Subscribe Us

ഡിസയർ മുഖം മിനുക്കി

മാരുതിയെന്നു കേട്ടാൽ മറക്കാനാവാത്ത രണ്ടു കാറുകളുണ്ട്. എക്കാലത്തെയും ജനപ്രിയ കാറായ 800. പിന്നെ സ്വിഫ്റ്റ്. വേറെ കാറുകളൊന്നും മാരുതിക്ക് ഇല്ലെന്നല്ല. എന്നാൽ ഈ രണ്ടു കാറുകളാണ് ഇന്ത്യയിലെ വാഹനവ്യവസായത്തിനു തന്നെ പുത്തൻ തിരിച്ചറിവുകളും ദിശാബോധവും നൽകിയത്. ലക്ഷണമൊത്ത ആദ്യ കാർ എന്ന നിലയിൽ 800, ആഡംബരവും പെർഫോമൻസും ചെറിയ കാറുകളിലേക്കും എത്തും എന്ന സന്ദേശമായി സ്വിഫ്റ്റ്. എക്കാലത്തും മാരുതിയെന്ന ഇന്ത്യാ—ജാപ്പനീസ് വിജയസഖ്യം ഓർമിക്കപ്പെടുന്നത് ഇങ്ങനെ ഈ രണ്ടു കാറുകളിലൂടെയായിരിക്കും.
അംബാസഡറും പ്രീമിയറും മാത്രം കാറുകളുണ്ടാക്കിയിരുന്ന കാലത്ത് വിപ്ലവമായി 800 എത്തിയത് ഓർമയുള്ളവർ ഇന്നുമുണ്ട്. ഒരു കാറെന്നാൽ എത്ര മാത്രം സാങ്കേതികതയും എത്ര കുറഞ്ഞ പരിപാലനച്ചെലവും എത്ര മികച്ച ഈടും ആകാമെന്ന് ആ കൊച്ചു കാർ തെളിയിച്ചു. ഇന്നു കാർ വിപണിയിൽ കാണുന്ന ആർഭാടവും ധാരാളിത്തവും ജനപ്രീതിയുമൊക്കെ 800 ൽ നിന്നാണു തുടങ്ങുന്നത്.
അങ്ങനെ വികസിച്ചു പരന്ന ഇന്ത്യയിലെ കാർ വിപണിയിൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു തരംഗമായി സ്വിഫ്റ്റ് എത്തി. പ്രീമിയം ഹാച്ച് ബാക്ക് എന്ന സങ്കൽപം. ഹാച്ച്ബാക്ക് എന്നാൽ 800 പോലെ പ്രാഥമിക സൗകര്യങ്ങളിൽ ഒതുക്കണം എന്ന ചിന്തയ്ക്കാണ് സ്വിഫ്റ്റ് തിരിച്ചടിയേൽപ്പിച്ചത്. ഒതുക്കമുള്ള കാറിലും മികച്ച ഉൾവശവും കുതിച്ചു പായുന്ന പെർഫോമൻസുമാകാമെന്ന് സ്വിഫ്റ്റ് ആദ്യമായി ഇന്ത്യക്കാരെ പഠിപ്പിച്ചു. മാരുതി നൽകിയ രണ്ടാം പാഠം. ഇന്നും സ്വിഫ്റ്റ് അതേ പാഠങ്ങൾ നമുക്കു നൽകുന്നു. ഏറ്റവും ഒടുവിലിതാ പുതിയ സ്വിഫ്റ്റ് അവതാരമായ സ്വിഫ്റ്റ് ഡിസയറിലൂടെ.
സ്വിഫ്റ്റിൻറെ സ്വാഭാവിക വളർച്ചയാണ് ഡിസയർ. പ്രീമിയം ഹാച്ച്ബാക്കിന് ന്യായമായും ഒരു ഡിക്കി കൂടി ആകാമെന്ന ചിന്തയിൽ ജനിച്ച കാർ. അതു കൊണ്ടു തന്നെ സെഡാൻ രൂപമണിഞ്ഞ സ്വിഫ്റ്റിന് ഇന്ത്യയിൽ ലഭിച്ച പ്രതികരണം മികച്ചതായിരുന്നു. ജപ്പാനിൽ നിന്നു തന്നെയുള്ള കരുത്തരായ എതിരാളികൾ വന്നിട്ടും ഡിയയറിന് ഇന്നു വരെ കാര്യമായ തിരിച്ചടികളൊന്നുമുണ്ടായിട്ടില്ല. മൂന്നു കൊല്ലം മുമ്പ് പുതിയ രൂപവും ഒട്ടെറെ സൗകര്യങ്ങളുമായെത്തിയ ഡിസയർ ഇപ്പോൾ വാർത്തയിലെത്തുന്നത് രൂപമാറ്റത്തിലൂടെയാണ്. കാലികമായ മാറ്റങ്ങളുണ്ടായ സ്വിഫ്റ്റ് ഡിസയർ ഡ്രൈവ് റിപ്പോർട്ടിലേക്ക്:
 രൂപകൽപന: മാറ്റങ്ങൾ കാര്യമായും തൊലിപ്പുറത്താണ്. ബോഡി ഷെല്ലിൽ തൊടുന്നതേയില്ല. എന്നാൽ രൂപം പഴയതു തന്നെയെന്നു താഴ്ത്തിക്കെട്ടാനുമാവില്ല. കാരണം പുതിയ റേഡിയേറ്റർ ഗ്രിൽ തന്നെ. ക്രോമിയം ഗ്രിൽ ഇതുവരെ നാം മറ്റൊരു മാരുതിയിലും കണ്ട തരത്തിലുള്ളതല്ല. ഹോണ്ടയിലും മറ്റും കണ്ടിട്ടുമുണ്ട്. എന്തായാലും ഈ ഗ്രില്ലാണ് പുതിയ ഡിസയറിൻറെ മുഖ്യ സവിശേഷ ത. മറ്റു വ്യതിയാനങ്ങൾ ഇവയൊക്കെ:
വേഗം സൂചിപ്പിക്കുന്ന മോഷൻ തീം അലോയ് വീലുകൾ. ഹാലജൻ ഹെഡ്ലാംപുകൾക്ക് രൂപമാറ്റമുണ്ടായി. മുൻഫോഗ് ലാംപുകൾക്കു താഴെ ക്രോമിയം കൊണ്ടുള്ള അലങ്കാരം വിലപ്പിടിപ്പുള്ള കാറുകളോട് സ്വിഫ്റ്റിനെ അടുപ്പിക്കുന്നു. വിങ് മിററുകൾ ഇപ്പോൾ ഉള്ളിൽ നിന്നു ക്രമീകരിക്കുക മാത്രമല്ല മടക്കുകയുമാവാം. പാർക്കിങ് സെൻസർ സുഖകരമായ റിവേഴ്സിങ് ഉറപ്പാക്കും. അഞ്ച് തകർപ്പൻ നിറങ്ങൾ വെളുപ്പിനും സിൽവറിനും പുറമെയെത്തി. കേവ് ബ്ലാക്ക്, പസഫിക് ബ്ലൂ, മാഗ്മ ഗ്രേ, അൽപ് ബ്ലൂ, സംഗീര റെഡ്. തികച്ചും വ്യത്യസ്ഥമായ നിറങ്ങൾ.
