Subscribe Us

കണക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം


മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഒരു ഹോമിയോ കാന്‍സര്‍ ആസ്പത്രിയുണ്ട് ചേതന ഹോമിയോപ്പതിക് കാന്‍സര്‍ സെന്റര്‍. ദിവസവും 35മുതല്‍ 70വരെ രോഗികളാണ് സര്‍ക്കാര്‍ പ്രത്യേക പരിഗണനനല്‍കി ആരംഭിച്ച അവിടെ ചികിത്സയ്‌ക്കെത്തുന്നത്. ശരാശരി ഏഴു പുതിയ രോഗികളെങ്കിലും അവരിലുണ്ടാകും. കാന്‍സറെന്നു കേള്‍ക്കുമ്പോഴേക്കും പേടിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ പരിപൂര്‍ണവിശ്വാസത്തോടെ ഈവിധം ചികിത്സാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്നും കൊല്ലം ജില്ലയില്‍നിന്നും വന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. അവരുടെ പേരുകള്‍ ചിലപ്പോള്‍ അവിടത്തെ കാന്‍സര്‍ രജിസ്ട്രികളിലുണ്ടാകില്ല. പക്ഷേ, അവരും രോഗികളാണ്; കണക്കില്‍വരാത്ത രോഗികള്‍.

അതല്ലെങ്കിലും കണക്കുകളിലെന്തുകാര്യം? പ്രവൃത്തിയില്‍ത്തന്നെയാണു കാര്യം. വേറിട്ടവഴികളിലൂടെ കാന്‍സര്‍രോഗികളെ കണ്ടെത്താനും ആദ്യഘട്ടത്തില്‍ത്തന്നെ ചികിത്സനല്‍കി അവര്‍ക്ക് പുതിയ ജീവിതം നല്‍കാനുംകഴിയുന്ന പദ്ധതികള്‍ നമ്മുടെ കണ്‍മുന്നില്‍ത്തന്നെയുണ്ട്. അതും കാണാതെപോകുന്നു. നീണ്ടകര കാന്‍സര്‍ കെയര്‍ സെന്ററിന്റെയും കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും കൂട്ടായ ശ്രമം കൊല്ലത്തെ ഒരുകൂട്ടം വനിതകളുടെ ജീവന്‍ രക്ഷിച്ചിടത്തുനിന്ന് തുടങ്ങാം.

വനിതാ കശുവണ്ടിത്തൊഴിലാളികളില്‍ ഭൂരിഭാഗവും ദരിദ്രരാണ്. അതുപരിഗണിച്ച് അവര്‍ക്കിടയില്‍ ഒരു കാന്‍സര്‍നിര്‍ണയക്യാമ്പ് നടത്തിയപ്പോള്‍ 30പേരിലാണ് കാന്‍സര്‍രോഗം സ്ഥിരീകരിച്ചത്. 29,184 തൊഴിലാളികളില്‍ 1230 പേര്‍ രോഗസാധ്യതാ അവസ്ഥയിലാണെന്നും കണ്ടെത്തി.

രോഗം ഗുരുതരാവസ്ഥയിലേക്കു കടക്കുന്നതിനുമുമ്പ് കണ്ടെത്തി ചികിത്സിക്കാനുള്ള അവസരമാണവിടെയുണ്ടായത്. അതിലേറെ പ്രാധാന്യമുള്ള മറ്റൊരു കാര്യവും ഇവിടെയുണ്ട്. രോഗം കണ്ടെത്തുന്നതിനുള്ള ഒരു ഏജന്‍സിയും അവര്‍ക്ക് പിന്തുണനല്‍കുന്ന ഒരു ഭരണസംവിധാനവും കൊല്ലത്തുണ്ടായെന്നതാണത്.

