Subscribe Us

നാണംകെടുത്തുന്ന വ്യാപം അഴിമതി


പകരക്കാര്‍ പരീക്ഷയെഴുതുക, കോപ്പിയടിക്കുക, മാര്‍ക്കിടുന്നതില്‍ കൃത്രിമം കാണിക്കുക തുടങ്ങി എങ്ങനെയും ജയിപ്പിച്ചെടുക്കുക എന്ന തന്ത്രം സംഘടിതമായി നടത്തിയതാണ് വ്യാപം അഴിമതി

വലിയവലിയ അഴിമതികളും അപവാദങ്ങളുമൊക്കെ രാജ്യത്തുണ്ടായിട്ടുണ്ട്. പക്ഷേ, പൊതുമര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ച് ഒരു ഉളുപ്പുമില്ലാതെ വര്‍ഷങ്ങളായി തുടരുന്ന അഴിമതി മധ്യപ്രദേശിലെ വ്യാപംപോലെ മറ്റൊന്നുണ്ട് എന്നുതോന്നുന്നില്ല. ബിഹാറിലെ കാലിത്തീറ്റ കുംഭകോണംപോലെ പഴയ കോണ്‍ഗ്രസ് ഭരണകാലംതൊട്ടേ തുടരുന്നതാണ് വ്യാപം അഴിമതി. അന്നൊക്കെ ചെറിയതോതിലുള്ള കൈക്കൂലിയിലോ ചില സൗജന്യങ്ങളിലോ ഒതുങ്ങിനിന്നതായിരുന്നു. 2000ത്തിനുശേഷമാണ് ഈ അഴിമതിയുടെ വ്യാപ്തി നാണംകെടുത്തുന്നവിധം അതിര്‍വരമ്പുകടന്നത്. പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും സര്‍ക്കാറുദ്യോഗങ്ങള്‍ക്കുള്ള ടെസ്റ്റുകളിലും ഒരു സങ്കോചവുമില്ലാതെ മുകളില്‍നിന്നുള്ള ഇടപെടലുകളുണ്ടായി.

പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനപരീക്ഷയും സര്‍ക്കാറുദ്യോഗങ്ങളിലേക്കുള്ള ടെസ്റ്റുകളും നടത്താന്‍ ചുമതലപ്പെട്ട സംവിധാനമാണ് മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാമണ്ഡല്‍. വ്യാപം എന്നാണ് ചുരുക്കിവിളിക്കുന്നത്.

2009 വരെ ഈ അഴിമതിയുടെ സംഘടിതസ്വഭാവം വെളിവായിരുന്നില്ല. ആശിഷ്‌കുമാര്‍ ചതുര്‍വേദി എന്ന ഒരു ചെറുപ്പക്കാരന്റെ ധാര്‍മികരോഷമാണ് വ്യാപം അഴിമതിയുടെ വ്യാപ്തി ചൂണ്ടിക്കാട്ടിയത്. അമ്മയുടെ ചികിത്സയ്ക്കായി ഗ്വാളിയറിലെ ഒരു ആസ്പത്രിയിലെത്തിയ അദ്ദേഹത്തെ, അവിടത്തെ ചില ഡോക്ടര്‍മാരുടെ അറിവില്ലായ്മ അദ്ഭുതപ്പെടുത്തി.

ഇവരുടെ വിദ്യാഭ്യാസയോഗ്യത വിവരാവകാശ നിയമമുപയോഗിച്ച് അദ്ദേഹം കണ്ടുപിടിച്ചു. 2003 മുതല്‍ക്കുള്ള മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. മൂന്നുതവണ അദ്ദേഹത്തിനെതിരെ വധശ്രമമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന് ആജീവനാന്ത പോലീസ് സംരക്ഷണം നല്‍കാന്‍ ഗ്വാളിയര്‍ പ്രത്യേകകോടതി ഉത്തരവിട്ടു. മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ ബന്ധുക്കള്‍ക്ക് വ്യാപം അഴിമതിയുമായി ബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചത് ആശിഷ്‌കുമാര്‍ ചതുര്‍വേദിയാണ്.

