Subscribe Us

ധീരേ ധീരേ സേ മെരി സിന്ദഗീ മെം ആനാ...

യോ യോ ഹണിസിങ്ങിന്റെ ശബ്ദത്തിനൊപ്പം ചുവടു വയ്‌ക്കുന്നത്‌ ഹൃത്വിക്ക്‌ റോഷനും സോനം കപൂറും. ആഷിഖി എന്ന മെഗാമ്യൂസിക്കല്‍ ഹിറ്റിന്‌ കാല്‍നൂറ്റാണ്ട്‌ തികയുമ്പോള്‍ ഗുല്‍ഷന്‍ കുമാറെന്ന കസെറ്റ്‌ രാജാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ മകന്‍ ഭൂഷന്‍ കുമാര്‍ സമര്‍പ്പിച്ച ഈ ഡെസി ഹിപ്പ്‌ ഹോപ്പ്‌ വീഡിയോ സോങ്ങ്‌ 2015 ആഗസ്‌ത്‌ 31നാണ്‌ റിലീസ്‌ ചെയ്യുന്നത്‌. ആദ്യ ദിവസങ്ങളില്‍ രണ്ടു കോടി പേരാണ്‌ യൂ ട്യൂബില്‍ ഈ ഗാനരംഗം കണ്ടത്‌.
ബിബിസിയുടെ സെപ്‌റ്റംബറിലെ ഏഷ്യന്‍ ഡൗണ്‍ലോഡ്‌‌ ചാപ്‌റ്ററില്‍ ഒന്നാം സ്ഥാനം ധീരേ ധീരേസേയ്‌ക്ക്‌‌ സ്വന്തം. ആഷിഖിയിലെ ധീരേ ധീരേസെ എന്ന ഗാനത്തെ അടിസ്ഥാനമാക്കി ഓട്ടോ ട്യൂണ്‍ഡ്‌ വോക്കല്‍സ്‌ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ഒരുക്കിയ ധീരേ ധീരേ തരംഗമാകുമ്പോഴും ന്യൂജന്‍ യുവത അറിയാനിടയില്ലാത്ത ചരിത്രം ഗാനത്തിനുണ്ട്‌. മുംബൈ തെരുവുകളിലും പാര്‍ക്കുകളിലും വിവിധ്‌ഭാരതി സ്റ്റുഡിയോയിലുമൊക്കെ ഈണങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചിരുന്ന രണ്ട്‌ കൗമാരക്കാര്‍ ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ നെറുകയിലേക്കു നടന്നു കയറിയതും പിന്നീട്‌ ഇടറി വീണതുമായ കഥകള്‍.

Dheere Dheere Se Meri Zindagi | Hrithik Roshan, Sonam Kapoor | Yo Yo Honey Singh

പ്രണയം പരന്ന തൊണ്ണൂറുകള്‍
ധീരേ ധീരേ സേ മെരി സിന്ദഗീ മെം ആനാ..
ധീരേ ധീരേ സെ ദില്‍ കോ ചുരാനാ..
പതിയെ പതിയെ എന്റെ ജീവനിലേക്കു നീ വന്നു..
പതിയെ പതിയെ ഹൃദയം നീ കവര്‍ന്നു
ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ അപ്പുറത്ത്‌ നിന്നു കുമാര്‍ സാനു പാടുന്നു. അനുരാധാ പഡ്വാള്‍ ഒപ്പം ചേരുന്നതോടെ തെളിയുന്നത്‌ ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ പ്രണയവും മെലഡിയും ഒഴുകിപ്പരന്ന തൊണ്ണൂറുകള്‍. അക്കാലത്ത്‌‌ നദീം ശ്രാവണ്‍ ഈണമിട്ട പാട്ടുകള്‍ കവര്‍ന്നത്‌‌ ലക്ഷക്കണക്കിന്‌ അനുവാചകരുടെ ഹൃദയങ്ങളാണ്‌. നദീം സെയിഫിയും ശ്രാവണ്‍ റാത്തോഡും ബോളീവുഡിന്റെ സംഗീത ഭൂമികയിലേക്ക്‌ കടന്നു വരുന്നത്‌ റാണിമാലിക്ക്‌ പാട്ടില്‍ എഴുതിയതു പോലെ പതിയെപ്പതിയെയാണ്‌. എഴുപതുകളുടെ ഒടുവില്‍ ഭോജ്‌പുരി സിനിമകളില്‍ തുടങ്ങി മൂന്നാം നിര ഹിന്ദി ചിത്രങ്ങള്‍ക്കു ഈണമിട്ടീണമിട്ട്‌ തൊണ്ണൂറുകളുടെ ആദ്യത്തെ ആഷിക്കിയെന്ന മെഗാമ്യൂസിക്കല്‍ ഹിറ്റിലേക്കുള്ള നടത്തം.
രണ്ട്‌ കൗമാരക്കാര്‍ കണ്ടു മുട്ടുന്നു
മുംബൈ സെന്‍ട്രല്‍ സ്വദേശിയായ നദീം സെയിഫിയുടെ പിതാവ്‌ ഒരു സാധാരണ ബിസിനസുകാരനായിരുന്നു. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതഞ്‌ജന്‍ പണ്ഡിറ്റ്‌ ചതുര്‍ഭുജ്‌ റാത്തോഡിന്റെ മകനായിരുന്നു ശ്രാവണ്‍ റാത്തോഡ്‌. ബാല്യകാലത്തു തന്നെ സംഗീതത്തില്‍ അതീവ തല്‍പ്പരരായിരുന്നു ഇരുവരും. ഡ്രമ്മിലും ഡോലക്കിലും തബലയിലുമൊക്കെ സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ച നദീം ഡ്രമ്മര്‍ ബോയി എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 1972ല്‍ മുംബൈ സെന്റ്‌ അന്നാസ്‌ സ്‌കൂളിലെ സംഗീത മത്സരപരിപാടിയില്‍ വച്ചാണ്‌ നദീമും ശ്രാവണും ആദ്യമായി കാണുന്നത്‌. ഹരീഷ്‌ ബൊപ്പയ്യ എന്ന പൊതുസുഹൃത്തായിരുന്നു മത്സരം ജഡ്‌ജ്‌ ചെയ്യാനെത്തിയ ആ കൗമാരക്കാരെ പരസ്‌പരം പരിചയപ്പെടുത്തുന്നത്‌. ആദ്യ സംഭാഷണത്തില്‍ തന്നെ സംഗീതത്തിലെ അഭിരുചികളും അഭിപ്രായങ്ങളും പരസ്‌പര പൂരകങ്ങളാണെന്ന്‌ തിരിച്ചറിഞ്ഞു. സംഗീതസംവിധായകര്‍ ജോഡിയായി പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്‌. ശങ്കര്‍ - ജയ്‌കിഷനും ലക്ഷ്‌മീകാന്ത്‌‌ - പ്യാരേലാലുമൊക്കെ അരങ്ങുവാഴുന്നു. അങ്ങനെ യൗവ്വനത്തിന്റെ തുടക്കത്തില്‍ ഇരുവരും ചേര്‍ന്ന്‌ മ്യൂസിക്ക്‌ ജോഡി രൂപീകരിച്ചു; നദീംശ്രാവണ്‍ എന്ന്‌ പേരുമിട്ടു.
ആദ്യ ചിത്രം ദംഗള്‍
ഏഴ്‌ വര്‍ഷത്തെ അലച്ചിലുകള്‍ക്കിടയില്‍ 1979ല്‍ ബച്ചുബായ്‌ഷായുടെ 'ദംഗള്‍' എന്ന ഭോജ്‌പുരി സിനിമയ്‌ക്ക്‌ സംഗീതമൊരുക്കാന്‍ അവസരം കിട്ടി. ദംഗളും ഗാനങ്ങളും ഹിറ്റായി. തുടര്‍ന്ന്‌ ഏതാനും ഭോജ്‌പുരി ചിത്രങ്ങള്‍. 1982ല്‍ പുറത്തിറങ്ങിയ 'മേനെ ജീനാ സീഖ്‌ ലിയാ' ആദ്യ ഹിന്ദി ചിത്രം. പിന്നെയും ശ്രദ്ധിക്കപ്പെടാതെ ഒന്നുരണ്ടു ചിത്രങ്ങള്‍. 1985ല്‍ മിഥുന്‍ ചക്രബര്‍ത്തി, ജാക്കി ഷെറോഫ്‌, അനില്‍ കപൂര്‍ തുടങ്ങി പത്ത്‌ ഹിന്ദി താരങ്ങളെ അണിനിരത്തി സ്റ്റാര്‍ ടെന്‍ എന്ന സംഗീതപരിപാടി അവതരിപ്പിച്ചു. ശ്രദ്ധിക്കപ്പെടാത്ത ചില ബി ഗ്രേഡ്‌ സിനിമകളുമായി പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി. ആവര്‍ത്തിച്ചു പഴകിയ ഡിസ്‌കോ നമ്പറുകളും മറ്റും കേള്‍പ്പിച്ച്‌ 80കളുടെ അവസാനമാകുമ്പോഴേക്കും ബോളിവുഡ്‌ സംഗീതം ജനത്തെ മടുപ്പിച്ചിരുന്നു. ആര്‍ ഡി ബര്‍മന്റെ കാലം ഒളിമങ്ങിയിരുന്നു; ലക്ഷ്‌മീകാന്ത്‌ പ്യാരേലാലും, ബപ്പി ലാഹിരിയുമൊക്കെ മഹാമേരുക്കളായി തുടരുന്നു; ആനന്ദ്‌ മില്ലിന്ദ്‌ സഹോദരങ്ങള്‍ പ്രശസ്‌തിയിലേക്ക്‌ ഉയരുന്നു. അപ്പോഴും ഈണങ്ങള്‍ ഉള്ളിലൊതുക്കി നദീമും ശ്രാവണും ബോളിവുഡിന്റെ പിന്നാമ്പുറത്ത്‌ ഒതുങ്ങി.


Dheere Dheere Se - Aashiqui (1990)

ആഷിഖി പിറക്കുന്നു
ദാദയെന്ന്‌‌ വിളിക്കുന്ന നടന്‍ മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു പ്രതിസന്ധികളില്‍ തുണ. നിരവധി സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മിഥുന്‍ അവരെ നിരന്തരം പരിചയപ്പെടുത്തി. അങ്ങനെ ടി സീരീസ്‌ ഉടമ ഗുല്‍ഷന്‍ കുമാറിന്റെ മുന്നിലുമെത്തി. 1989ന്റെ അവസാന പകുതിയില്‍ ഒരു ദിവസം മിഥുന്റെ മുംബൈയിലെ ബംഗ്ലാവിലായിരുന്നു ഗുല്‍ഷനുമായുള്ള കൂടിക്കാഴ്‌ച. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സെന്റ്‌ അന്നാസ്‌ സ്‌കൂളില്‍ വച്ചു പരിചയപ്പെട്ടതിനു സമാനമായ അനുഭവം. ഈണങ്ങള്‍ ഹൃദയങ്ങളെ തിരിച്ചറിഞ്ഞു. നദീം ഗുല്‍ഷനെ 'പപ്പാജി' എന്നു വിളിച്ചു; ഗുല്‍ഷന്‍ തിരിച്ച്‌ 'ബഡാ ഭായി' എന്നും. അതൊരു തുടക്കമായിരുന്നു. ആഷിഖി എന്ന പേരില്‍ ആല്‍ബം ചെയ്യാനായിരുന്നു തീരുമാനം. തുടക്കക്കാരനായ സെമീറിന്റെ വരികള്‍. റെക്കോര്‍ഡിംഗിന്‌ ഒരുങ്ങുമ്പോഴാണ്‌ അപ്രതീക്ഷിതമായി സംവിധായകന്‍ മഹേഷ്‌ ഭട്ട്‌ കഥയിലേക്ക്‌ കടന്നു വരുന്നത്‌. മനോഹരവുമായ ഒരു പ്രണയകഥയുമായിട്ടായിരുന്നു മഹേഷിന്റെ വരവ്‌. കഥയിലെ രാഹുലിന്റെയും അനുവിന്റെയും പ്രണയത്തിനു കരുത്തുപകരാന്‍ ഗാനങ്ങള്‍ നല്‍കുമോ എന്ന്‌ മഹേഷ്‌ ഗുല്‍ഷനോട്‌ ചോദിച്ചു. പാട്ടിന്റെ വിപണി എളുപ്പം തിരിച്ചറിയുന്ന ഗുല്‍ഷന്‌ സമ്മതമായിരുന്നു. സെമീറിനൊപ്പം റാണിമാലിക്ക്‌, മദന്‍പാല്‍ എന്നീ രചയിതാക്കളെക്കൂടി ഉള്‍പ്പെടുത്തി ഗാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പ്രശസ്‌തനല്ലാത്ത, കുമാര്‍ സാനുവെന്ന്‌ വിളിപ്പേരുള്ള കൊല്‍ക്കത്തക്കാരന്‍ കേദാര്‍നാഥ്‌ ഭട്ടാചാര്യയും അനുരാധാ പഡ്വാളും ആയിരുന്നു പ്രധാന ഗായകര്‍. ഉദിത്‌ നാരായണനും നിതിന്‍ മുകേഷും ഓരോ പാട്ടുകള്‍ വീതം പാടി. അങ്ങനെ ഒമ്പത്‌ ഗാനങ്ങളുമായി 1990 ആഗസ്‌ത്‌ 17ന്‌ ആഷിഖി എന്ന ലോ ബഡ്‌ജറ്റ്‌ ചിത്രം റിലീസ്‌ ചെയ്‌തു.
മെഗാഹിറ്റിലേക്ക്‌
നാസര്‍ കെ സാമ്‌നെ, ശ്വാസോ കീ സരൂരത്ത്‌, തൂ മെരി സിന്ദഗീ ഹേ, മെം ദുനിയാ ബുലാദൂംഗാ, ധീരേ ധീരേ, ജാനേജിഗര്‍, അബ്‌തേരേബിന്‍, ദില്‍കാ ആലം, മേരാ ദില്‍ തേരേലിയേ തുടങ്ങിയ ഗാനങ്ങള്‍ തുടക്കത്തില്‍ത്തന്നെ സൂപ്പര്‍ ഹിറ്റായി. കേട്ടു മടുത്ത പതിവുകള്‍ക്കു പകരം പുതിയ ശൈലിയിലുള്ള ലളിതവും ശക്തവുമായ മെലഡി കേട്ട്‌ ബോളിവുഡ്‌ അത്ഭുതപ്പെട്ടു. ലാറ്റിനമേരിക്കന്‍, പേര്‍ഷ്യന്‍ വാദ്യോപകരണങ്ങള്‍ സമന്വയിപ്പിച്ച മനോഹരമായ ഓര്‍ക്കസ്‌ട്രയും ബീജിയെമും കേള്‍ക്കാന്‍ ജനം വീണ്ടും വീണ്ടും കാതോര്‍ത്തു. 60കളിലെ ശങ്കര്‍-ജയകിഷന്‍ കാലഘട്ടത്തിലേക്ക്‌ ആസ്വാദകര്‍ തിരികെ നടന്നു. അതൊരു തുടക്കമായിരുന്നു. ബോളിവുഡ്‌ സംഗീതലോകത്തിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ നദീം ശ്രാവണ്‍ യുഗത്തിന്റെ തുടക്കം. മികച്ച സംഗീതസംവിധായകര്‍ക്കുള്‍പ്പെടെ നാല്‌ ഫിലിം ഫെയര്‍ പുരസ്‌കാങ്ങള്‍ ലഭിച്ചു. ആഷിഖിയുടെ ഒന്നരക്കോടി കാസറ്റുകളാണ്‌ വിറ്റത്‌. അങ്ങനെ ഇന്ത്യന്‍ സിനിമാ സംഗീത ചരിത്രത്തിലെ നാഴികക്കല്ലായി മാറി ഈ പ്രണയ കാവ്യം.
Nadeem - Shravan
ഫോട്ടോ - എഴുപതുകളില്‍ വിവിധഭാരതി സ്‌റ്റഡിയോയില്‍ നദീമും ശ്രാവണും.
ജ്വലിച്ചു നിന്ന ഏഴുവര്‍ഷങ്ങള്‍
സിനിമകളുടെ പെരുമഴയായിരുന്നു പിന്നെ. 1991ല്‍ 'ദില്‍ഹേ കി മാന്‍താ നഹീന്‍' എന്ന ചിത്രവും ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌. തൊട്ടു പിന്നാലെ 'സാജന്‍', 'സാഥി', 'ഫൂല്‍ ഔര്‍ കാണ്ഡെ' തുടങ്ങി മെഗാഹിറ്റുകളുടെ ഘോഷയാത്ര. കാസറ്റ്‌ വില്‍പ്പനശാലകള്‍ക്കു മുന്നില്‍ ജനം ഇരച്ചു. നദീംശ്രാവണ്‍ ആണു സംഗീതമെങ്കില്‍ കാസറ്റ്‌ വില്‍പ്പനയിലൂടെ മാത്രം സിനിമയുടെ മുടക്കുമുതല്‍ തിരിച്ചു പിടിക്കാമെന്ന്‌ തിരിച്ചറിഞ്ഞ നൂറുകണക്കിനു നിര്‍മ്മാതാക്കള്‍ വീട്ടുപടിക്കല്‍ ക്യൂ നിന്ന കാലം. സടക്ക്‌, ദീവാന, ദില്‍വാലെ, സലാമി, രാജ, അഗ്നിസാക്ഷി, രാജാഹിന്ദുസ്ഥാനി, ജുഡായി, പര്‍ദേശ്‌ തുടങ്ങിയ മെഗാ മ്യൂസിക്കല്‍ഹിറ്റ്‌ ചിത്രങ്ങളുമായി 1997 വരെയുള്ള ഏഴു വര്‍ഷങ്ങള്‍. പലതും പാട്ടുകള്‍ കൊണ്ടു മാത്രം ഹിറ്റായ സിനിമകള്‍. ഒരു സിനിമയിലെ മുഴുവന്‍ ഗാനങ്ങളും സൂപ്പര്‍ഹിറ്റാകുന്നത്‌ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത പ്രത്യേകത. നാല്‌ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 113 ഓളം പുരസ്‌കാരങ്ങളും ഇന്ത്യന്‍ സംഗീതലോകത്തെ അതികായരായ നൗഷാദ്‌, ആര്‍ ഡി ബര്‍മ്മന്‍ തുടങ്ങിയവരുടെ അഭിനന്ദനങ്ങളും ഈ കാലത്ത്‌ തേടിയെത്തി. 18 ഭാഷകളിലേക്ക്‌ ഗാനങ്ങള്‍ മൊഴിമാറ്റി.
വീണ്ടുമൊരു ആഗസ്‌ത്‌
1997 ആഗസ്‌റ്റ് 8നാണ്‌ സുഭാഷ്‌ ഗായിയുടെ 'പര്‍ദേശ്‌' റിലീസ്‌ ചെയ്യുന്നത്‌. നദീം ശ്രാവണിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിട്ടാണ്‌ പലരും പര്‍ദേശിലെ ഗാനങ്ങളെ വിശേഷിപ്പിച്ചത്‌. ഐ ലവ്‌ മൈ ഇന്‍ഡ്യ, മേരി മെഹബൂബ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായതിനൊപ്പം പക്വത ആര്‍ജ്ജിച്ച പ്രതിഭകളെന്ന്‌ നിരൂപക പ്രശംസയും ലഭിച്ചു. പക്ഷേ വെറും നാല്‌ ദിവസങ്ങള്‍ക്കു ശേഷം സകലതും കീഴ്‌മേല്‍ മറിഞ്ഞു. ബോളിവുഡിനെ നടുക്കി ആഗസ്‌ത്‌ 12ന്‌ അന്ധേരിയില്‍ വച്ച്‌ ഗുല്‍ഷന്‍ കുമാര്‍ വെടിയേറ്റു മരിച്ചു. ഗൂഡാലോചനയില്‍ നദീം സെയിഫിക്കും പങ്കുണ്ടെന്ന വാര്‍ത്ത കൂടി പരന്നതോടെ സംഗീത ലോകം തരിച്ചു നിന്നു. സംഭവം നടക്കുമ്പോള്‍ കുടുംബവുമൊത്ത്‌ വിദേശത്തായിരുന്ന നദീം പിന്നീട്‌ ഇന്ത്യയിലേക്ക്‌ തിരിച്ചു വന്നില്ല. നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ 2002ല്‍ മുംബൈ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും നദീം ലണ്ടനിലും ശ്രാവണ്‍ ഇന്ത്യയിലുമായി തുടര്‍ന്നു. 2000ത്തില്‍ ദട്‌കന്‍, ദില്‍ ആഷിഖാന തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ ഇരുവരും അകലങ്ങളിലിരുന്നു ഈണമിട്ടു. ഗാനങ്ങള്‍ വീണ്ടും സൂപ്പര്‍ഹിറ്റ്‌. 