Subscribe Us

രാജമൗലി: അമര്‍ചിത്രകഥകളുടെ ആരാധകന്‍

 ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായി എസ്.എസ്. രാജമൗലിയുടെ ബാഹുബലി പ്രദര്‍ശനത്തിനൊരുങ്ങി. മൂന്നുവര്‍ഷത്തെ അണിയറപ്രവര്‍ത്തനങ്ങള്‍ക്കുശേഷം ജൂലൈ രണ്ടാംവാരം ചിത്രം തിയേറ്ററുകളിലെത്തും. ഛത്രപതി, മഗധീര, നാന്‍ ഈ(ഈച്ച) തുടങ്ങിയ സിനിമകളിലൂടെയാകും രാജമൗലിയെന്ന സംവിധായകനെ മലയാളികള്‍ എളുപ്പത്തില്‍ ഓര്‍ത്തെടുക്കുക. ആറുവര്‍ഷം മുന്‍പാണ് ബാഹുബലിയെന്ന കൂറ്റന്‍ പ്രോജക്റ്റിനെകുറിച്ച് രാജമൗലി ചിന്തിച്ചുതുടങ്ങുന്നത്. കഥയും തിരക്കഥയും ഒരുക്കിയശേഷം ഒരുവര്‍ഷത്തോളം ചിത്രത്തിനായുള്ള സജ്ജീകരണങ്ങളിലായിരുന്നു അദ്ദേഹം. ചിത്രീകരണം രണ്ടുവര്‍ഷം നീണ്ടുനിന്നു. ഹൈദരബാദായിരുന്നു ബാഹുബലിയുടെ പ്രധാന ലൊക്കേഷന്‍. കന്നട,തമിഴ്,ഹിന്ദി,മലയാളം തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളിലെത്തുന്ന ബാഹുബലിയുടെ വിശേഷങ്ങളുമായി സംവിധായകന്‍ 

സംവിധായകനു ഇതിഹാസങ്ങളോടുള്ള പ്രണയം ബാഹുബലിയിലും പ്രകടമാണോ
 


ഇതിഹാസങ്ങളോടും-പുരണങ്ങളൊടുമുള്ള പ്രണയം ചെറുപ്പം മുതല്‍തന്നെ എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്, ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമര്‍ ചിത്രകഥകള്‍ വായിച്ചുതുടങ്ങി .അച്ചനൊപ്പം ലൈബ്രറിയില്‍ പോകുമ്പോഴെല്ലാം പുരാണകഥകള്‍ തിരഞ്ഞെടുക്കുന്നതിലായിരുന്നു താല്‍പര്യം, വായിച്ചകഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് സുഹൃത്തുകള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുന്നതായിരുന്നു അന്നത്തെ ശീലം.
 
 സിനിമ തുടങ്ങിയപ്പോഴും ഭാരതചരിത്രവും മിത്തുകളും ഇതിഹാസങ്ങളുമെല്ലാമായിരുന്നു മനസ്സുനിറയെ, തുടക്കകാരനായ ഒരാളെ വിശ്വസിച്ച് അത്തരമൊരു സിനിമയൊരുക്കാന്‍ നിര്‍മ്മാതാക്കളാരും വരില്ലെന്നുറപ്പായിരുന്നു. അതിനാല്‍ നിലയുറപ്പിക്കാനായി മറ്റു ചില ശ്രമങ്ങള്‍ നടത്തി, ഇപ്പോള്‍ എന്നെ വിശ്വസിച്ച് കോടികള്‍ മുടക്കാന്‍ ആളുണ്ട് അതുകൊണ്ടുതന്നെ വ്യത്യസ്തമായ ചിത്രങ്ങളെടുക്കുന്നു.ബാഹുബലി ഏതൊരുസംവിധായകന്റേയും സ്വപ്‌നസിനിമയാണ്.

ബാഹുബലിയിലെ വില്ലന്‍ നായകനെ വെല്ലുന്നതായി അടക്കം പറച്ചിലുകളുണ്ട്്
 


നായകനേക്കാള്‍ ശക്തനാണ് വില്ലെനെങ്കില്‍ നായകന്റെ വിജയത്തിന് മാറ്റുകൂടും, രാവണന്‍ കൂടുതല്‍ കരുത്തനാകുമ്പോളാണ് രാമന്റെ വിജയത്തിന് തിളക്കമേറുന്നത്. പ്രഭാസാണ് ബാഹുബലിയിലെ നായകന്‍. റാണദഗ്ഗൂബട്ടി വില്ലനായെത്തുന്നു. പ്രതിനായക വേഷം സ്വീകരിക്കാന്‍ റാണ തയ്യാറാകുമൊയെന്ന സംശയമുണ്ടായിരുന്നു. കഥയിലെ വില്ലന്‍വേഷമാണ് താന്‍ ചെയ്യേണ്ടതെന്നല്ല റാണയോട് ആദ്യം പറഞ്ഞത്, കഥാസന്ദര്‍ഭങ്ങളും കഥാപാത്രത്തെകുറിച്ചു വിവരിച്ചു. ആലോചിച്ചു പറയാമെന്നായിരുന്നു ആദ്യപ്രതികരണം. കഥപറഞ്ഞു വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും അനുകൂലതീരുമാനമറിയിച്ച് റാണയുടെ ഫോണ്‍ വന്നു. ബാഹുബലിയിലെ വില്ലന്‍ കരുത്തനാണ്,ചിത്രത്തിലെ ഓരോ കഥാപാത്രത്തെ അവതരിപ്പിച്ചവര്‍ക്കും സമാന അഭിപ്രായം തന്നെയാകും പറയാനുണ്ടാകുക. കഥകേള്‍ക്കുന്നതിനിടെ പ്രഭാസിന്റെ രോമങ്ങള്‍ എഴുന്നേറ്റുനില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിത്രത്തിലെ താരങ്ങളെല്ലാം കഥാപാത്രത്തിനായി എന്തുവെല്ലുവിളികളും ഏറ്റെടുക്കാന്‍ ഒരുക്കമായിരുന്നു.
 
