Subscribe Us

3ഡി ടച്ച്: പുതിയ ഐഫോണിലെ ആപ്പിളിന്റെ രഹസ്യായുധം

 സ്‌ക്രീനിലെ ഓരോ ആപ്ലിക്കേഷന്റെ മുകളിലുമേല്‍ക്കുന്ന വിരല്‍സ്പര്‍ശത്തിന്റെ മര്‍ദ്ദം തിരിച്ചറിഞ്ഞ് വ്യത്യസ്തമായി പെരുമാറാന്‍ സ്‌ക്രീനിനെ 3ഡി ടച്ച് പ്രാപ്തമാക്കുന്നു

 ഇതിലെന്താണിത്ര പുതുമ? സപ്തംബര്‍ ഒമ്പതിനിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 6എസ് കണ്ടവരില്‍ പലരും ഉന്നയിച്ച ചോദ്യമാണിത്. തൊട്ടുമുമ്പത്തെ വര്‍ഷമിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 6 ല്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും പുതിയ ഫോണില്‍ കാണാത്തതുകൊണ്ടാണ് ഇങ്ങനെയൊരു സംശയമുയര്‍ന്നത്. 

മറുപടിയൊന്നും പറയാതെ എഫോണ്‍ 6എസിന്റെ പ്രചാരണപരിപാടികളുമായി മുന്നോട്ടുപോകുകയാണ് ആപ്പിള്‍ ചെയ്തത്. ഐഫോണ്‍ 6എസ് അവതരിപ്പിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ ആദ്യമുന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കുകയാണ് ഉപയോക്താക്കള്‍ക്ക്. 3ഡി ടച്ച് ആണ് ഐഫോണ്‍ 6എസിലെ ആപ്പിളിന്റെ രഹസ്യായുധം!
ഐഫോണ്‍ 6ല്‍ നിന്ന് ഐഫോണ്‍ 6എസിനെ ഉയര്‍ത്തിനിര്‍ത്തുന്ന പ്രധാനഘടകം ആപ്പിള്‍ പുതുതായി അവതരിപ്പിച്ച 3ഡി ടച്ച് എന്ന സാങ്കേതികവിദ്യ തന്നെ. മറ്റാരും കോപ്പിയടിക്കാതിരിക്കാന്‍ പേറ്റന്റ് അവകാശം കൂടി നേടിയതിന് ശേഷമാണ് കമ്പനി ഇത് രംഗത്തെത്തിച്ചത്. 
 ഐഫോണില്‍ പുതുമയാണെങ്കിലും ആപ്പിള്‍വാച്ചിലും മാക്ബുക്ക് ലാപ്‌ടോപ്പുകളിലുമെല്ലാം ഈ വിദ്യ നേരത്തെ ആപ്പിള്‍ പരീക്ഷിച്ചതാണ്. 
ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള വിദ്യയാണ് 3ഡി ടച്ച് സംവിധാനം. അതെന്താണെന്ന് നോക്കാം- 
സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിലുള്ള ഓരോ ആപ്ലിക്കേഷന്റെ മുകളിലും ഏല്‍ക്കുന്ന വിരല്‍സ്പര്‍ശത്തിന്റെ മര്‍ദ്ദം തിരിച്ചറിഞ്ഞ് വ്യത്യസ്തമായി പെരുമാറാന്‍ കഴിയുന്ന സ്‌ക്രീനിന്റെ കഴിവിനെയാണ് 3ഡി ടച്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. 
ഉദാഹരണത്തിന് ക്യാമറ ഐക്കണിന്റെ മുകളില്‍ അല്പം അമര്‍ത്തി സ്പര്‍ശിച്ചുവെന്ന് കരുതുക. അപ്പോള്‍ ക്യാമറ ആപ്ലിക്കേഷന്‍ തുറന്ന് ഫോട്ടോ മോഡിലേക്ക് ഫോണ്‍ മാറും. എല്ലാ ഫോണുകളിലും ഇതുതന്നെയാണല്ലോ സംഭവിക്കുക എന്ന് തോന്നാം. എന്നാല്‍, അധികം അമര്‍ത്താതെ വിരല്‍ അല്പനേരം ക്യാമറ ഐക്കണിന് മുകളില്‍ തന്നെ വച്ചാലോ? മറ്റു ഫോണുകളിലാണെങ്കില്‍ ആ ഐക്കണ്‍ എങ്ങോട്ടെങ്കിലും മാറ്റിവെക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. എന്നാല്‍ ഐഫോണ്‍ 6എസിലെ ക്യാമറ ഐക്കണിന് മേല്‍ അല്പനേരം വിരല്‍ വച്ചാല്‍ തെളിഞ്ഞുവരുക ഒരു ഷോര്‍ട്ട് മെനുവാണ്. കാമറ ഉപയോഗിച്ച് സെല്‍ഫിയെടുക്കണോ, വീഡിയോ എടുക്കണോ സ്‌ലോമോഷന്‍ മോഡിലേക്ക് മാറണോ എന്നീ കാര്യങ്ങളെല്ലാം ഈ ഷോര്‍ട്ട് മെനുവില്‍ നിന്ന് തിരഞ്ഞെടുക്കാം. ക്യാമറ ആപ്ലിക്കേഷന്‍ തുറക്കാതെ തന്നെ ഇതെല്ലാം സാധ്യമാകും എന്നതാണ് 3ഡി ടച്ച് കൊണ്ടുള്ള ഗുണം. 
കമ്പ്യൂട്ടര്‍ മൗസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കാര്യങ്ങള്‍ ചെയ്യുന്നതുപോലുളള അനുഭവമാണ് 3ഡി ടച്ച് സമ്മാനിക്കുക. 
ക്യാമറ ആപ്ലിക്കേഷനില്‍ മാത്രമൊതുങ്ങുന്നില്ല 3ഡി ടച്ചിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ മെയില്‍ ഐക്കണിന്റെ മുകളിലാണ് അല്പനേരം വിരല്‍ വച്ചതെന്ന് കരുതുക. ഉടന്‍ തെളിഞ്ഞുവരുന്ന ഷോര്‍ട്ട്‌മെനുവില്‍ ഇന്‍ബോക്‌സ്, കംപോസ്, സെന്റ് ഐറ്റംസ് എന്നിവയാകും തെളിയുക. മെയില്‍ പരിശോധിക്കലാണ് ലക്ഷ്യമെങ്കില്‍ അവിടെ വച്ചുതന്നെ 'ഇന്‍ബോക്‌സ്' തിരഞ്ഞെടുത്ത് അതിലേക്ക് പോകാം. 
കുറിപ്പുകളെഴുതി സൂക്ഷിക്കാന്‍ സഹായിക്കുന്ന നോട്ട് ആപ്ലിക്കേഷന്‍ തുറന്ന എഴുതാന്‍ തുടങ്ങുമ്പോള്‍ 3ഡി ടച്ച് മറ്റൊരുവിധത്തിലാണ് പ്രവര്‍ത്തിക്കുക. കുറിപ്പുകള്‍ അല്പം അമര്‍ത്തിയെഴുതിയാല്‍ തെളിയുന്ന അക്ഷരത്തിന്റെ നിറവും അല്പം കടുപ്പത്തിലാകും. 



ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഇത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 3ഡി ടച്ച് സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്ന ആപ്പുകളും ഗെയിമുകളുമായിരിക്കും ഇനി പിറവിയെടുക്കുക. 
3ഡി ടച്ച് സംവിധാനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നുമെങ്കിലും അതിന്റെ പിന്നില്‍ ഒരുപാട് എഞ്ചിനിയര്‍മാരുടെയും മറ്റ് സാങ്കേതികവിദഗ്ധരുടെയും കഠിനാധ്വാനമുണ്ട്. ഐഫോണ്‍ സ്‌ക്രീനില്‍ പല പാളികളിലായി ഉറപ്പിച്ചുനിര്‍ത്തിയിട്ടുള്ള മൈക്രോസ്‌കോപ്പിക് സെന്‍സറുകള്‍ വഴിയാണ് 3ഡി ടച്ച് പ്രവര്‍ത്തിക്കുന്നത്. 
ഐഫോണ്‍ 6എസിന് വേണ്ടി സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ നിര്‍മാതാക്കളായ കോര്‍ണിങ് ഇതിന്ന് പ്രത്യേകമായൊരു ചില്ലുപാളി നിര്‍മിച്ചിട്ടുണ്ട്. ഈ ചില്ലുപാളിയില്‍ സ്ഥാപിച്ച മൈക്രോസ്‌കോപ്പിക് സെന്‍സറുകള്‍ക്ക് ഓരോ വിരല്‍സ്പര്‍ശത്തിന്റെയും വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും. അതനുസരിച്ചാണ് 3ഡി ടച്ചിന്റെ പ്രവര്‍ത്തനം സാധ്യമാകുക. 
കേട്ടറിയാനുള്ളതല്ല അനുഭവിച്ച് മനസിലാക്കാനുള്ളതാണ് 3 ഡി ടച്ച് സംവിധാനമെന്ന് ഐഫോണ്‍ 6 എസ് റിവ്യൂ നടത്തിയ ടെക്‌നോളജി വിദഗ്ധരെല്ലാം ഒരേശ്വാസത്തില്‍ പറയുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS