Subscribe Us

ജീവലോകത്തിന്റെ അത്ഭുതച്ചെപ്പ് തുറന്ന് സമുദ്രസര്‍വ്വേ

 അന്താരാഷ്ട ഗവേഷകസംഘം 2009 നും 2013 നും മധ്യേയാണ് സമുദ്രപര്യവേക്ഷണം നടത്തിയത്. 30,000 കിലോമീറ്റര്‍ സംഘം സഞ്ചരിച്ചു, 35,000 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ വെറും രണ്ടുശതമാനം മാത്രം വിശകലനം ചെയ്തതിന്റെ വിവരമാണ് പുറത്തുവന്നിട്ടുള്ളത് 
 ജൈവവൈവിധ്യത്തിന്റെ അത്ഭുതപ്പെരുമഴയായി മൂന്നുവര്‍ഷം നീണ്ട സമുദ്രസര്‍വ്വേ. ആഗോളതലത്തില്‍ നടന്ന സമുദ്രപര്യവേക്ഷണത്തില്‍ ആയിരക്കണക്കിന് അപൂര്‍വ്വ സൂക്ഷ്മജീവികളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

35,000 ബാക്ടീരിയകള്‍, 5,000 വൈറസുകള്‍, 1.5 ലക്ഷം ഏകകോശ സസ്യങ്ങളും ജീവികളും - സമുദ്രസര്‍വ്വേയില്‍ കണ്ടെത്തിയ ഇത്രയും ഇനങ്ങളില്‍ നല്ലൊരു പങ്ക് ശാസ്ത്രത്തിന് പുതിയവയാണെന്ന് 'സയന്‍സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ആഗോളതലത്തില്‍ പ്ലാങ്ടണുകളുടെ പട്ടിക സമഗ്രമായി തയ്യാറാക്കുകയാണ് സര്‍വ്വേ വഴി ഉദ്ദേശിക്കുന്നതെന്ന്, പാരീസില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ ഡോ.ക്രിസ് ബൗളര്‍ അറിയിച്ചു. 
 സമുദ്രത്തിലെ സൂക്ഷ്മജീവികളാണ് പ്ലാങ്ടണുകള്‍. അവയ്ക്ക് വലിപ്പം കുറവാണെങ്കിലും, സമുദ്ര ജീവലോകത്തെ 90 ശതമാനവും പ്ലാങ്ടണുകളാണ്. വൈറസുകള്‍, ബാക്ടീരിയ, ഏകകോശ സസ്യങ്ങള്‍, ഏകകോശജീവികള്‍ (പ്രോട്ടോസോവ) ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 

സമുദ്ര ആവാസവ്യവസ്ഥയില്‍ ഭക്ഷ്യശൃംഖലയുടെ അടിത്തട്ടെന്ന് പരിഗണിക്കപ്പെടുന്നത് പ്ലാങ്ടണുകളെയാണ്. അതുകൊണ്ടുതന്നെ സമുദ്രത്തിലെ ജീവവ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്‍പ്പില്‍ വലിയ പ്രാധാന്യം പ്ലാങ്ടണുകള്‍ക്കുണ്ട്.
 ഇത്രകാലവും സമുദ്രത്തിലെ ഈ 'അദൃശ്യ' ജൈവവ്യവസ്ഥയെക്കുറിച്ച് കാര്യമായ ഡേറ്റ ശാസ്ത്രലോകത്തിന്റെ പക്കലുണ്ടായിരുന്നില്ല. ആ സ്ഥിതി മാറ്റുകയാണ് 'താരാ പര്യവേക്ഷണ'മെന്ന് ( Tara Expeditions ) എന്ന് പേരുള്ള സമുദ്രസര്‍വ്വേയുടെ ലക്ഷ്യം. ഫ്രഞ്ച് ഫാഷന്‍ ഡിസൈനര്‍ ആഗ്നസ് ബി ആണ് പര്യവേക്ഷണത്തിന് ഫണ്ട് നല്‍കുന്നവരില്‍ പ്രധാനി. 
 'താരാ പായ്ക്കപ്പലി'ല്‍ ഒരു അന്താരാഷ്ട ഗവേഷകസംഘം 2009 നും 2013 നും മധ്യേയുള്ള കാലത്താണ് പര്യവേക്ഷണം നടത്തിയത്. സമുദ്രങ്ങളിലൂടെ ലോകത്തെമ്പാടും 30,000 കിലോമീറ്റര്‍ സംഘം സഞ്ചരിച്ചു, 35,000 സാമ്പിളുകള്‍ ശേഖരിച്ചു. സമുദ്രോപരിതലത്തില്‍നിന്ന് മുതല്‍ 1000 മീറ്റര്‍ ആഴത്തില്‍നിന്ന് വരെ സാമ്പിളുകളെടുത്തു. 

