Subscribe Us

ലാലിന്‌ നൂറില്‍ രണ്ട്‌ മാര്‍ക്ക്‌

പുതുമകളുടെ ചിത്രമായിരുന്നു ‘മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍. അതിനു പുതുമുഖ അഭിനേതാക്കള്‍ മതി എന്ന ധാരണ പ്രകാരം അഭിനയാര്‍ഥികളുടെ അഭിമുഖംനടന്നു. വില്ലന്റെ റോളിനായി മോഹന്‍ലാലും മല്‍സരിച്ചു. സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ്‌ ജിജോയും അസോസിയേറ്റ്‌ സംവിധായകന്‍ സിബിമലയിലും ആയിരുന്നു വിധികര്‍ത്താക്കള്‍. ഫാസിലും ജിജോയും 100 ല്‍ 95 മാര്‍ക്ക്‌ മോഹന്‍ലാലിനു നല്‍കിയപ്പോള്‍ സിബി നല്‍കിയത്‌ രണ്ടു മാര്‍ക്കായിരുന്നു.

• വെറും രണ്ടു മാര്‍ക്ക്‌ നല്‍കി താങ്കള്‍ ഭൂരിപക്ഷവിധിയോടു വിയോജിച്ചു  
രണ്ടു മാര്‍ക്കായിരുന്നോ ഞാന്‍ നല്‍കിയത്‌ എന്ന്‌ ഓര്‍മയില്ല. പത്തില്‍ താഴെയായിരുന്നു. ജിജോയുടെ അനുജന്‍ ജോസും ജൂറിയിലുണ്ടായിരുന്നു. അദ്ദേഹം നല്‍കിയതും കുറഞ്ഞ മാര്‍ക്കായിരുന്നു. ഫാസിലും ജിജോയും തൊണ്ണൂറിലധികം മാര്‍ക്ക്‌ നല്‍കി.

• 10 മാര്‍ക്ക്‌ പോലും അര്‍ഹിക്കാത്ത അഭിനയമായിരുന്നോ മോഹന്‍ലാലിന്റെത്‌
  ലാല്‍ അന്നു മെലിഞ്ഞിട്ടാണ്‌. നീണ്ടമുഖം. ചുരുണ്ട മുടിയൊക്കെ വളര്‍ന്നിട്ടുണ്ട്‌. പ്രത്യേക തരത്തിലുള്ള ശബ്‌ദം. വശംചെരിഞ്ഞുള്ള നടപ്പ്‌. വില്ലനായി എനിക്ക്‌ എന്തോ ഇതൊന്നും സങ്കല്‍പ്പിക്കാനാ
കില്ലായിരുന്നു.

• ഏതു രംഗം അഭിനയിക്കാനാണു ലാലിനോട്‌ ആവശ്യപ്പെട്ടത്‌
  മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ലാലിന്റെ ആദ്യ സീന്‍–ഷോപ്പിങ്‌ കോംപ്ലക്‌സില്‍ നിന്നിറങ്ങി വരുന്ന പ്രഭയെ(പൂര്‍ണിമ ജയറാം) കാണുന്ന രംഗം.

• അന്ന്‌ താങ്കള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നല്‍കിയത്‌ ആര്‍ക്കായിരുന്നു
  ഓര്‍ക്കുന്നില്ല.

• സിനിമയുടെ ഏതെങ്കിലും മേഖലയില്‍ അയാള്‍ പിന്നീട്‌ എത്തിയോ
  ഇടയില്ല. എത്തിയിരുന്നെങ്കില്‍ ആളെ ഓര്‍ക്കുമായിരുന്നു.

• പിന്നീട്‌ ‘മഞ്ഞില്‍ വിരിഞ്ഞപൂക്കളില്‍ ലാലിന്റെ അഭിനയംകണ്ടപ്പോള്‍ എന്തു തോന്നി
  അന്നു ഫാസില്‍ പറഞ്ഞിരുന്നു, ലാലിന്‌ എന്തോ പ്രത്യേകതയുണ്ട്‌. അതാണു നമുക്കുവേണ്ടതെന്ന്‌. സിനിമ കണ്ടപ്പോള്‍ അതു ശരിയാണെന്നു തോന്നി. സംവിധായകന്‍ കഥാപാത്രത്തെ അഭിനേതാക്കളില്‍ കണ്ടെത്തുന്നതു പോലെ കണ്ടെത്താന്‍ മറ്റാര്‍ക്കുംസാധ്യമല്ലെന്നു മനസ്സിലായി.

• സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ലാലിന്റെ രീതി എന്തായിരുന്നു
  ആദ്യ ദിവസങ്ങളില്‍ ലാല്‍ താമസിച്ചത്‌ എന്റെ മുറിയിലാണ്‌. അങ്ങനെ അടുപ്പമായി. തന്റെ സീന്‍ കുറെ ദിവസം കഴിഞ്ഞ്‌ എടുത്താല്‍ മതിയെന്നു ലാല്‍ പറയുമായിരുന്നു. 10–15 ദിവസം കഴിഞ്ഞാണു ലാലിന്റെ സീന്‍ എടുത്തത്‌. അഭിനയിക്കേണ്ടാത്ത ദിവസങ്ങളിലൊക്കെലാല്‍സെറ്റില്‍ എത്തി സംവിധാന സഹായിയെപ്പോലെ കാര്യങ്ങള്‍ ചെയ്യുമായിരുന്നു.

• ലാലിന്‌ ആദ്യമായി ദേശീയ അംഗീകാരം–ജൂറി പ്രത്യേക പരാമര്‍ശം–ലഭിക്കുന്നതു താങ്കളുടെ ‘കിരീടത്തിലൂടെയാണ്‌. ആദ്യമായി മികച്ചനടനുള്ള ദേശീയഅവാര്‍ഡ്‌ ലഭിക്കുന്നതും താങ്കളുടെ ‘ഭരതത്തിലൂടെയാണ്‌.
  അതെ. അത്‌ വിധിയുടെ വികൃതിയായിരിക്കാം.

• താങ്കളുടെ പുതിയ സിനിമ ‘ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. താങ്കളുടെ തലമുറയിലെപ്രഗല്‍ഭരായ പല സംവിധായകരുടെ സിനിമകളും തിയറ്ററില്‍ വീഴുകയാണ്‌. മാറുന്ന അഭിരുചിക്കൊത്തു മാറാന്‍ കഴിയാത്തതാണോ കാരണം
  അതും ഒരു കാരണമായേക്കാം. പക്ഷേ പ്രധാന കാരണം അതല്ല. തിയറ്ററില്‍ സിനിമ വന്നാലുടന്‍ പോയി കണ്ടു വിമര്‍ശനംസാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു സിനിമ നല്ലതല്ല എന്ന ധാരണ പരത്തുന്ന പുതിയപ്രവണതയാണ്‌ ഒന്നാമത്തെ വില്ലന്‍. മികച്ച സംവിധായകരായി സ്വയം കരുതുന്ന ചില പ്രേക്ഷകര്‍ നിരൂപക വേഷം കെട്ടുകയാണ്‌. ഞാനായിരുന്നു ഈ സിനിമ എടുത്തിരുന്നതെങ്കില്‍ എത്രയോ നന്നായേനേ, നമ്മളി പണി വേണ്ടെന്നു വച്ചതുകൊണ്ടാണ്‌, അല്ലെങ്കില്‍ കാണായിരുന്നു എന്ന മനോഭാവമാണ്‌ ഇവരില്‍ പലര്‍ക്കും.

സിനിമ ആസ്വദിക്കാത്ത, വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സിനിമ കാണുന്ന ഒരു സമൂഹം ഉണ്ടായി കഴിഞ്ഞിരിക്കുന്നു. നല്ല സീനറികള്‍ ഉള്ള സിനിമയുടെ ക്യാമറ നന്നായിരുന്നു എന്ന്‌ ഇവര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും. അതു പോട്ടെ എന്നു വയ്ക്കാം. എന്നാല്‍ ചിലര്‍ എഡിറ്റിങ്ങിനെക്കുറിച്ചും ഇങ്ങനെ പറയുമ്പോള്‍ ഞാന്‍ അദ്‌ഭുതപ്പെടാറുണ്ട്‌.എന്തറിഞ്ഞിട്ടാണ്‌ ഇങ്ങനെയൊക്കെ തട്ടിവിട്ട്‌ സിനിമയെ തോല്‍പ്പിക്കുന്നത്‌

Post a Comment

0 Comments

CLOSE ADS


CLOSE ADS