Subscribe Us

ജെഡിയു ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്∙ ജനതാദൾ (യു) ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജെഡിയു ഉന്നയിച്ചത് രാഷ്ട്രീയമായ പ്രശ്നങ്ങളാണ്. അവയിൽ ചിലത് ശരിയാണ്. അതിന് ഉടൻതന്നെ പരിഹാരമുണ്ടാക്കും. യുഡിഎഫിൽ െജഡിയുവിന് അർഹമായ പരിഗണന നൽകിയിട്ടുണ്ട്. സംഘടനാസംവിധാനത്തിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലയെന്നത് തിരുത്തും. അഞ്ചാം തീയതി കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, ആഭ്യന്തരമന്ത്രി മന്ത്രി രമേശ് ചെന്നിത്തല എന്നിവർ വീണ്ടും വീരേന്ദ്ര കുമാറുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീരേന്ദ്രകുമാറിന്റെ കോഴിക്കോട്ടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് തോൽവി സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചാൽ അതിൽ പരാമർശിച്ചിരിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ജെഡിയുവിന് ഉറപ്പു നൽകി. തോൽവിയുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ നടപടിയെടുക്കണമെന്ന് ജനതാദൾ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ജില്ലാതലത്തിൽ കൂടുതല്‍ ഭാരവാഹിത്വങ്ങള്‍ ജെഡിയുവിന് ലഭിക്കുന്നതു സംബന്ധിച്ചും ധാരണയായിട്ടുണ്ട്.
പ്രശ്നങ്ങൾ മുഖ്യമന്ത്രി ഉൾക്കൊണ്ടതിൽ സന്തോഷമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര കുമാർ പ്രതികരിച്ചു. യുഡിഎഫ് വടക്കൻമേഖലാ ജാഥ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായി മെയ് 19 ന് നടക്കുന്ന വടക്കൻമേഖല റാലിയിൽ പങ്കെടുക്കില്ലെന്ന് ജെഡിയു കഴിഞ്ഞ സംസ്ഥാന നേതൃയോഗത്തിനുശേഷം വ്യക്തമാക്കിയിരുന്നു. എന്നാൽ ജെഡിയു റാലിയിൽ പങ്കെടുക്കുമെന്നും വീരേന്ദ്രകുമാർ തന്നെ കോഴിക്കോട് മേഖല റാലി ഉദ്ഘാടനം ചെയ്യുമെന്നും ഇന്നു അറിയിച്ചു.
അടുത്തിടെ കോഴിക്കോട് വച്ച് ചേർന്ന ജനതാദൾ(യു) നേതൃയോഗം ചില കർശന നിലപാടുകൾ എടുത്തിരുന്നു. അതിൽ ഏറ്റവും പ്രധാനം പാലക്കാട്ടെ വീരേന്ദ്രകുമാറിന്റെ തോൽവിയുമായി ബന്ധപ്പെട്ടു അന്വേഷിക്കാൻ യു‍ഡിഎഫ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാജയത്തിനു കാരണക്കാരായവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷമായിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ യുഡിഎഫ് തയാറാകാത്തതിൽ ജെഡി (യു) കടുത്ത അതൃപ്തിയിലായിരുന്നു. ജനതാദളുമായി പൊതുവേദി പങ്കിടാൻ തങ്ങൾക്ക് യാതൊരുവിധ പ്രശ്നവുമില്ല എന്നു സിപിഎമ്മും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വീരേന്ദ്രകുമാർ യുഡിഫ് വിട്ടേക്കുമെന്നും വാർത്തകൾ പുറത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ചയ്ക്ക് തയാറായത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS