക്കിയ വേദന തുര്‍ക്കി അറിയണം, ലോകം അറിയണം അത്രമാത്രമാണ് നിലൂഫര്‍ ആഗ്രഹിച്ചത്. പക്ഷേ നിലൂഫര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചിത്രം ലോകം ഏറ്റെടുത്തു. സെക്കന്റുകള്‍ കൊണ്ട് ഐലാനേയും അവന്റെ കുടുംബത്തേയും അവര്‍ അറിഞ്ഞു. അവനുള്‍പ്പെട്ട സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥകള്‍ തിരിച്ചറിഞ്ഞു. കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങളിലേക്ക് നിമിഷനേരം കൊണ്ട് ലോകശ്രദ്ധ ക്ഷണിച്ച് അതിവേഗം തീര്‍പ്പുണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചു. 

 സമാനരീതിയില്‍ വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച്, രക്ഷിക്കണേ എന്നപേക്ഷിച്ച് ഒരു ബാലിക അസോസിയേറ്റ് പ്രസ് ഫോട്ടേഗ്രാഫറായിരുന്ന നിക്ക് ഉട്ടിന്റെ ക്യാമറയിലേക്ക് ഓടിക്കയറിയത് 1972-ലാണ്. വിയറ്റ്‌നാം യുുദ്ധചിത്രങ്ങളെടുക്കാന്‍ നിയോഗിക്കപ്പെട്ട ഫോട്ടോജേര്‍ണലിസ്റ്റുകളില്‍ ഒരാളായിരുന്നു നിക്ക്. മടങ്ങാന്‍ തയ്യാറായി ബാഗ് പാക്ക് ചെയ്യുമ്പോഴാണ് നിക്ക് അവളെ കണ്ടത്. ഇടതടവില്ലാത്ത ബോംബുവര്‍ഷത്തില്‍ ഉയര്‍ന്ന അഗ്നിജ്വാലകളില്‍ നിന്ന് ജീവന് വേണ്ടി ഉടുവസ്ത്രങ്ങളരിഞ്ഞെറിഞ്ഞ് കിം ഓടിയടുത്തു. അവളുടെ ദേഹം മുഴുവന്‍ പൊള്ളലേറ്റ് ഉരുകിയൊലിക്കുന്നുണ്ടായിരുന്നു. ആ നിമിഷങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത നിക്ക് അവള്‍ ജീവിതത്തിലേക്ക് തിരികെയെത്തും വരെ അവള്‍ക്കൊപ്പം നിന്നു. ചിത്രത്തിന് ലഭിച്ച പുലിറ്റ്‌സര്‍ പുരസ്‌ക്കാരത്തേക്കാള്‍ നിക്കിന്റെ മനസ്സിന് സന്തോഷം നല്‍കിയത് ഒരുപക്ഷേ കിമ്മിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരിക്കണം. വെറുമൊരു തിരിച്ചുവരവായിരുന്നില്ല അത്. അവള്‍ ഡോക്ടറായി. യു.എന്നിന്റെ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി. 
 സ്റ്റീവ് മക്കറിയുടെ ക്യാമറക്കണ്ണിലൂടെ ലോകത്തെ നോക്കുമ്പോള്‍ പകയോ, ഭയമോ, ഉറച്ചതീരുമാനമോ എന്തായിരുന്നു ഷര്‍ബത് ഗുലയുടെ മനസ്സിലെന്ന് വ്യക്തമല്ല. പക്ഷേ നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിത്രമായെത്തിയ അവളുടെ കണ്ണുകളിലൂടെ ലോകം കണ്ടത് യുദ്ധത്താല്‍ തകര്‍ക്കപ്പെട്ട ഒരു രാജ്യത്തിന്റെ പരിതാപാവസ്ഥകളാണ്. ആ കണ്ണുകളെ ലോകമേറ്റെടുത്തു. അവളാകട്ടെ തന്റെ പച്ചക്കണ്ണുകള്‍ ലോകം ചര്‍ച്ചചെയ്യുന്നതൊന്നുമറിയാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് യാത്രതുടര്‍ന്നുകൊണ്ടിരുന്നു. സ്റ്റീവ് മക്കറി അവള്‍ക്കായി നടത്തിയ തിരച്ചിലുകള്‍ അവളെ കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്കപ്പുറമാണ്. ഒടുവില്‍ അവള്‍ വാര്‍ത്തകളിലെത്തിയത് കൃത്രിമരേഖകള്‍ ചമച്ച് പാക്പൗരത്വത്തിന് ശ്രമിച്ച അഫ്ഗാന്‍ അഭയാര്‍ത്ഥിയായും. തന്റെ ചിത്രത്തിലൂടെ മക്കറി അവള്‍ക്ക് നല്‍കിയ സ്വത്വം സ്വന്തം ജീവിതത്തില്‍ നേടിയെടുക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. 
ചരിത്രത്തിന്റെ ഭാഗമായ ഇത്തരം ചിത്രങ്ങള്‍ അതെടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതത്തിന് വഴിത്തിരിവായപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ ഫോട്ടോജോര്‍ണലിസ്റ്റായ കെവിന്‍ കാര്‍ട്ടര്‍ തന്റെ ചിത്രത്തിന്റെ പേരില്‍ ജീവന്‍ വെടിയുകയാണുണ്ടായത്. പട്ടിണിയുടെ ക്രൂരമുഖം ലോകത്തിന് മുമ്പില്‍ ശക്തമായി പ്രസ്താവിക്കാന്‍ കെവിന്റെ ചിത്രത്തിന് കഴിഞ്ഞെങ്കിലും പുലിറ്റ്‌സര്‍ പുരസ്‌ക്കാരം വരെ ചിത്രത്തിന് ലഭിച്ചെങ്കിലും നേരിടേണ്ടി വന്ന പഴികളെ അതിജീവിക്കാന്‍ കെവിന് സാധിച്ചില്ല. സ്‌കൂപ്പിന് വേണ്ടി ഒരു കുഞ്ഞിന്റെ ജീവനെ തൃണവല്‍ഗണിച്ചുവെന്നായിരുന്നു കെവിന് നേരെ ഉയര്‍ന്ന ആരോപണം. ഇരയെ സാകൂതം നോക്കിയിരിക്കുന്ന കഴുകന്‍ ആ കുഞ്ഞിനെ ഏതുനിമിഷവും ആക്രമിക്കുമായിരുന്നു. കുഞ്ഞിനെ രക്ഷിക്കുന്നതിന് പകരം 20 മിനിട്ടോളം ഏറ്റവും മികച്ച ചിത്രം ലഭിക്കുന്നതിന് വേണ്ടി കഴുകനെ ആട്ടിയകറ്റാതെ നിന്ന കെവിന്റെ മന:സാക്ഷിയെ കുറച്ചധികം പേര്‍ അന്ന് ചോദ്യം ചെയ്തു. പുലിറ്റ്‌സര്‍ പുരസ്‌ക്കാരം ലഭിച്ച അതേവര്‍ഷം തന്നെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാകാതെ കെവിന്‍ ആത്മഹത്യ ചെയ്തു.