100 ലക്ഷം യൂറോ (ഏതാണ്ട് 70 കോടി രൂപ) ആണ് പദ്ധതിക്ക് ചെലവായത്. 

മൊത്തം 35,000 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 579 എണ്ണം മാത്രം വിശകലനം ചെയ്തതിന്റെ ഫലമാണ് അഞ്ച് പ്രബന്ധങ്ങളായി ഇപ്പോള്‍ 'സയന്‍സ്' ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
 സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം തന്നെ മാറ്റിമറിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഡോ.ബൗളര്‍ പറയുന്നു. 'വൈറസുകളുടെ കാര്യമെടുത്താല്‍, 5000 എണ്ണത്തെ വിശദീകരിക്കാന്‍ കഴിഞ്ഞു. അതില്‍ 39 എണ്ണം മാത്രമാണ് മുമ്പ് അറിവുണ്ടായിരുന്നവ'. 

'ഇതിനുമുമ്പ് അറിവുണ്ടായിരുന്ന മൊത്തം പ്ലാങ്ടണ്‍ ഇനങ്ങളുടെ സംഖ്യ 11,000 ആണ്. അതിലും 10 മടങ്ങ് പ്ലാങ്ടണ്‍ സ്പീഷീസുകള്‍ സമുദ്രലോകത്തുണ്ടെന്നാണ് പുതിയ ഗവേഷണം സൂചന നല്‍കുന്നത്'. 
 '35,000 ബാക്ടീരിയകളെ തിരിച്ചറിഞ്ഞതില്‍ മിക്കതും മുമ്പ് കണ്ടിട്ടുള്ളവയാണ്. എന്നാല്‍, ജനിതകവിശകലനം കഴിയുമ്പോള്‍ പുതിയ ഒട്ടേറെ സ്പീഷീസുകള്‍ അതിലുണ്ടാകുമെന്ന് കരുതുന്നു' - ഡോ.ബൗളര്‍ അറിയിച്ചു. 

'ഞങ്ങളുടെ പക്കലിപ്പോള്‍ 400 ലക്ഷം ജീനുകളുണ്ട് - അതില്‍ 80 ശതമാനവും ശാസ്ത്രത്തിന് പുതിയതാണ്'. 
സമുദ്രജലത്തിന്റെ താപനിലയ്ക്കും അവിടെ കാണപ്പെടുന്ന ജീവികള്‍ക്കും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു; സൂക്ഷ്മജീവികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. 

സമുദ്രസര്‍വ്വേയില്‍ ശേഖരിച്ച സാമ്പിളുകളുടെ വിശകലനം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്രത്തിലെ കാണാലോകത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ തങ്ങളുടെ കണ്ടെത്തലിന്റെ വിവരങ്ങള്‍ മുഴുവന്‍ ഗവേഷകലോകത്തിന് സൗജന്യമായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 
ഇപ്പോള്‍ തങ്ങള്‍ വിപുലമായ വിവരങ്ങളാണ് പുറത്തുവിട്ടതെങ്കിലും, ലോകത്തെമ്പാടുംനിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വെറും രണ്ട് ശതമാനത്തിന്റെ വിവരങ്ങള്‍ മാത്രമേ വിശകലനം ചെയ്തിട്ടുള്ളൂ എന്ന് ഡോ.ബൗളര്‍ അറിയിച്ചു. സമുദ്രലോകത്തിന്റെ വിശേഷങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ എന്നുസാരം. (സമുദ്രസര്‍വ്വേയില്‍ കണ്ടെത്തിയ ജീവികളില്‍ ചിലതാണ് ചിത്രങ്ങളിലുള്ളത്. കടപ്പാട്: ബിബിസി, താരാ സമുദ്രസര്‍വ്വേ, സയന്‍സ് ജേര്‍ണല്‍).

Post a Comment

0 Comments

CLOSE ADS


CLOSE ADS