Subscribe Us

പാവപ്പെട്ടവരെ സ്വാശ്രയരാക്കാൻ യത്നിച്ച ഇസാഫിന് ഇനി ബാങ്കും

തൃശൂർ ∙ പശുവിനെയും താറാവിനെയും വാങ്ങാൻ ചെറുകിട വായ്പ നൽകി വളർന്ന ഇസാഫിന് രാജ്യത്തെ ബാങ്കിങ് രംഗത്ത് ഇനി നക്ഷത്രത്തിളക്കം. ചെറുകിട ബാങ്കുകൾ ആരംഭിക്കാൻ റിസർവ് ബാങ്ക് തിരഞ്ഞെടുത്ത രാജ്യത്തെ 10 സ്ഥാപനങ്ങളിലൊന്നാണ് മലയാളികൾ പോലും അധികമൊന്നും കേൾക്കാത്ത ഇസാഫ്.
 പ്രമുഖ ധനകാര്യ സ്ഥാപനങ്ങളോട് ഏറ്റുമുട്ടിയാണ് മണ്ണുത്തി ആസ്ഥാനമായുള്ള മൈക്രോ ഫിനാൻസ് സ്ഥാപനം സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. മൈക്രോഫിനാൻസിലൂടെ 7000 കോടി രൂപ വായ്പ നൽകിയ ഇസാഫിന്റെ പേര് പക്ഷേ ജാർഖണ്ഡിലെയും ബിഹാറിലെയും അസമിലെയും പിന്നാക്ക ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സുപരിചിതമാണ്. ചെറുകിട ബാങ്കിനായി ആർബിഐ തത്വത്തിൽ‍ അംഗീകാരം നൽകിയതിൽ കേരളത്തിൽ നിന്നുള്ള ഏക സ്ഥാപനമാണ് ഇസാഫ്. എൻജിഒ ആയിട്ടാണ് തൃശൂർ സ്വദേശി പോൾ തോമസ് മണ്ണുത്തിയിലെ വാടക വീട്ടിലെ കുടുസു മുറിയിൽ 1992ൽ ഇസാഫ് ആരംഭിച്ചത്. എയ്ഡ്സ് ബോധവൽക്കരണവും രക്തദാനക്യാംപും തൊഴിൽ പരിശീലനവും നടത്തിയ ഇസാഫ് പിന്നീട് 1995ൽ പശുവിനെ വാങ്ങാനും കാലികളെ വാങ്ങാനും ചായക്കട തുടങ്ങാനും 3000 രൂപ വരെ വായ്പ നൽകി മൈക്രോ ഫിനാൻസിന് തുടക്കമിട്ടു. പാവപ്പെട്ടവരാണ് വായ്പ തിരികെ അടയ്ക്കുകയെന്ന അനുഭവസാക്ഷ്യത്തിലൂടെയാണ് ഇസാഫിന്റെ പിന്നീടുള്ള വളർച്ച.
തുടർന്ന് വായ്പാ തുകയും ഉയർത്തി. മൈക്രോഫിനാൻസിന്റെ തലതൊട്ടപ്പനായ ബംഗ്ലദേശിലെ ഗ്രാമീണ ബാങ്കിന്റെ സ്ഥാപകനും നൊബേൽ ജേതാവുമായ പ്രഫ. മുഹമ്മദ് യൂനുസുമായുള്ള കൂടിക്കാഴ്ചയാണ് മൈക്രോഫിനാൻസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പോൾ തോമസിനെ പ്രേരിപ്പിച്ചത്. ബംഗ്ലദേശ് ഗ്രാമീൺ ബാങ്ക് ട്രസ്റ്റ് 1998ൽ നൽകിയ 15 ലക്ഷത്തിന്റെ വായ്പയാണ് ഇസാഫിന് ലഭിച്ച ആദ്യകാലത്തെ ഏറ്റവും വലിയ ഫണ്ട്. കുടുംബശ്രീക്കു പോലും ഭാവിയിൽ മാതൃകയായി മാറിയ പരിശീലനപരിപാടികളും മറ്റും ആരംഭിച്ച ഇസാഫ് സ്ത്രീശാക്തീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ത്രീകൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകുകയും അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയും ചെയ്ത ഇസാഫിനെ ഇതര സംസ്ഥാനങ്ങളിലെ പിന്നാക്ക ഗ്രാമങ്ങൾ കൈനീട്ടി സ്വീകരിച്ചു. ഇസാഫിന് ഇന്ന് ഒൻപത് സംസ്ഥാനങ്ങളിലായി 224 ഓഫിസുകളുണ്ട്. ജീവനക്കാരുടെ എണ്ണം 2500 കവിഞ്ഞു.
