expr:class='"loading" + data:blog.mobileClass'>

'ചക്കസംസ്‌കാരം' തിരിച്ചുപിടിക്കുക


ഏതു ദേശത്തിനും അതിന്റെ തനതു ഫലവൃക്ഷങ്ങളുണ്ട്. അതാത് ദേശത്തെ ജനങ്ങളുടെ ആരോഗ്യം അവയെ ആശ്രയിച്ചിരിക്കുന്നു. മലയാളികളുടെ ആരോഗ്യത്തിന്റെ രഹസ്യത്തില്‍ ചക്കയെ ഒരിക്കലും മാറ്റിനിര്‍ത്താനാവുകയില്ല.


'ചക്കേം മാങ്ങേം മൂമാസം.' കേരളീയരുടെ ഭക്ഷണക്രമത്തിന്റെ വൃത്തചിത്രത്തില്‍ മൂന്നു മാസം കടന്നുപോയിരുന്നത് ചക്ക ഭക്ഷിച്ചുകൊണ്ടുതന്നെയായിരുന്നു.

'പുര നിറയെ പിള്ളേരും പ്ലാവു നിറയെ ചക്കേം' എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിന് രണ്ട് അര്‍ഥതലങ്ങളാണുള്ളത്. പുരയില്‍ എത്ര കുഞ്ഞുങ്ങളുണ്ടായാലും അവരുടെ വയറു നിറയ്ക്കുവാന്‍ തൊടിയിലെ പ്ലാവു മതിയെന്നും ചക്ക തിന്നാല്‍ വന്ധ്യത ഉണ്ടാകില്ലെന്നുമുള്ള ധ്വനികളാണുള്ളത്.
എന്നാല്‍ പരിഷ്‌കാരിയാണെന്ന ഭാവത്തില്‍ മലയാളി ചക്കയ്ക്ക് ഭ്രഷ്ട് കല്പിച്ച് മുഴുവന്‍ അന്യനാട്ടിലേക്ക് അയയ്ക്കുന്നു. പകരം ആഴ്ചകളും മാസങ്ങളും കഴിഞ്ഞ ആപ്പിള്‍, ഓറഞ്ച് എന്നിവ അമിതവില

കൊടുത്ത് വാങ്ങി കഴിക്കുകയും ചെയ്യുന്നു. നല്ലതെന്തുണ്ടായാലും മലയാളി കയറ്റി അയയ്ക്കും എന്ന് ആരോ പറഞ്ഞത് എത്രയോ ശരി.
ചക്ക തിന്നാല്‍ ഗ്യാസാണെന്നാണു പരാതി. മൂന്നു നേരവും വയറുനിറച്ച് ആഹാരം കഴിച്ചിട്ട് ഇടയ്ക്ക് ചക്ക ഭക്ഷിക്കുന്നതാണ് അതിനു കാരണം. ചക്ക പഴമായാലും വേവിച്ചതായാലും അതുമാത്രം ഒരു നേരത്തെ ആഹാരമാക്കിയാല്‍ ഒരിക്കലും ഗ്യാസ് ഉണ്ടാകുകയില്ല. വെറുംവയറ്റില്‍ പ്രഭാതഭക്ഷണമായി ചക്ക കഴിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. കൂഴച്ചക്കപ്പഴം നല്ല ഒരു പ്രാതല്‍ ആണ്. ചക്കയുടെ കൂടെ മറ്റൊന്നും കഴിക്കരുത്.

ധാരാളം പോഷകങ്ങളും നാരുമടങ്ങിയ ചക്കപ്പഴവും ചക്കക്കുരുവും പഴമായും പച്ചക്കറിയായും കഴിക്കുന്നത് പല ഉദരരോഗങ്ങള്‍ക്കും പ്രതിവിധിയാണ്.
കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ ഭീകരരോഗങ്ങളുടെ കാരണം തേടി ശാസ്ത്രം നടത്തുന്ന അന്വേഷണങ്ങളില്‍നിന്ന് മനുഷ്യര്‍ ഫലഭുക്കുകളാണെന്നും വേണ്ട അളവില്‍ അവ ആഹരിക്കാത്തതുകൊണ്ടാണ് അത്തരം രോഗങ്ങള്‍ വര്‍ധിക്കുന്നതെന്നും കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. ഇത്തരം കണ്ടെത്തലുകളെല്ലാം ചക്ക ധാരാളം ഭക്ഷിക്കേണ്ടതിന്റെയും പ്ലാവുകള്‍ ധാരാളം നട്ടുപിടിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.
ചക്കപ്പഴസംസ്‌കരണം ഇപ്പോള്‍ ചിലയിടങ്ങളില്‍ കുടുംബശ്രീകളുടെയും മറ്റും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. ഇതിന് നല്ല സാധ്യതകള്‍ ഉണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പലയിടങ്ങളിലും സംഘടിപ്പിക്കുന്ന ചക്കോത്സവങ്ങളില്‍ ചക്ക ഉപയോഗിച്ചു നിര്‍മിക്കുന്ന വിവിധ ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആവശ്യക്കാരുള്ളതായി കണ്ടിട്ടുണ്ട്. സ്‌ക്വാഷ്, ഹല്‍വ, ജാം എന്നിങ്ങനെ നൂറില്‍പ്പരം വിഭവങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കാം.
ചക്കയുടെ രുചിഭേദങ്ങളിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ നമുക്കു സാധിക്കും. മാത്രവുമല്ല, ചക്ക ഒരു സീസണില്‍ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. ഇത്തരം വിഭവങ്ങളിലൂടെ, അതായത് ചക്കോത്പന്നങ്ങളിലൂടെ ചക്ക കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുവാനും കഴിയും.
ഇത്തരം ചക്കോത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ഔഷധങ്ങള്‍ക്കുമെല്ലാമായി വലിയ വിദേശകമ്പനികള്‍ ചക്കകള്‍ ഇവിടെനിന്ന് കടത്തിക്കൊണ്ടുപോകുന്ന കാലം വിദൂരത്തല്ല. എന്നാല്‍, നമ്മുടെ നാട്ടിലെ ചക്കകള്‍ മൊത്തത്തില്‍ അടിച്ചുകൂട്ടി കയറ്റിപ്പോകുന്നതില്‍ എനിക്ക് യോജിപ്പില്ല. പ്രകൃതിയുടെ വിശപ്പുമാറ്റാന്‍ ചക്കകള്‍ ഇവിടെ ഉണ്ടായേ മതിയാവൂ.

പാവപ്പെട്ടവരും ഇടത്തരക്കാരും ധാരാളം ഉപയോഗിച്ചുവരുന്ന ഒന്നാണ് ചക്ക. കേരളീയര്‍ക്ക് ചക്കയോട് കുറച്ചുകാലമായി അത്ര പ്രിയം കാണുന്നില്ല. എന്നാല്‍, ഗള്‍ഫുനാടുകളില്‍നിന്നുള്ള പണം ഇങ്ങോട്ടൊഴുകുന്നതിന് മുന്‍പുള്ള കാലഘട്ടങ്ങളില്‍ ചക്കയും അതിന്റെ കുരുവും മടലുമൊക്കെ ധാരാളം ഭക്ഷിച്ച് പശിയടക്കിയിട്ടുണ്ടെന്നുള്ള കാര്യം പലരും വിസ്മരിക്കുന്നു. എന്തായാലും സഹ്യാദ്രി കടന്ന് മദിരാശി എത്തുമ്പോഴേക്കും അതിനുണ്ടാകുന്ന മൂല്യം ഒന്നറിയുകതന്നെ വേണം.

