Subscribe Us

സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതിയായ സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന പ്രത്യേക സാമ്പത്തിക കോടതി മജിസ്‌ട്രേറ്റ് ആര്‍.വി രാജുവിനെതിരെ കുറ്റപത്രം. കൂടാതെ പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഇദ്ദേഹത്തിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 

ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം ഉത്തരവിട്ടിരുന്നു. അന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും അഡ്വക്കേറ്റ് ജയശങ്കറും നല്‍കിയ പരാതികളെത്തുടര്‍ന്നായിരുന്നു നടപടി. ജില്ലാ ജഡ്ജായ എസ് മോഹന്‍ദാസ് ആയിരുന്നു അന്വേഷണം നടത്തിയത്. 

സോളാര്‍ കേസില്‍ മുഖ്യ പ്രതികളിലൊരാളായ സരിത കോടതിയില്‍ രഹസ്യമായി അറിയിച്ച കാര്യങ്ങള്‍ അപ്പോള്‍ തന്നെ രേഖപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്താതെ അത് പിന്നീട് എഴുതി നല്‍കാനാണ് മജിസ്‌ട്രേറ്റ് രാജു നിര്‍ദേശിച്ചത്.

അതുപോലെ സരിതയുടെ മൊഴി എഴുതി വാങ്ങുന്നതില്‍ നിന്ന് സി.ജെ.എം കോടതി അവരുടെ അഭിഭാഷകനായ ഫെനിയെ തടഞ്ഞതും വിവാദമായിരുന്നു. സുരക്ഷാകാരണം പറഞ്ഞ് സരിതയെ അധികൃതര്‍ പത്തനംതിട്ട ജയിലില്‍ നിന്ന് തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയത് മൊഴിയെ സ്വാധീനിക്കാനാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

അട്ടക്കുളങ്ങര ജയിലില്‍ നിന്ന് സരിത എഴുതി നല്‍കിയ മൊഴിയില്‍ പക്ഷേ, ഉന്നതരുടെ പേരുകളോ മറ്റ് വിവാദ വിഷയങ്ങളോ ഉണ്ടായിരുന്നില്ല. സരിത രഹസ്യമൊഴി നല്‍കിയപ്പോള്‍ അത് രേഖപ്പെടുത്താതിരുന്ന നടപടി, സരിതയുടെ മൊഴി അട്ടിമറിക്കാന്‍ സര്‍ക്കാരിന് അവസരമൊരുക്കിയെന്ന് ആരോപിച്ചാണ് മജിസ്‌ട്രേട്ടിനെതിരെ സുരേന്ദ്രനും അഡ്വ.ജയശങ്കറും ഹൈക്കോടതി വിജിലന്‍സിനെ സമീപിച്ചത്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS