Subscribe Us

ഹിമാലയം ഗര്‍ജിക്കുമ്പോള്‍

ഹിമാലയപ്രദേശത്തുണ്ടാകാന്‍ സാധ്യതയുള്ള ഭൂമികുലുക്കങ്ങളെ കണ്ടുകൊണ്ട് ഒരു വിശാലമായ ദുരന്തലഘൂകരണപദ്ധതി എത്രയുംവേഗം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത നേപ്പാള്‍ഭൂചലനം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇതിലുംവലിയ ഭൂമികുലുക്കങ്ങളുടെ സാധ്യത തീര്‍ച്ചയായും നമ്മുടെ സര്‍ക്കാറുകള്‍ കണക്കിലെടുക്കണം


നേപ്പാളില്‍ പൊഖ്‌റയ്ക്കടുത്തുണ്ടായ ഭൂചലനം ആ രാജ്യത്ത് വമ്പിച്ച ആളപായവും നാശനഷ്ടങ്ങളും വരുത്തിവെച്ചിരിക്കുന്നു. പതിവുപോലെ വാര്‍ത്താമാധ്യമങ്ങളില്‍ ഇത് രണ്ടുദിവസം നിറഞ്ഞുനില്‍ക്കുകയും പിന്നെയെല്ലാം മറക്കുകയുംചെയ്യും. ഓരോ പ്രകൃതിദുരന്തവും നമ്മെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. നേപ്പാള്‍ സ്ഥിതിചെയ്യുന്നത് ഹിമാലയപര്‍വതത്തിന്റെ ഇടയിലാണ്. ഹിമാലയപര്‍വതം വന്‍ ഭൂകമ്പങ്ങളുണ്ടാകുന്ന പ്രദേശമാണ്. ഒരുപക്ഷേ, ലോകത്തില്‍വെച്ച് ഏറ്റവുംവലിയ ഭൂകമ്പസാധ്യതാപ്രദേശമാണിത്.

ഇന്ത്യയുടെ വടക്കുഭാഗത്തെ അതിരുകള്‍ ഒരു ടെക്‌റ്റോണിക് ഫലകത്തിന്റെ അതിരുകള്‍കൂടിയാണ്. ഇവിടെ കോടിക്കണക്കിനുവര്‍ഷംമുമ്പ് ഇന്ത്യാഫലകം ഏഷ്യാഫലകവുമായി കൂട്ടിയിടിച്ചിരുന്നു. അങ്ങനെയുണ്ടായതും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ലോകത്തെ ഏറ്റവുംവലിയ കൊടുമുടിയായ എവറസ്റ്റുള്‍ക്കൊള്ളുന്ന ഹിമാലയപര്‍വതം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നത്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിവര്‍ത്തനികപ്രവര്‍ത്തനങ്ങളുടെ ഫലമായി വന്‍തോതില്‍ മര്‍ദം ആഭാഗങ്ങളില്‍ ശേഖരിക്കപ്പെടുന്നുണ്ട്. ഈമേഖലകളില്‍ മര്‍ദം വര്‍ധിച്ചതോതിലാവുമ്പോള്‍ പാറകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നു. ഇതാണ് ഭൂചലനമായി നാം തിരിച്ചറിയുന്നത്.

ഒരു കുളത്തിലേക്കു കല്ലെറിയുമ്പോള്‍ നാലുഭാഗത്തേക്കും ഓളങ്ങളുണ്ടാകുന്നതുപോലെ ഭൂചലനകേന്ദ്രത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് പ്രകമ്പനതരംഗങ്ങള്‍ പ്രസരിക്കുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിലനുഭവപ്പെട്ടത് ഈ തരംഗങ്ങള്‍മൂലമുണ്ടാകുന്ന പ്രകമ്പനങ്ങളാണ്. ഉദ്ഭവകേന്ദ്രത്തിന്റെ സമീപത്താണ് ഏറ്റവുംകൂടുതല്‍ നാശനഷ്ടമുണ്ടാകുന്നത്. കാഠ്മണ്ഡു പ്രഭവകേന്ദ്രത്തില്‍നിന്നു ദൂരെയാണെങ്കിലും ആ നഗരമിരിക്കുന്നത് നികന്നുപോയ ഒരു പ്രാചീനതടാകത്തിന്റെ മുകളിലാണ്. അവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കട്ടിയുള്ള ചെളി ഭൂകമ്പതരംഗങ്ങളുടെ ഉച്ചതവര്‍ധിപ്പിക്കുകയും നാശനഷ്ടങ്ങള്‍ വന്‍തോതിലുണ്ടാക്കുകയുംചെയ്യുന്നു. 1934ലെ നേപ്പാള്‍ബിഹാര്‍ ഭൂമികുലുക്കത്തിലും കാഠ്മണ്ഡു നഗരം ഇതുപോലെ വന്‍നാശനഷ്ടങ്ങള്‍ക്കും ആളപായത്തിനുമിരയായിരുന്നു. അന്നുണ്ടായ ഭൂചലനത്തിന്റെ ശക്തി ഇപ്പോളുണ്ടായതിനെക്കാള്‍ വലുതായിരുന്നു. അതിനാല്‍ത്തന്നെ ബിഹാറിന്റെ നദീതടപ്രദേശങ്ങളില്‍ ഭൂകമ്പതരംഗങ്ങളുടെ ശക്തികാരണം 'ലിക്വിഫാക്ഷന്‍' എന്ന പ്രതിഭാസത്താല്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടാവുകയും വെള്ളവും ചെളിയും ഭൂമിക്കടിയില്‍നിന്നു ശക്തമായി തെറിച്ചുയരുകയും ഒരു വലിയപ്രദേശമാകെ താഴ്ന്നുപോവുകയും ചെയ്തു. ഇത്തവണത്തെ ഭൂകമ്പത്താല്‍ ഇന്ത്യയുടെ ഗംഗാസമതലങ്ങളില്‍ അത്തരത്തിലുള്ള ദുരന്തങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. എന്നാല്‍, 1934ലെ മാഗ്‌നിറ്റിയൂഡ് 8.1 ശക്തിയുള്ള ഭൂകമ്പം നമ്മെ പഠിപ്പിച്ച പാഠങ്ങള്‍ ഒരു സമൂഹമെന്നനിലയില്‍ നാം മറന്നുപോയി.

നേപ്പാളില്‍ ഇപ്പോഴുണ്ടായ ഭൂകമ്പത്തിന്റെ തോത് എട്ടില്‍ക്കൂടുതലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഗംഗാസമതലം ഒരു കുരുതിക്കളമാകുമായിരുന്നുവെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് 1934നെയപേക്ഷിച്ച് ജനസംഖ്യയും കെട്ടിടങ്ങളുടെ സാന്ദ്രതയും എത്രമടങ്ങാണു വര്‍ധിച്ചിരിക്കുന്നതെന്നുകൂടി ഓര്‍ക്കേണ്ടതാണ്. കാഠ്മണ്ഡുനഗരം കഴിഞ്ഞ ആയിരം വര്‍ഷത്തിനുള്ളില്‍ ഇതുപോലെ എത്രതവണയാണ് ഭൂമികുലുക്കങ്ങളാല്‍ തകര്‍ന്നിരിക്കുന്നതെന്നറിയാന്‍ ചരിത്രം പരിശോധിച്ചാല്‍മതി. അവിടെ പ്രാചീനക്ഷേത്രങ്ങളെന്നു കരുതപ്പെടുന്നവ എത്രതവണയാണ് ഭൂമികുലുക്കങ്ങളാല്‍ തകര്‍ന്നുപോയത്. ഹിമാലയത്തിലെ ക്ഷേത്രങ്ങളുടെ ഘടനയും ഭൂമികുലുക്കത്താലുണ്ടായിരിക്കുന്ന വിലക്ഷണതയും പരിശോധിച്ച് ഭൂമികുലുക്കങ്ങളുടെ തീവ്രത കണ്ടുപിടിക്കാന്‍ ഈ ലേഖകന്‍തന്നെ ഗവേഷണംനടത്തിയിട്ടുണ്ട്. അതൊക്കെ നമ്മെ പണ്ട് ഹിമാലയത്തിലുണ്ടായ ഭൂചലനങ്ങളുടെ പ്രകൃതവും തീവ്രതയും മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഈവിവരങ്ങളും അനുബന്ധമായി നടത്തുന്ന മറ്റനവധി ഗവേഷണങ്ങളും ഹിമാലയത്തെ ഭൂമികുലുക്കങ്ങളുടെ വസ്തുതാപരമായ വിവരങ്ങള്‍ നമുക്കു നല്‍കുന്നുണ്ട്.

ഇതുവരെനടന്ന ഗവേഷണങ്ങളുടെ ഫലമായി നേപ്പാളിന്റെ പടിഞ്ഞാറുഭാഗങ്ങളും ഇന്ത്യയുടെ കുമവൂണ്‍ഗര്‍വാള്‍ പ്രദേശങ്ങളുമുള്‍പ്പെടുന്ന പ്രദേശത്തെ ഒരു 'സൈസ്മിക് ഗ്യാപ്പാ'യി കാണാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നു. ഇത്തരം ഗവേഷണങ്ങളില്‍നിന്നു മനസ്സിലാകുന്നത് ഈ പ്രദേശം വന്‍ ഭൂചലനങ്ങളുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണെന്നാണ്. അതിനാല്‍ത്തന്നെ നേപ്പാള്‍ഭൂചലനം ഗവേഷകരെ അദ്ഭുതപ്പെടുത്താനിടയില്ല. അതതുപ്രദേശത്തെ ഭൂചലനസാധ്യതകളും അവിടത്തെ ഭൂചലനചരിത്രവും മനസ്സിലാക്കുകയുംചെയ്തുകഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് അവിടത്തെ കെട്ടിടങ്ങളുംമറ്റും ഭൂചലനത്തെ നേരിടാനുള്ള, ലഭ്യമായ എന്‍ജിനീയറിങ് കോഡുകളുപയോഗിച്ച് ശക്തിപ്പെടുത്തുകയെന്നതാണ്. ഈ പ്രാഥമികമായ കാര്യം, നമുക്ക് വടക്കേയിന്ത്യയില്‍ ഭൂചലനസാധ്യതയുണ്ടെന്നറിയാവുന്ന എത്രപ്രദേശങ്ങളില്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ കഴിയുന്നുണ്ടെന്നു പരിശോധിക്കണം. ഹിമാലയപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഏതൊക്കെത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കരുത് എന്നകാര്യമാണ് നമുക്കു മനസ്സിലാക്കാന്‍ സാധിക്കുക. ഉത്തരാഖണ്ഡില്‍ 2013ലുണ്ടായ പ്രളയംതന്നെ ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കിത്തന്നതാണ്. കെട്ടിടങ്ങള്‍ മോശമായി നിര്‍മിക്കുകമാത്രമല്ല, നിര്‍മിക്കാന്‍ പടില്ലാത്തത് നഗരത്തില്‍ത്തന്നെ പണിതുയര്‍ത്തുക തുടങ്ങിയ പ്രകൃതിവിരുദ്ധമായ കാര്യങ്ങളില്‍ നാം മാതൃകയായിരിക്കുന്നു. ദുരന്തത്തിനുശേഷവും പ്രകൃതിക്കനുയോജ്യമായ നിയമംകൊണ്ടുവരാന്‍ പ്രാദേശികഭരണകൂടംപോലും സമ്മതിക്കുന്നില്ല എന്നസത്യം ആത്യന്തികമായി നാം പാഠങ്ങള്‍ പഠിക്കുന്നില്ലെന്നല്ലേ കാണിക്കുന്നത്?

ഹിമാലയപ്രദേശത്തുണ്ടാകാന്‍ സാധ്യതയുള്ള ഭൂമികുലുക്കങ്ങളെ കണ്ടുകൊണ്ട് ഒരു വിശാലമായ ദുരന്തലഘൂകരണപദ്ധതി നാം എത്രയുംവേഗം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത നേപ്പാള്‍ഭൂചലനം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇനിയും ഇതിലുംവലിയ ഭൂമികുലുക്കങ്ങളുടെ സാധ്യത തീര്‍ച്ചയായും നമ്മുടെ സര്‍ക്കാറുകളുടെ നയപരിപാടികളുടെ ഭാഗമാക്കുകയും അവയിലെ ദുരന്തലഘൂകരണനടപടികള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയുംവേണം. നേപ്പാള്‍ഭൂചലനം നമ്മെ അത് വീണ്ടും തീക്ഷ്ണമായി ഓര്‍മിപ്പിക്കുകയാണ്.

(ബംഗളൂരു ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ പ്രൊഫസറും തിരുവനന്തപുരം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ സീനിയര്‍ സയന്റിസ്റ്റുമാണ് ലേഖകന്‍)

Post a Comment

0 Comments

CLOSE ADS


CLOSE ADS