Subscribe Us

സ്വര്‍ണ കടപ്പത്ര നിക്ഷേപ പദ്ധതി: വിശദാംശങ്ങളറിയാം

ന്യൂഡല്‍ഹി: സ്വര്‍ണം നാണയമായോ, ബാറുകളായോ ഇനി നിക്ഷേപിക്കേണ്ടതില്ല. ഗോള്‍ഡ് ഇടിഎഫിന്റെ മാതൃകയില്‍ സര്‍ക്കാര്‍ കടപ്പത്രം പുറത്തിറക്കുന്നു. വില്‍ക്കുന്ന സമയത്ത് സ്വര്‍ണത്തിന്റെ മൂല്യവും കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പലിശയും നിക്ഷേപകന് ലഭിക്കും. നിക്ഷേപ പദ്ധതിയുടെ കരട് നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ജൂലായ് രണ്ടുവരെ പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. 

പദ്ധതിയുടെ വിശദാംശങ്ങള്‍:

1. സ്വര്‍ണം നാണയമായോ, ആഭരണമായോ വാങ്ങി സൂക്ഷിക്കേണ്ടതില്ല. സ്വര്‍ണത്തിന്റെ വിലയ്ക്കനുസരിച്ചുള്ള കടപ്പത്രങ്ങള്‍ വാങ്ങി സൂക്ഷിക്കാം. കാലാകാലങ്ങളില സ്വര്‍ണത്തിന്റെ വിലയായിരിക്കും കടപ്പത്രത്തിന്റെ മൂല്യം.

2. കാലാവധിയെത്തുമ്പോള്‍ അപ്പോഴുള്ള സ്വര്‍ണത്തിന്റെ വിലയും നാമമാത്ര പലിശയും തിരികെ ലഭിക്കും. കാലാകാലങ്ങളില്‍ പലിശ പരിഷ്‌കരിക്കും. കുറഞ്ഞത് രണ്ട് ശതമാനമെങ്കിലും പലിശ ലഭിക്കും.

3. സ്വര്‍ണത്തിന്റെ വിപണി വില ഉയര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ നേട്ടവും അതേസമയം, വില താഴ്ന്നുനില്‍ക്കുകയാണെങ്കില്‍ നഷ്ടവും നിക്ഷേപകന്‍ വഹിക്കേണ്ടിവരും.

4. അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷംവരെയായിരിക്കും കടപ്പത്രത്തിന്റെ കാലാവധി. കാലാവധി എത്തുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ കമ്മോഡിറ്റി എക്‌ചേഞ്ച് വഴി കടപ്പത്രം പണമാക്കിമാറ്റാം.

5. രണ്ട്, അഞ്ച്, പത്ത് ഗ്രാമിന്റെ മൂല്യത്തിനനുസരിച്ചായിരിക്കും കടപ്പത്രം ഇറക്കുക. ഇന്ത്യന്‍ പൗരന്മാരുമായുള്ള ഇടപാടുകള്‍ മാത്രമേ അനുവദിക്കൂ.

6. കടപ്പത്രത്തിന്മേല്‍ വായ്പ എടുക്കുന്നതിനും സൗകര്യമുണ്ടാകും.

7. ഗോള്‍ഡ് കോയിന്‍, ഗോള്‍ ഇടിഎഫ് എന്നിവയ്ക്കുള്ളതുപോലെതന്നെയായിരിക്കും ആദായ നികുതി ബാധ്യത. മൂലധന വര്‍ധനയ്ക്ക് നികുതി നല്‍കണം. 36 മാസത്തേക്കാള്‍ കൂടുതല്‍ കാലം കൈവശം വെച്ചാണ് വില്‍ക്കുന്നതെങ്കില്‍ 20 ശതമാനമാണ് നികുതി. ഇന്‍ഡക്‌സേഷന്‍ കഴിച്ചുള്ള തുകയാണ് നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തേക്കാള്‍ താഴെയാണെങ്കില്‍ ഓരോരുത്തരുടെയും ടാക്‌സ് സ്ലാബിനനുസരിച്ചാണ് നികുതി നല്‍കേണ്ടത്.

8. കോയിനുകളും ആഭരണങ്ങളും വാങ്ങി സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ബോണ്ട് സഹായിക്കും. സൂക്ഷിക്കേണ്ട ബാധ്യത ഒഴിവാക്കാം.

9. പ്രാദേശികമായി സ്വര്‍ണം വാങ്ങുമ്പോഴുണ്ടാകുന്ന പരിശുദ്ധിയെക്കുറിച്ചുള്ള ആകുലതകള്‍ കടപ്പത്ര നിക്ഷേപത്തിലൂടെ ഒഴിവാക്കാം. കടപ്പത്രത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടിയും ലഭിക്കും. പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട.

10. 50 ടണ്‍ സ്വര്‍ണത്തിന്റെ മൂല്യമായ 13,500 കോടി രൂപയുടെ കടപ്പത്രം ആദ്യവര്‍ഷം പുറത്തിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കടപ്പത്ര വില്പന ലക്ഷ്യംകണ്ടാല്‍ 200 കോടി ഡോളറിന്റെ വിദേശനാണ്യം ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷംമാത്രം നിക്ഷേപക ആവശ്യത്തിനായി 180 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS