Subscribe Us

ചരിത്രസമരം വിജയിപ്പിച്ചത് മൂന്നു വീട്ടമ്മമാര്‍


മൂന്നാര്‍: കേരളസമരചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളിസമരത്തിന് നേതൃത്വം നല്‍കിയത് മൂന്ന് തോട്ടം തൊഴിലാളികളായ വീട്ടമ്മമാര്‍.കെ.ഡി.എച്ച്.പി. കമ്പനിയുടെ ദേവികുളം ഫാക്ടറി ഡിവിഷനില്‍ ഗോമതി അഗസ്റ്റിന്‍ (38), ലോവര്‍ ഡിവിഷനില്‍ എം.ഇന്ദ്രാണി (36), നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ ലിസി സണ്ണി (47) എന്നിവരുടെ നേതൃത്വത്തിലാണ് അയ്യായിരത്തിലധികംവരുന്ന സ്ത്രീതൊഴിലാളികള്‍ ഒന്‍പതു ദിവസം കമ്പനിക്കെതിരെ സമരം നടത്തി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട േബാണസ് ആനുകൂല്യം നേടിയെടുത്തത്.

8-ാംക്ലാസ് വരെ പഠിച്ച ലിസി സണ്ണി 26 വര്‍ഷമായി നല്ലതണ്ണി എസ്റ്റേറ്റില്‍ കൊളുന്ത് നുള്ളുന്നു. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. മകളുടെ വിവാഹം കഴിഞ്ഞു. 10-ാംക്ലാസ് വരെ പഠിച്ച ഗോമതി അഗസ്റ്റിന്‍ 24 വര്‍ഷമായി കമ്പനിയിലെ തൊഴിലാളിയാണ്. അസുഖം ബാധിച്ച് ജോലിക്കു പോകാന്‍ കഴിയാത്ത ഭര്‍ത്താവും വിദ്യാര്‍ഥികളായ മൂന്ന് ആണ്‍മക്കളും. കുടുംബം കഴിഞ്ഞുകൂടുന്നത് ഗോമതിയുടെ വരുമാനത്തില്‍. 9-ാംക്ലാസ് വരെ മാത്രം പഠിച്ച ഇന്ദ്രാണി മണികണ്ഠന്‍ സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യനാണ്. 1996 മുതല്‍ 99 വരെ സംസ്ഥാന അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ പവര്‍ലിഫ്റ്റിങ്ങില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയ താരമായ ഇന്ദ്രാണി 17 വര്‍ഷമായി എസ്റ്റേറ്റിലെ തൊഴിലാളിയാണ്. രോഗികളായ മാതാപിതാക്കളെയും സഹോദരങ്ങളെയും പോറ്റുന്നതിനാണ് പഠനത്തോടും പവര്‍ലിഫ്റ്റിങ്ങിനോടും വിടപറഞ്ഞ് കൊളുന്ത് നുള്ളാനിറങ്ങിയത്.

തികഞ്ഞ അച്ചടക്കത്തോടെ വ്യത്യസ്തങ്ങളായ മുദ്രവാക്യങ്ങളുമായി പൊതുജനങ്ങള്‍ക്കോ പോലീസിനോ പ്രകോപനമുണ്ടാകാത്തതരത്തില്‍ ചരിത്രവിജയമായ സമരം നയിച്ചത് മുഖ്യമായും ഈ മൂന്നു വീട്ടമ്മമാരാണ്. തങ്ങള്‍ അനുഭവിക്കുന്ന വേദനകളും ദുരിതങ്ങളും ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതും പെട്ടെന്ന് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ഈ വനിതാ നേതാക്കളായിരുന്നു.

ട്രേഡ് യൂണിയന്‍ നേതാക്കളെ അപ്പാടെ ഒഴിവാക്കി മൂന്നാര്‍ സമരത്തിന് നേതൃത്വം നല്‍കി ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയരായ ഇവരെ മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തുകയാണിപ്പോള്‍. ഇവര്‍ ഉറച്ച സ്വരത്തില്‍ പറയുന്നു 'സമരം നടത്തി ഞങ്ങള്‍ ജയിച്ചു. ട്രേഡ് യൂണിയനുകള്‍ ഞങ്ങള്‍ക്ക് വേണം. പക്ഷേ, നേതാക്കള്‍ ആരെന്ന് ഞങ്ങള്‍ തീരുമാനിക്കും'.

Post a Comment

0 Comments

CLOSE ADS


CLOSE ADS