Subscribe Us

രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിച്ചാല്‍ അഞ്ചുവര്‍ഷം തടവ്


കൊച്ചി: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍, കണാനില്ലെന്നു മാത്രം കാണിച്ച് വിവരം നിഷേധിച്ചാല്‍ മേലില്‍ അഞ്ച് വര്‍ഷം തടവ് വരെ ശിക്ഷ ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. സാധുവായ കാരണമില്ലാതെ രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിക്കുന്നത് 1993ലെ പൊതുരേഖാ നിയമത്തിന്റെ ലംഘനമായി കണക്കാക്കി അഞ്ച് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാവുന്ന കുറ്റമാണെന്നാണ് സര്‍ക്കുലര്‍ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കുന്നത്.

സൂക്ഷിക്കാനുള്ള കാലാവധി അവസാനിച്ച രേഖകള്‍ ചട്ടപ്രകാരം നശിപ്പിക്കാം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖ അത്തരത്തില്‍ ചട്ടപ്രകാരം നശിപ്പിച്ചതാണെന്ന് രേഖകള്‍ സഹിതം തെളിയിക്കാനായാല്‍ ഉദ്യോഗസ്ഥന് പ്രശ്‌നമുണ്ടാവില്ല. നിയമപരമായി ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്ന രേഖകളുടെ പട്ടിക അതത് വകുപ്പുകള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് പൊതുഭരണ വിഭാഗം സ്‌പെഷല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

കേന്ദ്ര വിവരാവകാശ കമ്മീഷന്റെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. ആവശ്യപ്പെട്ട ഫയല്‍ കാണാനില്ലെന്നത് വിവരാവകാശ നിയമത്തില്‍ അനുവദനീയമായ ഇളവല്ല. 
കാണാനില്ലെന്നു പറഞ്ഞ് രേഖ കൊടുക്കാതിരിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം നിഷേധിക്കുന്നതിന് തുല്യമാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നടപടിക്ക് ആവശ്യപ്പെട്ടതായും സര്‍ക്കുലറില്‍ പറയുന്നു. 

രേഖകള്‍ സൂക്ഷിക്കേണ്ട കാലാവധി ഓരോ പൊതു അധികാരിയും പാലിക്കണം. കാലാവധി കഴിഞ്ഞാല്‍ രേഖകള്‍ നശിപ്പിക്കുന്നത് ബന്ധപ്പെട്ട അധികാരികളുടെ മേല്‍നോട്ടത്തിലാവണം. അങ്ങനെ ഏതെല്ലാം രേഖകളാണ് നിയമാനുസൃതം നശിപ്പിച്ചിട്ടുള്ളതെന്ന് രേഖപ്പെടുത്തി വെക്കുകയും വേണം. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും ഇത് പാലിക്കണം. സ്വയംഭരണ സ്ഥാപനങ്ങള്‍ ഓരോ വിഭാഗത്തിലെയും രേഖകള്‍ എത്ര കാലം സൂക്ഷിക്കണം എന്നതിന് ക്രമീകരണം 
ഉണ്ടാക്കണം.

Post a Comment

0 Comments

CLOSE ADS


CLOSE ADS