2002ല്‍ റാസ്‌ മെഗാഹിറ്റായതോടെ തൊണ്ണൂറുകള്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രതീതി. പക്ഷേ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ 2005ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഇക്കാലത്ത്‌ കൂട്ടുകെട്ടിന്റെ ക്രെഡിറ്റില്‍ത്തന്നെ പുറത്തിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടു. ഒടുവില്‍ 2015ല്‍ പുതിയ വാര്‍ത്തയെത്തി; നദീം സെയിഫി ആദ്യമായി ഒറ്റയ്‌ക്ക്‌ ഈണമിടുന്ന 'ഇഷ്‌ഖ്‌ ഫോര്‍ എവര്‍' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇഷ്‌ഖ്‌ ഫോര്‍ എവറിലെ ഗാനങ്ങള്‍ നവംബര്‍ രണ്ടാംവാരം പുറത്തിറങ്ങുന്നതോടെ വിരാമമാകുന്നത്‌ ബോളിവുഡിലെ നദീം ശ്രാവണ്‍ യുഗത്തിനാണ്‌.
Nadeem-Shravan
നദീമും ശ്രാവണും
പാട്ടുകളിലെ ഗ്രാമീണത
ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും ഖവാലികളും സമന്വയിപ്പിച്ച മെലഡിയും ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ അലയൊലികളും നാടോടി ഈണങ്ങളുടെ സ്വാധീനവുമാണ്‌ നദീം ശ്രാവണ്‍ ഗാനങ്ങളുടെ ജനപ്രിയതയ്‌ക്ക്‌ പിന്നില്‍. 60 കളിലെ ശങ്കര്‍ - ജയ്‌കിഷന്‍ കൂട്ടുകെട്ടിന്റെ ഗൃഹാതുരത വലിയൊരു വിഭാഗം ആസ്വാദകരില്‍ ഉണര്‍ത്തിയതും വിജയത്തിനു കാരണമായി. ഒരര്‍ത്ഥത്തില്‍ ശങ്കര്‍ ജയകിഷന്റെ ആധുനിക രൂപമായിരുന്നു നദീം ശ്രാവണ്‍ കൂട്ടുകെട്ട്‌. ഭാംസുരി, സിത്താര്‍, ഷെഹനായി തുടങ്ങിയവയ്‌ക്കൊപ്പം അര്‍ജന്റീനിയന്‍, ആഫ്രോ - ക്യൂബന്‍ പ്രെകഷന്‍ (Afro - Cuban Procussion Instruments) വാദ്യോപകരണങ്ങള്‍ സൃഷ്ടിച്ച താളാത്മക ശൈലിയും ഗാനങ്ങളെ ആകര്‍ഷകമാക്കി. ആഗോളവല്‍ക്കരണത്തിനു മുമ്പും ശേഷവുമുള്ള വടക്കേ ഇന്ത്യന്‍ ഗ്രാമീണ - നാടോടി ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ച പലഗാനങ്ങളിലുമുണ്ട്‌. രാജാഹിന്ദുസ്ഥാനിയിലെ 'പര്‍ദേശീ പര്‍ദേശീ' എന്ന ഗാനം ഇതിനൊരു ഉദാഹരണമാണ്‌. ഇന്ത്യന്‍ നാടോടികളുടെ മുഴുവന്‍ നിസ്സഹായതയും ദൈന്യവും ഈ പാട്ടിലുണ്ട്‌. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ട്രെയിനില്‍ കാണുന്ന ഭിക്ഷക്കാരായ നാടോടിക്കുട്ടികള്‍ ന്യൂജനറേഷന്‍ നമ്പറുകള്‍ക്കു പകരം 'തൂ ജാനാ നഹീ..' എന്ന്‌ വയറ്റിലടിച്ചു നിലവിളിച്ചു പാടുന്നതു വെറുതെയല്ല. പലഗാനങ്ങളിലും എ ആര്‍ റഹ്മാന്റെ സാങ്കേതികത്തികവിനെക്കാള്‍ ശുദ്ധ സംഗീതത്തിന്റെ സ്വാഭാവികമായ ഒഴുക്കുണ്ട്‌. ശബ്ദഘോഷങ്ങളുടെ ജാഡകളില്ലാത്ത ഫാസ്റ്റ്‌ നമ്പറുകള്‍. രാജയിലെ 'അഖിയാന്‍ മിലാവൂം കഭി' അടക്കം നിരവധി ഉദാഹരണങ്ങള്‍.
അതേസമയം പാക്കീസ്ഥാനി ഈണങ്ങളും പല അന്യഭാഷാ ഗാനങ്ങളും കോപ്പിയടിക്കുകയിരുന്നു നദീം ശ്രാവണെന്ന ആരോപണവും ശക്തമാണ്‌. ആക്ഷേപം ഒരുപരിധി വരെ ശരിയുമാണ്‌. എന്നാല്‍ കോപ്പിയടിച്ചതായി ആരോപിക്കപ്പെടുന്ന പല ഈണങ്ങളും അതേപടി പകര്‍ത്തുകയല്ല അവയെ അടിസ്ഥാനമാക്കി പുതിയ ഈണങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. യുഎസ്‌ ഗായിക ജോയ്‌സി സിംസിന്റെ 'കം ഇന്‍ ടു മൈ ലൈഫില്‍' നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ ഒരുക്കിയ 'ധീരേ ധീരേ'തന്നെ ഉദാഹരണം. സംഗീതത്തില്‍ ശാസ്ത്രീയമായി വലിയ പരിശീലനങ്ങളൊന്നും ലഭിച്ചിരുന്നില്ല നദീമിനും ശ്രാവണിനും. ഇവരുടെ ഭൂരിപക്ഷം ഈണങ്ങള്‍ക്കും തൂലിക ചലിപ്പിച്ച സമീറാകട്ടെ വലിയ കവിയോ സാഹിത്യകാരനോ ആയിരുന്നുമില്ല. എങ്കിലും ലക്ഷക്കണക്കിനു സാധാരണക്കാരെ ആകര്‍ഷിക്കാന്‍ ഈ ടീമിനു കഴിഞ്ഞു. ഹിന്ദി വാക്കിന്റെ അര്‍ത്ഥം അറിയാത്ത മലയാളികള്‍ പോലും പല ഗാനങ്ങളും ഇന്നും മൂളിനടക്കുന്നു. ഈട്രാക്കുകളെ അടിസ്ഥാനമാക്കി തൊണ്ണൂറുകളില്‍ മലയാളത്തില്‍ നിരവധി ആല്‍ബങ്ങളും ഇറങ്ങി. മാപ്പിളപ്പാട്ടുകള്‍ എന്ന പേരില്‍ അടുത്തകാലത്ത്‌ കേരളത്തില്‍ ഹിറ്റായ ഭൂരിഭാഗം ഗാനങ്ങളും നദീം ശ്രാവണ്‍ കാലഘട്ടത്തെ അനുസ്‌മരിപ്പിച്ചിരുന്നു.
യോ യോ ഹണി സിംഗിന്റെ പുതിയ ധീരേ ധീരേ തരംഗമാകുമ്പോഴും ആസ്വാദകരില്‍ ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. 2013 ല്‍ റിലീസായ ആഷിഖി ടുവിലെ പാട്ടുകളാണോ കാല്‍നൂറ്റാണ്ട്‌ പഴക്കമുള്ള ആ ഒമ്പതു ഗാനങ്ങളാണോ ഹൃദയങ്ങളില്‍ ഇപ്പോഴും സൂക്ഷിക്കപ്പെടുന്നത്‌?

Post a Comment

0 Comments

CLOSE ADS


CLOSE ADS