Subscribe Us

ക‌ണ്ണിന്റെ സൗന്ദര്യം കൂട്ടാൻ ഐ മേക്കപ്പ്


കണ്ണുകൊണ്ട് കഥപറയുന്നവരെക്കാണുമ്പോൾ വെറുതേ അസൂയ തോന്നുന്നുണ്ടോ? എങ്കിൽ ' എന്റെ കണ്ണ് അത്ര പോര ' എന്നൊരു കു‍ഞ്ഞികോംപ്ലെക്സ് കണ്ണെത്താത്ത ആഴത്തിലെവിടെയോ ഉറങ്ങിക്കിടക്കുന്നുവെന്ന് സാരം . നമ്മുടെ കണ്ണിന്റെ ഷെയ്പ്പോ വലുപ്പമോ ഒന്നും പ്രശ്നമേയല്ല. അപാകതകൾ പരിഹരിച്ചുകൊണ്ടുള്ള കറക്ടീവ് മേക്കപ്പ് വഴി കരിനീലകണ്ണകിയാകാൻ ആർക്കും പറ്റും. മനോഹരമായി മേക്കപ്പ് ചെയ്ത് ക‌ണ്ണിന്റെ അഗാധത കൂട്ടാം. ഓരോ നോട്ടവും മനസ്സുകളുടെ ആഴങ്ങളിൽ ചെന്നു വീഴാൻ പിന്നെ വേറെന്താണു വേണ്ടത് ?
കണ്ണിന്റെ ഷേപ്പ് മാത്രമല്ല ഐ മേക്കപ്പിൽ പ്രധാനം. ചെയ്യുന്ന ജോലി , പ്രഫഷൻ ഇവയൊക്കെ ഐ മേക്കപ്പ് ത‌ീരുമാനിക്കുന്ന ഘടകങ്ങളാണ്. പതിനെട്ടു വയസ്സുള്ള ഒരു കോള‌ജ് വിദ്യാർത്ഥിനി അണിയുന്ന മേക്കപ്പ് അല്ല ഒരു ഡോക്ടറോ അഡ്വക്കേറ്റോ അണിയേണ്ടത്. ഒരു പതിനെട്ടുകാരിക്ക് നിറങ്ങൾ കൊണ്ട് കണ്ണിനു ചുറ്റും മഴവില്ലു വിരിയിക്കാം. അതിന്റെ മനോഹാരിത നോക്കി നോക്കി ആൺ നയനങ്ങൾ ഒരു പോള കണ്ണടയ്ക്കാന്‍ മറന്നു പോയെന്നു വരാം.
റിസപ്ഷനിസ്റ്റിനോ ആളുകളുമായി എപ്പോഴും ഇടപെടേണ്ടിവരുന്ന പബ്ലിക് റിലേഷൻസ് വകുപ്പിലെ പെൺകുട്ടിക്കോ ഭംഗിയുള്ള കണ്ണുകൾകൊണ്ട് മറ്റുള്ളവരുടെ കണ്ണുകളെ തന്നിൽ ഒട്ടിച്ചു നിറുത്താനാവും. അത് അവരുടെ ജോലിയില്‍ മികച്ച ആശയവിനിമയത്തിന് സഹായിക്കുകയും ചെയ്യും. പക്ഷേ ‍ടീച്ചറോ ഡോക്ടറോ അഡ്വക്കേറ്റോ ആണു നിങ്ങൾ എങ്കിൽ മിനിമം മേക്കപ്പ് മാത്രം മതി. അമിതമായി മെക്കപ്പ് ചെയ്ത 'മെയ്ഡ് അപ് ലുക് ' ഉള്ള കണ്ണുകൾ ചിലപ്പോൾ നിങ്ങളുടെ ജോലിയിൽ കൃത്യമായ ആശയവിനിമയത്തിന് തടസ്സമാകാം.
ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയ അവയവമാണ് കണ്ണ് എന്ന ഓർമ എപ്പോഴും ഉണ്ടായിരിക്കണം . അതുകൊണ്ട് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ബ്രാൻഡഡ് മേക്കപ്പ് വസ്തുക്കൾ മാത്രം ഉപയോഗിക്കുക എന്നതാണ്. വീട്ടിലുണ്ടാക്കുന്ന കൺമഷിയും മറ്റും ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. എങ്കിലും, ഇവ ഉണ്ടാക്കി അധികനാൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
ഐ മേക്കപ്പ് അറിഞ്ഞിരിക്കാം
ഐഷാഡോ : കൺപോളകൾക്കു മേലെ നൽകുന്ന നിറമാണ് ഐഷാഡോ. അണിയുന്ന ഉടുപ്പിന്റെ അതേ നിറത്തിലുള്ള ഐഷാഡോ തന്നെയാണ് സാധാരണയായി കൺപോളകളിലും നൽകുക. പാര്‍ട്ടി മേക്കപ്പിൽ കോൺട്രാസ്റ്റ് നിറങ്ങളിലുള്ള ഐഷാഡോ നൽകാറുണ്ട്. കണ്ണിന്റെ ഡെപ്ത് കൂട്ടുകയാണ് ഐഷാഡോയ‌ുടെ ജോലി. നോട്ടത്തെ കൂടുതൽ ആഴമുള്ളതാക്കിത്തീർക്കാൻ ഇതു സഹായിക്കും . കൺകോണുകളിൽ നിന്നാണ് ഐഷാഡോ ഇട്ടു തുടങ്ങേണ്ടത്. പൗഡർ, ക്രീം, ലിക്വിഡ് രൂപങ്ങളിൽ വാങ്ങാൻ കിട്ടും.
ഐ ലൈനർ : മലയാളിപ്പെണ്ണിന്റെ കണ്ണ് എപ്പോഴും വിളക്കിലെ തിരിനാളത്തിന്റെ ശോഭ ആഗ്രഹിക്കും‌ന്നതുകൊണ്ട് മേക്കപ്പിൽ ഐലൈനറിനെ അവഗണിക്കാൻ കഴിയില്ല. പക്ഷേ, ഐ ലൈനർ കടുപ്പിച്ചു നൽകുന്നതും ആവശ്യത്തിലേറെ പടർത്തി എഴുതുന്നതും ഐ മേക്കപ്പിന്റെ ബാലൻസ് തകർത്തു കളയും.
ഹൈലൈറ്റർ : കൺപുരികങ്ങൾക്കു തൊട്ടുതാഴെ കൺപോളകൾ തുടങ്ങുന്നതിനു മുകളിലുള്ള ഭാഗത്തു മാത്രം ഉപയോഗിക്കുന്ന മേക്കപ്പ് ആണ് ഹൈലൈറ്റർ . കണ്ണുകൾ കൂടുതൽ ഷാർപ് ആക്കുകയാണ് ഹൈലൈറ്റർ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കാജൽ പെൻസിൽ : പെൻസിൽ രൂപത്തിലുള്ള കൺമഷിയാണിത്. പടർന്നു പോകാതെ കൂടുതൽ സമയം നിലനിൽക്കുന്നതിനാൽ ഇത് ദിവസവുമുള്ള ഉപയോഗത്തിന് അനുയോജ്യമാണ്.
മസ്കാര : കൺപീലികൾക്ക് നിറവും തിളക്കവും ഇടതൂർന്ന ഭംഗിയും നൽകാനാണ് മസ്കാര ഉപോഗിക്കുന്നത്. കണ്ണിന്റെ അകക്കോണിലെ പീലികളിലും കണ്ണിന്റെ നടുവിലും പുറംകോണിലെ പീലികളിലും മസ്കാര പുരട്ടാൻ മൂന്നു തരത്തിലുള്ള ബ്രഷുകളുമുണ്ട്. ന്യൂഡ് മേക്കപ്പ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ട്രാൻസ് ലൂസർ മസ്കാര ഉപയോഗിക്കാം. നിറമില്ലാത്ത മസ്കാരയാണിത്. കേക്ക് രൂപത്തിൽ മാത്രമാണ് ആദ്യകാലത്ത് മസ്കാര ലഭിച്ചിരുന്നത്. ഇന്ന് റോൾ ഓണ്‍ ലിക്വിഡ് മസ്കാരയ്ക്കാണ് കൂടുതൽ പ്രചാരം.
കണ്ണിന്റെ മേക്കപ്പ്
കണ്ണുക‍ളുടെ അപാകതകൾ മറയ്ക്കാനും പ്ലസ് പോയിന്റുകൾക്ക് കൂടുതൽ മിഴിവു നൽകുന്നതിനുമാണ് ഐ മേക്കപ്പിൽ ശ്രദ്ധിക്കേണ്ടത്. ഐ മേക്കപ്പ് തുടങ്ങും മുമ്പ് കണ്ണും കൈകളും വൃത്തിയാക്കാൻ മറക്കരുത്.
സാധാരണ കണ്ണുകൾ : കണ്ണിന്റെ ഉൾക്കോണും കൺപുരികവും ചേർത്ത് ഒരു വര വരച്ചാൽ നേർരേഖയാണ് കി‌ട്ടുന്നതെങ്കിൽ നിങ്ങളുടെ കണ്ണുകൾ അനുഗ്രഹീതമാണ്. ഒരു പെൻസിൽ കണ്‍പുരികത്തിനും കൺകോണിനും ലംബമായി പിടിച്ചാൽ ഇത് തിരിച്ചറിയാം. സാധാരണ കണ്ണുകളാണെങ്കിൽ പുറംകോണുകൾ കുറച്ച് ഡാർക്കായി ഐ ലൈനർ കൊണ്ടോ ഐ പെൻസിൽ കൊണ്ടോ മനോഹരമായി എഴുതുക. കുറച്ച് മസ്കാരയും നൽകാം.
ക്ലോസ് സെറ്റ് ഐ അഥവാ അടുത്ത കണ്ണുകൾ : കൺപുരികങ്ങൾ വല്ലാതെ അകന്നു നിൽക്കുന്നുവെങ്കിൽ കണ്ണുകൾ പരസ്പരം കൂടുതൽ അടുത്തു നിൽക്കുന്നതായി തോന്നാം. ഇത്തരം കണ്ണുകൾക്ക് ഐ ഷാഡോ നൽകുമ്പോൾ അകത്തെ കോണുകൾ ഡാർക്ക് ആയി നൽകണം. ഈ ഷേഡുതന്നെ പുറത്തേക്കു പടർത്തണം. ഐ ലൈനർ എഴുതുമ്പോള്‍ കണ്ണിന്റെ മധ്യഭാഗത്തു നിന്ന് കടുപ്പം കൂട്ടി പുറത്തേയ്ക്ക് നല്ല വീതിയിൽ വരണം.
ഇടുങ്ങിയ കണ്ണുകൾ അഥവാ ഹെവി ലി‍‍ഡഡ് ഐ : കൺപോളകൾക്കു മീതെ പുരികം ഇടിഞ്ഞുതാണിരിക്കുന്നതു കൊണ്ട് ഇവയ്ക്കിടയിൽ വേർതിരിക്കുന്ന വ്യക്തമായ ഒരു രേഖ ഉണ്ടാവില്ല. അതുകൊണ്ട് ഇത്തരം കണ്ണുകളുടെ മേക്കപ്പ് താരതമ്യേന വിഷമമായിരിക്കും. ക്രീസ് ലൈൻ വ്യക്തമായി നൽകിയശേഷം മ‌േക്കപ്പ് ചെയ്യാം. ലൈറ്റ് ബ്ലാക് അല്ലെങ്കിൽ ഡാർക്ക് ബ്രൗൺ നിറത്തിലുള്ള ഐ ഷാഡോ നൽകുന്നതാവും ഉചിതം.
വട്ടക്കണ്ണുകൾ : കൺപോളകൾക്ക് താഴെയും മുകളിലും ഐലൈനർ കൊണ്ട് വരച്ച് പരസ്പരം മുട്ടിക്കാതെ പുറം കോണുകൾ തുറന്നിടുക. വാലു പോലെ അൽപം നീണ്ടു നിൽക്കട്ടെ . കണ്ണകൾക്ക് നീളം തോന്നും. അൽപ്പം വീർത്ത കണ്ണുകളാണെങ്കിൽ താഴത്തെ കണ്‍പോളകൾ എഴുതാതെ വെറുതെ വിടുക.
നീളൻ കണ്ണുകള്‍ക്ക് ഭംഗി കൂടുമെങ്കിലും എപ്പോഴും മയക്കം തങ്ങി നിൽക്കും പോലെ തോന്നാം. നീളൻ കണ്ണുകളാണെങ്കിൽ കണ്ണുകൾ അടച്ചു പിടിച്ച് കൃഷ്ണമണിയുടെ നടുവിൽ നിന്ന്മുകളിലേയ്ക്ക് ഐ ഷാഡോ നൽകുക.
മേയ്ക്കപ് റിമൂവൽ : വെളിച്ചെണ്ണയാണ് കണ്ണുകളിലെ മേക്കപ്പ് മാറ്റാൻ ഏറ്റവും ഉചിതം. രണ്ടുതുള്ളി വിരലിൽ പുരട്ടി കണ്ണുകൾ അടച്ച് വട്ടത്തിൽ മസാജ് ചെയ്യണം. മോയ്സ്ചറൈസർ ഉപയോഗിച്ച് ഇങ്ങനെ മസാജ് ചെയ്തും കണ്ണുകളിലെ മേക്കപ്പ് മാറ്റാം. ഇനി മൃദുവായ ടിഷ്യൂ ഉപയോഗിച്ച് തുടക്കുക. ദിവസവും കണ്ണുകളിലെ മേക്കപ്പ് വൃത്തിയാക്കിയ ശേഷം മാത്രമേ ഉറങ്ങാവൂ. സ്ഥിരമായ് മേക്കപ്പ് വേണ്ടിവരുന്ന ആര്‍ട്ടിസ്റ്റുകൾ, നർത്തകർ ഇവർക്ക് ഐ മേക്കപ്പ് റിമൂവർ ഉപയോഗിക്കാം. പഞ്ഞിയിൽ അൽപം ഐ മേക്കപ്പ് റിമൂവർ പുരട്ടിയ ശേഷം കണ്ണടച്ചു മേൽ പോളയിലും താഴത്തെ കൺപോളയിലും തുടച്ചാൽ മതിയാവും. അതിനു ശേഷം ഫേസ് വാഷ് കൊണ്ട് മുഖം വ‌‌‌‌ൃത്തിയാക്കുകയും വേണം. ആഴ്ചയിൽ ഒരു ദിവസം കണ്ണുകൾ മേക്കപ്പ് ഒന്നും നൽകാതെ വിടുകയും വേണം.
ചില വ്യായാമങ്ങൾ
∙ സ്ഥിരമായി കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവർ 20:20 എന്ന വ്യായാമം ഇടയ്ക്കിടെ ചെയ്യാം. ഇരുപത് മിനിറ്റ് ജോലി ചെയ്താല്‍ ഇരുപത് സെക്കൻഡുകൾ കണ്ണുകൾ ഇറുകെ അടച്ച് ഇരുന്നതിനു ശേഷം ദൂരെയുള്ള ഒരു ബിന്ദുവിലേക്ക് കണ്ണുകൾ അയയ്ക്കുക.
∙ മൂന്നു മുതൽ അഞ്ചു സെക്കൻഡ് വരെ കണ്ണുകൾ മുറുകെ അടയ്ക്കുക. ഇനി അത്രയും സമയം തന്നെ കണ്ണുകൾ തുറന്നു പിടിക്കുക. ഈ വ്യായാമം ആറോ ഏഴോ പ്രാവശ്യം ആവർത്തിക്കാം.
∙ കണ്ണുകളുടെ ഞരമ്പുകൾക്ക് കൂടുതൽ ബലം കിട്ടാൻ ഒമ്പതു പോയിന്റുകളിലേക്ക് നോക്കുന്നത് നല്ലതാണ്. മുകളിലേയ്ക്ക്, താഴേയ്ക്ക്, ഇടത്ത്, വലത്ത്, വലത്ത് മുകളിൽ, വലത്ത് താഴെ, ഇടത്ത് മുകളിൽ, ഇടത്ത്താഴെ അവസാനമായി നേർ ദിശയിൽ.
∙ കണ്ണടച്ച് കൃഷ്ണമണികൾ ഘടികാര ദിശയിലും എതിർ ദിശയിലും ചലി‌‌‌പ്പിക്കുക. എന്നിട്ട് ദീർഘശ്വാസമെടുത്ത് പുറത്തേക്കു വിടുക. മൂന്ന് തവണ ആവർത്തിക്കാം.
∙ 50മീറ്റർ അകലെയുള്ള ഒരു വസ്തുവിൽ 10-15 സെക്കൻഡ് നോട്ടം ഫോക്കസ് ചെയ്യുക. ഇനി കുറച്ചു കൂടി അടുത്തുള്ള ഒരു വസ്തുവിലേക്ക് നോട്ടം മാറ്റി പത്തു മിനിറ്റ് തുടരുക. ഇത് പലതവണ ആവർത്തിക്കണം.
∙ കണ്ണുകൾ അടയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഐ ലിഡ് മസാജ് നൽകാം. മുകളിലെ പോള താഴേക്കും താഴത്തെ കൺപോള മുകളിലേക്കും മസാജ് ചെയ്യാം.
ടിവി കാണുമ്പോഴും വായിക്കുമ്പോഴും
രാവേറെ ചെല്ലും വരെ റിമോട്ടും കൈയിൽ പിടിച്ച് ടിവിയുടെ മുന്നിൽ തപസ്സിരിക്കുന്ന സ്വഭാവമുണ്ടോ? എങ്കിൽ ഓർത്തോളൂ, ടിവി കാണുന്ന മുറിയിൽ നല്ല വെളിച്ചമുണ്ടാവണം. മങ്ങിയ വെളിച്ചത്തിൽ ടിവി കണുന്നത് കണ്ണിന് കടുത്ത ആയാസം ഉണ്ടാക്കുന്നുണ്ട്. ഇത് നേത്ര ഗോളത്തിന് വേദനയും കാഴ്ചയ്ക്ക് അവ്യക്തതയും ഉണ്ടാക്കും.
ടിവി കാണുമ്പോൾ വെളിച്ചം നേരിട്ട് കണ്ണിൽ പതിക്കും വിധം ലൈറ്റിന് അഭിമുഖമായി ഇരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ടിവിയുടെ സ്ക്രീനിൽ തട്ടി പ്രതിഫലിച്ച് വെളിച്ചം കണ്ണിൽ അടിക്കരുത്. പത്തടി എങ്കിലും അകലത്തിൽ ഇരുന്നു വേണം ടിവി കാണാന്‍. എപ്പോഴും സ്ക്രീനിൽ തന്നെ കണ്ണും നട്ട് ഇരിക്കാതെ മറ്റു വസ്തുക്കളിലേക്ക് നോട്ടം മാറ്റകയും വേണം. കണ്ണുയർത്തി മുകളിലേക്ക് നോക്കേണ്ട രീതിയില്‍ ടിവ‌ി സ്ക്രീൻ വയ്ക്കരുത്. ദൃഷ്ടിക്കു നേരെയോ അൽപ‌ം താഴെയോ വേണം സ്ക്രീൻ ഉറപ്പിക്കാൻ.
വായിക്കുമ്പോൾ തോളിനു മുകളില്‍ക്കൂടി പ്രകാശം പുസ്തകത്തിൽ പതിക്കും വിധം ഇരുപ്പ് ക്രമീകരിക്കണം. കണ്ണുകൾ ക്ഷീണിച്ച് ഇരിക്കുമ്പോൾ വായിക്കുന്നത് കണ്ണിന്റെ ആയാസം കൂട്ടും. വീട്ടുജോലിയും ഓഫീസ് ജോലിയും കഴിഞ്ഞുള്ള സമയം വായനയ്ക്കായി നീക്കി വയ്ക്കുന്നത് ഒഴിവാക്കുക.യാത്രയിൽ വായിക്കുന്നതും കണ്ണിന് ആയാസമാണ്. ചലനം മൂലം കണ്ണുകളെ വരികളിൽ ഫോക്കസ് ചെയ്തു നിറുത്താൻ ബുദ്ധിമുട്ടുണ്ടാവും..