എട്ടു ലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക സേവനം നൽകുന്ന ഇസാഫ് വിവിധ കേന്ദ്ര പദ്ധതികളുടെ നടത്തിപ്പ് ഏജൻസി കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ സ്വാവലംബൻ യോജന ദേശീയ പെൻഷൻ പദ്ധതിയുടെ അംഗീകൃത ഏജന്റാണ് ഇസാഫ്. പാവപ്പെട്ടവർക്ക് പെൻഷൻ നൽകുന്ന പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ പങ്കാളികളാക്കിയത് ഇസാഫ് ആണ്. കേന്ദ്ര സർക്കാരിന്റെ സഞ്ചാർ ശക്തി പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയും ഇസാഫിനായിരുന്നു. രാജ്യത്തെ പാവപ്പെട്ടവർക്കിടയിൽ ഇസാഫ് നടത്തുന്ന ബഹുമുഖമായ സാമ്പത്തിക ഇടപെടലിനുള്ള അംഗീകാരമാണ് ചെറുകിട ബാങ്ക് പദവിക്കായുള്ള തത്വത്തിലുള്ള അംഗീകാരമെന്ന് പോൾ തോമസ് പറഞ്ഞു. റിസർവ് ബാങ്ക് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ച് ബാങ്ക് പദവി നേടിയെടുക്കാൻ 18 മാസത്തിനകം കഴിയുമെന്ന വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട ബാങ്ക് ആയി മാറുന്നതോടെ സാധാരണ ബാങ്കുകളെപ്പോലെ ഇസാഫിന് പ്രവർത്തിക്കാം. മൊത്തം വായ്പയുടെ പകുതിയും 25 ലക്ഷത്തിനു താഴെയായിരിക്കണം.
 ചെറുകിട ബാങ്കുകൾക്കായുള്ള അന്തിമാനുമതി ലഭിച്ചാൽ ഗ്രാമപ്രദേശങ്ങളിലായിരിക്കും ബാങ്കുകൾ ആരംഭിക്കുകയെന്ന് പോൾ തോമസ് പറഞ്ഞു. അഞ്ചു പേരടങ്ങുന്ന ചെറുഗ്രൂപ്പുകളുടെ കൂട്ടായ്മയായ സ്വാശ്രയസംഘങ്ങൾ വഴിയാണ് ഇസാഫ് വായ്പ നൽകുന്നത്. ഓരോ ഗ്രൂപ്പിലെയും അംഗങ്ങളാണ് പരസ്പരം ജാമ്യം നിൽക്കുന്നത്. പങ്കുവയ്ക്കലും സഹവർത്തിത്വവുമാണ് സ്വാശ്രയസംഘങ്ങളുടെ വളർച്ചയെന്നും ഇസാഫിന്റെ വളർച്ച സ്വാശ്രയസംഘങ്ങളുടെ വളർച്ചയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.‌ മൈക്രോഫിനാൻസിനൊപ്പം സാമൂഹികസേവനത്തിലും സജീവമായ ഇസാഫ് ജാർഖണ്ഡിലെ കുട്ടികളുടെ പഠനത്തിനായി 30 സ്കൂളുകൾ നടത്തുന്നുണ്ട്. ലോക തൊഴിൽ സംഘടന ഉൾപ്പെടെ രാജ്യാന്തര സംഘടനകളും ഇസാഫിന്റെ പ്രവർത്തനങ്ങൾ പഠനവിഷയമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളുമാണ് ഇസാഫിന് പണം നൽകുന്നത്. നബാർഡ് അടക്കം 45 സ്ഥാപനങ്ങൾ ഇന്ന് ഇസാഫിന് പണം നൽകുന്നു. ഓപ്പർച്യുണിറ്റി ഇന്റർനാഷനൽ ഓസ്ട്രേലിയയുടെ അനുബന്ധസ്ഥാപനമായ ദിയ വികാസ് ക്യാപിറ്റൽ, ഒയ്കോ ക്രെഡിറ്റ് നെതർലൻഡിന്റെ അനുബന്ധ സ്ഥാപനമായ മാനവീയ ഹോൾഡിങ്സ് എന്നിവയ്ക്ക് ഇസാഫ് മൈക്രോ ഫിനാൻസിൽ ഓഹരി പങ്കാളിത്തം ഉണ്ട്.
ഇന്ത്യൻ ഫാ‍ർമേഴ്സ് ആൻഡ് ഫെർട്ടിലൈസർ കോഓപ്പറേറ്റിവ് ലിമിറ്റഡിൽ (ഇഫ്കോ) ഫീൽഡ് മാർ‍ക്കറ്റിങ് ഉദ്യോഗസ്ഥനായി സ്കൂട്ടറിൽ വളം വിറ്റും കർഷകർക്ക് ക്ലാസെടുത്തുമാണ് പോൾ തോമസിന്റെ തുടക്കം. 18 വർഷം ഇഫ്കോയിൽ പ്രവർത്തിച്ചു. ദൈവവിശ്വാസിയായ അദ്ദേഹം ഇസാഫിന് തുടക്കം കുറിച്ചതും ദൈവത്തിന്റെ മാർഗത്തിലുള്ള സാമൂഹികസേവനം ലക്ഷ്യമിട്ടാണ്. ഇവാൻജലിക്കൽ സോഷ്യൽ ആക്‌ഷൻ ഫോറം എന്നതിന്റെ ചുരുക്കപ്പേരാണ് ഇസാഫ്. സ്വാശ്രയസംഘങ്ങൾ രൂപീകരിച്ച് 7000 കോടിയിലധികം രൂപ സാധാരണക്കാർ‍ക്ക് വായ്പ നൽകിയ ഇസാഫ് നിലവിൽ 1150 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS