expr:class='"loading" + data:blog.mobileClass'>

'ഓറഞ്ച് മിഠായി'യുമായി വിജയ്‌സേതുപതി

ജേര്‍ണി ഈസ് ദ ഡെസ്റ്റിനേഷന്‍' എന്ന ടാഗ് ലൈനോടു കൂടിവരുന്ന 'ഓറഞ്ച് മിഠായി'ലൂടെ വിജയ്‌സേതുപതി ആദ്യമായി 55 വയസ്സുകാരനായി സ്‌ക്രീനിലെത്തുകയാണ്. ഗോള്‍ഡന്‍ പാം പുരസ്‌കാരജേതാവും മലയാളിയുമായ ബിജുവിശ്വനാഥ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കൈലാസം മക്കളോട് രമ്യതയില്‍ നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ഏകാന്തവാസം നയിക്കുകയാണ്. തനിക്ക് ആരോഗ്യമുള്ളപ്പോഴെല്ലാം ഒരു കാര്യത്തിനും വിട്ടു വീഴ്ച ചെയ്യാതെ താന്‍പോരിമയോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരു ആംബുലന്‍സ് യാത്രയിലാണ് ജീവിതത്തിലെ വിലപ്പെട്ട പലതും ആ വൃദ്ധന്‍ തിരിച്ചറിയുന്നത്. അച്ഛനും മക്കളും പേരക്കുട്ടികളുമെല്ലാം ഒന്നിച്ച് നില്ക്കുമ്പോഴുണ്ടാകുന്ന സന്തോഷമെല്ലാം നഷ്ടപ്പെടുത്തരുതായിരുന്നുവെന്ന് ഒരു വേള അദ്ദേഹത്തിന് തോന്നുന്നു. വിവിധ തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ മധുരം തിരിച്ചറിയാന്‍ കഴിയാത്ത ജനസമൂഹത്തെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വാദ്യകരമാണെന്ന് ഓര്‍മപ്പെടുത്താനാണ് ഓറഞ്ച് മിഠായി ശ്രമിക്കുന്നത്. ഒരു റോഡ് മൂവിയുടെ സ്വഭാവമുണ്ടെങ്കിലും ബ്ലാക് ഹ്യൂമറിന്റെ നിറവിലാണ് ചിത്രത്തിന്റെ കഥാവികസനം. .

''ആംബുലന്‍സ്, മരണം എന്നിവ ഭീകരമുഖമാക്കിയല്ല ഓറഞ്ച് മിഠായി കഥ പറയുന്നത്. ആരും ആശ്രയമില്ലാത്ത ഒരു വൃദ്ധന്‍ '108' ലേക്ക് ഡയല്‍ ചെയ്ത് തനിക്ക് ഹാര്‍ട്ട് അറ്റാക്കാണെന്ന് പറഞ്ഞ് ആംബുലന്‍സ് വിളിക്കുന്നു. തുടര്‍ന്ന് ആംബുലന്‍സിലെ ഇ.എം.ടിയും (മെഡിക്കല്‍ എമര്‍ജന്‍സി ടെക്‌നീഷ്യനും) വൃദ്ധനും തമ്മിലുള്ള ബന്ധം. മക്കളെ ശരിയായ രീതിയില്‍ പരിഗണിക്കാതിരുന്ന ഒരച്ഛനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന് മകന്റെ സ്‌നേഹം കിട്ടുന്നത് മെഡിക്കല്‍ എമര്‍ജന്‍സി ടെക്‌നീഷ്യന്റെ അടുത്തു നിന്നാണ്. തന്റെ അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് വേണ്ട രീതിയില്‍ പരിഗണിക്കാത്തതിന്റെ വിഷമം മനസ്സിലുള്ള മകനാണ് എമര്‍ജന്‍സി ടെക്‌നീഷ്യനായ സത്യ.അതിനാല്‍ ഒരു പ്രായശ്ചിത്തമെന്നോണമാണ് കൈലാസത്തിന്റെ ആഗ്രഹത്തിനൊപ്പം സത്യ നില്ക്കുന്നത്. വൃദ്ധന്റെ കൈയില്‍ ഒരു ചെല്ലമുണ്ട്. അതില്‍ നിറയെ ഓറഞ്ച് മിഠായിയാണ്. തനിക്കൊരു പ്രതിസന്ധി വരുമ്പോള്‍ ഓറഞ്ച് മിഠായിയുടെ മധുരം നുണയുന്ന വൃദ്ധന്‍ ടൗണിലെ ഹോസ്പിറ്റലില്‍ എത്തുന്നതു വരെയുള്ള സംഭവങ്ങളാണ് ഓറഞ്ച്മിഠായി സ്‌ക്രീനിലെത്തിക്കുന്നത്.'', സംവിധായകന്‍ ബിജുവിശ്വനാഥ് പറയുന്നു.

