Subscribe Us

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സൗധം ഇനി യൂസഫലിയുടെ നക്ഷത്രഹോട്ടല്‍

ദുബായ്: പിഴവറ്റ കുറ്റാന്വേഷണത്തിന് ആഗോളപ്രശസ്തി നേടിയ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് പ്രവര്‍ത്തിച്ചിരുന്ന ലണ്ടനിലെ കെട്ടിടം പ്രവാസി മലയാളിവ്യവസായി എം.എ. യൂസഫലിയുടെ നക്ഷത്രഹോട്ടലായി മാറുന്നു. 

ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗമായ വൈറ്റ്ഹാളില്‍ 92,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നത്. 110 ദശലക്ഷം പൗണ്ടി (1100 കോടി രൂപ) നാണ് ലുലുഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ എം.എ. യൂസഫലി കെട്ടിടം സ്വന്തമാക്കിയത്. 'ദ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്' എന്ന പേരില്‍ത്തന്നെയാവും ഹോട്ടല്‍ അറിയപ്പെടുന്നത്. നവീകരണപ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ ആരംഭിച്ച കെട്ടിടത്തില്‍ 2017 ആദ്യപാദത്തില്‍ നക്ഷത്രഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. 

'എഡ്വേര്‍ഡിയന്‍ ബില്‍ഡിങ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തിലാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇത് ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്റ് സെന്ററായും അറിയപ്പെട്ടു. എം.എ. യൂസഫലിയുടെ ലണ്ടനിലെ രണ്ടാമത്തെ വലിയ മൂലധനനിക്ഷേപമാണിത്. നേരത്തേ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഹരികള്‍ യൂസഫലി സ്വന്തമാക്കിയിരുന്നു. 

നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാവുമ്പോള്‍ അടിഭാഗത്തെ രണ്ടുനിലകള്‍ ഉള്‍പ്പെടെ ഏഴു നിലകളിലായിട്ടായിരിക്കും ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ 'ട്വന്റി 14 ഹോള്‍ഡിങ്‌സ്' ആവും ഹോട്ടലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. യൂസഫലിയുടെ മകളുടെ ഭര്‍ത്താവും ലുലു എക്‌സ്‌ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. പ്രശസ്തമായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കെട്ടിടം സ്വന്തമാക്കാനും അവിടെ മികച്ചസംരംഭം തുടങ്ങാനും സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു.

ലണ്ടനിലെ നിര്‍മാണരംഗത്തെ പ്രമുഖരായ ഗല്ലിയാര്‍ഡ് ഹോംസാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നത്. കെട്ടിടത്തിന്റെ പൗരാണികമായ പ്രത്യേകതകളെല്ലാം നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണം നടക്കുന്നത്. രാജകീയപ്രതാപം വിളിച്ചോതുന്ന ചുവന്ന ഇഷ്ടികകളും കല്ലുകളും കെട്ടിടത്തിന്റെ പുറത്ത് നിലനിര്‍ത്തുന്നുണ്ട്. കമാനരൂപത്തിലുള്ള മുഖ്യപ്രവേശന കവാടവും ഉയരംകൂടിയ ജനവാതിലുകളും അതേപോലെതന്നെ ഉണ്ടാവും. ഈ കെട്ടിടത്തിന് തൊട്ടുള്ള വിക്ടോറിയ ടൗണ്‍ഹൗസ് കെട്ടിടവും പുതിയ ഹോട്ടലിന്റെ അനുബന്ധമായി വികസിപ്പിക്കുന്നുണ്ട്. 

1829 മുതല്‍ 1890 വരെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ആസ്ഥാനമന്ദിരത്തിന്റെ ഭാഗമായിരുന്ന കെട്ടിടം പിന്നീട് രൂപവത്കരിക്കപ്പെട്ട മെട്രോപോലിറ്റന്‍ പോലീസ് ഫോഴ്‌സിന്റെയും ആസ്ഥാനമായി. 1910-ല്‍ ഈ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോഴത്തെ എഡ്വര്‍ഡിയന്‍ ബില്‍ഡിങ് ഉയര്‍ന്നു. ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്‍റ് ഓഫീസായും റോയല്‍ മിലിറ്ററി പോലീസ് ആസ്ഥാനമായും കെട്ടിടം പ്രവര്‍ത്തിച്ചു. 1982-ല്‍ നവീകരണത്തിനുശേഷം കെട്ടിടം 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റൈ ലൈബ്രറിയായും ഉപയോഗിക്കപ്പെട്ടു. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും സവിശേഷതകള്‍ നിറഞ്ഞ ഈ കെട്ടിടം ഇനി ഒരു മലയാളിയുടെ കൈയൊപ്പ് പതിഞ്ഞ നക്ഷത്രഹോട്ടലായി സഞ്ചാരികള്‍ക്കായി ഒരുങ്ങുകയാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS