Subscribe Us

സ്വര്‍ണവരുമാന പദ്ധതി: നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താം


സ്വര്‍ണം പണമാക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടു. പദ്ധതിയുടെ പലിശ നിരക്കുകള്‍ ബാങ്കുകള്‍ക്ക് നിശ്ചയിക്കാം.
വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവരികയും സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയുമാണ് പദ്ധതികളുടെ ലക്ഷ്യം. എന്നാല്‍ നിക്ഷേപകന് പദ്ധതികള്‍ എത്രത്തോളം ഗുണകരമാണ്? ഈ കാഴ്ചപ്പാടില്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീ(ജിഎംഎസ്)മിനെ വിലയിരുത്താം.

വ്യവസ്ഥകള്‍:
* സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ പോലെ ഇടപാടുകാര്‍ക്ക് സ്വര്‍ണ നിക്ഷേപ അക്കൗണ്ടുകള്‍ തുറന്ന് ആഭരണങ്ങള്‍ നിശ്ചിത കാലാവധിക്ക് നിക്ഷേപിക്കാം.
* ചുരുങ്ങിയ നിക്ഷേപം 30 ഗ്രാം.
* പലിശ നിരക്കുകള്‍ അതത് ബാങ്കുകളാണ് നിശ്ചയിക്കുക. പരമാവധി മൂന്ന് ശതമാനംവരെ പലിശ ലഭിച്ചേക്കാം.
*നിക്ഷേപ കാലാവധിക്കനുസരിച്ച് പലിശയില്‍ വ്യത്യാസം ഉണ്ടാകും.
* ഒരു വര്‍ഷം മുതല്‍ 15 വര്‍ഷംവരെയുള്ള കാലാവധിയില്‍ സ്വര്‍ണം നിക്ഷേപിച്ച് പലിശനേടാം.
* നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണവിലയാകും പലിശയുടെ അടിസ്ഥാനം.
* അക്കൗണ്ട് തുടങ്ങി 30-60 ദിവസത്തിനുള്ളില്‍ പലിശ ലഭിക്കും.
* കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമായി തിരിച്ചെടുക്കാം.
* സ്വര്‍ണം ഉരുക്കി പരിശോധിച്ചശേഷം ഹാള്‍മാര്‍ക്കിങ് ഏജന്‍സി നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ബാങ്കില്‍ നല്‍കേണ്ടത്. ഇതിന് ബാങ്കുകളും നിക്ഷേപകനെ സഹായിക്കും.
* ആഭരണത്തിന് പുറമെ, ബാറുകളും നാണയങ്ങളുമായും നിക്ഷേപിക്കാം.
* ഹ്രസ്വകാലം(ഒന്ന് മുതല്‍ മൂന്ന് വര്‍ഷം), ഇടക്കാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം( 12 മുതല്‍ 15 വര്‍ഷം) എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാം.
* നിക്ഷേപമായി ലഭിക്കുന്ന സ്വര്‍ണം ബാങ്കുകള്‍ക്ക് ജ്വല്ലറികള്‍ക്ക് വില്‍ക്കാം. ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാണിത്.
 
നേട്ടം:
  • വീട്ടിലുംമറ്റും ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന് യഥാര്‍ത്ഥമൂല്യം നഷ്ടപ്പെടാതെത്തന്നെ കാലാകാലങ്ങളില്‍ പലിശവരുമാനവും നേടാം.
  • നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണത്തിന്റെ വിപണിവില കണക്കാക്കി പണം ലഭിക്കും. ഇതിനുപുറമെയാണ് പലിശ ലഭിക്കുക.
  • വീട്ടിലോ ലോക്കറിലോ സൂക്ഷിക്കുമ്പോഴുള്ള സുരക്ഷിതത്വ പ്രശ്‌നം ഒഴിവാക്കാം. ബാങ്കില്‍ നിക്ഷേപം സുരക്ഷിതമായിരിക്കും.
  • ലോക്കറില്‍ വെയ്ക്കുന്നതിനുള്ള ചെലവ് ഒഴിവാക്കാം.
  • പലിശ വരുമാനത്തിന് ആദായ നികുതിയൊഴിവ്. മൂലധന നേട്ടത്തിന് നികുതിയില്ല.
ന്യൂനതകള്‍:
  • നിക്ഷേപിച്ച ആഭരണങ്ങള്‍ അതുപോലെ തിരിച്ചുകിട്ടില്ല. സ്വര്‍ണമായോ പണമായോ ആണ് ലഭിക്കുക. 
  • പരമാവധി പലിശ(15 വര്‍ഷം) മൂന്ന് ശതമാനമാണ്. ഹ്രസ്വകാല നിക്ഷേപത്തിന് നാമമാത്രമാകും പലിശ.
  • സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തിയിട്ടുവേണം നിക്ഷേപം. ഇതിന് ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ശുദ്ധി പരിശോധനവേണ്ടിവരും. 
  • സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ഏജന്‍സികളാണ് സ്വര്‍ണം ഉരുക്കിമൂല്യം നിശ്ചയിക്കുന്നത്. നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നതുസമ്പന്ധിച്ച് നിക്ഷേപകന് ആശങ്ക സ്വാഭാവികം.
  • ആഭരണമാണെങ്കില്‍ അതിന്റെ പരിശുദ്ധിക്കനുസരിച്ചാകും മൂല്യം കണക്കാക്കുക. നാണയമോ, കട്ടിയോ ആണെങ്കില്‍ അതിന്റെ മൂല്യം കൃത്യമായി അപ്പോള്‍തന്നെ വിലയിരുത്താം.
  • ശുദ്ധി നിശ്ചയിക്കുന്നതിനുള്ള ചെലവ് നിക്ഷേപകന്‍ വഹിക്കേണ്ടിവരും. 100 ഗ്രാംവരെ ഉരുക്കാന്‍ 500 രൂപയും ശുദ്ധി നിശ്ചയിക്കാന്‍ 300 രൂപയും ശരാശരി ചെലവ് വരും. കല്ല് ഉള്ള ആഭരണമാണെങ്കില്‍ ചെലവ് ഇനിയും കൂടും. ഇതോടൊപ്പം ഉരുക്കുമ്പോള്‍ നഷ്ടമാകുന്ന സ്വര്‍ണത്തിന്റ മൂല്യം വേറെയും.
  • ആഭരണങ്ങളുടെ പരിശുദ്ധിയില്‍ ഏകീകരണം ഉണ്ടായത് അടുത്തിയിടെയാണ്. പഴയ ആഭരണങ്ങള്‍ക്ക് 20 കാരറ്റാകും ഉണ്ടാകുക. 91.6 പരിശുദ്ധിയെന്നാല്‍ 22 കാരറ്റും തനിതങ്കം 24 കാരറ്റുമാണ്. ഇതുസംബന്ധിച്ചും നിക്ഷേപകന് ആശങ്കയുണ്ടാകാം.
സര്‍ക്കാരിനുള്ള നേട്ടം
  • രാജ്യത്തൊട്ടാകെയുള്ള കുടുംബങ്ങളിലും മറ്റുമായി 20,000 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് കണക്ക്. വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവന്ന് ക്രയവിക്രയം സാധ്യമാക്കാം.
  • ഇതിലൂടെ രാജ്യത്തെ സ്വര്‍ണം ഇറക്കുമതി കുറയ്ക്കാം. (800 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് രാജ്യത്ത് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്). ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവ് വരുന്നത് വിദേശനാണ്യം നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS