Subscribe Us

ഓണ്‍ലൈന്‍ വ്യാപാരവും നിയമപരിധിയില്‍: ഉപഭോക്തൃ നിയമഭേദഗതി ബില്ലിന് അനുമതി

ഓണ്‍ലൈന്‍ വ്യാപാരവും നിയമപരിധിയില്‍ 
ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ അധികാരം
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ നടപടി
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും ഈ മേഖലയില്‍ നിയന്ത്രണ അതോറിറ്റി രൂപവത്കരിക്കാനും വ്യവസ്ഥ ചെയ്യുന്ന ഉപഭോക്തൃ സംരക്ഷണ നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കും. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ഉപഭോക്തൃ സംരക്ഷണ നിയമമാണ് സമഗ്രമായി പരിഷ്‌കരിക്കുന്നത്. നേരത്തേ മൂന്നുതവണ നിയമം ചെറിയതോതില്‍ ഭേദഗതി ചെയ്തിരുന്നു.

നിര്‍ദിഷ്ട 'കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി'ക്ക് വിപുലമായ അധികാരങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതനുസരിച്ച് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാനും കുറ്റക്കാരായ കമ്പനികള്‍ക്കെതിരെ കേസെടുക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാവും. പരിശോധന, സാധനങ്ങളും രേഖകളും പിടിച്ചെടുക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ നിയന്ത്രണം തുടങ്ങിയവ അതോറിറ്റിക്ക് കീഴില്‍വരും.

മറ്റു പ്രധാന നിര്‍ദേശങ്ങള്‍


*ഓണ്‍ലൈന്‍ വ്യാപാരം, റിയല്‍ എസ്റ്റേറ്റ് മേഖല, ടെലി മാര്‍ക്കറ്റിങ്, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്, നേരിട്ടുള്ള വില്പന തുടങ്ങിയവ നിയമത്തിന്റെ പരിധിയില്‍.*ഉപഭോക്താക്കള്‍ക്ക് അവര്‍ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്ഥലങ്ങളില്‍ കേസ് കൊടുക്കാന്‍ അവസരം. നിലവില്‍, സാധന സാമഗ്രികള്‍ വാങ്ങിയ സ്ഥലത്താണ് കേസ് ഫയല്‍ ചെയ്യേണ്ടത്. ഇലക്ട്രോണിക് രൂപത്തിലും പരാതികള്‍ സമര്‍പ്പിക്കാം.
*ഉപഭോക്തൃ ഫോറങ്ങള്‍ കമ്മിഷനുകള്‍ എന്ന പേരിലാവും അറിയപ്പെടുക. ജില്ലാ കമ്മിഷനിലെ അംഗങ്ങളെ പി.എസ്.സി. വഴി തിരഞ്ഞെടുക്കും.
*കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് മുന്‍ഗണന. ജില്ലാ കമ്മിഷനുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍. ദേശീയ, സംസ്ഥാന, ജില്ലാ കമ്മിഷനുകളില്‍ കൂടുതല്‍ അംഗങ്ങളെ നിയമിക്കും.
*കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥത പ്രോത്സാഹിപ്പിക്കും. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണിത്. ജില്ലാ കമ്മിഷനുകള്‍ക്ക് 50 ലക്ഷം രൂപവരെ ബാധ്യത വരുന്ന കേസുകളും സംസ്ഥാന കമ്മിഷനുകള്‍ക്ക് അഞ്ചുകോടി രൂപവരെ ബാധ്യത വരുന്ന കേസുകളും കൈകാര്യം ചെയ്യാന്‍ അധികാരം. നിലവില്‍ ഇത് യഥാക്രമം 20 ലക്ഷവും ഒരു കോടിയും ആണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS