Subscribe Us

കരള്‍രോഗം മാറ്റാന്‍ നീരയ്ക്കാകുമെന്ന് പഠനം


കോട്ടയം: കല്പവൃക്ഷമായ തെങ്ങില്‍നിന്ന് ഉല്പാദിപ്പിക്കുന്ന നീര, കരള്‍രോഗചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് പഠനം. കരള്‍രോഗികള്‍ക്കും കേരകര്‍ഷകര്‍ക്കും പ്രതീക്ഷ പകരുന്നതാണ്, പരീക്ഷണശാലയില്‍നിന്നുള്ള ഈ വിവരം. മദ്യപാനംമൂലമുണ്ടാകുന്ന കരള്‍രോഗത്തിന്റെ ചികിത്സയിലാണ് നീര ഏറെ പ്രയോജനപ്പെടുക.

ഏഷ്യയിലെ പ്രധാന ശാസ്ത്രഗവേഷണ കേന്ദ്രങ്ങളിലൊന്നായ, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നത്. നീര ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ കരള്‍രോഗം പൂര്‍ണമായി മാറ്റാനായി.

ബാംഗ്ലൂര്‍ ഐ.ഐ.എസ്സി.യിലെ ഇനോര്‍ഗാനിക് ആന്‍ഡ് ഫിസിക്കല്‍ കെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞയും മലയാളിയുമായ ഡോ. എസ്.സന്ധ്യ, പാലാ സെന്റ്‌തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.രതീഷ്, ഗവേഷകയായ സ്വെന്യാ പി.ജോസ് എന്നിവരാണ് പഠനങ്ങള്‍ നടത്തിയത്.

തെങ്ങിന്റെ ചൊട്ട(പൂക്കുല) ചെത്തുമ്പോള്‍ ഊറിവരുന്ന പാനീയമാണ് നീര. ഇതില്‍ മദ്യാംശം ഒട്ടുമില്ല. ഔഷധഗുണവും പോഷകസമൃദ്ധിയുമുള്ള നീര, രുചിയുടെ കാര്യത്തിലും മുന്നിലാണ്.

ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടല്‍ എന്നിവയുടെ ശമനത്തിന് ഇതുപയോഗിക്കാമെന്ന് മുമ്പ് തെളിഞ്ഞതാണ്.
കരളില്‍ അടിഞ്ഞുകൂടുന്ന അസറ്റാല്‍ഡിഹൈഡ് എന്ന വിഷപദാര്‍ഥം നീക്കാന്‍ നീരയ്ക്കുള്ള കഴിവാണ് തെളിഞ്ഞിരിക്കുന്നത്. മദ്യപാനംമൂലമാണ് പ്രധാനമായും ഈ വിഷപദാര്‍ഥം കരളില്‍ അടിയുന്നത്.

മദ്യം വയറ്റിലെത്തിയാല്‍ കരളിലെ എന്‍സൈമുകളാണ് അതിനെ അസറ്റാല്‍ഡിഹൈഡ് ആക്കുന്നത്. ഇത് വന്‍തോതില്‍ അടിഞ്ഞുകൂടിയാല്‍ കരള്‍കോശങ്ങള്‍ നശിക്കും. മദ്യത്തിന്റെ ഉപയോഗം ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും(കരളിലെ പിരിമുറുക്കം) വര്‍ധിപ്പിക്കും. കുപ്പ്‌ഫെര്‍, സ്റ്റെല്ലേറ്റ് സെല്ലുകള്‍ ഉത്തേജിതമാകും. കരള്‍വീക്കം വരും. എക്‌സ്ട്രാസെല്ലുലാര്‍ മാട്രിക്‌സിന് നാശവും സംഭവിക്കും.
അമിനോ അമ്ലങ്ങള്‍, വൈറ്റമിനുകള്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയവയുടെ കലവറയാണ് നീര. 100 മില്ലിലിറ്റര്‍ നീരയില്‍ 75 കലോറി ഊര്‍ജമാണുള്ളത്. 250 മില്ലിഗ്രാം പ്രോട്ടീന്‍, 16 മില്ലിഗ്രാം പഞ്ചസാര എന്നിവയുമുണ്ട്.

മധുരമുണ്ടെങ്കിലും ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കുപോലും ഉപയോഗിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. വൈറ്റമിന്‍ ഇ, സി, ബി, ഫെര്‍ണസോള്‍ എന്നിവയുള്ളതിനാല്‍ മികച്ച ആന്റി ഓക്‌സിഡന്റ് പാനീയവുമാണ്.
രോഗമില്ലാത്ത കരളിന്റെ പ്രവര്‍ത്തനശേഷി കൂട്ടാന്‍ നീരയ്ക്കാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments

CLOSE ADS


CLOSE ADS