നിറമുള്ള കോണ്ടാക്ട് ലെൻസ് പാർട്ടികൾക്കും ഫോട്ടോ ഷൂട്ടുകൾക്കുമെല്ലാം കളേർഡ് കോണ്ടാക്ട് ലെൻസ് കണ്ണിൽ വയ്ക്കുന്നത് ട്രെൻഡാണ്. നൂറ്റി അമ്പതു രൂപമുതൽ കളേർഡ് കോണ്ടാക്ട് ലെൻസ് വിപണിയ്ൽ വാങ്ങാൻ കിട്ടും. പക്ഷേ, കണ്ണുകൾക്ക് ചുവപ്പോ ചോറിച്ചിലോ ഉണ്ടെങ്കിൽ നിറമുള്ള കോണ്ടാക്ട് ലെൻസ് വയ്ക്കുന്നത് ഒഴിവാക്കാം.
ഇത് അണുബാധയുടെ ലക്ഷണമായിരിക്കാം. ചുവപ്പു നിറം നിശ്ശേഷം മാറിയ ശേഷം മാത്രം കോണ്ടാക്ട് ലെൻസ് വയ്ക്കുക. താഴത്തെ കൺപോള വിടർത്തിയ ശേഷമാണ് കോണ്ടാക്ട് ലെൻസ് വയ്ക്കേണ്ടത്.
കാഴ്ചത്തകരാറുകൾ പരിഹരിക്കുന്നതിനായി കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ലെൻസുകൾ ആറു മുതൽ എട്ടു മണിക്കൂർ മാത്രം ഉപയോഗിക്കുക. പിന്നീട് കണ്ണിന് വിശ്രമം നൽകണം. നൂതന രീതിയിലുള്ള എക്സ്റ്റൻറഡ് കോണ്ടാക്ട് ലെൻസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ പത്തു മണിക്കൂർ വരെ ഉപയോഗിക്കാം.
കോണ്ടാക്ട് ലെന്‍സ് സൂക്ഷിക്കുന്ന കെയ്സ് എപ്പോഴും സൊലൂഷൻ ഒഴിച്ചു തന്നെ വയ്ക്കണം. ഇടതു വശത്തുള്ള ഹോളിൽ ഇടതു കണ്ണിന്റെ ഗ്ലാസും വലതു വശത്തെ ഹോളിൽ വലതു കണ്ണിന്റെ ഗ്ലാസും മാത്രം സൂക്ഷിക്കുക. കണ്ണിൽ വയ്ക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുവെങ്കിൽ അടർത്തി മാറ്റിയ ശേഷം വീണ്ടും വയ്ക്കണം. ഏറെ വർഷങ്ങൾ കോണ്ടാക്ട് ലെൻസ് വയ്ക്കുമ്പോൾ പാർശ്വ ഫലമായി കണ്ണുകൾ അമിതമായി വലുതാവുകയോ തൂങ്ങിപ്പോവുകയോ ചെയ്യാം. കണ്ണിന്റെ കാഴ്ചത്തകരാറുകൾ പരിഹരിക്കാനായി ലേസർ ചികിത്സ തേടാം.
താരൻ വന്ന് കൺപീലികൾ കൊഴിഞ്ഞു പോയവർക്ക് അത് വളർത്തുന്നതിനും ഇപ്പോൾ ചികിത്സയുണ്ട്. ഏകദേശം 12,000 രൂപയോളമാണ് ചിലവ്.
കണ്ണിനുതാഴെ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന തടിപ്പ് നീക്കം ചെയ്യാം. ബ്ലെഫാരോ പ്ലാസ്റ്റി എന്ന ഈ സർജറിക്ക് ഏകദേശം 30,000 രൂപയാണ് ചെലവ്. കണ്ണിനു ചുറ്റുമുള്ള കറുപ്പു മാറ്റുന്നതിനും പുരികം വില്ലു പോലെ ഉയർത്തുന്നതിനുമെല്ലാം ഇപ്പോൾ ചികിത്സ കൊണ്ട് സാധിക്കും.
ഒട്ടിപ്പോ കൺപീലികൾ
വിശേഷാവസരങ്ങളിൽ എല്ലാവരുടെയ‌ും ശ്രദ്ധപിടിച്ചു പറ്റണമെങ്കിൽ കണ്ണുകളിൽ ഇടതൂർന്ന കൺപീലികൾ വേണം. കണ്ണുകൾ ആകർഷകമാക്കാനും കണ്ണുകളുടെ മേക്കപ്പിന് മിഴിവു കൂട്ടാനും ഒട്ടിച്ചു വയ്ക്കാൻ കഴിയുന്ന കൺപീലികൾ ഉപയോഗിക്കാം.
തിക് ലാഷസ്, തിൻ ലാഷസ്, മീഡിയം ലാഷസ് ഇങ്ങനെ മൂന്ന് തരത്തിലുള്ള ഒട്ടിക്കുന്ന കൺപീലികളാണ് വാങ്ങാൻ കിട്ടുന്നത്. നിറയെ കൺപീലികള്‍ ഉള്ളവർക്ക് തിൻ ഐ ലാഷസ് മതിയാവും. അല്ലെങ്കിൽ മീഡിയം ഉപയോഗിക്കാം. കൺപീലികൾ കുറവുള്ളവർക്ക് തിക് ലാഷസ് തന്നെ വേണം.
സ്റ്റിക്കർ രൂപത്തിലുള്ള ഐ ലാഷസ് കേയ്സിൽ നിന്ന് വിടർത്തിയെടുത്ത് നേരെ ഒട്ടിക്കാം. ആവശ്യമുള്ള ഭാഗങ്ങളിൽ മാത്രം എടുത്തു വയ്ക്കാവുന്ന ഫില്ലർ ഐ ലാഷസ് വളരെ സൗകര്യമാണ്. ഇതിനൊപ്പം ലഭിക്കുന്ന പ്രത്യേക പശ ബ്രഷിൽ എടുത്ത് കൺപീലിയിൽ പുരട്ടിയ ശേഷം ആവശ്യമുള്ള സൈസിലുള്ള ഐ ലാഷസ് ഫോർസെപ്സ് കൊണ്ട് എടുത്തു വച്ചാൽ മതി.
കണ്ണുതെളിയാൻ തുളസി നീര്
∙ എന്നും രാവിലെ ശുദ്ധമായ തുളസിനീര് ഓരോ തുള്ളി വീതം കണ്ണിൽ ഇറ്റിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
∙ നന്ത്യർവട്ടത്തിന്റെ പൂവ് ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച ശേഷം ആ വെള്ളം കൊണ്ട് കണ്ണുകൾ കഴുകാം.
∙ ആടലോടകത്തിന്റെ പൂവ് കണ്ണിനു മേലെ വച്ചുകെട്ടുന്നത് നേത്രാരോഗ്യത്തിന് നല്ലതാണ്. ഇളനീർ കുഴമ്പ് ദിവസവും കണ്ണിൽ എഴുതുന്നത് കുളിർമയും സുഖവും നൽകും. കരിക്കിൻ വെള്ളം കൊണ്ട് കണ്ണകൾ കഴുകുന്നതും നല്ലതാണ്.
∙ വെള്ളരിക്കയോ ഉരുളക്കിഴങ്ങോ ചെറുതായി മുറിച്ച് കണ്ണുകൾക്കു മേലെ കിഴികെട്ടി വയ്ക്കുന്നത് കണ്ണിന്റെ താഴെയുള്ള കറുപ്പുനിറം ഒഴിവാക്കാൻ സഹായിക്കും.
∙ കണ്ണിന്റെ ക്ഷീണം ഒഴിവാക്കാൻ ദിവസവും ആറു മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കുക. കണ്ണുകൾക്ക് ക്ഷീണമുണ്ടെങ്കിൽ തണുപ്പിച്ച പാലിൽ പഞ്ഞി മുക്കി പത്തുമിനിറ്റു നേരം കണ്ണുകൾക്ക് മുകളിൽ വയ്ക്കുക.
∙ ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നല്ല പ്രസരിപ്പും ആരോഗ്യവും തുടിക്കുന്ന കണ്ണുകൾക്കു വേണ്ടി വൈറ്റമിൻ എ സമൃദ്ദമായ കാരറ്റും മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും ധാരാളം കഴിക്കാം,

Post a Comment

0 Comments

CLOSE ADS


CLOSE ADS