Subscribe Us

6000 എംഎഎച്ച് ബാറ്ററിയുള്ള ലോകത്തെ ആദ്യഫോണുമായി ജിയോണി


 എളുപ്പത്തില്‍ തീരുന്ന ബാറ്ററിയാണ് സ്മാര്‍ട്‌ഫോണുകളുടെ പ്രശ്‌നമായി പലരും പറയുന്നത്. സ്‌ക്രീന്‍ വലിപ്പവും റിസൊല്യൂഷനും പ്രൊസസര്‍ ശേഷിയുമൊക്കെ കൂടുന്നതിനനുസരിച്ച് ബാറ്ററി ശേഷി വര്‍ധിച്ചില്ല എന്നതാണ് പ്രശ്‌നം. ഏത് മുന്തിയ കമ്പനിയുടെ ഫോണായിക്കോട്ടെ, ഒരു ദിവസത്തില്‍ കൂടുതല്‍ ചാര്‍ജ് നില്‍ക്കില്ലെന്ന കാര്യമുറപ്പ്. 

ഇതിനൊരു പരിഹാരവുമായാണ് ചൈനീസ് കമ്പനിയായ ജിയോണി പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മാരത്തോണ്‍ എം5 ( Marathon M5 ) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണില്‍ 6000 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. ബാറ്ററി ശേഷി 6000 എംഎഎച്ച് ഉള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ നാലുദിവസം ബാറ്ററി ആയുസ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അഞ്ച് ശതമാനം മാത്രം ചാര്‍ജ് ഉപയോഗിച്ച് 62 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ആയുസ് സമ്മാനിക്കുന്ന എക്‌സ്ട്രീം മോഡ് എന്ന ഓപ്ഷനും ഫോണിലുണ്ട്.

അത്യാവശ്യഘട്ടങ്ങളില്‍ മറ്റ് രണ്ടു ഡിവൈസുകളിലേക്ക് ചാര്‍ജ് പകരാനും മാരത്തോണ്‍ എം5 ഫോണിനാകും. ഈ ഫോണ്‍ കൈയിലുണ്ടെങ്കില്‍ പവര്‍ബാങ്ക് വേറെ കൊണ്ടുനടക്കേണ്ട കാര്യമില്ലെന്നര്‍ഥം.

720X1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് എച്ച്. ഡി. അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

1.5 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ മീഡിയാടെക് എംടി6735 ചിപ്‌സെറ്റ്, 16 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് (എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം), രണ്ട് ജി.ബി.റാം എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍.

13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുള്ള മാരത്തോണ്‍ എം5 ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണാണ്. ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ആണിത്. രണ്ട് സിം കാര്‍ഡ് സ്ലോട്ടും 4ജി എല്‍ടിഇ കണക്ടിവിറ്റി നല്‍കുന്നതാണ്.

ജൂണ്‍ 15 മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകുന്ന മാരത്തോണ്‍ എം5 യ്ക്ക് 2,299 ചൈനീസ് യുവാനാണ് (23,625 രൂപ) വില. 

ക്യാമറ കരുത്തില്‍ ഈലൈഫ് ഇ8

മാരത്തോണ്‍ എം5 യ്‌ക്കൊപ്പം ഇലൈഫ് ഇ8 ( Gionee Elife E8 ) എന്നൊരു സ്മാര്‍ട്‌ഫോണും കൂടി ജിയോണി പുറത്തിറക്കി. ബാറ്ററിയിലല്ല ക്യാമറക്കരുത്തിന്റെ കാര്യത്തിലാണ് ഇൗ ഫോണ്‍ മുന്നില്‍ നില്‍ക്കുന്നത്. 120 മെഗാപിക്‌സല്‍ റിസൊല്യൂഷന്‍ വരെയുള്ള ചിത്രങ്ങള്‍ സമ്മാനിക്കാന്‍ ശേഷിയുള്ള സോഫ്റ്റ്‌വേറിന്റെ പിന്തുണയുള്ള 24 മെഗാപിക്‌സല്‍ ക്യാമറയാണ് ഇ8 ലുള്ളത്. 
മൂന്ന് എക്‌സ് സൂം, 4കെ വീഡിയോ റെക്കോഡിങ്, ഡ്യുവല്‍-ടോണ്‍ എല്‍.ഇ.ഡി.ഫ് ളാഷ് സംവിധാനങ്ങളും ക്യാമറയിലുണ്ട്. 3എക്‌സ് സൂമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഇതാണെന്ന് ജിയോണി പറയുന്നു. ഫോണിലെ മുന്‍ക്യാമറയും മോശമല്ല. എട്ട് മെഗാപിക്‌സല്‍ ശേഷിയുണ്ടിതിന്. സെല്‍ഫി പ്രേമികളും തൃപ്തരാകുമെന്ന് സാരം

1440X2540 പിക്‌സല്‍ റിസൊല്യൂഷനുള്ള ആറ് ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇലൈഫ് ഇ8 നുള്ളത്. രണ്ട് ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയാടെക് എംടി6785 ചിപ്‌സെറ്റ്, മൂന്ന് ജി.ബി. റാം, 64 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് ഈ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. 

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണില്‍ ജിയോണിയുടെഡ സ്വന്തം അമിഗോ 2.1 സോഫ്റ്റ്‌വേറുമുണ്ട്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) അടക്കമുള്ള അത്യാധുനിക കണക്ടിവിറ്റി സങ്കെതങ്ങളെല്ലാം ഫോണിലുണ്ട്. 

3520 എം.എ.എച്ച്. ശേഷിയുള്ള ബാറ്ററിയാണ് ഫോണിലുള്ളത്. ചൈനീസ് വിപണിയില്‍ 3,999 യുവാന്‍ (41,123 രൂപ) വിലയ്ക്കാണ് ഇലൈഫ് ഇ8 വില്‍ക്കുക.

Post a Comment

0 Comments

CLOSE ADS


CLOSE ADS