Subscribe Us

താടിക്കാരി പെണ്‍കൊടി

 ലോകത്തെ സൗന്ദര്യ സങ്കല്പങ്ങളെയെല്ലാം തിരുത്തിക്കുറിക്കുകയാണ് യു.കെ സ്വദേശിനിയും 24-കാരിയുമായ ഹര്‍നാം കൗര്‍. സൗന്ദര്യത്തിന്റെ നിര്‍വചനങ്ങളെല്ലാം തെറ്റാണെന്നും എന്താണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും ഇവര്‍ നമ്മളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഹര്‍നാം തന്നെ സ്വയം വിശേഷിപ്പിക്കുന്നത് താടിയുള്ള പെണ്‍കൊടി എന്നാണ്.

പതിനൊന്ന് വയസ്സ് മുതലാണ് ഹര്‍നാം കൗറിന്റെ ശരീരത്തില്‍ അമിത രോമവളര്‍ച്ച പ്രകടമായി തുടങ്ങുന്നത്. പൊളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം മൂലമുള്ള ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ തുടര്‍ന്നാണ് ഹര്‍ന്നാമിന്റെ മുഖത്തും ശരീരത്തിലും രോമവളര്‍ച്ച ആരംഭിച്ചത്. സ്‌കൂളില്‍ കൂട്ടുകാരില്‍ നിന്നും വ്യത്യസ്തയായിരുന്നതിനാല്‍ പലപ്പോഴും കൂട്ടുകാരുടെ ക്രൂരമായ കളിയാക്കലുകളാണ് ഹര്‍നാമിന് നേരിടേണ്ടി വന്നത്.

തുറിച്ചു നോട്ടവും കളിയാക്കലുകളും സഹിക്കാനാകാതെ വന്നപ്പോള്‍ പിന്നെ മുഖത്ത് പടരുന്ന രോമവളര്‍ച്ചയെ തടയാനായി ശ്രമം. ബ്ലീച്ചിംഗ്, ഷേവിംഗ്, വാക്‌സിംഗ് തുടങ്ങി പലരീതിയിലും മുഖത്തേയും ശരീരത്തിലേയും രോമവളര്‍ച്ചയെ ഇല്ലാതാക്കാന്‍ നോക്കി. എന്നാല്‍ സ്ഥായിയായി അതൊഴിവാക്കാന്‍ ഒരുമാര്‍ഗവും അവള്‍ കണ്ടെത്തിയില്ല. ചുറ്റുമുള്ളവരെ ഭയപ്പെട്ടിരുന്നതിനാല്‍ സാമൂഹികമായ ഇടപെടലുകളില്‍ നിന്നും പിന്‍വാങ്ങി. സ്വന്തം ബെഡ്‌റൂം മാത്രമായി അവളുടെ ലോകം ചുരുങ്ങി. സ്‌കൂളില്‍ പോകുന്നതിന് വേണ്ടി മാത്രമായിരുന്നു അക്കാലങ്ങളില്‍ ഹര്‍നാം പുറത്തിറങ്ങിയിരുന്നത്.
 സ്വന്തം ശരീരത്തെയും അതിന്റെ പ്രത്യേകതകളേയും മറ്റാരേക്കാളും വെറുത്ത ഹര്‍നാം സ്വയം ശരീരത്തെ വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. ഒരുപാട് കണ്ണീരൊഴുക്കി, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. ഓരോ ദിനത്തേയും ഇത് അവസാനത്തേത് എന്ന രീതിയിലാണ് അവള്‍ നോക്കിക്കണ്ടത്.

ഉള്‍വലിഞ്ഞതുകൊണ്ടോ, സ്വയം ശിക്ഷിച്ചതുകൊണ്ടോ ഇതിന് ഒരു പരിഹാരമുണ്ടാകില്ലെന്ന് വളരെ പതുക്കെയാണെങ്കിലും ഹര്‍നാം തിരിച്ചറിഞ്ഞു. ശരീരത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജീവിതം സധൈര്യം തുടരാന്‍ അവള്‍ തീരുമാനിച്ചു. ആത്മഹത്യ, സ്വയം പീഡനം തുടങ്ങിയ ചിന്തകളുണരുന്ന നെഗറ്റീവ് എനര്‍ജിയെ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് എനര്‍ജിയായി മാറ്റാനായുള്ള ശ്രമം തുടങ്ങി. അതിന്റെ ആദ്യപടി മുടി മുറിക്കരുതെന്ന നിഷ്‌കര്‍ഷയുള്ള സിഖ് മതത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നു.

