Subscribe Us

നനച്ച് മടുക്കേണ്ട, പ്ലാസ്റ്റിക് കുപ്പിയും തിരിയുമുണ്ടെങ്കില്‍ ജലസേചനം ഉറപ്പാക്കാം

കോഴിക്കോട്: വീട്ടില്‍നിന്ന് രണ്ടുദിവസം മാറിനില്‍ക്കുമ്പോഴേക്കും വെള്ളം കിട്ടാതെ ചെടി വാടുമോ എന്ന് പേടിക്കുന്നവരാണ് ഭൂരിഭാഗവും. വെള്ളം കൂടിയാലോ ചെടി ചീഞ്ഞുംപോകും. 
ഹരിതപ്രേമികളുടെ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സി.ഡബ്‌ള്യു.ആര്‍.ഡി.എമ്മിലെ വിജ്ഞാന വ്യാപന പരിശീലനവിഭാഗം മേധാവി ഡോ. കമലം ജോസഫ്. 'തിരിനന ജലസേചനം' എന്നുപേരിട്ടിരിക്കുന്ന പദ്ധതിയില്‍ ഒരു പ്ലാസ്റ്റിക് കുപ്പിയും തിരിയുമുണ്ടെങ്കില്‍ ചെടിക്കാവശ്യമായ വെള്ളം ഉറപ്പാക്കാം. 
എയര്‍കണ്ടീഷണറുകളില്‍ ഉപയോഗിക്കുന്ന 'ഗ്ലാസ് വൂള്‍' കൊണ്ടുള്ള തിരിയാണ് ഇതിന്റെ അടിസ്ഥാനം. ഗ്രോബാഗിന്റെ അടിവശത്ത് ദ്വാരമിട്ട് തിരിവെക്കണം. 
30 സെന്റിമീറ്റര്‍ നീളമുള്ള തിരിയുടെ പകുതിഭാഗമാണ് ഗ്രോബാഗില്‍ വെക്കേണ്ടത്. ശേഷം മണ്ണുനിറച്ച് ചെടി കുഴിച്ചിടാം. ഗ്രോബാഗ്, ഇഷ്ടിക വെച്ച് ഉയര്‍ത്തിവെക്കണം. ഇഷ്ടികയ്ക്കിടയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ രണ്ട് ദ്വാരമിട്ട് വെക്കണം. കിടത്തിവെക്കുന്ന ഈ കുപ്പിയില്‍ ഒരു ദ്വാരത്തിലൂടെ ഗ്രോബാഗില്‍നിന്നുള്ള തിരി കുപ്പിയിലേക്ക് കടത്തിവെക്കാം. 

മറ്റേ ദ്വാരം വഴി കുപ്പിയില്‍ വെള്ളം നിറയ്ക്കാം. ഇതോടെ ആവശ്യമായ വെള്ളം തിരിവഴി ചെടിതന്നെ വലിച്ചെടുത്തുകൊള്ളും. 
ഡ്രിപ്പ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളേക്കാളും കൂടുതല്‍ ഫലപ്രദമാണിതെന്ന് ഡോ. കമലം ജോസഫ് അവകാശപ്പെടുന്നു.
തിരി നിര്‍മിക്കുന്നതിന് സി.ഡബ്‌ള്യു.ആര്‍.ഡി.എം. പട്ടികജാതി വിഭാഗം യുവാക്കള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആവശ്യക്കാര്‍ സി.ഡബ്ല്യു.ആര്‍.ഡി.എമ്മുമായി ബന്ധപ്പെട്ടാല്‍ തിരി ലഭിക്കും. 

Post a Comment

0 Comments

CLOSE ADS


CLOSE ADS