Subscribe Us

മിന്നല്‍ക്കാലമെത്തി; കരുതല്‍ വേണം

കേരളത്തില്‍ ഇടിമിന്നലേറ്റ് ഒരുവര്‍ഷം എഴുപതിലേറെപ്പേര്‍ മരിക്കുന്നു, നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുന്നു. മിന്നലുണ്ടാകുന്ന സമയത്ത് ചില മുന്‍കരുതലുകളെടുത്താല്‍ മിക്ക അപകടങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷേ, മിന്നല്‍ ഒഴിവാക്കാമെന്നും മറ്റും അവകാശപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കുക
കേരളത്തില്‍ ഏറ്റവുമധികം അപകടങ്ങളുണ്ടാക്കുന്ന പ്രകൃതിക്ഷോഭം മിന്നലാണെന്ന കാര്യം പലര്‍ക്കും അറിയില്ല. 1986 മുതലുള്ള 15 വര്‍ഷത്തെ കണക്കുകളുടെയും നിരീക്ഷണത്തിന്റയും അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രം ( CESS ) നടത്തിയ പഠനത്തില്‍ മനസിലാകുന്നത് മിന്നല്‍മൂലം പ്രതിവര്‍ഷം എഴുപതിലധികം പേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു എന്നാണ്.

കേരളത്തില്‍ മറ്റേത് പ്രകൃതിക്ഷോഭവും വരുത്തിവയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇടിമിന്നല്‍ മൂലമുണ്ടാകുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

പാലക്കാട് ചുരത്തിന് പടിഞ്ഞാറു ഭാഗത്തൊഴികെ കേരളത്തിലെല്ലായിടത്തും ഏതാണ്ട് ഒരുപോലെയാണ് മിന്നലിന്റെ വിതരണം. മിന്നല്‍ മൂലമുള്ള അപകടങ്ങള്‍ കൂടുതലുമുണ്ടാകുന്നത് മാര്‍ച്ച്-മെയ് സമയത്തെ വേനല്‍ക്കാലത്തും, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമാണ്. മാര്‍ച്ച് മാസമായതോടെ കേരളത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ ഇടിമിന്നലോടു കൂടിയാണ് മഴ പെയ്യുന്നത്.

എന്താണ് മിന്നല്‍

സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍, ക്യുമുലോനിംബസ് ( Cumulonimbus ) എന്ന് പേരുള്ള മേഘത്തില്‍നിന്നാണ് മിന്നലുണ്ടാകുന്നത്.

ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ വ്യാസവും ഉപരിതലത്തില്‍നിന്ന് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ പതിനാറോ പതിനേഴോ കിലോമീറ്റര്‍ വരെ ഉയരവുമുള്ള കൂറ്റന്‍ മേഘങ്ങളാണ് ക്യുമുലോനിംബസ്. ഇത്തരം മേഘങ്ങളെ ഇടിമേഘം, അഥവാ തണ്ടര്‍‌സ്റ്റോം ( thunderstorm ) എന്നും വിളിക്കാറുണ്ട്.

ധാരാളം ഈര്‍പ്പമുള്ള വായു ഉയരുമ്പോഴാണ് നമ്മുടെ നാട്ടില്‍ ക്യുമുലോനിംബസ് മേഘങ്ങളുണ്ടാകുന്നത്. കാലവര്‍ഷത്തിനുമുമ്പും തുലാവര്‍ഷക്കാലത്തുമാണ് ഇടിമേഘങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെടുക.


മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണ്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണ് മിന്നലുണ്ടാകുന്നതെന്നാണ് പലര്‍ക്കുമുള്ള തെറ്റിദ്ധാരണ. മേഘമായി നമ്മള്‍ കാണുന്നത് സൂക്ഷ്മമായ ജലബിന്ദുക്കള്‍ വായുവില്‍ തങ്ങിനില്‍ക്കുന്നത് മാത്രമാണ്. അതിനാല്‍ ഇവ തമ്മില്‍ കൂട്ടിമുട്ടിയാല്‍ ശബ്ദമോ വെളിച്ചമോ ഉണ്ടാകില്ല.

സാധാരണഗതിയില്‍ മൂന്നുതരം മിന്നലാണ് ഉണ്ടാകുന്നത്: ഒരു മേഘത്തിനുള്ളില്‍ തന്നെയുണ്ടാകുന്നവ, രണ്ടു മേഘങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നവ, പിന്നെ മേഘത്തില്‍നിന്ന് ഭൂമിയിലേയ്ക്കുള്ള മിന്നല്‍. ഇവയില്‍ അവസാനത്തേതാണ് ഭൂമിയില്‍ മനുഷ്യനും മറ്റ് മൃഗങ്ങള്‍ക്കും വസ്തുവകകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നത്.

മുന്‍കരുതലുകള്‍ എന്തൊക്കെ

മിന്നലുള്ള സമയത്ത് എന്തെല്ലാം ചെയ്യരുത് എന്നുനോക്കാം.

ഇടിമിന്നലുണ്ടാകുന്ന സമയത്ത് തുറന്ന പ്രദേശം തീരെ സുരക്ഷിതമല്ല. കുന്നില്‍മുകളില്‍ നില്‍ക്കുകയോ തറയില്‍ കിടക്കുകയോ അരുത്. കഴിഞ്ഞ ആഗസ്ത് മാസം വാഗമണില്‍ വിനോദയാത്രയ്ക്ക് പോയ രണ്ട് ദമ്പതിമാരില്‍ പുരുഷന്മാര്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചത് തുറന്ന കുന്നിന്‍മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു.

ഏറ്റവും ഉയരമുള്ള വസ്തുവിലാണ് മിന്നല്‍ വീഴാന്‍ ഏറ്റവുമധികം സാദ്ധ്യത. ഉയരമുള്ള മരങ്ങളുടെ ചുവട്ടില്‍ അഭയംതേടരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. മരത്തില്‍ മിന്നലേറ്റാല്‍ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി നമ്മുടെ ദേഹത്തേക്കും കടന്ന് അപകടമുണ്ടായേക്കാം.

മിന്നലുള്ള സമയത്ത് സൈക്കിള്‍, സ്‌ക്കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളില്‍ യാത്രചെയ്യുന്നതും സുരക്ഷിതമല്ല. കുളങ്ങളിലോ കായലിലോ നീന്താനും വള്ളത്തില്‍ യാത്രചെയ്യാനും പോകരുത്. മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. കഴിഞ്ഞവര്‍ഷം മധ്യകേരളത്തില്‍ മീന്‍പിടിക്കാന്‍പോയ രണ്ടുപേരിലൊരാള്‍ കായലില്‍വച്ച് മിന്നലേറ്റു മരിച്ചിരുന്നു.

തുറന്നയിടങ്ങളില്‍ നില്‍ക്കരുത്. തുറന്ന പ്രദേശത്തായിരിക്കെ ഇടിയുടെ ശബ്ദം കേട്ടാലുടന്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പായണം. സുരക്ഷിതസ്ഥലത്തേയ്ക്ക് പോകാന്‍ നിവൃത്തിയില്ലെങ്കില്‍ മാത്രം, കഴിയുന്നത്ര ഉയരം കുറയ്ക്കാനായി കാലുകള്‍ ചേര്‍ത്ത് കുത്തിയിരുന്ന് കൈകൊണ്ട് ചെവികള്‍ പൊത്തിപ്പിടിക്കുക (താഴെയുള്ള ചിത്രം നോക്കുക). 
തറയില്‍ക്കൂടി പ്രവഹിക്കാവുന്ന മിന്നല്‍വൈദ്യുതി കാലില്‍ക്കൂടി കടന്ന് പരിക്കേല്‍ക്കാതിരിക്കാനാണ് കാലുകള്‍ ചേര്‍ത്തുവയ്ക്കുന്നത്. ഉയരം കഴിയുന്നത്ര കുറയ്ക്കാനാണ് കുത്തിയിരിക്കുന്നത്. സമീപത്ത് മിന്നലേറ്റാല്‍ ഇടിയുടെ ആഘാതംമൂലം ചെവിയ്ക്കു് തകരാറുണ്ടാകാതിരിക്കാനാണ് ചെവി പൊത്തിപ്പിടിക്കുന്നത്. മറ്റു് നിവൃത്തിയൊന്നും ഇല്ലെങ്കില്‍ മാത്രം ചെയ്യേണ്ടതാണ് ഇതെന്നോര്‍ക്കുക. സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുന്നതാണ് ഉത്തമം.
സുരക്ഷിതമായ ഇടങ്ങള്‍

എന്തെല്ലാമാണ് സുരക്ഷിതമായ ഇടങ്ങളെന്ന് നോക്കാം. ലോഹംകൊണ്ടുള്ള മേല്‍ക്കൂരയും വശങ്ങളുമുള്ള കാര്‍, ബസ്, ട്രെയിന്‍, തുടങ്ങിയ വാഹനങ്ങള്‍, മിന്നല്‍രക്ഷാസംവിധാനങ്ങള്‍ (മിന്നല്‍ച്ചാലകം, റിംഗ് കണ്ടക്ടര്‍, തുടങ്ങിയവ) സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങള്‍ എന്നിവ നല്ലവണ്ണം സുരക്ഷയേകുന്ന ഇടങ്ങളാണ്. ലോഹമല്ലാത്ത പദാര്‍ത്ഥംകൊണ്ടുള്ള മേല്‍ക്കൂരയും വശങ്ങളുമുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തീരെ സുരക്ഷിതമല്ല.

വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും കുറേയൊക്കെ സുരക്ഷിതമാണ്. ഓടോ ഓലയോ മേഞ്ഞ കെട്ടിടങ്ങള്‍, ചെറിയ തുറന്ന ഷെഡ്ഡുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ മിന്നല്‍രക്ഷാ സംവിധാനമില്ലെങ്കില്‍ സുരക്ഷതമല്ല. ലോഹംകൊണ്ടുള്ള പാത്തികളും ജലം തറയില്‍വരെ എത്തിക്കാന്‍ അവയില്‍നിന്ന് താഴെവരെ ലോഹനിര്‍മ്മിതമായ പൈപ്പുമുണ്ടെങ്കില്‍ അത്തരം കെട്ടിടങ്ങള്‍ കുറച്ചൊക്കെ രക്ഷയേകും. കട്ടിയുള്ള (5 മില്ലിമീറ്ററിലധികം) ലോഹത്തകിടുകൊണ്ടുള്ള മേല്‍ക്കൂരയും ഉരുക്കുതൂണുകളുമുള്ള ഷെഡ്ഡുകള്‍ കുറേയേറെ രക്ഷയേകും.

ഇനി കെട്ടിടത്തിനുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.

മിന്നല്‍ നേരിട്ട് പതിക്കുന്നത് നേരെ മുകളില്‍നിന്നു മാത്രമാവണമെന്നില്ല. അതുകൊണ്ട് ജനല്‍, വാതില്‍, തുടങ്ങിയവയല്‍നിന്ന് മാറി നില്‍ക്കണം. വശങ്ങള്‍ തുറന്ന ഷെഡ്ഡുകളും മറ്റും സുരക്ഷിതമല്ല.

മിന്നല്‍ കെട്ടിടത്തില്‍ വീണില്ലെങ്കിലും അപകടമുണ്ടാക്കാം. ഉദാഹരണമായി, കെട്ടിടത്തിനുള്ളിലേക്ക് വെളിയില്‍നിന്നു വരുന്ന കമ്പികളും പൈപ്പുകളും മറ്റും മിന്നലിന്റെ വൈദ്യുതി വഹിച്ചുകൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യാതൊരു ഉപകരണവും തൊടുകയോ അടുത്തു പോകുകയോ അരുത്. 

