Subscribe Us

എന്തുപറ്റി നമ്മുടെ പെണ്‍കുട്ടികള്‍ക്ക്?

എന്തുപറ്റി...നമ്മുടെ കുട്ടികള്‍ക്ക് ? സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ സൗഹൃദ കുരുക്കില്‍ പെട്ട് വീടുവിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുകയാണ്. ചതിക്കുഴികള്‍ ഏറെയുണ്ട് അവര്‍ക്ക് ചുറ്റും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ക്ക് വേണം വീടെന്ന ചിറകിന്റെ തണലും സമൂഹത്തിന്റെ കരുതലും?

കോന്നിയിലെ ആ പെണ്‍കുട്ടികള്‍... വീടുവിട്ടിറങ്ങിയുള്ള യാത്രയില്‍ അവര്‍ മൂന്നുപേരും ഒരുമിച്ചായിരുന്നു. യാത്ര ഇടയ്ക്ക് അവസാനിപ്പിച്ച് രണ്ടുപേര്‍ മടങ്ങി. ഒരാള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍...

കേരളത്തെ നടുക്കിയ ആ വാര്‍ത്തകള്‍ക്ക് ഇനിയും ചൂടാറിയിട്ടില്ല. ഈ മാസം ഒന്‍പതിനാണ് സുഹൃത്തുക്കള്‍ കൂടിയായ വിദ്യാര്‍ത്ഥിനികളെ കോന്നിയില്‍നിന്ന് കാണാതായത്. ഇവര്‍ക്കായി പോലീസന്വേഷണവും ഫെയ്‌സ് ബുക്ക് വാട്ട്‌സ് ആപ്പ് ഷെയറിങ്ങുമെല്ലാം അരങ്ങു തകര്‍ക്കവേ 13 ന് രണ്ട് പേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തി. 

മൂന്ന് പേരും പഠിക്കാന്‍ മിടുക്കികള്‍. സ്‌കൂളില്‍ എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. വീടുപേക്ഷിച്ചതിന് കൃത്യമായ കാരണം ഇനിയുമാര്‍ക്കും കണ്ടെത്താനായിട്ടില്ല. മാനസികസമ്മര്‍ദവും കുടുംബപ്രശ്‌നങ്ങളും തുടങ്ങി ഫെയ്‌സ്ബുക്ക് സൗഹൃദങ്ങള്‍ വരെയുണ്ട് പ്രതിസ്ഥാനത്ത്. മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ കുട്ടികള്‍ വെര്‍ച്വല്‍ ലോകത്തെ സൗഹൃദങ്ങളില്‍ അഭയം തേടിയെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലാണ് നമ്മുടെ പെണ്‍കുട്ടികളെന്നാണ് കണ്ടെത്തല്‍. ചതിക്കുഴികള്‍ ഏറെയുണ്ട് അവര്‍ക്ക് ചുറ്റും. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ വീടെന്ന ചിറകിന്റെ തണലിനൊപ്പം സമൂഹത്തിന്റെ കരുതലും ഏറെ ആവശ്യമുണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ക്ക്.

പെണ്‍കുട്ടികള്‍ ഓടിമറയുന്നത് എങ്ങോട്ട്?

സംസ്ഥാനത്തുനിന്ന് എല്ലാവര്‍ഷവും ശരാശരി 150 സ്ത്രീകളും കുട്ടികളും കാണാതാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ചാണിത്.2010 ല്‍ കേരളത്തില്‍ നിന്ന് കാണാതായത് 184 പേരെയാണ്. 2011 ല്‍ 221 പേരെയും 2012 ല്‍ 214 പേരെയും കാണാതായി. 2013 ല്‍ 185 പേരെ കാണാതായപ്പോള്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 145 കേസുകളാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ 43 പേരെ കാണാതായതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. 

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെ സൗഹൃദ കുരുക്കില്‍പെട്ട് വീട് വിട്ട് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുള്ളതായി അധികൃതര്‍ പറയുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ട്. പെണ്‍കുട്ടികള്‍ സ്വയം വീടുവിട്ടിറങ്ങിപ്പോകുന്ന കേസ്സുകളാണ് ഏറെയും. രജിസ്റ്റര്‍ ചെയ്യുന്നവയില്‍ 40 ശതമാനം വരെ കേസ്സുകളില്‍ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്താനാകുന്നത്. ശേഷിക്കുന്നവര്‍ എവിടേക്ക് പോകുന്നുവെന്നത് ചോദ്യമായി ശേഷിക്കുകയാണ്.

കാമുകനുമായുള്ള ഒളിച്ചോട്ടത്തിനൊപ്പം വീട്ടില്‍ നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍ ഭയന്നുള്ള ഒളിച്ചോട്ടങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനുപുറമേയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കുരുക്കുകള്‍. ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ ബോധവത്കരണം ആവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

Read More
Source: Mathrubhoomi

Post a Comment

0 Comments

CLOSE ADS


CLOSE ADS