Subscribe Us

പ്രിയങ്കയ്ക്ക് കൺവിളക്കായി സുരേഷ് ഗോപി

കാഴ്ചയില്ലാത്ത പ്രിയങ്കയെ കാണാനായി സിനിമാതാരം സുരേഷ് ഗോപി തിരുവനന്തപുരം നെട്ടയം പാപ്പാട്ടെ വാടക വീട്ടിലെത്തിയപ്പോൾ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയങ്കയും വല്യമ്മ സരസ്വതിയും. ഗായിക ചിത്രയെയും സുരേഷ് ഗോപിയെയും കാണണമെന്നായിരുന്നു എല്ലാവരോടും പ്രിയങ്കയുടെ ആവശ്യം. മലയാള മനോരമയിൽ ഇതു വായിച്ചറിഞ്ഞെത്തിയതായിരുന്നു താരം. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ പ്രിയങ്കയുടെ ഒരു സ്വപ്‌നം ഇന്നലെ വീട്ടുമുറ്റത്തെത്തി തട്ടിവിളിച്ച് ഇങ്ങനെ പറഞ്ഞു ‘ദേ പോയി... ദാ വന്നു...’ സന്തോഷം അടക്കാനാകാതെ അവൾ സുരേഷ് ഗോപിയുടെ കാൽക്കൽ വീണു. താരം തലയിൽ കൈവച്ചു പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ പ്രിയങ്ക പറഞ്ഞു, ‘അങ്കിളിന്റെ കൂടെ നിന്ന് എനിക്കൊരു ഫോട്ടോ എടുക്കണം’. സുരേഷ് ഗോപി പ്രിയങ്കയെ ചേർത്തു പിടിച്ചു ക്യാമറയ്‌ക്കു മുന്നിൽ നിന്നു. നാട്ടുകാരും ചുറ്റും കൂടി. മിന്നിയ ക്യാമറ ഫ്ലാഷിന്റെ വെളിച്ചത്തിൽ സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പിയ, പ്രിയങ്കയുടെ മരവിച്ച കണ്ണുകൾ തിളങ്ങി.
കാഴ്‌ച പൂർണമായും കേൾവി ഭാഗികമായും നഷ്‌ടപ്പെട്ട ഇരുപത്തേഴുകാരി പ്രിയങ്കയുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്കാണു നടൻ സുരേഷ്‌ഗോപി പ്രതീക്ഷയുടെ വെളിച്ചമായി വന്നത്. പ്രായം ചെന്ന വല്യമ്മയല്ലാതെ സ്വന്തമായി ഒന്നുമില്ലെങ്കിലും പ്രിയങ്ക രണ്ടു കാര്യങ്ങളേ ചോദിച്ചിരുന്നുള്ളൂ. ഒന്ന്, ഇഷ്‌ടതാരമായ സുരേഷ്‌ഗോപിയെ തൊടണം. രണ്ട്, കെ.എസ്. ചിത്രാന്റിയുടെ ശബ്‌ദം കേൾക്കണം. മനോരമയിലൂടെ പ്രിയങ്കയുടെ ആഗ്രഹങ്ങളറിഞ്ഞ സുരേഷ്‌ഗോപി അതിലൊന്നു സാധിച്ചു കൊടുക്കാനാണു നെട്ടയം പാപ്പാട്ടെ ഇടവഴിയിലൂടെ നടന്നു പ്രിയങ്കയുടെ രണ്ടു മുറി വാടകവീട്ടിലെത്തിയത്. ചിത്രയെ ഫോണിൽ വിളിച്ചു പ്രിയങ്കയുടെ ആവശ്യം അറിയിക്കുമെന്നും ശബ്‌ദം കേൾപ്പിക്കുമെന്നും സുരേഷ് ഗോപി വാക്കു നൽകുകയും ചെയ്‌തു.
വീട്ടിൽനിന്നു പുറത്തിറങ്ങാറില്ലാത്തതിനാൽ പരിസരവാസികൾക്കു പോലും അറിയാതിരുന്ന പ്രിയങ്ക, സുരേഷ്‌ഗോപിയുടെ വരവോടെ ഒറ്റ ദിവസംകൊണ്ടു നാട്ടിലെ താരമായി. തബല വായിക്കാനറിയുമോ എന്നു സുരേഷ്‌ഗോപി ചോദിച്ചതേയുള്ളൂ, തൊട്ടടുത്തിരുന്ന പ്ലാസ്‌റ്റിക് കസേരയെടുത്തു പ്രിയങ്ക താളം പിടിച്ചു. അതവസാനിച്ചപ്പോൾ കൂടി നിന്നവർ കൈയടിച്ചു. ഇവിടെ ഞാനല്ല വരേണ്ടിയിരുന്നത്, ജയറാമാണെന്നു പറഞ്ഞ സുരേഷ് ഗോപി, ഭൂമിക എന്ന സിനിമയുടെ സെറ്റിൽ ജയറാമും നെടുമുടി വേണുവും സായികുമാറും ചേർന്നു മേശപ്പുറത്ത് ഒരു മണിക്കൂറോളം താളമിട്ടു തങ്ങളെ സംഗീതലഹരിയിലാഴ്‌ത്തിയ സന്ദർഭം പങ്കുവച്ചു.
സ്വന്തമായി ഒരു തബലയുണ്ടോ എന്നു സുരേഷ്‌ഗോപി ചോദിച്ചപ്പോൾ ഇല്ലെന്നു പ്രിയങ്കയുടെ മറുപടി. ഉടൻ സംഗീത സംവിധായകൻ എം. ജയചന്ദ്രനെ ഫോണിൽ വിളിച്ചു തബല വാങ്ങുന്ന ഇടം കണ്ടെത്തി. അടുത്ത ഫോൺ വിളിയിൽ തബല വീട്ടിലെത്തിക്കാൻ വ്യാപാരശാലയ്ക്കു നിർദേശം നൽകുകയും ചെയ്‌തു. പ്രിയങ്കയ്‌ക്ക് എന്തു സഹായവും ചെയ്യാൻ ഒരുക്കമാണെന്നറിയിച്ചു. വീട്ടിലെത്തിയ സമീപവാസികളോടു പ്രിയങ്കയ്‌ക്കായി നാലു സെന്റ് ഭൂമി കണ്ടെത്താൻ നിർദേശിച്ച സുരേഷ്‌ഗോപി അതിനു തന്റെയും സാമ്പത്തിക സഹായമുണ്ടാകുമെന്ന് അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചു പ്രിയങ്കയെ സംരക്ഷിക്കുന്ന വല്യമ്മ സരസ്വതിയെ അദ്ദേഹം കൈപിടിച്ച് അഭിനന്ദിച്ചു.
അടുത്ത വീട്ടിലെ സന്ധ്യയും പരിചയക്കാരി സുജയുമാണു പ്രിയങ്കയുടെ രക്ഷകരായതെന്നു വല്യമ്മ അറിയിച്ചപ്പോൾ നല്ല മനസ്സിന് ഇരുവരോടും സുരേഷ് ഗോപി നന്ദി അറിയിച്ചു. പ്രിയങ്കയുടെ കൂനിയുള്ള നിൽപ്പു മാറ്റാൻ മുതുകു മസാജ് ചെയ്യുന്ന രീതിയും അദ്ദേഹം പറഞ്ഞുകൊടുത്തു.
നാട്ടുകാരോടെല്ലാം കുശലം പറഞ്ഞും ഓട്ടോഗ്രാഫ് നൽകിയും സെൽഫി എടുക്കാൻ ഒപ്പം നിന്നും ഒരു മണിക്കൂറോളം ചെലവിട്ട ശേഷമാണു താരം മടങ്ങിയത്. പിന്നാലെ സുരേഷ്‌ഗോപിയുടെ വക തബല പ്രിയങ്കയുടെ വീട്ടിലെത്തി. പ്രദേശത്തെ സേവാ ഭാരതി പ്രവർത്തകരും പണം സ്വരൂപിച്ചു പ്രിയങ്കയ്‌ക്കു തബല വാങ്ങി നൽകി. ഒട്ടേറെ പേർ ഇന്നലെയും നേരിട്ടും അല്ലാതെയും പ്രിയങ്കയ്‌ക്കു സഹായവുമായി എത്തി. എസ്‌ബിഐയിലെ പ്രിയങ്കയുടെ അക്കൗണ്ട് നമ്പർ: 33386072404. ഐഎഫ്‌എസ്‌സി: SBIN0010787.

Post a Comment

0 Comments

CLOSE ADS


CLOSE ADS