 യുദ്ധരംഗങ്ങള്‍ തന്നെയാണോ ചിത്രത്തിന്റെ ഹൈലേറ്റ് 

യുദ്ധരംഗങ്ങള്‍ക്ക് ചിത്രത്തില്‍ വലിയ പ്രാധാന്യംതന്നെയുണ്ട്, നാലുമാസമെടുത്താണ് ബാഹുബലിയിലെ യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചത്. രണ്ടായിരത്തോളം ബോഡിബില്‍ഡര്‍മാര്‍ യുദ്ധത്തിനായി പതിനഞ്ചുദിവസത്തോളം ഛായംപൂശി കാമറക്കുമുന്നില്‍ നിന്നിട്ടുണ്ട്. ശാരീരിക പരീശീലനങ്ങളെല്ലാം ചിത്രീകരണത്തിനുമുന്‍പേ നടന്നിരുന്നു. സംഘട്ടനരംഗങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം ആറുമാസത്തോളം ക്ലാസ്സുകളുണ്ടായിരുന്നു. സ്റ്റണ്ട്് മാസ്റ്റേഴ്‌സെല്ലാം വിദേശത്തുനിന്നുളളവരായിരുന്നു. ചിത്രത്തിന്റെ അണിയറയില്‍ എത്രപേര്‍ പ്രവര്‍ത്തിച്ചു എന്നുപറയാന്‍ കഴിയില്ല,എല്ലാവരേയും ഒന്നായിചേര്‍ത്തു കൊണ്ടുപോകുക ഭാരിച്ച ജോലിയായിരുന്നു ഇന്നതാലോചിക്കുമ്പോഴെ തലപെരുക്കുന്നു.

ആയിരം വര്‍ഷംമുന്‍പു നടക്കുന്ന കഥക്ക് ഭാഷ പ്രശ്‌നമായിരുന്നതായി കേള്‍ക്കുന്നു
 


തമിഴിലേക്ക് മൊഴിമാറുമ്പോള്‍ എതുതരം തമിഴ് ഉപയോഗിക്കണമെന്ന് സംശയം ശക്തമായിരുന്നു. പഴയകാലത്തെ കൊടുതമിഴില്‍ കഥാപാത്രങ്ങള്‍ സംസാരിക്കണോ പുതുതമിഴ് പിന്‍തുടരണോ തുടങ്ങിയ സംശയങ്ങളാണ് പ്രധാനമായും തലപൊക്കിയത്. സിനിമയുടെ ഭാഗമായിരുന്ന നാസറിനോടും സത്യരാജിനോടുമെല്ലാം അഭിപ്രായം ചോദിച്ചപ്പോള്‍ വ്യത്യസ്തപക്ഷങ്ങളിലൂന്നിയാണ് അവര്‍ വാദിച്ചത്്. യുവഎഴുത്തുകാരനായ കാര്‍ക്കിയാണ് ചിത്രത്തിനായി തമിഴ് സംഭാഷണം എഴുതിയത്. ഒരുസീനിലെ സംഭാഷണങ്ങള്‍ നാലുകാലഘട്ടങ്ങളിലുളള ഭാഷയിലെഴുതി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മുന്‍പില്‍ വായിച്ചു കേള്‍പ്പിച്ചു. പ്രേക്ഷകര്‍ക്ക് എളുപ്പം പിന്‍ന്തുടരാന്‍ കഴിയുന്ന പഴമ നിലനിര്‍ത്തിയുള്ള ഭാഷയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്്.
 
രണ്ടു പാര്‍ട്ടുകളിലായി പുറത്തിറങ്ങുന്ന ബാഹുബലിയുടെ ആദ്യ ഭാഗമാണ് ജൂലൈയില്‍ പുറത്തിറങ്ങുന്നത്. അനുഷ്‌ക ഷെട്ടിയും തമന്നയുമാണ് ചിത്രത്തിലെ നായികമാര്‍, ഇവര്‍ക്കുപുറേമെ രമ്യാകൃഷ്ണന്‍, നാസര്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിരതന്നെ ബാഹുബലിക്കായി അണിനിരക്കുന്നുണ്ട്. രാജമൗലി തിക്കഥനിര്‍വഹിച്ച ചിത്രത്തിന്റെ കഥ വി.വിജയേന്ദ്ര പ്രസാദിന്റേതാണ്. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എം.എം.മരതകമണി സംഗീതസംവിധാനവും പി.എം.സതീഷ് സൗണ്ട് ഡിസൈനും നിര്‍വഹിച്ചു. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം തമിഴില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS