Subscribe Us

മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ടിനുള്ള പഠനത്തിനെതിരെ തമിഴ്‌നാട്‌

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന്റെ പ്രാഥമികഘട്ടമായി പരിസ്ഥിതിയാഘാതപഠനം നടത്താന്‍ കേരളം തീരുമാനിച്ചതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. പഠനത്തിന് അനുമതി നല്‍കരുതെന്ന ഹര്‍ജിയാണ് നല്‍കിയത്. ഹര്‍ജി സുപ്രീംകോടതി പിന്നീട് പരിഗണിക്കും.

മാര്‍ച്ച് അവസാനമാണ് പഠനത്തിന് കേരള സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് തീരുമാനമുണ്ടായത്. ഉടന്‍തന്നെ അതിനെതിരെ തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്ത് വന്നു. 

പഠനം നടത്താന്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് 2014 ഡിസംബറില്‍തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അപേക്ഷ പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് പരിഹാരമുണ്ടായത്.

മൂന്നുവര്‍ഷം മുമ്പുതന്നെ പുതിയ ഡാമിനുവേണ്ടി പരിസ്ഥിതിയാഘാതപഠനം നടത്താന്‍ കേരളം തീരുമാനിച്ചിരുന്നു. ഹൈദരാബാദിലെ പ്രകൃതി കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് പഠനം നടത്താന്‍ രംഗത്തുവന്നത്. എന്നാല്‍, കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പഠനത്തിനനുമതി നിഷേധിച്ചതോടെ ഇതുമുടങ്ങി. പിന്നീട് കേരളം വീണ്ടും അപേക്ഷ നല്‍കി. കഴിഞ്ഞ ആഗസ്തില്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും ഒരു സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്റ്റേചെയ്തു. ഡിസംബറിലാണ് സ്റ്റേ ഒഴിവായത്. തുടര്‍ന്ന് അന്തിമാനുമതി ലഭിച്ചു. പഠനം നടത്താന്‍ മാത്രമായതിനാലാണ് അനുമതി നല്‍കുന്നതെന്നാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് വിശദീകരിച്ചത്.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം ദേശീയവന്യജീവി ബോര്‍ഡിന്റെ അനുമതിയുണ്ടെങ്കില്‍ പരിസ്ഥിതിയാഘാതപഠനത്തിന് അതത് സംസ്ഥാനത്തിലെ വനംവകുപ്പിനുതന്നെ തീരുമാനമെടുക്കാമെന്ന് പറയുന്നുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിലെ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്, അനുമതിയാവശ്യപ്പെട്ട് കത്തയച്ചെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് വീണ്ടും കത്തയച്ചെങ്കിലും അനുമതി തരാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിക്ക് കത്തയച്ചു. മാര്‍ച്ച് 12ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉടന്‍ പരിസ്ഥിതിയാഘാതപഠനത്തിന് അനുമതി നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി രണ്ടുദിവസംമുമ്പ് ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ഉടന്‍ പരിസ്ഥിതിയാഘാതപഠനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ ഏജന്‍സിക്ക് അറിയിപ്പുനല്‍കിയിട്ടുണ്ട്. നേരത്തെ 95 ലക്ഷം രൂപയാണ് പഠനത്തിനുള്ള െചലവായി നിശ്ചയിച്ചിരുന്നത്. രണ്ടുവര്‍ഷം വൈകിയതിനാല്‍ എസ്റ്റിമേറ്റ് പുതുക്കേണ്ടിവരും. ഇതിനുള്ള അപേക്ഷ ഐ.ഡി.ആര്‍.ബി. വിഭാഗം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

Post a Comment

0 Comments

CLOSE ADS


CLOSE ADS