വൈദ്യുതോപകരണങ്ങള്‍ സംരക്ഷിക്കാന്‍

ഇടിയുടെ ശബ്ദം ദൂരെ കേള്‍ക്കുമ്പോള്‍ തന്നെ അവയെല്ലാം വൈദ്യുതിബന്ധം വേര്‍പെടുത്തിയിടണം. സ്വിച്ച് അണച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല എന്നോര്‍ക്കുക. പ്ലഗ് ഊരിയിടുകതന്നെ വേണം.

നേരിട്ട് വൈദ്യുതിയുമായി ബന്ധമില്ലെങ്കിലും വെളിയില്‍നിന്നുവരുന്ന ടെലഫോണ്‍, ടെലിവിഷന്‍ വയറുകള്‍ വഴിയും മിന്നലിലെ വൈദ്യുതി അകത്തെത്താം. അതുകൊണ്ട് അത്തരം ഉപകരണങ്ങളൊന്നുംതന്നെ മിന്നലുള്ളപ്പോള്‍ ഉപയോഗിക്കരുത്. കമ്പിവഴി ബന്ധമില്ലാത്ത കോഡ്‌ലെസ് ഫോണുകളോ മൊബൈല്‍ ഫോണുകളോ ഉപയോഗിച്ചാല്‍ അപകടമുണ്ടാകില്ല.

മിന്നല്‍ കെട്ടിടത്തില്‍ പതിച്ച് അപകടമുണ്ടാകാതിരിക്കാനായി മിന്നല്‍രക്ഷാ ചാലകം സ്ഥാപിക്കണം. സമീപത്ത് പതിച്ച മിന്നലിലെ വൈദ്യുതി ഭൂമിയില്‍ക്കൂടി കെട്ടിടത്തില്‍ കടക്കാതിരിക്കാനായി റിങ്ങ് കണ്ടക്ടര്‍ സ്ഥാപിക്കുകയും വേണം

കെട്ടിടത്തിനുള്ളിലെ ഉപകരണങ്ങള്‍ക്ക് മിന്നലേറ്റ് കേടുവരാതിരിക്കാനായി ഘടിപ്പിക്കാനുള്ള ഉപകരണങ്ങളുണ്ട്. സര്‍ജ് പ്രൊട്ടക്ഷന്‍ ഡിവൈസ് (Surge Protection Device, SPD) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

മിന്നല്‍സുരക്ഷയുടെ പേരില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഉദാഹരണമായി, മിന്നല്‍ ഇല്ലാതാക്കും എന്നും മറ്റുമുള്ള അവകാശവാദവുമായി വിലയേറിയ ഉപകരണങ്ങള്‍ വില്‍ക്കാനായി ചിലര്‍ ശ്രമിക്കാറുണ്ട്. അത്തരം ഉപകരണങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് മനസിലാക്കണം.

യാതൊരു ഇലക്‌ട്രോണിക് ഉപകരണത്തിനും മിന്നലിലെ വൈദ്യുതി താങ്ങാനാവില്ല. മിന്നല്‍ വരുന്ന പാതയിലെ താപനില സൂര്യന്റെ ഉപരിതലത്തിലേതിന്റെ അഞ്ചിരട്ടിയാണ് (ഏകദേശം 40,000 ഡിഗ്രി!). അതുകൊണ്ട് മിക്കവാറും ഏത് വസ്തുവിനെയും അതു് ബാഷ്പീകരിക്കും.

ഓര്‍ക്കുക. മിന്നലിനെതിരെ കരുതല്‍ വേണം, പക്ഷെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുത്.

മിന്നല്‍രക്ഷയെക്കുറിച്ച് വിദഗ്ധാഭിപ്രായങ്ങള്‍ അറിയാന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'മിന്നല്‍ അവബോധ ഗവേഷണ കേന്ദ്ര'ത്തെ ( Lightning Awareness and Research Cetnre, LARC ) സമീപിക്കാം (ഫോണ്‍: 0471 2722151).


Post a Comment

0 Comments

CLOSE ADS


CLOSE ADS