Subscribe Us

സ്വയം ചികില്‍സ എന്ന അപകടം

അസുഖം വന്നാല്‍ ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വീട്ടിലെത്തിയാല്‍ പിന്നെ എല്ലാം പൂര്‍ത്തിയായി എന്നാണ് പലരുടെയും വിചാരം. പക്ഷേ, നമ്മള്‍ കഴിക്കുന്ന മരുന്ന് സൂക്ഷിക്കാനൊരു രീതിയുണ്ട്. അത് പലപ്പോഴും ആരും പാലിക്കാറില്ല. കിട്ടിയ മരുന്ന് അടുക്കളയിലോ തീന്‍മേശയിലോ കൊണ്ടുവയ്ക്കും. എന്നിട്ട് തോന്നിയ സമയത്ത് എടുത്തു കഴിക്കും. അസുഖം മാറുന്നുണ്ടാകാം, പക്ഷേ കഴിക്കുന്ന മരുന്നിന്റെ 100% ഗുണവും നിങ്ങള്‍ക്ക് കിട്ടാതെ പോകും ഇങ്ങനെ അലസമായി മരുന്നു സൂക്ഷിച്ചാല്‍.
അന്തരീക്ഷത്തിലെ ചൂട്, ഈര്‍പ്പം, സാന്ദ്രത, തണുപ്പ് എന്നിവയെല്ലാം മരുന്നിനെ സ്വാധീനിക്കും. അതിനാല്‍ എങ്ങനെ സൂക്ഷിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും മരുന്നിന്റെ പ്രയോജനം. താപനില കൂടിയ സ്ഥലത്ത് സൂക്ഷിക്കുന്ന മരുന്നുകളുടെ ശക്തി കുറയുകയും എളുപ്പം കേടുവരികയും ചെയ്യും.
ഫ്രിജില്‍ സൂക്ഷിക്കണം
ചില മരുന്നുകള്‍ ഫ്രിജില്‍ രണ്ടുമുതല്‍ എട്ടുവരെ സെന്റി ഗ്രേഡിലാണ് സൂക്ഷിക്കേണ്ടത്. ഉദാഹരണമായി ഇന്‍സുലിന്‍, പോളിയോ തുള്ളിമരുന്ന് തുടങ്ങിയവ. ഫ്രിജില്‍ സൂക്ഷിക്കുന്നവ പക്ഷേ ഫ്രീസറില്‍ വയ്ക്കാന്‍ പാടില്ല, കട്ടപിടിക്കും. പിന്നീടത് ചൂടാക്കേണ്ടി വരും. അങ്ങനെ ചെയ്യുമ്പോള്‍ ഗുണനിലവാരം നഷ്ടമാകും. ഫ്രിജില്‍നിന്ന് എടുത്ത് 10 മിനിറ്റു പുറത്തുവച്ച ശേഷമേ മരുന്ന് കഴിക്കാവൂ.
ചില മരുന്നുകളുടെ കാര്യം വ്യത്യസ്തമാണ്. താപനില കൂറയുമ്പോള്‍ പൊടിഞ്ഞുപോകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും. അവ നിര്‍ദിഷ്ട താപനിലയില്‍ തന്നെ സൂക്ഷിക്കണം. അത്തരം മരുന്നുകള്‍ തരുമ്പോള്‍ തന്നെ ഫാര്‍മസിസ്റ്റ് നിര്‍ദേശം നല്‍കും. ചില ആന്റി ബയോട്ടിക്കുകളും മറ്റും പൊടി രൂപത്തിലാണ് ഇപ്പോള്‍ വരുന്നത്. ഒഴിച്ച് മിശ്രിതമാക്കാനുള്ള വെള്ളവും കൂടെയുണ്ടാകും. മരുന്ന് പെട്ടെന്ന് കേടാകാതിരിക്കാന്‍ വേണ്ടിയാണ് നിര്‍മാണക്കമ്പനികള്‍ ഇങ്ങനെ ചെയ്യുന്നത്.
ചില കുത്തിവയ്പ് മരുന്നുകളും ഇതുപോലെ പൊടി രൂപത്തിലാണ് വരുന്നത്. ഉപയോഗ സമയത്താണ് ദ്രവരൂപത്തിലാക്കുന്നത്. വെള്ളം ചേര്‍ത്തു വച്ചാല്‍ ഈര്‍പ്പം മൂലം മരുന്ന് കേടാവും. ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ പെട്ടെന്ന് കേടാവുന്നവയാണ്. അതിനാല്‍ അത് നിര്‍ദേശിക്കുന്ന രീതിയില്‍ തന്നെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ പെട്ടെന്ന് രാസമാറ്റം സംഭവിക്കും. കടുത്ത പ്രകാശത്തിന്റെ അടുത്തു സൂക്ഷിച്ചാല്‍ രാസമാറ്റം സംഭവിക്കും.
ഉപയോഗ കാലാവധി (Expiry date)