സ്വര്‍ണവര്‍ണവും തേനിന്റെ മധുരിമയും ഹരംപിടിപ്പിക്കുന്ന സുഗന്ധവുമുള്ള ചക്കപ്പഴം എത്ര കഴിച്ചാലും മതിവരില്ല. പുഴുക്കേടില്ലാത്ത ആരോഗ്യദായകമായ ചക്ക ഒരുകാലത്ത് കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതുതന്നെയായിരുന്നു. ഇന്ന് നമ്മുടെയെല്ലാം മനസ്സുകളില്‍ പൊങ്ങച്ചസംസ്‌കാരം സ്ഥാനംപിടിച്ചതോടുകൂടി ചക്ക ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായി മാറി. പിന്നീട് ചക്ക പതിയേ നമ്മുടെയെല്ലാം ഭക്ഷണശീലങ്ങളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി. അത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും വഴിവെച്ചു. ആയുസ്സും പ്രതിരോധശക്തിയും വര്‍ധിപ്പിക്കുന്നതിന് ചക്ക വളരെയധികം സഹായിക്കുന്നുണ്ട്.

നമുക്കുള്ള പല ആരോഗ്യപ്രശ്‌നങ്ങളും ഭക്ഷ്യക്ഷാമവും പരിഹരിക്കുന്നതിന് കളഞ്ഞുപോയ 'ചക്കസംസ്‌കാരം' തിരിച്ചുപിടിക്കുകതന്നെവേണം. ചുരുക്കിപ്പറഞ്ഞാല്‍ കേരളീയരുടെ ഭക്ഷണശീലങ്ങളില്‍ ചക്കയ്ക്കുണ്ടായിരുന്ന സ്ഥാനം കുറഞ്ഞത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം. അതു മാത്രമല്ല, രൂക്ഷമായ ഭക്ഷ്യധാന്യക്ഷാമം അനുഭവിക്കാന്‍ പോകുന്ന ഇനിയുള്ള കാലങ്ങളില്‍ ചക്കയുടെ പ്രസക്തി നാം തിരിച്ചറിയുകതന്നെ വേണം.
പോഷകപ്രദമായ നല്ലൊരു ആഹാരമെന്ന രീതിയില്‍ പ്ലാവില്‍നിന്നും തേന്‍വരിക്കകള്‍ വീണടിയുമ്പോള്‍ ഹോര്‍മോണ്‍ ബോംബുകളായ കോഴിമുട്ടകള്‍ നാം ഒഴിവാക്കണം. അകത്തും പുറത്തും കൊടിയ വിഷവുമായെത്തുന്ന വരവുപച്ചക്കറികള്‍ വേണ്ടെന്നു വെക്കണം. പഴുത്ത ചക്ക വീട്ടിലുള്ളപ്പോള്‍ നമ്മള്‍ എന്തിന് വിഷദ്രാവകങ്ങളില്‍ മുങ്ങിക്കുളിച്ച ആപ്പിളും മുന്തിരിയും തേടി പോകണം.

ഏറ്റവും വലിയ വൃക്ഷഫലമാണ് ചക്ക. മൂന്നടിവരെ നീളവും ഇരുപത്തിയഞ്ചുവരെ വ്യാസവുമുള്ള ചക്കകളുണ്ടാകാറുണ്ട്. ചക്ക ഒരു ഒറ്റ
പ്പഴമല്ല. നിരവധി ചെറിയ പഴങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ഓരോ ചുളയും ഓരോ പഴമാണ്. ഒരു പ്ലാവില്‍നിന്ന് ശരാശരി ഇരുപതു മുതല്‍ മുന്നൂറു ചക്കകള്‍ വരെ ഒരാണ്ടില്‍ കിട്ടുന്നു. ആദ്യമായി കായ്ക്കുന്ന പ്ലാവില്‍നിന്നും നാലോ അഞ്ചോ ചക്കകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. പിന്നീട് വര്‍ഷങ്ങള്‍ കഴിയുംതോറും കൂടുതല്‍ ചക്കകള്‍ കായ്ച്ചുലയാന്‍
തുടങ്ങും.

കേരളത്തില്‍ 42 കിലോ തൂക്കമുള്ള ചക്കവരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആസാമിലാണ് ഏറ്റവും തൂക്കമുള്ള ചക്ക കണ്ടെത്തിയിട്ടുള്ളത്. 70 കിലോ തൂക്കം വരുന്ന ചക്കയായിരുന്നു അത്.

ചക്കയില്‍നിന്ന് കൂടുതല്‍ കാലം സൂക്ഷിക്കാവുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടായാല്‍ അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കുവരെ ചെറിയ പരിഹാരമുണ്ടായേക്കാവുന്നതാണ്.

വിശിഷ്ടഭോജ്യവസ്തു എന്നതിലുപരി ചക്ക ഔഷധവും പോഷകങ്ങളുടെ കലവറയുമാണ്. പഴവര്‍ഗങ്ങളുടെ ത്രിമൂര്‍ത്തികളില്‍ ഒന്ന് എന്നു പ്രസിദ്ധമായ ചക്കപ്പഴത്തിലെ ശരാശരി 100 ഗ്രാം തൂക്കംവരുന്ന വിളഞ്ഞ മാംസളമായ പഴത്തില്‍ 98 കലോറി ഊര്‍ജം അടങ്ങിയിരിക്കുന്നു. മറ്റുള്ളവ ഇപ്രകാരമാണ്.

Moisture-മോയ്‌സ്ച്ചര്‍ -72.0-77.2 ഗ്രാം
Protein-പ്രോട്ടീന്‍-1.3-1.9ഗ്രാം
എമേഫാറ്റ്-0.1-0.3ഗ്രാം
Carbohydrates-കാര്‍ബോഹൈഡ്രേറ്റ്‌സ്-18.9-25.4ഗ്രാം
Fibre-ഫൈബര്‍-1.0-1.1ഗ്രാം
Calcium-കാത്സ്യം-22മി.ഗ്രാം
Phosphorousഫോസ്ഫറസ്-38 ഗ്രാം
Iron-അയേണ്‍-0.5ഗ്രാം
Sodium-സോഡിയം-2 മി.ഗ്രാം
Potassiumപൊട്ടാസ്യം-407 ഗ്രാം
Vitamin Aവൈറ്റമിന്‍ എ-540ഐ.യു.
Thiamineവൈറ്റമിന്‍ ബി1-0.03മി.ഗ്രാം
Niacin-വൈറ്റമിന്‍ ബി2-4മി.
ഗ്രാമങ്ങളുടെ പുറമ്പോക്കുഭൂമികളിലും വഴിയോരങ്ങളിലും അങ്ങനെ കേരളത്തിന്റെ പലയിടങ്ങളിലായി പതിനായിരത്തിലധികം തൈകള്‍ വെച്ചുപിടിപ്പിച്ചത് വൃക്ഷങ്ങളായി മാറ്റിയ വലിയ മനുഷ്യനാണ് കെ.ആര്‍. ജയന്‍. ഇപ്പോള്‍ ഭാരതപ്പുഴയുടെ തീരത്ത് പത്തര ഏക്കര്‍ ഭൂമിയില്‍ നാട്ടുഫലവൃക്ഷങ്ങളെല്ലാം ഉള്‍പ്പെടുത്തിയ ഒരു പ്ലാവുഗ്രാമത്തിന്റെ നിര്‍മിതിയിലാണ് അദ്ദേഹം. പ്ലാവിനെ അറിയാനും ആ വൃക്ഷത്തെ സ്‌നേഹിക്കാനും അതിന്റെ പ്രജനനം വിപുലീകരിക്കാനും അതേക്കുറിച്ച് കൂടുതല്‍ അറിവു നല്കാനും ഉപകരിക്കുന്ന പുസ്തകമാണ് കെ.ആര്‍. ജയന്‍ രചിച്ച പ്ലാവ്. പ്ലാവില്‍ നിന്ന് ഒരു ഭാഗം ചുവടെ.

Source: Mathrubhoomi
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...