കണ്ണൂരില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 'ആശ്വാസ്' എന്നപേരില്‍ കാന്‍സര്‍രോഗനിര്‍ണയം നടത്തിവരുന്നുണ്ട്. മൂന്നുവര്‍ഷംകൊണ്ട് 14,026 ക്യാമ്പ് നടത്തിക്കഴിഞ്ഞെന്ന് എം.സി.സി. ഡയറക്ടര്‍ ഡോ. ബി. സതീശന്‍ പറഞ്ഞു. രോഗം കണ്ടെത്തിയവരില്‍ 65ശതമാനംപേരും ആദ്യഘട്ടത്തിലുള്ളവരാണ്. തുടര്‍ചികിത്സയിലൂടെ അവരുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

കാന്‍സര്‍ ചികിത്സിച്ചുമാറ്റാവുന്ന രോഗമാണ്. ഈയൊരു ചിന്താഗതി കൂട്ടായ ബോധവത്കരണത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിവരികയുമാണ്. എന്നാലും കാന്‍സറിനോട് നമ്മുടെ ഭരണസംവിധാനങ്ങള്‍ക്ക് അങ്ങനെയൊരു സമീപനമില്ലെന്നതാണ് ദുഃഖകരമായ വസ്തുത. അവിടെയാണ് കൊല്ലം, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകള്‍ വ്യത്യസ്തമാകുന്നത്. കാന്‍സര്‍ രോഗനിര്‍ണയകേന്ദ്രങ്ങളുടെ മനുഷ്യശേഷിയും കാന്‍സര്‍രോഗനിര്‍ണയ സംവിധാനങ്ങളും അവര്‍ പ്രയോജനപ്പെടുത്തി. അജ്ഞതമൂലം മരണത്തിനു കീഴടങ്ങുമായിരുന്ന ഏതാനും ജീവനുകളാണ് രക്ഷപ്പെടുത്തിയത്.

കുട്ടനാട്ടിലില്ലാത്തത് ഈ സംവിധാനമാണ്. രോഗം പിടിപെട്ട് അതിന്റെ ഓരോഘട്ടവും പിന്നിട്ട് ഒന്നിനുംകഴിയാതെ വേദനസഹിച്ച് മരണംകാത്തുകിടക്കുന്നവര്‍ക്ക് സാന്ത്വനചികിത്സ നല്‍കുന്ന സംവിധാനമാണോ നമുക്കു വേണ്ടത്? ചികിത്സനടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്നത് നല്ലതുതന്നെ. അതിലുമപ്പുറമല്ലേ രോഗസാധ്യത കണ്ടെത്തി ചികിത്സിക്കുകയെന്നത്; അതും ചികിത്സിച്ചുമാറ്റാവുന്ന കാന്‍സര്‍രോഗത്തെ. കാന്‍സര്‍ നേരത്തേ കണ്ടെത്തൂ, പ്രതിരോധനടപടികള്‍ സ്വീകരിക്കൂ എന്ന ലോകാരോഗ്യസംഘടനയുടെ നയം പ്രസക്തമാകുന്നതും ഇവിടെയാണ്.

കൊല്ലം ജില്ലാ പഞ്ചായത്ത് 2007മുതല്‍ 2010വരെ പ്രതിവര്‍ഷം 40 ലക്ഷംരൂപവീതം നീക്കിവെച്ചാണ് കശുവണ്ടിത്തൊഴിലാളികളില്‍ രോഗനിര്‍ണയം നടത്തിയത്. ഇപ്പോഴത് ജില്ലയിലെ പട്ടികജാതിവര്‍ഗ വിഭാഗത്തിലേക്കും വ്യാപിപ്പിച്ചെന്ന്് കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ പറഞ്ഞു. പത്തുലക്ഷം രൂപവീതം അതിനായി മാറ്റിവെക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലയിലും നടപ്പാക്കാവുന്ന പദ്ധതിയാണിത്. ഇനി അതൊന്നുമല്ലെങ്കില്‍ കാന്‍സര്‍ കൂടുന്നുവെന്നാശങ്കയുള്ള ഗ്രാമങ്ങളിലെങ്കിലും പദ്ധതി നടപ്പാക്കാം. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെയും നീണ്ടകര കാന്‍സര്‍ കെയര്‍ സെന്ററിന്റെയും സഹായമുണ്ടെങ്കില്‍ കുട്ടനാട്ടില്‍ രോഗനിര്‍ണയം നടത്താന്‍ ഒരുപ്രയാസവുമുണ്ടാകില്ല. റീജണല്‍ കാന്‍സര്‍ സെന്റര്‍ ഇതിനു സന്നദ്ധമാണെന്ന് രേഖാമൂലം സര്‍ക്കാറിനെ അറിയിച്ചിരുന്നതുമാണ്. എന്നിട്ടും കാന്‍സര്‍മൂലം അവിടെ ഗ്രാമങ്ങളില്‍ ജനം മരിച്ചുവീഴുന്നു.

തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ തുറയൂരിലും രോഗനിര്‍ണയക്യാമ്പ് നടത്തി, ആവശ്യമെങ്കില്‍ തുടര്‍ചികിത്സ നടത്താവുന്നതേയുള്ളൂ. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ കാന്‍സര്‍ സൊസൈറ്റിപോലുള്ള സന്നദ്ധസംഘടനകളുടെ സേവനവും നിശ്ചയമായും ഇത്തരം ക്യാമ്പുകള്‍ക്കു ലഭിക്കും.

എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തൃശ്ശൂരിലെ അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എറണാകുളം സര്‍ക്കാര്‍ ആസ്പത്രി, ലേക്‌ഷോര്‍ ആസ്പത്രി, ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ആലുവയ്ക്കടുത്ത് എടത്തലയിലുള്ള കാന്‍സര്‍ഭീതിയും പരിഹരിക്കാവുന്നതേയുള്ളൂ. സംസ്ഥാനസര്‍ക്കാറിന്റെ സഹായമില്ലാതെ ജില്ലാ പഞ്ചായത്തുകള്‍ക്കുതന്നെ പരിഹാരം കാണാവുന്ന അവസ്ഥ.

എന്നാല്‍, അത് നടപ്പാകാതെപോകുന്നത് ഇതുപോലുള്ള നല്ല പദ്ധതികള്‍ പലപ്പോഴും ഉന്നതഭരണാധികാരികള്‍ക്കുപോലും അറിയില്ലെന്നതുകൊണ്ടാണ്. കൊല്ലത്ത് കശുവണ്ടിമേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ ഇടയില്‍ നടന്ന കാന്‍സര്‍രോഗനിര്‍ണയം കഷ്ടി 80 കിലോമീറ്റര്‍മാത്രം അകലെയുള്ള കുട്ടനാട്ടില്‍ നടക്കുന്നില്ലെന്നുവരുന്നത് അജ്ഞതമൂലം മാത്രമാണ്. 94 ശതമാനം സാക്ഷരതയുള്ള നാട്ടിലാണിത്.

കാന്‍സര്‍ വര്‍ധിക്കുന്നുവെന്ന പരാതിയുയരുമ്പോള്‍ കണക്കില്ലെന്നും സാധ്യതയില്ലെന്നും പറഞ്ഞ് മൗനംനടിക്കുകയാണോ അല്ലെങ്കില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് ചെയ്തതുപോലുള്ള ക്രിയാത്മകനടപടികള്‍ കൈക്കൊള്ളുകയാണോ വേണ്ടത്? ഉറക്കെ ചിന്തിക്കാന്‍ സമയമായി. 

ഗ്രാമസേവനത്തിന് മൊബൈല്‍ സംവിധാനം


മലബാറില്‍ കഴിഞ്ഞ 26 വര്‍ഷമായി കാന്‍സറിനെതിരെ ബോധവത്കരണം നടത്തുന്ന ഒരു സംഘടനയുണ്ട്. അതാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റി.

കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള അഞ്ചു ജില്ലയിലെ ഗ്രാമങ്ങളില്‍ കാന്‍സര്‍ ബോധവത്കരണവും രോഗനിര്‍ണയവും നടത്തിയാണ് അവരുടെ മുന്നേറ്റം. ഇത്രയുംകാലത്തിനിടെ 130 ഗ്രാമങ്ങളിലും ഏഴു പട്ടണങ്ങളിലുമായി 800 ക്യാമ്പുകള്‍ നടത്താന്‍ കഴിഞ്ഞെന്ന് സൊസൈറ്റിയുടെ സ്ഥാപകപ്രസിഡന്റ് ഡി.കൃഷ്ണാനന്ദ പൈ പറഞ്ഞു.

സഞ്ജീവനി കാന്‍സര്‍ ടെലിമെഡിസിന്‍ യൂണിറ്റ് എന്ന മൊബൈല്‍ വാഹനവുമായാണ് കാന്‍സര്‍ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാന്‍സര്‍രോഗനിര്‍ണയത്തിനാവശ്യമായ എല്ലാ പരിശോധനയും നടത്താവുന്ന ലാബ്, ഡിജിറ്റല്‍ എക്‌സ്‌റേ, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ആവശ്യമെങ്കില്‍ റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്താവുന്ന വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എന്നിവയുള്ളതാണ് ഈ മൊബൈല്‍ യൂണിറ്റ്.

25 വര്‍ഷത്തിലേറെ നീണ്ട സേവനത്തിനിടെ ഗ്രാമങ്ങളില്‍ കാന്‍സര്‍ വര്‍ധിക്കുന്നുണ്ടെന്നുതന്നെയാണ് കൃഷ്ണാനന്ദ പൈയുടെ അഭിപ്രായം. പക്ഷേ, ആശങ്കയുണര്‍ത്തുന്നതരത്തിലുള്ള ഗ്രാമങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനാവശ്യ ഭയം


അര്‍ബുദം എന്ന് കേള്‍ക്കുമ്പോഴുള്ള പേടിയാണ് ആദ്യം മലയാളി മാറ്റിയെടുക്കേണ്ടത്. കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഒരു പദ്ധതിയുടെ പേരുപോലും മാറ്റേണ്ടിവന്ന അനുഭവമാണ് ഡോ. ആസാദ് മൂപ്പനു പറയാനുള്ളത്.

ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്‍ ഹരിപ്പാട്, കണ്ണൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററുകള്‍ എന്നപേരില്‍ മൂന്നു കേന്ദ്രങ്ങള്‍ തുറന്നു. ആദ്യഘട്ടത്തിലേ ചികിത്സിച്ചുമാറ്റാവുന്ന അര്‍ബുദം കണ്ടെത്താനുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷേ, അര്‍ബുദചികിത്സാകേന്ദ്രമെന്ന ഭയത്താല്‍ ആളുകള്‍ വിട്ടുനിന്നു. ഒടുവില്‍ കേന്ദ്രങ്ങള്‍ക്ക് ഏര്‍ളി ഡിസീസ് ഡിറ്റക്ഷന്‍ ആന്‍ഡ് കാന്‍സര്‍ സ്‌ക്രീനിങ് സെന്റര്‍ എന്ന് പേരുമാറ്റേണ്ടിവന്നു. സ്ത്രീകളുടെ ഗര്‍ഭാശയഗളം, സ്തനം എന്നീ അര്‍ബുദങ്ങളും പുരുഷന്മാരുടെ വായ, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ അര്‍ബുദങ്ങളും നേരത്തേ കണ്ടുപിടിക്കാവുന്ന കേന്ദ്രങ്ങളാണിത്.

Source:mathrubhumi.com

Post a Comment

0 Comments

CLOSE ADS


CLOSE ADS