മരുന്നിന്റെ വീര്യം നഷ്ടപ്പെടാതെ ഉപയോഗിക്കാവുന്ന കാലാവധിയാണ് Expiry date. ഉപയോഗ കാലാവധി കഴിഞ്ഞാലും മരുന്നുകളുടെ 10% വീര്യം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ.
അതുകൊണ്ട് നിര്‍ദേശാനുസരണം സൂക്ഷിച്ചിരിക്കുന്ന മരുന്നുകള്‍ കാലാവധി കഴിഞ്ഞാലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗശൂന്യമായി തീരുമെന്നോ വിഷമയമായി തീരുമെന്നോ അര്‍ഥമില്ല. അതുകഴിഞ്ഞാല്‍ ക്രമേണ രാസമാറ്റം സംഭവിച്ച് ഒടുവില്‍ വീര്യം മുഴുവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വരും. മരുന്നുകളുടെ ഉപയോഗ കാലാവധി അഞ്ചുവര്‍ഷത്തില്‍ കൂടാന്‍ പാടില്ല. ഒരു വര്‍ഷം മാത്രം ഉപയോഗ കാലാവധി ഉള്ളവയും ഉണ്ട്. പക്ഷേ, തീയതി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മരുന്നു നിര്‍മാണ കമ്പനികള്‍ക്കോ ഫാര്‍മസിസ്റ്റിനോ ഉത്തരവാദിത്തം ഉണ്ടാകില്ല.
ഡോസ് പൂര്‍ത്തിയാക്കണം
മരുന്നു നിര്‍ദേശിക്കുന്ന ഡോക്ടര്‍ പറയുന്ന പ്രകാരം തന്നെ അവ ഉപയോഗിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ. ഭക്ഷണത്തിനു മുന്‍പ് കഴിക്കേണ്ടവ അങ്ങനെയും ശേഷം കഴിക്കേണ്ടവ അങ്ങനെയും ഉപയോഗിക്കണം. പാലിന്റെയും ജ്യൂസിന്റെയും കൂടെ മരുന്ന് കഴിക്കാതിരിക്കുന്നതാണ് ഉത്തമം. തിളപ്പിച്ചാറിയ വെള്ളത്തിലോ ശുദ്ധജലത്തിലോ കഴിക്കാം. ആന്റി ബയോട്ടികള്‍ക്കും മറ്റും നിര്‍ദിഷ്ട ഡോസ് മുടങ്ങാന്‍ പാടില്ല. ഡോക്ടര്‍ അഞ്ചുദിവസത്തെ മരുന്ന് നിര്‍ദേശിച്ച ഒരാള്‍ മൂന്നു ദിവസം കഴിച്ച് അസുഖം മാറി മരുന്ന് നിര്‍ത്തിയാല്‍ പൂര്‍ണമായ ഗുണം ലഭിക്കില്ല.
ചില മരുന്നുകള്‍ക്ക് ഒരു കോഴ്സ് (എത്ര ദിവസം കഴിക്കണമെന്നത്) ഉണ്ട്. അത് കൃത്യമായി പാലിക്കണം. ഏത് രോഗത്തിനായാലും കൃത്യമായ അളവിലുള്ള മരുന്ന് കഴിക്കണം. പ്രത്യേകിച്ചും ശരീരത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍. ചില മരുന്നുകള്‍ കഴിച്ചാല്‍ മയക്കം തോന്നും. അത്തരം മരുന്നുകള്‍ പൊതുവെ രാത്രി കഴിക്കാനാണ് നിര്‍ദേശിക്കാറുള്ളത്. അവ കഴിച്ച ശേഷം വാഹനം ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
സ്വയം ചികില്‍സ എന്ന അപകടം
ജലദോഷം, പനി, ശരീരവേദന, ചുമ, കഫക്കെട്ട്, വയറുവേദന എന്നീ രോഗങ്ങള്‍ വന്നാല്‍ സാധാരണ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍നിന്ന് ഒന്നോ രണ്ടോ ഗുളിക വാങ്ങി കഴിക്കും. ഇങ്ങനെ രണ്ടോ മൂന്നോ തവണ ഗുളികകള്‍ വാങ്ങി കഴിക്കുക വഴി ശരീരത്തില്‍ മറ്റേതെങ്കിലും രോഗത്തിന്റെ വിത്താണ് വിതയ്ക്കുന്നതെന്ന് അറിയുന്നവര്‍ വിരളം. പനിക്കും തലവേദനയ്ക്കും ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം വാങ്ങിക്കഴിക്കുന്ന ചില മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് കരള്‍ രോഗം വരാന്‍ കാരണമാകും. മാത്രമല്ല പനി ഒരു രോഗലക്ഷണമാകാം. അതുകൊണ്ട് ഡോക്ടറെ കാണാതെ സ്വയം മരുന്നു കഴിക്കുമ്പോള്‍ ഏതോ രോഗത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.