സിറിയന്‍ കലാപത്തിന്റെ ഭീകരതയെ കൃത്യമായി കാണിച്ചു തന്ന ചിത്രമായിരുന്നു അദി ഹുദിയ എന്ന നാലുവയസ്സുകാരിയുടേത്. കലാപങ്ങള്‍ മാത്രം കണ്ടുപരിചയിച്ച ആ നാലുവയസ്സുകാരിയുടെ കുഞ്ഞുമനസ്സ് ക്യാമറയെ തോക്കായി കാണാനാണ് അവളോട് പറഞ്ഞത്. തുര്‍ക്കിക്കാരനായ ഉസ്മാന്‍ സഗീരറലിയുടെ ക്യാമറകണ്ട് ഭയന്ന് കുഞ്ഞിക്കൈകള്‍ രണ്ടും ആവോളം പൊക്കി കണ്ണുകളില്‍ ദൈന്യതയും നിറച്ച് ചുണ്ടുളുക്കി അവള്‍ കീഴടങ്ങി നിന്നത് അതുകൊണ്ടാണ്. നേര്‍ക്കുനീളുന്ന എന്തിനുനേരെയും കൈകളുയര്‍ത്തി നില്‍ക്കണമെന്ന് അവള്‍ പഠിച്ചത് എന്നും കാണുന്ന കാഴ്ചകളില്‍ നിന്നായിരിക്കണം. നാളെ മറ്റൊരു ഷര്‍ബത് ഗുലയാകാനാണോ കിം ഫുക്കാകാനാണോ അവളുടെ വിധിയെന്ന് നമുക്കറിയില്ല. കാലം അവളിലേക്ക് നമ്മെ വീണ്ടും എത്തിച്ചേക്കാം. ഉസ്മാന്‍ സഗീരറലി അവളെ തിരഞ്ഞ് വീണ്ടും പോയേക്കാം. 

പക്ഷേ ഐലാനിലേക്ക് ഇനി ഒരു മടക്കമില്ല. നിലൂഫറിനും നമുക്കും. താനുള്‍പ്പെട്ട സമൂഹത്തിന്റെ ജീവന് വിലകല്‍പ്പിക്കണമെന്നും ജീവിക്കാന്‍ സാധ്യമായത് ചെയ്യണമെന്നും പറഞ്ഞേല്‍പ്പിച്ച് മൂന്നുവയസ്സില്‍ മരണം കൊണ്ട് ചരിത്രമെഴുതി ഐലാന്‍ വിടവാങ്ങിക്കഴിഞ്ഞു.

Source mathrubhoomi

Post a Comment

0 Comments

CLOSE ADS


CLOSE ADS