Subscribe Us

കൊല്ലുന്ന ചൂടും എല്‍നിനോ പ്രതിഭാസവും

ഡക്കാന്‍ സമതലത്തിന്റെ പല പ്രദേശങ്ങളും കൊടിയ ചൂടിന്റെ പിടിയിലാണ്. എല്‍നിനോയുടെ സ്വാധീനമാണ് കാരണമെന്ന് കരുതുന്നു

 എല്‍നിനോ ശക്തിപ്പെട്ട 2009 ലും ഇന്ത്യ കഠിനമായ വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പിടിയിലകപ്പെട്ടിരുന്നു. പോയ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയ്ക്കാണ് അന്ന് ഇന്ത്യ ഇരയായത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊടുംചൂടു മൂലം 400 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 'ഹീറ്റ് വേവ്' ( heat wave ) എന്നറിയപ്പെടുന്ന കഠിനഉഷ്ണത്തില്‍ സൂര്യാഘതമേറ്റും അല്ലാതെയും മരിച്ചവരില്‍ ഭൂരിപക്ഷവും ആന്ധ്രപ്രദേശിലാണ്. 

പതിവില്ലാത്ത വിധം വേനല്‍മഴ കേരളത്തില്‍ തുടരുന്നതിനിടെയാണ്, ഡക്കാണ്‍ സമതലത്തിന്റെ മധ്യമേഖലയില്‍ ഹീറ്റ് വേവ് മരണക്കെണിയൊരുക്കി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാന്തസമുദ്രത്തില്‍ രൂപംകൊണ്ടിട്ടുള്ള 'എല്‍നിനോ' ( El Nino ) കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനമാണ് ഇന്ത്യയിപ്പോള്‍ കൊടുംചൂടിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ശരിക്കുപറഞ്ഞാല്‍, ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ മേഖലയില്‍ എല്‍നിനോ മൂലം സംഭവിച്ചേക്കാമെന്ന് കരുതുന്ന ദുരിതങ്ങളുടെ തുടക്കമായി ഇപ്പോഴത്തെ കൊടുംചൂടിനെ കാണാം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ താളംതെറ്റിയേക്കാമെന്നും, എല്‍നിനോ പ്രതിഭാസമാണ് കാരണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആഗോളതലത്തില്‍ രൂക്ഷമായ വിളനാശത്തിന് 2015 ലെ എല്‍നിനോ കാരണമായേക്കാമെന്ന് മുന്നറിയിപ്പ് വന്നിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. അതിന്റെ സൂചന ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. എല്‍നിനോ മൂലമുള്ള കഠിനവരള്‍ച്ച മൂലം കൃഷി നശിച്ച ഫിലിപ്പീന്‍സിലെ കര്‍ഷകര്‍ എലികളെ തിന്ന് ജീവന്‍ നിലനിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ട്!

വിളനാശത്തിന്റെ അനന്തരഫലമായി പല ഭക്ഷ്യോത്പന്നങ്ങളുടെയും വില ആഗോളതലത്തില്‍ വന്‍തോതില്‍ വര്‍ധിക്കാമെന്നും പ്രവചിക്കപ്പെടുന്നു. കാപ്പി, പഞ്ചസാര, ചോക്കളേറ്റ് മുതലായവയ്ക്ക് ഇരട്ടിയിലേറെ വിലയാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കാപ്പിവില 107 ശതമാനവും, സോയാബീന്‍സിന്റെ വിലയില്‍ 37 ശതമാനവും വര്‍ധനയുണ്ടാകമെന്നാണ് 'ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തത്. 

2015 എല്‍നിനോ വര്‍ഷം 

2015 എല്‍നിനോ വര്‍ഷമായിരിക്കുമെന്നും, താരതമ്യേന ശക്തിയേറിയ ഒരു എല്‍നിനോ രൂപപ്പെട്ട് തുടങ്ങിയതായും ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കാലാവസ്ഥാ ഗവേഷകര്‍ ഇതിനകം സ്ഥിരീകരിച്ചു കഴിഞ്ഞു.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എല്‍നിനോയ്ക്ക് 
വഴിവെയ്ക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുകയും വാണിജ്യവാതങ്ങള്‍ നിലയ്ക്കുകയും ചെയ്യും. 

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്തെ ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍നിനോ
ക്രിസ്മസ് കാലത്ത് തീരക്കടലില്‍നിന്ന് മത്സ്യങ്ങളെ ആട്ടിയകറ്റുന്ന ഈ പ്രതിഭാസത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പെറുവിലെ മുക്കുവരാണ് 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന് സ്പാനിഷില്‍ അര്‍ഥം വരുന്ന 'എല്‍നിനോ' എന്ന പേരിട്ടത്.

കാണുക:
 താളംതെറ്റുന്ന കാലാവസ്ഥ; വില്ലന്‍ 'ഉണ്ണിയേശു'

മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയുള്ള ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസത്തിന് ആഗോളകാലാവസ്ഥ തകിടംമറിക്കാനുള്ള ശേഷിയുണ്ട്. യു.എസിന്റെ തെക്കന്‍ പ്രദേശങ്ങളിലും തെക്കേയമേരിക്കയിലും പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന എല്‍നിനോ, ഓസ്‌ട്രേലിയ, ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖല എന്നിവിടങ്ങളില്‍ ചൂടും വരള്‍ച്ചയുമാണ് കൊണ്ടുവരിക. 

ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ തന്നെ എല്‍നിനോയുടെ ഫലം കൊടിയ വരള്‍ച്ചയുടെ രൂപത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്നു 

കാലവര്‍ഷത്തിന്റെ താളംതെറ്റും
ഇന്ത്യന്‍ മണ്‍സൂണിന്റെ താളംതെറ്റിക്കാനും എല്‍നിനോക്ക് ശേഷിയുണ്ട്. ഇന്ത്യയില്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായ കൊടിയ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്നകാര്യം ഇതാണ് വ്യക്തമാക്കുന്നത്.

ഇതിന് മുമ്പ് എല്‍നിനോ ശക്തിപ്പെട്ട 2009 ലും ഇന്ത്യ കഠിനമായ ഹീറ്റ് വേവിന്റെയും വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പിടിയിലകപ്പെട്ടിരുന്നു. പോയ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൊടിയ വരള്‍ച്ചയ്ക്കാണ് അന്ന് ഇന്ത്യ ഇരയായത്.

ഡക്കാണ്‍ സമതലത്തിന്റെ മധ്യഭാഗത്ത് ഇപ്പോള്‍ കഠിനമായ ചൂട് അനുഭവപ്പെടുന്നത്, മണ്‍സൂണിന്റെ വരവിനെ അലോസരപ്പെടുത്തില്ലേ എന്ന് സംശയമുണ്ട്.

മണ്‍സൂണ്‍ മെയ് 30 ഓടെ എത്തുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്. എന്നുവെച്ചാല്‍ ഇനി അതിന് ഒരാഴ്ചയില്ല. സാധാരണഗതിയില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചകളില്‍ വടക്കേയിന്ത്യയാണ് കഠിനമായി ചൂടുപിടിക്കാറ്.

ഇന്ത്യയില്‍ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ച സമയത്ത് ഹിമാലയത്തിലെ ചില സ്ഥലത്ത് എത്ര മഞ്ഞുരുകിയിട്ടുണ്ട് എന്ന് കണക്കാക്കിയാണ് മണ്‍സൂണിന്റെ വരവ് പ്രവചിച്ചിരുന്നത്. 
വടക്കന്‍ മേഖലയില്‍ അന്തരീക്ഷവായു കഠിനമായ ചൂടില്‍ വികസിക്കുന്നതാണ്, ഒരു കണക്കിന് അങ്ങകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് മണ്‍സൂണ്‍ കാറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഒരു വാക്വംക്ലീനറിന്റെ പ്രവര്‍ത്തനം പോലെയാണിത്. ആ നിലയ്ക്ക്, വടക്കേയിന്ത്യ ചൂടുപിടിക്കാതെ ഡക്കാണ്‍ സമതലത്തിന്റെ മധ്യഭാഗത്ത് ഹീറ്റ് വേവ് പ്രത്യക്ഷപ്പെടുന്നത് തീര്‍ച്ചയായും ശുഭസൂചകമല്ല. മണ്‍സൂണിന്റെ വരവിനെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

ഏതാനും ആഴ്ചകളായി കേരളത്തില്‍ പെയ്യുന്ന ശക്തമായ വേനല്‍മഴയും മണ്‍സൂണിന്റെ സുഗമമായ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന ഘടകമാണെന്ന് കരുതപ്പെടുന്നു.

പാക് കടലിടുക്കിലും മറ്റും രൂപപ്പെട്ട അന്തരീക്ഷചുഴികള്‍ (ന്യൂനമര്‍ദം) ആണ് കേരളത്തില്‍ വേനല്‍മഴ ശക്തമാകാന്‍ കാരണം. എന്നാല്‍, മണ്‍സൂണിന്റെ വരവിന് തൊട്ടുമുമ്പ്, അതിന്റെ പാതയില്‍ അന്തരീക്ഷച്ചുഴികള്‍ രൂപപ്പെടുന്നത് അത്ര നല്ല സൂചനയല്ല. 

എലികളെ തിന്നേണ്ട അവസ്ഥ 

എന്താണ് എല്‍നിനോ മൂലം ലോകം നേരിടാന്‍ പോകുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഫിലിപ്പീന്‍സില്‍നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

'കഴിഞ്ഞ മൂന്നുമാസമായി ഞങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണ്. ജനവരിക്ക് ശേഷം ഒന്നും കൃഷിചെയ്യാന്‍ ആയിട്ടില്ല. കൂടുതല്‍ മഴ കിട്ടാനാണ് ഞങ്ങളുടെ പ്രാര്‍ഥന' -തെക്കന്‍ ഫിലിപ്പീന്‍സില്‍ നോര്‍ത്ത് കൊറ്റാബാറ്റോയിലെ നെല്‍കര്‍ഷകനായ ബെന്നി റാമോസ് 'ബ്ലൂംബര്‍ഗി'നോട് പറഞ്ഞു. 
വിളനാശവും കൊടിയ വരള്‍ച്ചയും മൂലം എലികളെ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ഫിലിപ്പീന്‍സിലെ കര്‍ഷകര്‍
എല്‍നിനോയുടെ തിക്തഫലങ്ങള്‍ ആദ്യം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഫിലിപ്പീന്‍സിലെ കര്‍ഷകര്‍. ഭക്ഷ്യക്ഷാമം ഇതിനകം അവിടെ രൂക്ഷമായിക്കഴിഞ്ഞു. ജീവന്‍ നിലനിര്‍ത്താന്‍ പലരും എലികളെ തിന്നേണ്ട സ്ഥിതിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരള്‍ച്ച മൂലം കഴിഞ്ഞ മൂന്നുമാസമായി നെല്‍കൃഷി നടക്കാത്തതിനാല്‍, ഭക്ഷ്യധാന്യമില്ലാത്ത വിശപ്പടക്കാന്‍ എലികളെ വേട്ടയാടുകയാണ് കര്‍ഷകര്‍. 

എലിയെ പാകംചെയ്ത് തിന്ന ശേഷം, അവയുടെ വാലുണക്കി സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ കര്‍ഷകര്‍ക്ക് കുറച്ച് നെല്ല് കിട്ടും. കൃഷിയിടങ്ങളില്‍നിന്ന് എലികളെ ഉന്‍മൂലനം ചെയ്യാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്- 'ബ്ലൂംബര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു. 

ഫിലിപ്പീന്‍സില്‍ കഴിഞ്ഞ മൂന്നുമാസമായി ഒന്നും കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകരെങ്കില്‍, മണ്‍സൂണ്‍ തകിടംമറിഞ്ഞാല്‍ ഇന്ത്യന്‍ കര്‍ഷകരും അതേ അവസ്ഥയിലാകും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 14 ശതമാനം കാര്‍ഷികമേഖലയില്‍നിന്നാണ് വരുന്നത്. 

ഇന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലമായാല്‍ ഡക്കാണ്‍ സമതലത്തിലെ പരുത്തി കര്‍ഷകരും സൊയാബീന്‍ കൃഷിക്കാരുമാകും വരുതി നേരിടേണ്ടിവരിക. നെല്‍കൃഷിയ്ക്കും വലിയ തിരിച്ചടിയാകും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാകും ഫലം.

വിളനാശം മൂലം ആഗോളതലത്തില്‍ ഭക്ഷ്യവില വര്‍ധിക്കുമെന്ന് പ്രവിചിക്കപ്പെടുന്നു

Post a Comment

0 Comments

CLOSE ADS


CLOSE ADS