Subscribe Us

ഇന്നസെന്റിന്റെ എം.പി. ഫണ്ടില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതി വരുന്നു

കാന്‍സര്‍ പ്രതിരോധ ചികിത്സാ രംഗത്ത് മുതല്‍ക്കൂട്ടായി ഇന്നസെന്റ് എം.പി.യുടെ ഫണ്ടുപയോഗിച്ചുള്ള 'ശ്രദ്ധ' കാന്‍സര്‍ പ്രതിരോധ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ താലൂക്കാശുപത്രികളിലും പദ്ധതിയുടെ ഭാഗമായി സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മാമോഗ്രാഫി യൂണിറ്റുകള്‍ തുടങ്ങും. മൂന്നുകോടി രൂപയാണ് ഇതിനായി എം.പി. ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതെന്ന് ഇന്നസെന്റ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. 

ആദ്യ ഘട്ടത്തില്‍ അഞ്ച് താലൂക്കാശുപത്രികളിലാണ് സ്തനാര്‍ബുദ പരിശോധനാ യൂണിറ്റ് തുടങ്ങുക. നാലെണ്ണം ഈ വര്‍ഷവും ഒരെണ്ണം അടുത്ത വര്‍ഷവും തുടങ്ങും. കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ യൂണിറ്റ് സ്ഥാപിച്ചുകഴിഞ്ഞു. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ താലൂക്കാശുപത്രികളില്‍ ഉടന്‍ തുടങ്ങും. അങ്കമാലിയില്‍ അടുത്ത വര്‍ഷം ആരംഭിക്കും. മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കാന്‍ സൗകര്യമില്ലാത്ത താലൂക്കാശുപത്രികളില്‍ അതിനായി കെട്ടിടവും പണിയും. ചാലക്കുടിയൊഴിച്ച് ആദ്യ ഘട്ടത്തിലുള്ള മറ്റ് ആശുപത്രികളിലെല്ലാം കെട്ടിടം നിര്‍മിക്കേണ്ടതുണ്ട്്. ഓരോ യൂണിറ്റിനും 60 ലക്ഷം രൂപ വീതമാണ് ചെലവാക്കുന്നത്. 

യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ മണ്ഡലത്തിലും പുറത്തുമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ പരിശോധന ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍ക്കാരാശുപത്രികളില്‍ നടത്തുന്നതിന് സൗകര്യം ലഭിക്കും. 

പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി പരിശോധന നടത്താനും സംവിധാനമുണ്ടാക്കും. കേരളത്തിലെ കാന്‍സര്‍ രോഗികളാകുന്ന സ്ത്രീകളില്‍ മൂന്നിലൊന്നുപേരും സ്തനാര്‍ബുദക്കാരാണെന്നാണ് കണക്ക്. വര്‍ഷത്തിലൊരിക്കലെങ്കിലും സ്ത്രീകള്‍ ഇത്തരം പരിശോധന നടത്തേണ്ടതാവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞു. യൂണിറ്റുകളുള്ള ആശുപത്രികളിലെ മാേനജ്‌മെന്റ് കമ്മിറ്റികള്‍, എന്‍എച്ച്എം എന്നിവയുടെ സഹകരണത്തോടെയാകും തുടര്‍ പ്രവര്‍ത്തനങ്ങള്‍.

പുരുഷന്‍മാര്‍ക്കും ഇത്തരത്തിലുള്ള രോഗനിര്‍ണയത്തിന് സംവിധാനമൊരുക്കല്‍ ആലോചനയിലാണ്. മൊബൈല്‍ കാന്‍സര്‍ പരിശോധനാ കേന്ദ്രം തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് ഇന്നസെന്റ് പറഞ്ഞു.

Post a Comment

0 Comments

CLOSE ADS


CLOSE ADS