ഭീകകര്‍ പകര്‍ത്തിയ കൊലപാതക ദൃശ്യങ്ങള്‍ അഫ്ഗാന്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ അവിഹിത ബന്ധം ആരോപിച്ച് യുവതിയെ കല്ലെറിഞ്ഞ് കൊന്നു. 19 നും 21 നും മധ്യേ പ്രായമുള്ള റുക്‌സാനയാണ് കൊല്ലപ്പെട്ടത്. ഭീകകര്‍ പകര്‍ത്തിയ കൊലപാതക ദൃശ്യങ്ങള്‍ അഫ്ഗാന്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. ഖോര്‍ പ്രവിശ്യയിലെ ഗല്‍മീന്‍ എന്ന സ്ഥലത്ത് ഒരാഴ്ച മുമ്പാണ് ക്രൂരമായ കൊലപാതകം നടന്നത്.
താലിബാന്‍ തീവ്രവാദികളും പ്രാദേശിക മതനേതാക്കളും ചേര്‍ന്നാണ് യുവതിയെ കല്ലെറിഞ്ഞ് കൊന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ തീവ്രവാദികള്‍ക്ക് നിയന്ത്രണമുള്ള പ്രദേശത്താണ് സംഭവം നടന്നതെന്ന് ഖോര്‍ പ്രവിശ്യാ പോലീസ് മേധാവി മുസ്തഫ മൊഹ്‌സേനി പറഞ്ഞു. റുക്‌സാനയുടെ എതിര്‍പ്പ് അവഗണിച്ച് ബന്ധുക്കള്‍ അവരെ അടുത്തിടെ വിവാഹം കഴിപ്പിച്ചിരുന്നു. വിവാഹത്തിന് ശേഷമാണ് യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്.