Subscribe Us

ഗള്‍ഫില്‍ ചക്കക്കുരു വില 2330, കശുവണ്ടിക്ക് 1645



ദുബായ്: കേരളത്തിന് വലിയ താത്പര്യമില്ലെങ്കിലും ചക്കക്കുരുവിന് ഗള്‍ഫ്‌നാടുകളില്‍ വലിയ വിലയാണ്. ആവശ്യക്കാര്‍ മലയാളികളല്ലെന്നുമാത്രം. 

യു.എ.ഇ.യിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ അണ്ടിപ്പരിപ്പിനും പിസ്തയ്ക്കും ബദാമിനുമൊക്കെ തോളോടുതോള്‍ ചേര്‍ന്നാണ് ചക്കക്കുരുവിന്റെ നില്‍പ്പ്. വിലയും വലിയതോതില്‍ത്തന്നെ. ബ്രസീലില്‍നിന്നാണ് ഇതിന്റെ വരവത്രയും. കിലോയ്ക്ക് 140 മുതല്‍ 150 ദിര്‍ഹംവരെയാണ് ബ്രസീലില്‍നിന്നുള്ള സംസ്‌കരിച്ച ചക്കക്കുരുവിന്റെ വില. അതായത്, ഇന്ത്യന്‍ രൂപയില്‍ വില 2300 മുതല്‍ 2500 വരെ വരും. വറുത്ത കശുവണ്ടിക്ക് ശരാശരി നൂറ്് ദിര്‍ഹമാണ് വില.

ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരാണ് പ്രധാനമായും ഇതിന്റെ ഉപഭോക്താക്കള്‍ എന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ജീവനക്കാര്‍ പറയുന്നു. എല്ലാവിഭാഗം രാജ്യക്കാരുമുള്ള യു.എ.ഇ.യിലാണ് ചക്കക്കുരുവിന് ഏറെയും ആവശ്യക്കാര്‍. 

പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ഉണങ്ങിയ പഴങ്ങള്‍ (ഡ്രൈ ഫ്രൂട്ട്‌സ്) വില്‍ക്കുന്ന വിഭാഗത്തില്‍ നിരത്തിയിരിക്കുന്ന ബ്രസീലിയന്‍ ചക്കക്കുരുവിന് ഈയാഴ്ചത്തെ വില കിലോയ്ക്ക് 149 ദിര്‍ഹമാണ്. കേരളത്തില്‍ നിന്നുള്ളവ ഇവിടെ എത്തുന്നില്ല. എന്നാല്‍, ചില സ്ഥലങ്ങളില്‍ ചക്ക കിട്ടും. ചുളകള്‍ പാക്കറ്റുകളിലായും ചക്ക മുറിച്ച് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞും ഇവിടെ ലഭ്യമാണ്. എങ്കിലും പുറംനാടുകളില്‍നിന്നാണ് ചക്ക പ്രധാനമായും വിപണിയില്‍ എത്തുന്നത്. 

ചക്ക കാര്യക്ഷമതയോടെ കൃഷിചെയ്തും ചക്കയുടെ ഉത്പന്നങ്ങള്‍ വ്യാവസായികമായി ഉണ്ടാക്കാനുമുള്ള ശ്രമം കേരളത്തില്‍ നടക്കുമ്പോള്‍ ഇന്ത്യക്കുപുറത്തെ വിപണിയും ഇതിന് പാകമാണെന്നതാണ് ഏറ്റവും അനുകൂലമായ ഘടകം. ഏത് സീസണിലും ഉപയോഗിക്കാവുന്ന വിധത്തില്‍ ചക്കയുടെ ഉത്പന്നങ്ങള്‍ സംസ്‌കരിക്കാനും അതിന് ഇന്ത്യക്കുപുറത്ത് പ്രത്യേകിച്ചും ഗള്‍ഫ് വിപണിയില്‍ എത്തിക്കാനും കേരളത്തിന് കഴിയണം. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവയേക്കാള്‍ വിലക്കുറവില്‍ ഗള്‍ഫില്‍ ഇവ എത്തിക്കാനും കേരളത്തിന് കഴിയണം.

Post a Comment

0 Comments

CLOSE ADS


CLOSE ADS