ഈ അപവാദവുമായി ബന്ധപ്പെട്ട് 32 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) സംശയിക്കുന്നു. 45 മരണങ്ങള്‍ ഉണ്ടായതായി പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നു. 2000 പേര്‍ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്.

പകരക്കാര്‍ പരീക്ഷയെഴുതുക, കോപ്പിയടിക്കുക, മാര്‍ക്കിടുന്നതില്‍ കൃത്രിമം കാണിക്കുക തുടങ്ങി എങ്ങനെയും ജയിപ്പിച്ചെടുക്കുക എന്ന തന്ത്രം സംഘടിതമായി നടത്തിയതാണ് വ്യാപം അഴിമതി.

ഇതിന് കുടപിടിച്ചവര്‍ ആരൊക്കെ എന്നറിയുമ്പോഴാണ് ഭരണസംവിധാനം ഇത്രയും ദുഷിച്ചുപോകുമോ എന്ന് നാം തലതാഴ്ത്തുന്നത്. ഗവര്‍ണര്‍ രാംനരേഷ് യാദവ്, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പത്‌നി സുധാസിങ്, വിദ്യാഭ്യാസമന്ത്രിയായിരുന്ന ലക്ഷ്മീകാന്ത ശര്‍മ, കോണ്‍ഗ്രസ് എം.എല്‍.എ. മീര്‍സിങ് ബൂരിയ, ബി.ജെ.പി.സംസ്ഥാന അധ്യക്ഷനായിരുന്ന പ്രഭാത് ഝാ എന്നിവര്‍ ആരോപണവിധേയരായവരില്‍പ്പെടുന്നു.

അപവാദവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങള്‍, അഴിമതിമറച്ചുവെക്കാന്‍ കുറ്റക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നടത്തിയ ചെകുത്താന്‍ബുദ്ധിയാണ്. അന്യായമായി സമ്പാദിച്ച പണവും പദവിയും നിലനിര്‍ത്താന്‍ ഏതറ്റംവരെ പോകാനും ഈ കാപാലികര്‍ക്ക് മടിയില്ല.

ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവ് ലഖ്‌നൗവിലെ വസതിയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗ്രേഡ്3 അധ്യാപക നിയമനത്തിലേക്ക് 10 പേരുടെ ലിസ്റ്റ് നല്‍കി മൂന്ന് ലക്ഷം രൂപ വാങ്ങി എന്ന ആരോപണം അദ്ദേഹത്തിനെതിരെയുണ്ടായിരുന്നു.

കഴിഞ്ഞ ജൂലായ് നാലിനാണ് ആജ്തക് റിപ്പോര്‍ട്ടര്‍ അക്ഷയ്‌സിങ് അപ്രതീക്ഷിതമായി ഹൃദയാഘാതത്താല്‍ മരിക്കുന്നത്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന മെഡിക്കല്‍വിദ്യാര്‍ഥിനി നമ്രതാ ദാമറിന്റെ പിതാവുമായി സംസാരിച്ചു കഴിഞ്ഞുടനെയാണ് അക്ഷയ്‌സിങ്ങിന് ഹൃദയാഘാതമുണ്ടായത്.

എം.ജി.എം. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന നമ്രതയെ 2012 ജനവരിയിലാണ് റെയില്‍പ്പാളത്തില്‍ വണ്ടികയറി മരിച്ചനിലയില്‍ കണ്ടത്.

