Subscribe Us

ഒരു ഗ്രാമത്തിലെ സ്ത്രീകളെ മുഴുവന്‍ വിധവകളാക്കി ദേശീയപാത 44

 വിധവകളുടെ ഗ്രാമമാണ് തെലങ്കാനയിലെ പെഡഗുന്‍ഡ് എന്ന ഉള്‍നാടന്‍ ഗ്രാമം. ഇവിടെയുള്ള സ്ത്രീകളെ വിധവകളാക്കിയത് ഗ്രാമത്തിന് സമീപമുള്ള ഒരു ദേശീയപാതയാണ്. സദാസമയവും വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാത 44. ഗ്രാമത്തിലെ പുരുഷന്മാരുടേയെല്ലാം ജീവന്‍ കവര്‍ന്നത് ഈ നാലുവരിപ്പാതയാണ്. 
മുപ്പത്തഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കൊച്ചുഗ്രാമത്തില്‍ ഇന്നുള്ളത് ഒരേയൊരു പുരുഷനാണ്. ബാക്കിയുണ്ടായിരുന്ന 37 പേര്‍ പലപ്പോഴായി ദേശീയപാതയില്‍ ചതഞ്ഞരഞ്ഞു ജീവന്‍ വെടിഞ്ഞു. പ്രാണരക്ഷാര്‍ത്ഥം രണ്ടുപേര്‍ ഗ്രാമം തന്നെ ഉപേക്ഷിച്ചു. 
 ഗ്രാമത്തിന്റെ ആസ്ഥാനം ദേശീയപാതക്കപ്പുറമാണ്. തൊഴില്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി ഗ്രാമവാസികള്‍ക്ക്‌പലപ്പോഴും ഈ പാത മുറിച്ചുകടക്കേണ്ടതായി വരും. പക്ഷേ മുറിച്ച് കടന്നവര്‍ തിരിച്ചെത്തുക പതിവില്ല. പാതയിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങള്‍ അവരുടെ ജീവനെ തട്ടിത്തെറിപ്പിക്കും. 
മരണങ്ങള്‍ ഏറിയപ്പോള്‍ ഇതുസംബന്ധിച്ച പരാതി കൊടുക്കാനായി ദേശീയപാത മുറിച്ചു കടന്ന് അധികാരികളെ കാണാന്‍ പോയ ഗ്രാമവാസിയും പരാതി കൊടുത്ത് മടങ്ങുന്നതിനിടെ അതേ പാതയില്‍ വച്ച് തന്നെ കൊല്ലപ്പെട്ടു.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ വടക്കേയറ്റത്തേയും തെക്കേയറ്റത്തേയും ബന്ധിപ്പിച്ചുകൊണ്ട് ദേശീയപാത 44 ഇവര്‍ക്കിടയിലേക്ക് വരുന്നത്. ദേശീയപാതക്കൊപ്പം ഗ്രാമവാസികള്‍ക്കെല്ലാം തൊഴില്‍, കുടിവെള്ളം തുടങ്ങി നിരവധി വാഗ്ദാനങ്ങളും ഇവരെ തേടിയെത്തി. അതിലൊന്നായിരുന്നു സര്‍വീസ് റോഡും. എന്നാല്‍ ഇതുവരെയായിട്ടും സര്‍വീസ് റോഡ് യാഥാര്‍ത്ഥ്യമായിട്ടില്ല. അതുകൊണ്ട് തന്നെ തൊഴില്‍ തേടിയും മറ്റുപല ആവശ്യങ്ങള്‍ക്കായും ഗ്രാമവാസികള്‍ക്ക് ഹൈവേ മുറിച്ചുകടക്കേണ്ടി വരുന്നു
ഗ്രാമത്തില്‍ ഇന്ന് അവശേഷിച്ചിരിക്കുന്ന ഏക പുരുഷനാണ് തരിയ കോറ. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട പോലെ തരിയാ കോറക്ക് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. അഞ്ചുവയസ്സുള്ള മകനോടൊപ്പം ബാക്കിയുള്ള ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് തരിയ. വികസന സ്വപ്‌നങ്ങളുമായി വന്ന ദേശീയപാത തങ്ങള്‍ക്ക് യാതൊരു അഭിവൃദ്ധിയും ഉണ്ടാക്കിയില്ലെന്ന് താരിയ കുറ്റപ്പെടുത്തുന്നു. അതവര്‍ക്കാകെ നല്‍കിയത് തുടരുന്ന മരണങ്ങള്‍ മാത്രമായിരുന്നു. 
മരണഭീതിക്കൊപ്പം കഠിനമായ ദാരിദ്രവും ഇവര്‍ നേരിടുന്നുണ്ട്. ഗ്രാമത്തിലെ പുരുഷന്മാര്‍ എല്ലാം മരണപ്പെട്ടതിനാല്‍ ഇവിടെയുള്ള സ്ത്രീകളെ ഉന്നംവച്ചെത്തുന്ന സമീപഗ്രാമത്തിലെ പുരുഷന്മാരെയും ഇവര്‍ക്ക് ഭയപ്പെടണം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടില്‍ ഇവരില്‍ പലരും ഇന്ന് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
സ്വന്തം മരണത്തെ കാത്തിരിക്കുന്നവരാണ് തങ്ങളെന്നാണ് അവരില്‍ പലരും സ്വയം വിശേഷിപ്പിച്ചത്. വിധവകളുടെ ഗ്രാമം എന്നറിയപ്പെടുന്ന പെഡഗുന്‍ഡ് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ നിരവധി നേതാക്കള്‍ ഗ്രാമവാസികളെ സന്ദര്‍ശിക്കാനെത്തി. പക്ഷേ അവരിലാരും ഇവരെ സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നു.
പെഡഗുന്‍ഡ് വിധവയായ നേനാവത് റുഖ്യക്ക് നഷ്ടപ്പെട്ടത് ഭര്‍ത്താവിനെ മാത്രമായിരുന്നില്ല. അവരുടെ മൂന്ന് ആണ്‍മക്കളേയും മരുമകനേയും ദേശീയപാത കവര്‍ന്നെടുത്തു.  സമീപഗ്രാമങ്ഹലിലെ പുരുഷന്മാരുടെ ശല്യം ഏറിയപ്പോള്‍ മരുമകളെ അവളുടെ വീട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ് നേനാവത്. 'ഞങ്ങളുടെ മക്കളെയെല്ലാം സര്‍ക്കാര്‍ ഹോസ്റ്റലിലയക്കണം. അവരുടെ ജീവനെങ്കിലും സുരക്ഷിതമായിരിക്കുമല്ലോ.' നേനാവത് റുഖ്യ വേദനയോടെ പറയുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS