Subscribe Us

ഇന്നും ഭേദിക്കപ്പെടാതെ രാജു നാരായണസ്വാമിയുടെ റെക്കോഡ്‌

കോട്ടയം: എസ്.എസ്.എല്‍.സി.മുതല്‍ ഐ.എ.എസ്. വരെ എല്ലാ പരീക്ഷകള്‍ക്കും ഒന്നാംറാങ്ക്. സിവില്‍ സര്‍വീസിലെ ആദ്യറാങ്കുകളിലൊന്ന് വീണ്ടും കോട്ടയം ജില്ലയില്‍ എത്തുമ്പോഴും രാജു നാരായണസ്വാമിയുടെ ഈ റെക്കോഡിന് ഇളക്കമില്ല. ചങ്ങനാശ്ശേരിക്കാരനായ രാജു നാരായണസ്വാമിയാണ് ആദ്യമായി ജില്ലയിലേക്ക്‌ െഎ.എ.എസ്. ഒന്നാംറാങ്ക് കൊണ്ടുവരുന്നത്; 1991ല്‍. ഇന്ന് കേരള പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പിന്റെ സെക്രട്ടറിയാണ് സ്വാമി.
പത്താംക്ലൂസ്സില്‍ പഠിക്കുമ്പോള്‍മുതല്‍ റാങ്കില്‍ കൈവെച്ചുതുടങ്ങിയതാണ്. 32 വര്‍ഷംമുന്പായിരുന്നു റാങ്ക് യാത്രയുടെ തുടക്കം. അത് പിന്നീട് തുടര്‍ക്കഥയായി. പ്രീഡിഗ്രിക്ക് യൂണിവേഴ്‌സിറ്റിയില്‍ ഫസ്റ്റ് ഗ്രൂപ്പിന് ഒന്നാംറാങ്ക്.
അന്നും ഇന്നും ആര്‍ക്കും തകര്‍ക്കാന്‍പറ്റാത്ത റാങ്കുകള്‍ സ്വന്തമാക്കിയ സ്വാമി ചങ്ങനാശ്ശേരിക്കാരുടെ മാതൃകാവിദ്യാര്‍ഥിയാകാന്‍ ഇനിയും കാരണങ്ങളുണ്ട്.
കേരളത്തിലും ദേശീയതലത്തിലും നടത്തിയ എന്‍ജിനീയറിങ് പ്രവേശപരീക്ഷയില്‍ ഉയര്‍ന്ന സ്ഥാനം കിട്ടി. െഎ.ഐ.ടി.പഠനമാണ് സ്വീകരിച്ചത്. അതും മദ്രാസ് ഐ.ഐ.ടി.യില്‍ .
ഉപരിപഠനത്തിനായുള്ള ശ്രമത്തിലും ദേശീയതലത്തിലെ റാങ്ക് തേടിയെത്തി. 1991ല്‍ എന്‍ജിനീയറിങ് ഉപരിപഠനത്തിനുള്ള ഗേയ്റ്റ് പരീക്ഷയിലും ഒന്നാംറാങ്ക്. ആവര്‍ഷമാണ് റാങ്കോടെ ഐ.എ.എസ്. നേടിയത്. പിന്നീട് രണ്ട് പിഎച്ച്.ഡി. ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ പത്ത് കോഴ്‌സും പൂര്‍ത്തീകരിച്ചു.
ഇതൊക്കെ സര്‍വീസില്‍ കയറിയശേഷം നടത്തിയ ഉപരിപഠനങ്ങളില്‍ ചിലത്. അപ്പോഴും സര്‍വീസില്‍ തന്റെ മികവുതെളിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സ്വന്തം ജില്ലയായ കോട്ടയം ഉള്‍പ്പെടെ അഞ്ചുജില്ലയില്‍ കളക്ടറായി. മാര്‍ക്കറ്റ് ഫെഡ് എം.ഡി., സിവില്‍ സര്‍വീസ് കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.
ഇതിനിടയില്‍ എഴുത്തിലും സ്വന്തം തട്ടകം തീര്‍ത്തു. 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. സയന്‍സ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ 30 ഓളം പുസ്തകങ്ങളും രചിച്ചു.

Post a Comment

0 Comments

CLOSE ADS


CLOSE ADS