സഹോദരന്‍ ഗുര്‍ദീപ് പിന്തുണയുമായി അവള്‍ക്കൊപ്പം നിന്നിരുന്നെങ്കിലും മാതാപിതാക്കള്‍ ഹര്‍നാമിന്റെ തീരുമാനത്തില്‍ ഉത്കണ്ഠാകുലരായിരുന്നു. താടി നീട്ടി വളര്‍ത്തി തുടങ്ങിയതോടെ വഴിയിലും മറ്റ് പൊതുഇടങ്ങളിലും അവളെ നോക്കി ചിരിക്കുന്നവരുടെയും കളിയാക്കുന്നവരുടേയും എണ്ണം കൂടി. പക്ഷേ ആദ്യനാളുകളിലെ പോലെ വിഷമിച്ചിരിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. കളിയാക്കലുകളേയും ആശ്ചര്യം നിറഞ്ഞ നോട്ടങ്ങളേയും ആത്മവിശ്വസത്തോടെ നേരിട്ടു. ശരീരത്തിന്റെ ഭാഗമായി മുഖത്തെ വളര്‍ന്നുവരുന്ന താടിയെ അംഗീകരിച്ചു. താടിക്കാരിയായ പ്രൗഢയാണ് താനെന്ന് സ്വയം വിലയിരുത്തി.
 സോമര്‍സെറ്റ് ഹൗസില്‍ നടന്ന ബിയേഡ് എക്‌സിബിഷനുവേണ്ടി ലൂസിയ കേള്‍തേസ്റ്റിന്റെ ക്യാമറക്കുമുന്നില്‍ കണ്ണുകള്‍ നീട്ടിയെഴുതി, ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ച് മണവാട്ടിയുടെ ഗൗണ്‍ അണിഞ്ഞ് താടിയില്‍ പൂക്കള്‍ ചൂടി നിന്ന ഹര്‍നാമിന്റെ ഫോട്ടോ ലോകം മുഴുവന്‍ ഷെയര്‍ ചെയ്യപ്പെട്ടു. അതോടെ ലോകമാധ്യമങ്ങളില്‍ സൗന്ദര്യത്തിന്റെ പുനര്‍നിര്‍വചനമായി ഹര്‍നാം.

'ഫോട്ടോഷൂട്ട് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. ഞാനതേറെ ആസ്വദിച്ചു. സൗന്ദര്യത്തെ കുറിച്ചുള്ള ഒരു പുനര്‍ചിന്തയിലേക്ക് വെളിച്ചം വീശുന്നതാകണം ഈ ഫോട്ടോഷൂട്ട്. അതാണ് ഞാന്‍ ലക്ഷ്യം കാണുന്നതും.' ഹര്‍നാം പറയുന്നു. ഹര്‍നാമിന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. ഫോട്ടോ പുറത്ത് വന്നതോടെ നിരവധി പേരാണ് കത്തുകള്‍ വഴിയും ഇമെയില്‍ വഴിയും ഫോണ്‍കോളുകള്‍ വഴിയും ഹര്‍നാമിനെ അഭനിന്ദിച്ചതും അവരുടെ പിന്തുണ അറിയിച്ചതും. ' നീയാണ് എന്റെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത്.' ' എന്റെ മക്കള്‍ നിന്നെ പോലെ ധീരയായും ആത്മവിശ്വാസമുള്ളവരായും വളരണമെന്നാണ് എന്റെ ആഗ്രഹം.' തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ അവര്‍ ഹര്‍നാമുമായി പങ്കുവെച്ചു. തന്റെ നിലപാടുകള്‍ ലോകത്തിനുപോലും പ്രചോദനമാകുന്നത് സന്തോഷത്തോടെയാണ് ഹര്‍നാം നോക്കിക്കാണുന്നത്. അതുകൊണ്ട് തന്റെ ജീവിതം ഇതേ രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് ഹര്‍നാമിന്റെ തീരുമാനം.

'ഞാന്‍ എന്റെ ശരീരത്തിലെ എല്ലാറ്റിനേയും സ്‌നേഹിക്കുന്നു. കാരണം ഇതെന്റെ ശരീരമാണ്. ഒരിക്കല്‍ നമുക്ക് നമ്മുടെ ശരീരത്തോട് സ്‌നേഹവും സംതൃപ്തിയും തോന്നിക്കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ നമ്മെ കുറിച്ച് എന്തുപറഞ്ഞാലും അത് നമ്മെ ബാധിക്കുകയില്ല. സമൂഹം തടി കൂടുതലാണെന്നും കുറവാണെന്നും പൊക്കം കൂടുതലാണെന്നും കുറവാണെന്നും കറുത്തിട്ടാണെന്നും പറഞ്ഞ് നമ്മളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മുടെ ശരീരത്തെ നാം സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുടെ കമന്റുകളൊന്നും നമ്മെ ബാധിക്കില്ല. നമ്മളെല്ലാവരും സൗന്ദര്യമുള്ളവരാണ്. മറ്റുള്ളവര്‍ പറഞ്ഞെന്ന് കരുതി അത് മാറാനൊന്നും പോകുന്നില്ല. ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റുള്ളവര്‍ക്കും സ്വന്തം ശരീരം സ്‌നേഹിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

മറ്റൊരു ഫോട്ടോഷൂട്ട് നടത്താനുള്ള ഒരുക്കത്തിലാണ് ഹര്‍നാം. അത് ജീവിതത്തെയും സൗന്ദര്യത്തേയും കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതാന്‍ സഹായിക്കുമെന്ന് അവള്‍ കരുതുന്നു. ഫോട്ടോഷൂട്ടുകള്‍ക്കൊപ്പം ഷോര്‍ട്ട്ഫിലിം നിര്‍മ്മാണവും അവളുടെ മനസ്സിലുണ്ട്. 'സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കുക. ജീവിതം ഒരു തവണയേയുള്ളൂ, അത് ശരിയായി ജീവിക്കുക. ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന് വേണ്ടിയും എത്തിച്ചേരാന്‍ കഴിയില്ലെന്ന് കഴിയുന്ന ഉയരങ്ങളില്‍ എത്തിച്ചേരുന്നതിന് വേണ്ടിയും പരസ്പരം സഹായിച്ചുകൊണ്ട് മുന്നേറുക.' ലോകത്തോട് ഹര്‍നാമിന് പറയാനുള്ളത് ഇത് മാത്രമാണ്. 


Post a Comment

0 Comments

CLOSE ADS


CLOSE ADS