ഒരു വാണിജ്യചിത്രത്തിന്റെ എല്ലാ ഘടകങ്ങളും ചേര്‍ന്ന ഓറഞ്ച് മിഠായിയില്‍ വിജയ് സേതുപതി ഗാനരചയിതാവും ഗായകനും കൂടിയാണ്. ചിത്രത്തിലെ നാലു ഗാനങ്ങളില്‍ 'സ്‌ട്രെയ്റ്റായി പോയി ..., ഒരേ ഒരു ഊരിലെ ... എന്നീ ഗാനങ്ങള്‍ വിജയ് സേതുപതിയാണ് എഴുതിയത്. സ്‌ട്രെയ്റ്റായി പോയി... എന്ന ഗാനം ആലപിക്കുകയും ചെയ്തു. 

'' ഞാനും വിജയ് സേതുപതിയും തമ്മില്‍ അദ്ദേഹം 'പിസ' ചെയ്യുന്നതിനു മുമ്പേ പരിചയമുണ്ട്. ഒരിക്കല്‍ മറ്റൊരു ചിത്രത്തിന്റെ ആലോചനയില്‍ ഇരിക്കുമ്പോഴാണ് ഓറഞ്ച് മിഠായിയുടെ പ്ലോട്ട് വിജയിനോട് പറഞ്ഞത്. അന്ന് ഈ ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുമെന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ അദ്ദേഹം അഭിനയിക്കുന്നതിനൊപ്പം ഓറഞ്ച് മിഠായിയുടെ സംഭാഷണമെഴുത്ത്, നിര്‍മ്മാണം എന്നിവയ്ക്കും രംഗത്തിറങ്ങി. സിനിമയോട് പാഷനുള്ള ഒരു അഭിനേതാവ് മാത്രമേ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമല്ലെന്ന് തിരിച്ചറിഞ്ഞിട്ടും ഓറഞ്ച് മിഠായി പോലുള്ള ചിത്രത്തിന്റെ ഭാഗമാകുകയുള്ളൂ.'' സംവിധായകന്റെ വാക്കുകള്‍. ഓറഞ്ച് മിഠായി 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന കുറേ കാര്യങ്ങള്‍ ജീവിതങ്ങളെ മാറ്റിമറിക്കുന്നതിനപ്പുറമുള്ള യാത്രയാണ്. യാത്രയില്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് നടക്കുന്ന എല്ലാ സംഭവങ്ങളും ആസ്വദിക്കണമെന്നാണ് ചിത്രം ആത്യന്തികമായി പറയുന്നത്.

തെലുങ്ക് താരം ആശ്രിതയാണ് നായിക. രമേഷ് തിലക്, ആറുമുഖം, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകനും കൂടിയായ ബിജുവിശ്വനാഥാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. ബിജുവിശ്വനാഥ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന് സംഭാഷണം വിജയ് സേതുപതിയുടേതാണ്. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയ് സേതുപതി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് സംഗീതം ജസ്റ്റിന്‍ പ്രഭാകറിന്റേതാണ്. എഡിറ്റിങ് ലിയോ ജോണ്‍പോള്‍ നിര്‍വഹിക്കുന്നു. ചിത്രം കോമണ്‍മാന്‍ പ്രൊഡക്ഷന്‍സ് ജൂലായ് 31 ന് തിയേറ്ററുകളിലെത്തിക്കും.
Share on Google Plus

About Ariyan J

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Related Posts Plugin for WordPress, Blogger...