ഉള്ളിലേക്കു കടന്നാൽ പഴയ ബെയ്ജ്, കറുപ്പ്, ക്രോമിയം കോംബിനേഷൻ തുടരുന്നു. മാറ്റങ്ങൾ: പുഷ് ബട്ടൻ സ്റ്റാർട്ട്. ബ്ലൂ ടൂത്ത് ഓഡിയോ സിസ്റ്റം. സ്റ്റിയറിങ്ങിൽ ബ്ലൂ ടൂത്ത് നിയന്ത്രണം. മുൻ സീറ്റുകാർക്ക് രണ്ടു മാപ് ലാംപുകൾ. പിന്നിലും ചാർജിങ് സോക്കറ്റ്. ഡാഷ്ബോർഡിൽ തടിയുടെ ഫിനിഷുള്ള ഭാഗങ്ങൾ. നല്ലൊരു പ്രീമിയം കാറിനോടു കിടപിടിക്കും പുതിയ ഡിസയർ ഉൾവശം. സ്ഥലസൗകര്യം പഴയതുപോലെ ധാരാളം.
∙ ഡ്രൈവിങ്: 1.2 കെ സീരീസ് പെട്രോൾ, 1.3 ഫിയറ്റ് മൾട്ടിജെറ്റ് ഡീസൽ എൻജിനുകൾ. രണ്ടും മികച്ച ഇന്ധനക്ഷമതയ്ക്കും പെർഫോമൻസിനും ഒരേ പോലെ മുൻതൂക്കം നൽകി ട്യൂൺ ചെയ്തിരിക്കുന്നു. 26.59 കിലോമീറ്റർ ഡീസൽ മോഡലും 20.85 കിലോമീറ്റർ പെട്രോളും ഇന്ധനക്ഷമത നൽകും. പെർഫോമൻസിൽ ഡീസൽ ഒരു പടി മുന്നിൽ നിൽക്കുമ്പോൾ പെട്രോൾ സ്മൂത് ഡ്രൈവിങ്ങിനാണ് പ്രാധാന്യം നൽകുന്നത്.
മാസം 1000 കിലോമീറ്ററിലധികം ഓട്ടമുണ്ടെങ്കിൽ മാത്രം ഡീസലിനെപ്പറ്റി ചിന്തിക്കുക, അല്ലെങ്കിൽ പെട്രോൾ മതി. ഓട്ടമാറ്റിക് മോഡലും പെട്രോളിലേ ഇറങ്ങുന്നുള്ളു. ഓട്ടമാറ്റിക് 18.5 കിലോമീറ്റർ ഇന്ധനക്ഷമത തരുമെന്നാണ് സർട്ടിഫിക്കറ്റ്. നഗരയാത്രകൾ കൂടുതലുണ്ടെങ്കിൽ ഓട്ടമാറ്റിക് ആവാം. പണ്ടേപ്പോലെ ഡ്രൈവിങ്ങും ഹാൻഡ്ലിങ്ങും മെച്ചപ്പെട്ട രീതിയിൽ ഡിസയറിൽ തുടരുന്നു. 4.8 എന്ന കുറഞ്ഞ ടേണിങ് റേഡിയസും ലൈറ്റ് സ്റ്റീയറിങ്ങും ഗീയറും ക്ളച്ചുമൊക്കെ നന്നായി ഡ്രൈവ് ചെയ്യാനാവുന്ന കാറെന്ന പേര് നിലനിർത്തുന്നുണ്ട്.
എ ബി എസ് ബ്രേക്കിങ് സംവിധാനത്തിൽ ചെറിയൊരു പരിഷ്കാരം ഡിസ്കുകൾക്ക് വന്നത് ബ്രേക്കിങ് ശേഷി ഗണ്യമായി ഉയർത്തി. നാലു മീറ്ററിൽത്താഴെ നീളം പാർക്കിങ് ലോട്ടുകളിൽ അനുഗ്രഹമാണ്. കുടുംബ കാറെന്ന നിലയിൽ ഡിസയറിന് പത്തിൽ പത്തും നൽകിയേ പറ്റൂ.
 വില: എക്സ് ഷോറൂം പെട്രോൾ 5.32 മുതൽ 7.03 ലക്ഷം വരെ. ഡീസൽ 6.56 മുതൽ 8.06 ലക്ഷം.

Post a Comment

0 Comments

CLOSE ADS


CLOSE ADS