Subscribe Us

വിന്‍ഡോസ് 10: സിംപിള്‍, പവര്‍ഫുള്‍

വിന്‍ഡോസ് ഒ.എസിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 രണ്ടു ദിവസം മുമ്പാണ് അവതരിപ്പിക്കപ്പെട്ടത. ഈ പുത്തന്‍ ഒ.എസിന്റെ കുറ്റങ്ങളും കുറവുകളും നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന തിരക്കിലായിരുന്നു ടെക്‌നോളജി രംഗത്തുള്ളവര്‍. വിന്‍ഡോസ് 8 എന്ന പേരില്‍ ഇതിന് മുമ്പിറങ്ങിയ ഒ.എസ് ഉണ്ടാക്കിയ ചീത്തപ്പേരില്‍ നിന്ന് മൈക്രോസോഫ്റ്റിനെ രക്ഷപ്പെടുത്താന്‍ വിന്‍ഡോസ് 10 നാകുമെന്നാണ് ആദ്യവിലയിരുത്തല്‍. വിന്‍ഡോസ് 8 ലുണ്ടായിരുന്ന ന്യൂനതകളും അബദ്ധങ്ങളുമെല്ലാം പരിഹരിച്ച് പുറത്തിറക്കിയ ഒ.എസാണ് വിന്‍ഡോസ് 10 എന്ന കാര്യം വ്യക്തം. അതിലുമുപരിയായി വിന്‍ഡോസ് 10 നെ സ്‌നേഹിക്കാന്‍ അഞ്ചു കാര്യങ്ങള്‍ കൂടിയുണ്ട്. അവ നോക്കാം-
1. സ്റ്റാര്‍ട്ട് മെനു

കമ്പ്യൂട്ടര്‍ ഓണ്‍ ആയിക്കഴിഞ്ഞാല്‍ കര്‍സര്‍ നേരെ സ്റ്റാര്‍ട്ട് മെനുവിലേക്ക് കൊണ്ടുപോകുക. പതിറ്റാണ്ടുകളായി അതാണ് കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ശീലം. ആ മാമൂലിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു വിന്‍ഡോസ് 8 ന്റെ വരവ്. അതില്‍ സ്റ്റാര്‍ട്ട് മെനു ബട്ടനേ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍ തുറന്നാല്‍ തെളിഞ്ഞുവരുക കുറേ ചതുരക്കട്ടകളുളള സ്‌ക്രീനാണ്. അതില്‍ ആവശ്യമുള്ള കട്ടയില്‍ കര്‍സര്‍ കീ അമര്‍ത്തി മുന്നോട്ടുപോകണം.

കാര്യങ്ങള്‍ എളുപ്പമാക്കാനാണ് വിന്‍ഡോസ് ഇത്തരമൊരു പരിഷ്‌കാരം കൊണ്ടുവന്നതെങ്കിലും ആര്‍ക്കുമത് ഇഷ്ടപ്പെട്ടില്ല. കമ്പ്യൂട്ടറില്‍ സ്റ്റാര്‍ട്ട് മെനു തിരഞ്ഞ് കുറേ പേര്‍ കഷ്ടപ്പെട്ടു. മനസ് അങ്ങനെ കണ്ടീഷന്‍ ചെയ്യപ്പെട്ടതിന്റെ പ്രശ്‌നമാണെന്നും അല്പകാലം കഴിഞ്ഞാല്‍ അതു ശരിയാകുമെന്നും ചിലര്‍ വാദിച്ചെങ്കിലും അതൊന്നും വിമര്‍ശകരെ തൃപ്തിപ്പെടുത്തിയില്ല.

ഇതേത്തുടര്‍ന്ന് വിന്‍ഡോസ് 8 ന്റെ പരിഷ്‌കരിച്ച പതിപ്പായ 8.1 ല്‍ സ്റ്റാര്‍ട്ട്ബട്ടന്‍ തിരിച്ചുകൊണ്ടുവരാന്‍ മൈക്രോസോഫ്റ്റ് നിര്‍ബന്ധിതരായി. പക്ഷേ അവിടെ ക്ലിക്ക് ചെയ്താല്‍ നേരെ പോകുക മുമ്പുണ്ടായിരുന്ന ചതുരക്കട്ട സ്‌ക്രീനിലേക്കാണ്. ഇതു കളിപ്പീരാണെന്ന് തിരിച്ചറിഞ്ഞ ഉപയോക്താക്കള്‍ പിന്നെയും പരാതികള്‍ തുടര്‍ന്നു. ഇപ്പോഴിറങ്ങിയ വിന്‍ഡോസ് 10 ല്‍ സ്റ്റാര്‍ട്ട്‌മെനു അതിന്റെ പൂര്‍വകാല പ്രൗഡിയോടെ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. 


2. എഡ്ജ് ബ്രൗസര്‍

കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ് എന്നീ വെബ് ബ്രൗസറുകളാണ്. വിന്‍ഡോസിന്റെ സ്വന്തം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ജനം ഉപേക്ഷിച്ചിട്ട് നാളുകളായി. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ വകയ്ക്ക് കൊള്ളില്ലെന്ന സത്യം ഒടുവില്‍ മൈക്രോസോഫ്റ്റും മനസിലാക്കിയിരിക്കുന്നു.

വിന്‍ഡോസ് 10 ല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരം പുതിയൊരു വെബ് ബ്രൗസര്‍ അവതരിപ്പിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജ് എന്നാണിതിന് പേര്. പ്രവര്‍ത്തനമികവിലും വേഗത്തിലും ഗൂഗിള്‍ ക്രോമിനെയും ഫയര്‍ഫോക്‌സിനെയും മറികടക്കാന്‍ എഡ്ജിന് സാധിക്കുന്നുണ്ടെന്ന് ഉപയോഗിച്ച പലരും സാക്ഷ്യപ്പെടുത്തുന്നു.

3. കോര്‍ട്ടാന

ഇതെന്ത് ആന എന്ന് സംശയിക്കാന്‍ വരട്ടെ. മൈക്രോസോഫ്റ്റിന്റെ ശബ്ദനിയന്തിത വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ പേരാണിത്. 'സിരി' എന്ന പേരില്‍ ആപ്പിള്‍ ആണ് ആദ്യമായി ഇത്തരം വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനം കൊണ്ടുവന്നത്. ഐഫോണിലൂടെ സിരി പെട്ടെന്ന് ഹിറ്റായി. നമ്മുടെ ആവശ്യങ്ങളോ ചോദ്യങ്ങളോ ഫോണിനോട് പറഞ്ഞാല്‍ മറുപടി സ്‌ക്രീനില്‍ തെളിഞ്ഞുവരും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും സിരിയോടു ചോദിക്കാം. അതിന് സാധിക്കുന്ന തരത്തില്‍ സിരി മറുപടി പറയും.

സിരിയുടെ ചുവടുപിടിച്ച് വിന്‍ഡോസ് ഫോണുകള്‍ക്ക് വേണ്ടി മൈേേക്രാസോഫ്റ്റ് നിര്‍മിച്ച വെര്‍ച്വല്‍ അസിസ്റ്റന്റ് സിസ്റ്റമാണ് കോര്‍ട്ടാന. ഇതുവരെ ഫോണില്‍ മാത്രമൊതുങ്ങിയിരുന്ന കോര്‍ട്ടാനയുടെ സേവനം ഇനി മുതല്‍ കമ്പ്യൂട്ടറിലും ലഭിക്കും. വിന്‍ഡോസ് 10 ല്‍ കോര്‍ട്ടാനയെ ഉള്‍പ്പെടുത്തിയതുകൊണ്ടാണിത്.


4. കണ്ടിന്യുവം മോഡ്

ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറിലും ടാബ്‌ലറ്റിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാവുന്ന കണ്ടിന്യുവം മോഡ് സംവിധാനം വിന്‍ഡോസ് 10 ന്റെ മാത്രം സവിശേഷതയാണ്. ഏത് തരത്തിലുള്ള ഗാഡ്ജറ്റാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് യൂസര്‍ ഇന്റര്‍ഫേസ് അതിനൊത്ത് ക്രമീകരിക്കാന്‍ ഈ സംവിധാനത്തിനാകും. കമ്പ്യൂട്ടറില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ ടാബിലേക്ക് മാറ്റാന്‍ ഒരു ക്ലിക്ക് മാത്രം മതിയെന്നര്‍ഥം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് ടാബ്‌ലറ്റാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ മാറ്റം വളരെ എളുപ്പത്തില്‍ നടക്കും. മറ്റ് ടാബുകളാണെങ്കില്‍ അതില്‍ വിന്‍ഡോസ് 10 ഒ.എസ്. ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മാത്രം.

5. പണച്ചെലവില്ല, ഒട്ടും

വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഒ.എസ്. ഉപയോക്താക്കള്‍ക്ക് തികച്ചും സൗജന്യമായി വിന്‍ഡോസ് 10 ലേക്കുള്ള അപ്‌ഡേറ്റ് ലഭിക്കും. ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന എന്റര്‍പ്രൈസ് വെര്‍ഷന്‍ ഉപയോക്താക്കളില്‍നിന്ന് മാത്രമേ അപ്‌ഡേഷന് പണം ഈടാക്കുന്നുള്ളൂ. 

Post a Comment

0 Comments

CLOSE ADS


CLOSE ADS