Subscribe Us

ഫോക്‌സ്‌വാഗണ്‌ ബ്രേക്കിട്ട ഇന്ത്യക്കാരന്‍

ഫ്രാങ്ക്ഫര്‍ട്ട്: പുക പരിശോധനാ സംവിധാനത്തില്‍ കൃത്രിമം കാട്ടിയ വാഹന ഭീമന്മാരായ ഫോക്‌സ്‌വാഗണെ വെട്ടിലാക്കിയവരില്‍ ഒരു ഇന്ത്യക്കാരനും. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഐ.സി.സി.ടി.)യുടെ ആവശ്യാര്‍ഥം ഫോക്‌സ്‌വാഗണിന്റെ എഞ്ചിനില്‍ പരിശോധന നടത്തിയ ഗവേഷക സംഘത്തിലെ അംഗമായ അരവിന്ദ് തിരുവെങ്കിടം ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. വെസ്റ്റ് വെര്‍ജീനിയ സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഓള്‍ട്ടര്‍നേറ്റീവ് ഫ്യൂല്‍സ്, എഞ്ചിന്‍സ് ആന്‍ഡ് എമിഷന്‍സ് (കാഫീ)യിലെ റിസര്‍ച്ച് എഞ്ചിനീയറാണ് മുപ്പത്തിരണ്ടുകാരനായ അരവിന്ദും വെര്‍ജീനിയ സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരായ ഡാനിയല്‍ കാര്‍ഡര്‍, മാര്‍ക്ക് ബെഷ് എന്നിവരും ചേര്‍ന്ന് ലോസ് ആഞ്ജലീസില്‍ രണ്ട് വര്‍ഷം മുന്‍പ് അരവിന്ദ് നടത്തിയ പരിശോധനയിലാണ് വാഹനനിര്‍മാണ രംഗത്തെ ഏറ്റവും വലിയ തട്ടിപ്പ് വെളിച്ചത്തുവന്നത്.
പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണ തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ചതി ഒപ്പിച്ചത്. ഇതാണ് അരവിന്ദും സംഘവും കണ്ടുപിടിച്ച് ലോകത്തെ ഞെട്ടിച്ചത്.
അമേരിക്കയില്‍ മാത്രം 4,82,000 കാറുകളില്‍ തട്ടിപ്പ് സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടും വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി ജര്‍മനി ആസ്ഥാനമായുള്ള കമ്പനി ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. അനുവദനീയമായതിലും 40 മടങ്ങ് നൈട്രജന്‍ ഓക്‌സ്സൈഡ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍  കാറുകള്‍ പുറത്തുവിടുന്നതായും ഇവര്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

പരിശോധന നടത്തിയ ഐ.സി.സി.ടി ഫോക്‌സ്‌വാഗണ്‍  വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം നടത്തുന്നുണ്ടെന്ന് യു.എസ്. എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയെയും (ഇ.പി.എ.) കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സസ് ബോര്‍ഡിനെയും അറിയിച്ചതോടെയാണ് ഫോക്‌സ്‌വാഗണ്‍ അധികൃതര്‍ക്ക് കുറ്റസമ്മതം നടത്തിയ രംഗത്തു വരേണ്ടിവന്നത്.
1800 കോടി ഡോളറെങ്കിലും (ഏകദേശം 1.18 ലക്ഷം കോടി രൂപ) ഫോക്‌സ്‌വാഗണ്‍ പിഴയായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
യു.എസ്. നീതിന്യായവകുപ്പ് കമ്പനിക്കെതിരെ ക്രിമിനല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടാതെ യു.എസ്. സംസ്ഥാനങ്ങളിലും നിയമനടപടി നേരിടേണ്ടിവരും. 
ജര്‍മനി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. യൂറോപ്പില്‍ മൊത്തം അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഫ്രാന്‍സും ബ്രിട്ടനും ആവശ്യപ്പെട്ടു. ദക്ഷിണകൊറിയ ആരോപണത്തെക്കുറിച്ച് വിശദീകരിക്കാന്‍ കമ്പനി അധികൃതരെ വിളിച്ചുവരുത്തി. ഐക്യരാഷ്ട്ര സംഘടനയും വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി.
എന്നാല്‍, യൂറോ സിക്‌സ് വാഹനങ്ങളില്‍ മാത്രമാണ് ഈ തട്ടിപ്പ് നടത്തിയത് എന്നതുകൊണ്ട് ഇന്ത്യയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല.

Post a Comment

0 Comments

CLOSE ADS


CLOSE ADS