വ്യാപം സംബന്ധിച്ച പരാതി ജൂലായ് 9ന് സുപ്രീംകോടതി കേള്‍ക്കാനിരിക്കെയാണ് അതുവരെ മടിച്ചുനിന്ന മധ്യപ്രദേശ് സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ ഹൈക്കോടതിയില്‍ അഭ്യര്‍ഥനനടത്തിയത്. മൂന്നുദിവസംമുമ്പ് ആജ്തക് റിപ്പോര്‍ട്ടര്‍ അക്ഷയ്‌സിങ് സംശയകരമായ സാഹചര്യത്തില്‍ മരിച്ചപ്പോഴും കേസ് സി.ബി.ഐ.ക്ക് വിടുന്നതിനെ മുഖ്യമന്ത്രി ചൗഹാന്‍ അനുകൂലിച്ചിരുന്നില്ല. കേസന്വേഷണം ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി. അന്വേഷിക്കവേ അതിനുമുകളില്‍ സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ ഹൈക്കോടതി തീരുമാനിക്കണം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വ്യാഴാഴ്ച കേസ് സി.ബി.ഐ. അന്വേഷണത്തിന് വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.

വ്യാപം അഴിമതിയുമായുള്ള ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ബന്ധം സംബന്ധിച്ച് നിയമനടപടി സ്വീകരിക്കണമെന്ന അഭ്യര്‍ഥനയിന്മേല്‍ ഗവര്‍ണര്‍ക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഗവര്‍ണര്‍ക്ക് ഭരണഘടനാസംരക്ഷണം നല്‍കിക്കൊണ്ട് ഹൈക്കോടതി നിയമനടപടി തടഞ്ഞതായിരുന്നു. വ്യാപം അഴിമതിയില്‍ ചൗഹാന്‍ സര്‍ക്കാറിനോടൊപ്പം ഗവര്‍ണറുമുണ്ട് എന്നാണ് ആരോപണം.

ഗവര്‍ണറെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അദ്ദേഹത്തെ ഭോപ്പാലില്‍ സംരക്ഷിച്ചുനിര്‍ത്തിയത് ശിവരാജ് സിങ് ചൗഹാനാണ്. യു.പി.എ. നിശ്ചയിച്ച ഗവര്‍ണര്‍മാരെയെല്ലാം മാറ്റിയപ്പോള്‍ ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സുകാരനുമായ രാംനരേഷിന് മാത്രം എങ്ങനെ സംരക്ഷണം ലഭിക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. രാംനരേഷ് യാദവിനെ ഗവര്‍ണര്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ്സും ഇപ്പോള്‍ ആവശ്യപ്പെടുകയാണ്.

മകന്‍ ശൈലേഷ് യാദവ് അപ്രതീക്ഷിതമായി മരിച്ചിട്ടും രാംനരേഷ് യാദവോ ഭാര്യയോ സഹോദരനോ സഹോദരിയോ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് 48 അസ്വാഭാവിക മരണങ്ങളുണ്ടായി എന്നാണ് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ മുന്‍ കേന്ദ്രനിയമമന്ത്രി കപില്‍ സിബല്‍ കോടതിയെ ധരിപ്പിച്ചത്. പക്ഷേ, കുടുംബക്കാരാരും പരാതിയുമായി വന്നിട്ടില്ല.

വ്യാപം അഴിമതിയെ മധ്യപ്രദേശ് സര്‍ക്കാര്‍ കൈകാര്യംചെയ്ത രീതി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ എതിരായിട്ടും രാംനരേഷ് യാദവിനെ ഗവര്‍ണറായി നിലനിര്‍ത്താനുള്ള ചൗഹാന്റെ താത്പര്യം, അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാനുള്ള മടി, വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടവരുടെ അടിക്കടിയായുള്ള മരണങ്ങള്‍ എന്നിവ ചൗഹാനെ ബലഹീനനാക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിര്‍ഗ്രൂപ്പില്‍പ്പെട്ട ബി.ജെ.പി. നേതാവാണെന്ന സൗകര്യം അദ്ദേഹത്തെ രക്ഷിക്കുമോ ആവോ?
Source:Mathrubhoomi

Post a Comment

0 Comments

CLOSE ADS


CLOSE ADS