വേദന സംഹാരി അമിതമായി ഉപയോഗിക്കുന്നത് അള്‍സറിന് കാരണമാകും. ചിലയിനം മരുന്നുകള്‍ രക്തസമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. വേദനസംഹാരികളുടെ സ്വയം തിരഞ്ഞെടുപ്പാണ് ഏറ്റവുമധികം അപകടങ്ങളിലേക്കു നയിക്കുന്നത്. ആമാശയത്തകരാറുകളും വൃക്കരോഗങ്ങളും വരെയുണ്ടാകാം.
സ്വയം ചികില്‍സിക്കും മുന്‍പ് ഓര്‍ക്കാന്‍
. ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്നു വാരിവലിച്ചു കഴിക്കരുത്. എന്നാല്‍, രോഗലക്ഷണം നീണ്ടുനിന്നാല്‍ ഡോക്ടറെ കാണണം. പനി, തലവേദന, വയറുവേദന, ദേഹത്തു തടിപ്പ് തുടങ്ങിയവ മറ്റുപല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം. . ഒരേ അസുഖത്തിന് എല്ലാവര്‍ക്കും ഒരേ മരുന്നല്ല. ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. പിന്നെ, പാര്‍ശ്വഫലങ്ങളെക്കുറിച്ചു നമുക്കത്ര അറിവുമില്ലല്ലോ. .ഡോക്ടര്‍ എഴുതുന്ന ഡോസ് അനുസരിച്ചുതന്നെ മരുന്നു കഴിക്കണം. അതു കൂട്ടാനും കുറയ്ക്കാനും പോകരുത്. . ഗര്‍ഭകാലത്തു സ്വയംചികില്‍സ അപകടകരമാണ്. ഗര്‍ഭനിരോധന ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. . ചെവിയിലും കണ്ണിലും മൂക്കിലും നമുക്കു തോന്നിയ മരുന്നുകള്‍ ഒഴിക്കരുത്. . മരുന്നു വാങ്ങുമ്പോഴും കഴിക്കുമ്പോഴും Expiry date നോക്കുക.
ഓയിന്റ്മെന്റുകള്‍
ഓയിന്റ്മെന്റുകള്‍ 30 ഡിഗ്രി താഴെ താപനിലയില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടൂള്ളൂ. അടുക്കളയില്‍ പൊതുവെ ചൂട് കൂടുതലായിരിക്കും, അതുകൊണ്ട് അവിടെ മരുന്ന് സൂക്ഷിക്കുന്നത് നല്ലതല്ല. ഉപയോഗം കഴിഞ്ഞയുടനെ ശരിയായ കവറില്‍ ആവശ്യമായ താപനിലയില്‍ മരുന്ന് തിരിച്ചു വച്ച് സൂക്ഷിക്കുന്നത് കാലാവധി കഴിയും വരെ അവയുടെ പൂര്‍ണമായ വീര്യവും ഗുണവും നിലനിര്‍ത്താന്‍ സഹായിക്കും. സൂക്ഷിക്കേണ്ട രീതിയും താപനിലയും എല്ലാ മരുന്നുകളുടെയും ലേബലില്‍ നിര്‍ദേശിച്ചിട്ടുണ്ടാകും. ചില ഉദാഹരണങ്ങള്‍: Store in a cool dry place : എട്ട് ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയ്ക്കുള്ള താപനില. Store in a cold place: രണ്ടു ഡിഗ്രിക്കും എട്ടു ഡിഗ്രിക്കും ഇടയ്ക്കുള്ള താപനില. ഫ്രിജില്‍ ക്രമീകരിച്ചിരിക്കുന്ന താപനില. Store in a dark place, protect from light: സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം.

Post a Comment

0 Comments

CLOSE ADS


CLOSE ADS