Subscribe Us

ചൈനീസ് കൊട്ടാരമാകെ നഗ്നമോഡലുകൾ

‘നശിപ്പിച്ചു, പട്ടച്ചാരായമൊഴിച്ച് കൊട്ടാരം നശിപ്പിച്ചു...’ എന്ന ഡയലോഗിന് ചൈനയിൽ നിന്നൊരു തിരുത്ത്. നഗ്നഫോട്ടോയെടുത്ത് കൊട്ടാരം നശിപ്പിച്ചു...എന്ന മട്ടിലായിരിക്കുന്നു അവിടെ കാര്യങ്ങൾ. ചൈനക്കാർ ആരാധനയോടെ കാണുന്ന ഇംപീരിയൽ പാലസിലാണ് നഗ്നതാഫോട്ടോ ഷൂട്ട് വിവാദമായിരിക്കുന്നത്. 500 വർഷത്തോളം ചൈനീസ് രാജാക്കന്മാർ മാറിമാറി ഭരിച്ചിരുന്ന സ്ഥലമാണ് ബെയ്ജിങ്ങിലെ ഇംപീരിയൽ പാലസ്. യുനെസ്കോ ലോക പൈതൃക പട്ടികയിലും പാലസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. തടിയിൽ തീർത്ത പ്രതിമകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം ഈ കൊട്ടാരത്തിലാണുള്ളത്. 180 ഏക്കറോളം വരുന്ന കൊട്ടാരസമുച്ചയം 1987ൽ യുനെസ്കോ പട്ടികയിൽ വരുന്നതിനു മുൻപു തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായിരുന്നു. പട്ടികയിൽ കൂടി ഉൾപ്പെട്ടതോടെ പിന്നെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കായി. ഫോർബിഡൻ സിറ്റി എന്നറിയപ്പെടുന്ന ഇവിടം നിലവിൽ പാലസ് മ്യൂസിയം എന്നു പേരുമാറ്റിയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ വസ്തുക്കളെല്ലാം സൂക്ഷിച്ചിരിക്കുന്നത്.
രാജവംശത്തിന്റെ പണക്കൊഴുപ്പും അന്നത്തെ ശിൽപകലാവിരുതും ഒത്തുചേർന്നപ്പോഴുണ്ടായ കിടിലൻ പ്രതിമകളും കരകൗശലക്കാഴ്ചകളുമാണ് പാലസ് മ്യൂസിയത്തിലുള്ളത്. എല്ലാം കണ്ടുതീർക്കാൻ തന്നെ ഒരു ദിവസത്തിലേറെ വേണ്ടി വരും. അതിനിടെയാണ് വാങ് ഡോങ് എന്ന ഫൊട്ടോഗ്രാഫർ പണിയൊപ്പിച്ചത്. ചൈനയിൽ വാനിമൽ (WANIMAL) എന്നാണ് ഈ കക്ഷി അറിയപ്പെടുന്നതുതന്നെ. പൈതൃകപ്പട്ടികയിൽപ്പെട്ട പ്രതിമകൾക്കു മുകളിലും സമീപത്തുമൊത്തെ മോഡലുകളെ നിർത്തിയായിരുന്നു വാങ്ങിന്റെ ഇത്തവണത്തെ ഫോട്ടോഷൂട്ട്. അതും പരിപൂർണ നഗ്നരാക്കി നിർത്തി. പാലസിൽ പലയിടത്തു വച്ച് പല പോസിലുള്ള ഫോട്ടോകൾ. അതിലൊരു ഫോട്ടോയിൽ പാലസിലെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെയും കാണാമായിരുന്നു. ഈ ചിത്രങ്ങളിൽ ചിലത് ചൈനീസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. രാജ്യത്തിന്റെ മാനം കളയുന്ന പരിപാടിയായിപ്പോയെന്നും പറഞ്ഞ് ജനം ചീത്തവിളിയോട് ചീത്ത.
 രാജ്യത്തിന്റെ സംസ്കാരത്തോട് അൽപമെങ്കിലും ബഹുമാനമുണ്ടെങ്കിൽ വാങ് ഈപ്പണി ചെയ്യില്ലെന്നായിരുന്നു വിമർശനം. പക്ഷേ ഫോട്ടോഷൂട്ടിന് പാലസ് മ്യൂസിയം അധികൃതർ അനുമതി നൽകിയോ എന്നും അറിവായിട്ടില്ല. ഇതുസംബന്ധിച്ച് ആരും ഔദ്യോഗിക പരാതി നൽകിയിട്ടില്ലാത്തതിനാല്‍ കേസെടുക്കാനും പറ്റില്ല. എന്തായാലും ഒരു ഫോട്ടോഷൂട്ട് കൊണ്ട് വാങ് ഡാങ്ങിന്റെ പേര് ലോകം മുഴുവനുമെത്തിയെന്നത് സത്യം. മാത്രവുമല്ല ഇങ്ങനെയൊരു ചെയ്ത്തു ചെയ്തതിൽ കക്ഷിക്ക് തെല്ലുമില്ല കുറ്റബോധം: ഞാനെന്റെ ജോലി ചെയ്യുകയായിരുന്നു, അതുകൊണ്ട് ഒരാൾക്കും ഒരു ദോഷവുമുണ്ടാക്കിയതുമില്ല...പിന്നെന്താ പ്രശ്നം?’’ എന്നാണ് വാങ്ങിന്റെ ചോദ്യം. നേരത്തേ കംബോഡിയായിലെ അങ്കോർവാത്ത് ക്ഷേത്രത്തിൽ നഗ്നരായി സെൽഫിയെടുത്ത ടൂറിസ്റ്റുകളെ നാടുകടത്തിയിരുന്നു. തായ്‌ലൻഡിൽ നഗ്നയായി ബംഗി ജംപിങ് നടത്തി ആ ഫോട്ടോ ഫെയ്സ്ബുക്കിലിട്ട് ഒരു ചൈനീസ് ടൂറിസ്റ്റും കഴിഞ്ഞമാസം പൊലീസിനു തലവേദനയായി മാറിയിരുന്നു. തൊട്ടുപിന്നാലെയാണ് ചൈനയിൽത്തന്നെ ചൈനക്കാരന്റെ വക പുതിയ പണി.

Post a Comment

0 Comments

CLOSE ADS


CLOSE ADS